ഒരു തളര്‍വാതരോഗിയെ യേശു സുഖപ്പെടുത്തുന്നു
(മത്താ. 9:1-8; ലൂക്കൊ. 5:17-26)
2
ഏതാനും ദിവസങ്ങള്‍ക്കു ശേഷം യേശു കഫര്‍ന്നഹൂമില്‍ മടങ്ങിയെത്തി. യേശു തിരിച്ചെത്തിയ വാര്‍ത്ത പരന്നു. അനേകംപേര്‍ യേശുവിന്‍റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടി. വീടു നിറഞ്ഞു. നില്‍ക്കാന്‍ പോലും ഇടമില്ലാതെയായി. വീടിനു പുറത്തും ഇതുതന്നെ സ്ഥിതി. യേശു അവരെ ഉപദേശിക്കുകയായിരുന്നു. ചിലര്‍ ഒരു തളര്‍വാതരോഗിയെ യേശുവിനടുത്തേക്കു കൊണ്ടുവന്നു. നാലുപേര്‍ ചേര്‍ന്നാണയാളെ ചുമന്നുകൊണ്ടുവന്നത്. വീട്ടില്‍ നിറച്ചാളായിരുന്നതിനാല്‍ അവര്‍ക്കയാളെ യേശുവിന്‍റെ അടുത്തെത്തിക്കാനായില്ല. അതിനാലവര്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ യേശു ഇരിക്കുന്നതിനു മുകളിലായി ഒരു ദ്വാരമുണ്ടാക്കി. അതിലൂടെ രോഗിയെ കിടത്തിയ കട്ടില്‍ താഴോട്ടിറക്കി. അവര്‍ക്കു വളരെ വിശ്വാസമുള്ളതായി യേശു അറിഞ്ഞു. അതിനാലവന്‍ പക്ഷപാതരോഗിയോടു പറഞ്ഞു, “യുവാവേ, നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു.”
ഏതാനും ശാസ്ത്രിമാര്‍ അവിടെയുണ്ടായിരുന്നു യേശുവിന്‍റെ പ്രവൃത്തി കണ്ട് അവര്‍ സ്വയം പറഞ്ഞു, “എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ പറയുന്നത്? അവന്‍ ദൈവത്തിനു നിരക്കാത്ത കാര്യങ്ങള്‍ പറയുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ പൊറുക്കാനാവൂ.”
ശാസ്ത്രിമാര്‍ തന്നെപ്പറ്റി ഇങ്ങനെയൊക്കെ കരുതുന്നുണ്ടാവുമെന്ന് യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവരോടു പറഞ്ഞു, “നിങ്ങളെന്താണിങ്ങനെ കരുതുന്നത്? ഈ തളര്‍വാതരോഗിയോട്, ‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു’ എന്നോ, ‘എഴുന്നേറ്റു കട്ടിലുമായി നടന്നു പോകൂ’ എന്നോ, ഏതാണു പറയാന്‍ കൂടുതലെളുപ്പം? 10 പക്ഷേ ഭൂമിയില്‍ പാപങ്ങള്‍ പൊറുക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് ഞാന്‍ തെളിയിക്കാം.” അതിനാല്‍ യേശു അയാളോടു പറഞ്ഞു, 11 “ഞാന്‍ നിന്നോടു പറയുന്നു. എഴുന്നേറ്റു നിന്ന്, നിന്‍റെ കട്ടിലുമെടുത്ത് വീട്ടില്‍ പോകുക.”
12 തളര്‍വാതക്കാരന്‍ എഴുന്നേറ്റുനിന്നു. അയാള്‍ കട്ടിലുമെടുത്ത് മുറിക്ക് പുറത്തേക്കു നടന്നു. എല്ലാവര്‍ക്കും അതു കാണാമായിരുന്നു. ജനങ്ങള്‍ അത്ഭുതപ്പെട്ട് ദൈവത്തെ പുകഴ്ത്തി. അവര്‍ പറഞ്ഞു, “ഞങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും അത്ഭുതകരമായ ദൃശ്യം.”
ലേവി (മത്തായി) യേശുവിനെ അനുഗമിക്കുന്നു
(മത്താ. 9:9-13; ലൂക്കൊ. 5:27-32)
13 യേശു വീണ്ടും കടല്‍ക്കരയിലേക്കു പോയി. അനേകംപേര്‍ അവനെ പിന്തുടര്‍ന്നു. യേശു അവരെ ഉപദേശിച്ചു. 14 യേശു കടല്‍ക്കരയിലൂടെ നടക്കവേ അല്‍ഫായിയുടെ മകനും ചുങ്കപ്പിരിവുകാരനുമായ ലേവിയെ കണ്ടു. ലേവി നികുതിപിരിവു കാര്യാലയത്തില്‍ ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, “എന്നെ പിന്തുടരുക.” അപ്പോള്‍ ലേവി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.
15 അന്ന് വൈകിട്ട് യേശു ലേവിയുടെ വീട്ടില്‍നിന്ന് ആഹാരം കഴിച്ചു. അവിടെ അനേകം നികുതി പിരിവുകാരും മറ്റു ചില ദുഷിച്ച മനുഷ്യരും യേശുവിനോടും ശിഷ്യന്മാരോടുമൊപ്പം ആഹാരം കഴിക്കുന്നുണ്ടായിരുന്നു. അവരിലധികം പേരും യേശുവിനെ അനുഗമിച്ചിരുന്നവരായിരുന്നു. 16 ശാസ്ത്രിമാര്‍ യേശു പാപികളോടും കരം പിരിവു കാരോടും ഒപ്പം ആഹാരം കഴിക്കുന്നതു കണ്ടു. അവര്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, “എന്താണവന്‍ പാപികളോടും ചുങ്കം പിരിക്കുന്നവരോടും ഒത്ത് ആഹാരം കഴിക്കുന്നത്?”
