9
യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുംമുന്പ് ദൈവരാജ്യം വരുന്നതു കാണും. ദൈവരാജ്യം പ്രതാപത്തോടെ വരും.”
യേശു മോശെയോടും ഏലിയാവിനോടുമൊപ്പം
(മത്താ. 17:1-3; ലൂക്കൊ. 9:28-36)
ആറു ദിവസം കഴിഞ്ഞ് പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരോടൊപ്പം യേശു ഉയര്‍ന്ന മലമുകളിലേക്കു പോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശിഷ്യന്മാര്‍ നോക്കിനില്‍ക്കേ യേശുവിനു മാറ്റമുണ്ടായി. അവന്‍റെ വസ്ത്രം തിളങ്ങുന്ന വെണ്‍മയുള്ളതായി. ഒരാള്‍ക്കും നല്‍കാന്‍ കഴിയാത്തത്ര വെണ്‍മ. അപ്പോള്‍ യേശുവിനോടൊപ്പം അവിടെ രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ മോശെയും ഏലീയാവുമായിരുന്നു.
പത്രൊസ് യേശുവിനോടു പറഞ്ഞു, “ഗുരോ, നമ്മള്‍ ഇവിടെയായതു നന്നായി. ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്ന് നിനക്കും ഒന്നു മോശെയ്ക്കും ഒന്ന് ഏലീയാവിനും.” പത്രൊസിന് എന്തു പറയണമെന്ന് അറിവില്ലായിരുന്നു. കാരണം അവനും മറ്റു രണ്ടു ശിഷ്യന്മാരും വല്ലാതെ ഭയന്നിരുന്നു.
അപ്പോള്‍ ഒരു മേഘം വന്ന് അവരെ മൂടി. മേഘത്തില്‍ നിന്ന് ഒരു അശരീരി മുഴങ്ങി, “യേശു എന്‍റെ പുത്രനാകുന്നു. ഞാനവനെ സ്നേഹിക്കുന്നു. അവനെ അനുസരിക്കുക.”
പത്രൊസും യാക്കോബും യോഹന്നാനും നോക്കിയപ്പോള്‍ മറ്റാരെയും അവര്‍ കണ്ടില്ല. യേശു മാത്രമേ അവരോടൊപ്പമുണ്ടായിരുന്നുള്ളൂ.
യേശുവും ശിഷ്യന്മാരും മലയിറങ്ങുകയായിരുന്നു. അവന്‍ ശിഷ്യന്മാരോടാജ്ഞാപിച്ചു, “മലമുകളില്‍ നിങ്ങള്‍ കണ്ടതൊന്നും ആരോടും പറയരുത്. മനുഷ്യപുത്രന്‍റെ ഉയിര്‍ത്തെഴുന്നേല്പുവരെ കാക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരോടും പറയാം. എന്താണു കണ്ടതെന്ന്.”
10 അതിനാലവര്‍ യേശുവിനെ അനുസരിച്ച് കണ്ടതൊന്നും ആരോടും പറഞ്ഞില്ല. പക്ഷേ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവന്‍ പറഞ്ഞതിന്‍റെ പൊരുളിനെപ്പറ്റി അവര്‍ ചര്‍ച്ച ചെയ്തു. 11 ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “എന്താണ് ഏലീയാവ് ആദ്യം വരട്ടെ എന്നു ശാസ്ത്രിമാര്‍ പറയുന്നത്.”
