ദൈവത്തിന്‍റെ ന്യായപ്രമാണവും മനുഷ്യന്‍റെ ചട്ടങ്ങളും
(മത്താ. 15:1-20)
7
1 യെരൂശലേമില്‍നിന്നും ഏതാനും പരീശന്മാരും ശാസ്ത്രിമാരും അവിടെയെത്തി. അവര്‍ യേശുവിനു ചുറ്റുംകൂടി.
2 യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ സാധാരണമട്ടില്‍ കഴുകാത്ത അവരുടെ കൈകള്‍കൊണ്ട് ആഹാരം കഴിക്കുന്നതവര്‍ കണ്ടു. (“അശുദ്ധമായ” കരങ്ങളെന്നാല്‍ പരീശന്മാര്‍ പറഞ്ഞിരിക്കുന്നതു പോലെ കൈ കഴുകാത്തവര്‍ എന്നര്‍ത്ഥം)
3 ഇങ്ങനെ പ്രത്യേക രീതിയില്‍ കൈ കഴുകാതെ പരീശന്മാരും യെഹൂദന്മാരും ആഹാരം കഴിക്കാറില്ല. അവര്‍ക്കു മുന്പു ജീവിച്ചിരുന്ന മഹാന്മാര്‍ പഠിപ്പിച്ചതനുസരിച്ചാണ് അവരിതു ചെയ്യുന്നത്.
4 ചന്തയില്‍നിന്നു വാങ്ങിയതെന്തും അവര്‍ ഒരു നിശ്ചിതരീതിയില്‍ കഴുകിയേ ഭക്ഷിക്കൂ. പൂര്‍വ്വികരുടെ മറ്റു ചില ചട്ടങ്ങളും അവര്‍ പിന്തുടരുന്നു. ചഷകങ്ങളും, ഓട്ടുപാത്രങ്ങളും, കുടങ്ങളുമെല്ലാം കഴുകുന്ന ചട്ടങ്ങളും അവര്‍ പാലിക്കുന്നു.
5 പരീശന്മാരും ശാസ്ത്രിമാരും യേശുവിനോടു ചോദിച്ചു, “നിന്‍റെ ശിഷ്യന്മാരെന്താണ് പൂര്‍വ്വികരുടെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളാത്തത്? അശുദ്ധമായ കൈകള്‍കൊണ്ടവര്‍ ഭക്ഷിക്കുന്നു. എന്താണിത്?”
6 യേശു മറുപടി പറഞ്ഞു, “നിങ്ങള്‍ കപടഭക്തിക്കാരാണ്. നിങ്ങളെപ്പറ്റി യെശയ്യാവ് പറഞ്ഞതത്രെ സത്യം. അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ:
‘ഈ ജനം എന്നെ ബഹുമാനിക്കുന്നെന്നു പറയുന്നു.
എന്നാല്‍ അവര്‍ എന്നെ അവരുടെ ജീവിതത്തിന്‍റെ ഭാഗമാക്കുന്നില്ല.
7 അവര്‍ എന്നെ ആരാധിക്കുന്നത് നിഷ്ഫലമായിട്ടാണ്.
എന്തെന്നാല്‍ മനുഷ്യരുടെ ചട്ടങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിക്കുന്നു.’ യെശയ്യാവ് 29:13
8 നിങ്ങള്‍ ദൈവകല്പന ഉപേക്ഷിച്ച് മനുഷ്യരുടെ ഉപദേശം പിന്തുടരുന്നു.”
9 അനന്തരം യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ സമര്‍ത്ഥരാണെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങളുടെ തന്നെ ചട്ടങ്ങള്‍ മതിയെന്ന ധാരണയില്‍ നിങ്ങള്‍ ദൈവകല്പന അവഗണിക്കുന്നു.
10 മോശെ പറഞ്ഞു, “നീ നിന്‍റെ അപ്പനമ്മമാരെ ബഹുമാനിക്കണം. പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ വധാര്‍ഹനാണ്.
11 എന്നാല്‍ നിങ്ങള്‍ പഠിപ്പിക്കുന്നത്, ‘ഒരാള്‍ തന്‍റെ അപ്പനോടോ അമ്മയോടോ നിങ്ങള്‍ക്കുപയോഗപ്രദമാകുന്ന ചില കാര്യങ്ങള്‍ എന്‍റെ പക്കലുണ്ടെങ്കിലും ഞാനതു ചെയ്യില്ല. ഞാനത് ദൈവത്തിനു നല്‍കും’ എന്ന് പറയാനാണ്.