17 ഇതു കേട്ട യേശു അവരോടു പറഞ്ഞു, “ആരോഗ്യമുള്ളവര്‍ക്ക് വൈദ്യനെ ആവശ്യമില്ല. രോഗികള്‍ക്കാണു വൈദ്യനെ വേണ്ടത്. ഞാന്‍ നല്ലവരെ വിളിക്കാനല്ല വന്നത്. പാപികളെ വിളിക്കാനാണ്.”
യേശു മറ്റു മതനേതാക്കളെപ്പോലെയല്ല
(മത്താ. 9:14-17; ലൂക്കൊ. 5:33-39)
18 യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലര്‍ യേശുവിനോടു ചോദിച്ചു, “യോഹന്നാന്‍റെയും പരീശരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നു. നിന്‍റെ ശിഷ്യന്മാരെന്തേ ഉപവസിക്കുന്നില്ല?”
19 യേശു മറുപടി പറഞ്ഞു, “വിവാഹവേളയില്‍ മണവാളന്‍ കൂടെയുള്ളപ്പോള്‍ അവന്‍റെ സുഹൃത്തുക്കള്‍ക്കു ദുഃഖമില്ല. അവനുള്ളപ്പോള്‍ അവര്‍ക്ക് ഉപവസിക്കുവാന്‍ കഴിയുകയില്ല. 20 പക്ഷേ മണവാളന്‍ അവരെ വേര്‍പിരിയുന്ന ഘട്ടം വരും. അപ്പോള്‍ സുഹൃത്തുക്കള്‍ ദുഃഖിതരാകും. അപ്പോഴവര്‍ ഉപവസിക്കും.
21 “പഴകിയ വസ്ത്രത്തിലെ ദ്വാരം തയ്ച്ച് അടയ്ക്കുന്ന ഒരുവന്‍ ഒരിക്കലും പുതിയ തുണിക്കഷണത്തിന്‍റെ തുണ്ട് ഉപയോഗിക്കുന്നില്ല. അഥവാ അവനങ്ങനെ ചെയ്താല്‍ കൂട്ടിത്തയ്ച്ചത് ചുരുങ്ങി പഴയ വസ്ത്രത്തില്‍നിന്നു വിടും. അതോടെ ദ്വാരത്തിന്‍റെ ഗതി കഷ്ടമാകും. 22 ആരും പുതിയവീഞ്ഞ് പഴയ തോല്‍സഞ്ചിയിലെടുക്കാറില്ല. എന്തുകൊണ്ട്? പുതിയവീഞ്ഞ് സഞ്ചിയെ കീറും, വീഞ്ഞും സഞ്ചിയും നഷ്ടമാകും. ആളുകളെപ്പോഴും പുതിയവീഞ്ഞ് പുതിയ സഞ്ചിയില്‍ തന്നെ ഒഴിക്കുന്നു.”
ചില യെഹൂദന്മാര്‍ യേശുവിനെ വിമര്‍ശിക്കുന്നു
(മത്താ. 12:1-8; ലൂക്കൊ. 6:1-5)
23 ഒരു ശബ്ബത്തു ദിവസം യേശു ധാന്യവയലുകളിലൂടെ നടക്കുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരും അവനോടൊപ്പം നടക്കുകയായിരുന്നു. ശിഷ്യന്മാര്‍ തിന്നുന്നതിനു കുറച്ചു ധാന്യമെടുത്തു. 24 അതുകണ്ട പരീശന്മാര്‍ യേശുവിനോടു പറഞ്ഞു, “നിന്‍റെ ശിഷ്യന്മാര്‍ എന്താണിങ്ങനെയൊക്കെ ചെയ്യുന്നത്? ശബ്ബത്തു ദിവസം അതു ചെയ്തത് യെഹൂദനിയമത്തിനെതിരാണ്.”
25 യേശു മറുപടി പറഞ്ഞു, “വിശന്നു വലഞ്ഞപ്പോള്‍ ദാവീദും അവന്‍റെ ആള്‍ക്കാരും എന്താണു ചെയ്തതെന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ? 26 അബ്യാഥാര്‍ മഹാപുരോഹിതനായിരുന്ന കാലത്തായിരുന്നു അത്. ദാവീദ് ദൈവാലയത്തില്‍ കടന്നു ചെന്ന് ദൈവത്തിനു വഴിപാടു നല്‍കിയ അപ്പം എടുത്തു തിന്നു. എന്നാല്‍ പുരോഹിതര്‍ക്കു മാത്രമേ ആ അപ്പം തിന്നാവൂ എന്ന് മോശെയുടെ ന്യായപ്രമാണത്തില്‍ പറയുന്നുമുണ്ട്. ദാവീദാകട്ടെ തന്‍റെ ആളുകള്‍ക്കു കൂടി ആ അപ്പം നല്‍കി.”
27 അനന്തരം യേശു പരീശന്മാരോടു പറഞ്ഞു, “ശബ്ബത്തു ദിവസം ജനങ്ങളുടെ നന്മയ്ക്കായാണ്. എന്നാല്‍ ജനങ്ങള്‍ ശബ്ബത്തിനാല്‍ നിയന്ത്രിക്കപ്പെടേണ്ടതില്ല. 28 അതിനാല്‍ മനുഷ്യപുത്രന്‍ ശബ്ബത്തിന്‍റെയും കര്‍ത്താവാണ്.”