12 യേശു പറഞ്ഞു, “ഏലീയാവ് ആദ്യം വരണമെന്നവര്‍ പറഞ്ഞതു ശരിയാണ്. എല്ലാം നേരെയാക്കുന്നത് ഏലീയാവാണ്. പക്ഷെ മനുഷ്യപുത്രന്‍ പലതും സഹിക്കുകയും അവജ്ഞയാല്‍ തിരസ്കരിക്കപ്പെടുകയും വേണമെന്ന് തിരുവെഴുത്ത് പറഞ്ഞതെന്തുകൊണ്ട്? 13 ഞാന്‍ നിങ്ങളോടു പറയുന്നു. ഏലിയാവു വന്നുകഴിഞ്ഞു, ആളുകള്‍ ചെയ്യാവുന്ന എല്ലാ വൃത്തികേടും അയാളുടെമേല്‍ പ്രവൃത്തിച്ചു കഴിഞ്ഞു. ഇതെല്ലാം അവനു സംഭവിക്കുമെന്ന് തിരുവെഴുത്തുകളില്‍ പറയുന്നുണ്ട്.”
യേശു രോഗിയായ കുട്ടിയെ സുഖപ്പെടുത്തുന്നു
(മത്താ. 17:14-20; ലൂക്കൊ. 9:37-43)
14 അനന്തരം യേശുവും പത്രൊസും യാക്കോബും യോഹന്നാനും മറ്റു ശിഷ്യന്മാടെ അടുക്കലേക്കു പോയി. അവര്‍ക്കു ചുറ്റും അനേകംപേര്‍ ഇരിക്കുന്നത് അവര്‍ കണ്ടു. ശാസ്ത്രിമാര്‍ ആ ശിഷ്യന്മാരോടു തര്‍ക്കിക്കുന്നുണ്ടായിരുന്നു. 15 യേശുവിനെ ജനങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. അവനെ സ്വീകരിക്കാന്‍ അവര്‍ ഓടിയെത്തി.
16 യേശു ചോദിച്ചു, “എന്താണു നിങ്ങള്‍ ശാസ്ത്രിമാരുമായി തര്‍ക്കിക്കുന്നത്?”
17 ഒരാള്‍ പറഞ്ഞു, “ഗുരോ, ഞാനെന്‍റെ മകനെ നിന്‍റെ അടുക്കലേക്കു കൊണ്ടുവന്നു. അവനെ ഒരു അശുദ്ധാത്മാവ് ബാധിച്ചിരുന്നു. അത് അവനെ ഊമനാക്കി. 18 പിശാച് അവനെ ആക്രമിക്കുകയും നിലത്തുരുട്ടിയിടുകയും ചെയ്യുന്നു. അവന്‍റെ വായില്‍നിന്ന് പത വരികയും പല്ലു കടിക്കുകയും മരവിച്ചുപോവുകയും ചെയ്യുന്നു. നിന്‍റെ ശിഷ്യന്മാരോട് അശുദ്ധാത്മാവിനെ ഓടിക്കാന്‍ ഞാനാവശ്യപ്പെട്ടു. പക്ഷേ അവര്‍ക്കതിനു കഴിഞ്ഞില്ല.”
19 യേശു പറഞ്ഞു, “നിങ്ങള്‍ക്കു വിശ്വാസമില്ല. എത്രനാള്‍ ഞാന്‍ നിങ്ങളോടടൊത്തുണ്ടാകണം. ഞാനെത്രനാള്‍ നിങ്ങളോടൊത്തു ക്ഷമയോടെ കഴിയും? കുട്ടിയെ കൊണ്ടുവരൂ.”
20 അവര്‍ കുട്ടിയെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടപ്പോള്‍ അശുദ്ധാത്മാവ് കുട്ടിയെ ആക്രമിച്ചു. കുട്ടി താഴെ വീണുരുണ്ടു. അവന്‍റെ വായില്‍നിന്ന് നുരയും പതയും വന്നു.
21 യേശു കുട്ടിയുടെ പിതാവിനോടു ചോദിച്ചു, “ഇവനിങ്ങനെയായിട്ട് എത്രകാലമായി.”