12 അപ്പനമ്മമാര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ സമ്മതിക്കില്ല.
13 ദൈവവചനമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിനു പ്രാധാന്യമില്ലെന്നു നിങ്ങള്‍ പഠിപ്പിക്കുന്നു. നിങ്ങളുണ്ടാക്കുന്ന ചട്ടങ്ങളനുസരിക്കുന്നത് പ്രധാനമെന്നാണു നിങ്ങള്‍ കരുതുന്നത്. അതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.”
14 ആള്‍ക്കാരെ വീണ്ടും വിളിച്ചുവരുത്തി അവന്‍ പറഞ്ഞു, “എല്ലാവരും എന്നെ ശ്രദ്ധിക്കുകയും ഞാന്‍ പറയുന്നതു കേള്‍ക്കുകയും വേണം.
15 ഒരുവന്‍റെ ഉള്ളില്‍ കടന്നുചെന്ന് അശുദ്ധമാക്കാന്‍ ഒന്നിനും കഴിയില്ല. അവനില്‍നിന്നും വരുന്നവയാണവനെ അശുദ്ധമാക്കുന്നത്.”
16 (കാതുള്ളവര്‍ കേള്‍ക്കട്ടെ)
17 അനന്തരം ജനങ്ങളെ വിട്ട് യേശു വീട്ടിനകത്തേക്കു കയറിപ്പോയി. ശിഷ്യന്മാര്‍ ആ ഉപമയെപ്പറ്റി അവനോടു ചോദിച്ചു.
18 യേശു പറഞ്ഞു, “നിങ്ങള്‍ക്കിനിയും കാര്യങ്ങള്‍ ഭംഗിയായി മനസ്സിലാക്കാന്‍ കഴിയുന്നില്ലേ?
19 ഭക്ഷണം മനുഷ്യന്‍റെ ഹൃദയത്തിലേക്കു ചെല്ലുന്നില്ല. അതു വയറ്റിലേക്കാണ് പോകുന്നത്. അതു പുറത്തേക്കു പോവുകയും ചെയ്യുന്നുണ്ട്.” (എല്ലാ ഭക്ഷണവും മനുഷ്യനു തിന്നാവുന്നവയാണെന്നവന്‍ പ്രഖ്യാപിച്ചു.)
20 യേശു പറഞ്ഞു, “ഒരുവനില്‍നിന്നും പുറത്തേക്കു വരുന്നവ അവനെ അശുദ്ധനാക്കുന്നു.
21 ഉള്ളില്‍ നിന്നാണ്, മനുഷ്യഹൃദയത്തില്‍ നിന്നാണ് ദുഷിച്ച ചിന്തകള്‍, ലൈംഗികപാപങ്ങള്‍, മോഷണം, കൊലപാതകം,
22 വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹന്ത, മണ്ടത്തരങ്ങള്‍ എന്നിവയെല്ലാം പുറപ്പെടുന്നത്.
23 അതെല്ലാം ഒരുവനെ അശുദ്ധനാക്കുന്നു.”
ജാതിയായ ഒരുവളെ യേശു സഹായിക്കുന്നു
(മത്താ. 15:21-28)
24 യേശു അവിടം വിട്ട് സോര്‍പ്രദേശത്തേക്കു പോയി. അവന്‍ അവിടെയൊരു വീട്ടില്‍ കയറി. അവന്‍ അവിടെയുണ്ടെന്ന് അന്നാട്ടുകാര്‍ അറിയരുതെന്നവര്‍ ആഗ്രഹിച്ചു. പക്ഷേ അവന് ഒളിച്ചിരിക്കാനായില്ല.
25 യേശു അവിടെയുണ്ടെന്ന് ഒരു സ്ത്രീ കേട്ടറിഞ്ഞു. അവളുടെ കൊച്ചുമകള്‍ക്ക് അശുദ്ധാത്മാവ് ബാധിച്ചിരുന്നു. അതിനാലവള്‍ യേശുവിന്‍റെ അടുത്തെത്തി കാല്‍ക്കല്‍ വീണു നമിച്ചു.
