യേശു കൈ തളര്‍ന്ന ഒരാളെ സുഖപ്പെടുത്തുന്നു
(മത്താ. 12:9-14; ലൂക്കൊ. 6:6-11)
3
മറ്റൊരിക്കല്‍ യേശു യെഹൂദപ്പള്ളിയിലേക്കു കയറി. അവിടെ ഒരു കൈ തളര്‍ന്ന ഒരാളുണ്ടായിരുന്നു. ചില യെഹൂദര്‍ യേശു തെറ്റെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവനെ കുറ്റപ്പെടുത്താനായി കാത്തിരുന്നു. അതിനാലവര്‍ അവനെ സൂഷ്മമായി നിരീക്ഷിച്ചു. ശബ്ബത്തു ദിവസം യേശു അയാളെ സുഖപ്പെടുത്തുമോ എന്നവര്‍ക്ക് അറിയണമായിരുന്നു. കൈ തളര്‍ന്നവനോടു യേശു പറഞ്ഞു, “എഴുന്നേറ്റു നില്‍ക്കുക. എല്ലാവരും നിന്നെ കാണട്ടെ.”
യേശു അവരോടു ചോദിച്ചു, “ശബ്ബത്തു ദിവസം നന്മ ചെയ്യുന്നതോ, ദോഷം ചെയ്യുന്നതോ ഏതാണു ശരി? ഒരു ജീവന്‍ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ ശരി?” അതിനു മറുപടിയായി അവരൊന്നും തന്നെ യേശുവിനോടു പറഞ്ഞില്ല.
യേശു എല്ലാവരിലേക്കുമായി നോട്ടമയച്ചു. അവന്‍ രോഷാകുലനായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തില്‍ അവന്‍ ഏറെ ദുഃഖിതനായിരുന്നു. അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു, “നിന്‍റെ കൈ നീട്ടൂ.” അയാള്‍ കൈ നീട്ടി; അതോടെ അയാള്‍ സുഖപ്പെട്ടു. അനന്തരം പരീശന്മാര്‍ അവിടം വിട്ടുപോയി. യേശുവിനെതിരെ ഹെരോദ്യരുമായി കൂടിയാലോചിച്ചു അവനെ എങ്ങനെ വധിക്കണമെന്ന പദ്ധതിക്കു തുടക്കമിട്ടു.
ഒട്ടേറെപ്പേര്‍ യേശുവിനെ അനുഗമിക്കുന്നു
യേശു കടല്‍ക്കരയിലേക്കു പോയി. അനവധി ഗലീലക്കാര്‍ അവനെ പിന്തുടര്‍ന്നു. യെഹൂദ്യ, യെരൂശലേം, ഏദോം, യോര്‍ദ്ദാന്‍ നദീതടപ്രദേശം, സോരിന്‍റെയും സീദോന്‍റെയും ചുറ്റുവട്ടത്തുള്ള പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും അനേകര്‍ വന്നു. യേശുവിന്‍റെ പ്രവര്‍ത്തികളെപ്പറ്റി കേട്ടിട്ടാണവര്‍ വന്നത്.
യേശു ഒരുപാട് ആള്‍ക്കാരെ കണ്ടു. അതിനാലവന്‍ തന്‍റെ ശിഷ്യന്മാരോട് തനിയ്ക്കായൊരു വഞ്ചി ഒരുക്കുവാന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍പ്പെട്ടു ഞെരിയുന്നത് ഒഴിവാക്കാനാണവന്‍ വഞ്ചിയാവശ്യപ്പെട്ടത്. 10 യേശു ഒട്ടനേകം പേരെ സുഖപ്പെടുത്തി. അതിനാല്‍ എല്ലാ രോഗികളും അവനെ സ്പര്‍ശിക്കാനായി തിടുക്കം കൂട്ടി. 11 ചിലരെ അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നു. അശുദ്ധാത്മാക്കള്‍ യേശുവിനെ കണ്ടപ്പോള്‍ അവന് മുന്പില്‍ കുനിഞ്ഞ്, “നീ ദൈവപുത്രന്‍” എന്നു വിളിച്ചു പറഞ്ഞു. 12 എന്നാല്‍ താനാരാണെന്നു വിളിച്ചു പറയരുതെന്ന് യേശു അശുദ്ധാത്മാക്കള്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കി.
യേശു തന്‍റെ പന്ത്രണ്ട് അപ്പൊസ്തലന്മാരെ തിരഞ്ഞെടുക്കുന്നു
(മത്താ. 10:1-4; ലൂക്കൊ. 6:12-16)
13 അനന്തരം യേശു മലമുകളിലേക്കു പോയി. ചിലരെ അവന്‍ അടുത്തു വിളിച്ചു. അവനാവശ്യമുള്ള ചിലരായിരുന്നു അവര്‍. അവര്‍ യേശുവിന്‍റെ അടുത്തെത്തി, 14 യേശു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാരെന്നു വിളിച്ചു. യേശു അവരോട് തന്നോടൊപ്പം ഉണ്ടായിരിക്കാനും മറ്റിടങ്ങളില്‍ പ്രസംഗിക്കാനും ആവശ്യപ്പെട്ടു. 15 ഭൂതങ്ങളെ ഒഴിപ്പിക്കാനുള്ള അധികാരം യേശു അവര്‍ക്കു നല്‍കി. 16 യേശു തിരഞ്ഞെടുത്ത പന്ത്രണ്ടുപേര്‍ ഇവരായിരുന്നു.
ശിമോന്‍ (യേശു അവനെ പത്രൊസ് എന്നു വിളിച്ചു),
17 യാക്കോബ്, യോഹന്നാന്‍ എന്നീ സെബെദിയുടെ പുത്രന്മാര്‍ (യേശു അവരെ “ഇടിമക്കള്‍” എന്നര്‍ത്ഥമുള്ള “ബൊവനേര്‍ഗ്ഗെസ്” എന്നു വിളിച്ചു.)