26 അവള്‍ യെഹൂദയല്ലായിരുന്നു. സുറൊഫൊയീക്യ ജാതിയിലുള്ള യവനക്കാരിയായിരുന്നു അവള്‍. ഭൂതത്തെ തന്‍റെ മകളുടെ ഉള്ളില്‍നിന്ന് ഓടിക്കണമെന്ന് അവള്‍ യേശുവിനോടു അപേക്ഷിച്ചു.
27 യേശു ആ സ്ത്രീയോടു പറഞ്ഞു, “മക്കളുടെ ഭക്ഷണം നായ്ക്കള്‍ക്കെറിഞ്ഞു കൊടുക്കരുത്. ആദ്യം അവര്‍ക്കു വേണ്ടതെല്ലാം എടുത്തു ഭക്ഷിക്കാന്‍ മക്കളെ അനുവദിക്കുക.”
28 സ്ത്രീ പറഞ്ഞു, “കര്‍ത്താവേ, അതുശരി തന്നെ. പക്ഷേ മക്കള്‍ക്കുള്ള ഭക്ഷണത്തിന്‍റെ ശകലങ്ങള്‍ മേശയ്ക്കടിയിലിരുന്ന് നായ്ക്കളും തിന്നാറുണ്ട്.”
29 അനന്തരം യേശു അവളോടു പറഞ്ഞു, “ഇതൊരു നല്ല മറുപടിയാണ്. നീ പൊയ്ക്കൊള്ളൂ. ഭൂതം നിങ്ങളുടെ മകളെ വിട്ടു പുറത്തു വന്നുകഴിഞ്ഞു.”
30 അവള്‍ വീട്ടിലേക്കു മടങ്ങി. മകള്‍ കിടക്കയില്‍ കിടക്കുകയായിരുന്നു. ഭൂതം അവളെ വിട്ടൊഴിഞ്ഞിരുന്നു.
യേശു ഒരു ഊമനെ സുഖപ്പെടുത്തുന്നു
31 അനന്തരം യേശു സോര്‍പ്രദേശം വിട്ട് സീദോനിലേക്കു പോയി. ഗലീലക്കടല്‍ത്തീരത്തേക്കവന്‍ പോയി. ദെക്കപ്പൊലിയിലൂടെയാണവന്‍ പോയത്.
32 അവിടെ ചിലര്‍ ഒരാളെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. അയാള്‍ ബധിരനും ഊമനുമായിരുന്നു. അയാളെ സ്പര്‍ശിച്ചു സുഖപ്പെടുത്താന്‍ അവര്‍ യേശുവിനോടപേക്ഷിച്ചു.
33 യേശു അയാളെ ജനക്കൂട്ടത്തില്‍നിന്നും അകലെ മാറ്റി നിര്‍ത്തി. തന്‍റെ കൈവിരലുകള്‍ അയാളുടെ ചെവിയില്‍ കടത്തി. അനന്തരം യേശു തുപ്പി അയാളുടെ നാവില്‍ തൊടുകയും ചെയ്തു.
34 ആകാശത്തേക്കു നോക്കി യേശു നെടുവീര്‍പ്പിട്ടു. യേശു അയാളോട് പറഞ്ഞു, “എഫഥാ” (അതായത്, “തുറക്കപ്പെടട്ടെ” എന്ന്).
35 യേശു ഇതു ചെയ്തപ്പോള്‍ അയാള്‍ക്കു കേള്‍ക്കാറായി. അയാളുടെ നാവു സ്വതന്ത്രമാവുകയും അവന് വ്യക്തമായി സംസാരിക്കാന്‍ സാദ്ധ്യമാവുകയും ചെയ്തു.
36 സംഭവിച്ചതൊന്നും മറ്റാരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു. തന്നെപ്പറ്റി മറ്റാരോടും പറയരുതെന്ന് യേശു എപ്പോഴും ആളുകളോടു കല്പിക്കും. പക്ഷേ അതു കൂടുതല്‍ ആള്‍ക്കാരോടു പറയിക്കാനേ ഉപകരിച്ചുള്ളൂ.
37 ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “യേശു എല്ലാം നന്നായി ചെയ്തു. അവന്‍ ബധിരനെ കേള്‍ക്കുമാറാക്കുന്നു. ഊമനെ സംസാരിക്കുമാറാക്കുന്നു.”