18 അന്ത്രെയാസ്,
ഫീലിപ്പൊസ്,
ബര്‍ത്തൊലോമായി,
മത്തായി,
തോമാസ്, അല്‍ഫായിയുടെ പുത്രന്‍ യാക്കോബ്,
തദ്ദായി,
എരിവുകാരനായ ശിമോന്‍
19 യൂദാഈസ്കാര്യോത്ത്. യൂദായാണ് യേശുവിനെ ശത്രുക്കള്‍ക്ക് വിശ്വാസവഞ്ചനയിലൂടെ ഒറ്റിക്കൊടുത്തത്.
യേശുവില്‍ പിശാചുണ്ടെന്ന് ചിലര്‍
(മത്താ. 12:22-32; ലൂക്കൊ. 11:14-23, 12:10)
20 അനന്തരം യേശു വീട്ടിലേക്കു പോയി. പക്ഷേ വീണ്ടും അനേകംപേര്‍ അവിടെ തടിച്ചുകൂടി. ഒട്ടേറെപ്പേരുണ്ടായിരുന്നതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ഭക്ഷണം കഴിക്കാന്‍പോലും കഴിഞ്ഞില്ല. 21 യേശുവിന്‍റെ വീട്ടുകാര്‍ ഇതെല്ലാമറിഞ്ഞു. അവര്‍ക്കവനെ പിടിച്ചുകൊണ്ടുപോകണം. എന്തെന്നാല്‍ അവര്‍ പറയുന്നു, അവന് സമനില തെറ്റിയെന്ന്.
22 യെരൂശലേമില്‍നിന്നും വന്ന ശാസ്ത്രിമാര്‍ പറഞ്ഞു, “ബെയെത്സെബൂല്‍ എന്ന പിശാച് ഇവനെ ബാധിച്ചിരിക്കുന്നു. മനുഷ്യരില്‍നിന്നും ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ അവന്‍ ബെയെത്സെബൂലിന്‍റെ ശക്തി ഉപയോഗിക്കുന്നു.”
23 യേശു ജനങ്ങളെ സാരോപദേശങ്ങളിലൂടെ പഠിപ്പിച്ചു തുടങ്ങി. അവന്‍ പറഞ്ഞു, “സാത്താനെ പുറത്തേക്കോടിക്കാന്‍ എങ്ങനെ സാത്താനു തന്നെ കഴിയും? 24 അന്തച്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കില്ല. 25 അന്തച്ഛിദ്രമുള്ള കുടുംബവും നിലനില്‍ക്കില്ല. 26 സാത്താന്‍ അവനുതന്നെ എതിരാവുകയും സ്വന്തം ആളുകള്‍ക്കെതിരെ പൊരുതുകയും ചെയ്താല്‍ അവനു നിലനില്‍ക്കാനാവില്ല. അവന്‍റെ അന്ത്യം വരികയും ചെയ്യും.
27 “ശക്തനായ ഒരാളുടെ വീട്ടില്‍ കയറി മോഷ്ടിക്കണമെങ്കില്‍ അയാളെ ആദ്യം കെട്ടിയിട്ടേ പറ്റൂ. എന്നിട്ടവിടെനിന്നും എന്തും മോഷ്ടിക്കാം.
28 “ഞാന്‍ നിങ്ങളോട് സത്യം പറയാം. ആളുകള്‍ ചെയ്യുന്ന എല്ലാ പാപങ്ങളും പൊറുക്കപ്പെടാം. അവന്‍ പറയുന്ന ദൈവദോഷങ്ങളും പൊറുക്കപ്പെടാം. 29 എന്നാല്‍ പരിശുദ്ധാത്മാവിനെ അധിക്ഷേപിക്കുന്നവന്‍ (നിരാകരിക്കുന്നവന്‍) ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല. അവന്‍ എക്കാലവും ആ പാപത്തിന്‍റെ തെറ്റുകാരനാകും.”
30 അവനില്‍ അശുദ്ധാത്മാവ് വസിക്കുന്നെന്ന് ശാസ്ത്രിമാര്‍ ആരോപിച്ചതുകൊണ്ടാണ് അവന്‍ ഇതു പറഞ്ഞത്.
യേശുവിന്‍റെ ശിഷ്യന്മാര്‍ അവന്‍റെ കുടുംബക്കാര്‍
(മത്താ. 12:46-50; ലൂക്കൊ. 8:19-21)
31 അനന്തരം യേശുവിന്‍റെ അമ്മയും സഹോദരന്മാരുമെത്തി. അവര്‍ പുറത്തു നിന്നിട്ട് ഒരാളെ അയച്ച് അവനേടു പുറത്തുവരാന്‍ പറഞ്ഞു, 32 യേശുവിനു ചുറ്റും ഒരുപാടുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ അവനോടു പറഞ്ഞു, “നിന്‍റെ അമ്മയും സഹോദരന്മാരും വന്നിട്ടുണ്ട്. അവര്‍ പുറത്ത് നിന്നെ കാത്തിരിക്കുന്നു.”
33 യേശു ചോദിച്ചു, “ആരാണ് എന്‍റെ അമ്മ? ആരാണ് സഹോദരന്മാര്‍?” 34 അനന്തരം യേശു തനിക്കു ചുറ്റുമുള്ളവരെ നോക്കി. അവന്‍ പറഞ്ഞു, “ഇവരാണെന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും. 35 എന്‍റെ യഥാര്‍ത്ഥ സഹോദരനും സഹോദരിയും അമ്മയും ദൈവത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ്.”