കുട്ടിയുടെ പിതാവു പറഞ്ഞു, “ചെറുപ്പം മുതല്‍ക്കു തന്നെ. 22 അശുദ്ധാത്മാവ് ചിലപ്പോള്‍ അവനെ തീയിലും വെള്ള ത്തിലും തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. നിനക്കു കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ ദയ ചൊരിഞ്ഞ് ഞങ്ങളെ രക്ഷിക്കണേ.”
23 യേശു കുട്ടിയുടെ പിതാവിനോടു പറഞ്ഞു, “നിനക്കു കഴിയുമെങ്കിലെന്നോ? വിശ്വസിക്കുന്നവന് എല്ലാം സാദ്ധ്യമാണ്.”
24 പിതാവു വിളിച്ചു പറഞ്ഞു, “ഞാന്‍ വിശ്വസിക്കുന്നു. കൂടുതല്‍ വിശ്വസിക്കാന്‍ എന്നെ സഹായിക്കൂ.”
25 സംഭവിക്കുന്നതെന്തെന്നു കാണാന്‍ ആളുകള്‍ ഓടിക്കൂടി. യേശു അശുദ്ധാത്മാവിനോടു സംസാരിച്ചു. യേശു പറഞ്ഞു, “ഈ കുട്ടിയെ ഊമനും ബധിരനുമാക്കിയ അശുദ്ധാത്മാവേ, ഞാന്‍ നിന്നോടു കല്പിക്കുന്നു, കുട്ടിയില്‍നിന്ന് പുറത്തു വരിക. ഇനി ഒരിക്കലും തിരിച്ചു വരരുത്.”
26 അശുദ്ധാത്മാവു നിലവിളിച്ചു. അതു കുട്ടിയെ നിലത്തു തള്ളിയിട്ട് പുറത്തേക്കു വന്നു. കുട്ടി മരിച്ചതുപോലെ കാണപ്പെട്ടു. വളരെ ആളുകള്‍ പറഞ്ഞു, “അവന്‍ മരിച്ചു.” 27 യേശു അവനെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു നിര്‍ത്തി.
28 യേശു വീടിനുള്ളിലേക്കു പോയി. ശിഷ്യന്മാര്‍ മാത്രമേ അവനോടൊപ്പമുണ്ടായിരുന്നുള്ളൂ. അവര്‍ ചോദിച്ചു, “ആ അശുദ്ധാത്മാവിനെ ഓടിക്കാന്‍ ഞങ്ങള്‍ക്കു കഴിയാഞ്ഞതെന്താണ്?”
29 യേശു പറഞ്ഞു, “അത്തരം അശുദ്ധാത്മാവിനെ പ്രാര്‍ത്ഥന കൊണ്ടേ ഓടിക്കാനാവൂ.”
യേശു തന്‍റെ മരണത്തെപ്പറ്റി പറയുന്നു
(മത്താ. 17:22-23; ലൂക്കൊ. 9:43-45)
30 അനന്തരം യേശുവും ശിഷ്യന്മാരും അവിടം വിട്ടു. ഗലീലയിലൂടെ സഞ്ചരിച്ചു. തങ്ങള്‍ എവിടെയാണെന്ന് ആരുമറിയരുതെന്ന് യേശു ആഗ്രഹിച്ചു. 31 തന്‍റെ ശിഷ്യന്മാരെ മാത്രം പഠിപ്പിക്കാന്‍ യേശു ആഗ്രഹിച്ചു. യേശു അവരോടു പറഞ്ഞു, “മനുഷ്യപുത്രന്‍ അവനെ കൊല്ലുവാനുള്ളവര്‍ക്ക് ഏല്പിക്കപ്പെടും. അവര്‍ അവനെ കൊല്ലും. മൂന്നു ദിവസം കഴിഞ്ഞ് അവന്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും.” 32 പക്ഷേ യേശു എന്താണു പറഞ്ഞതെന്ന് അവര്‍ക്കു മനസ്സിലായില്ല. അതു ചോദിച്ചറിയാന്‍ അവര്‍ക്കു ഭയമായിരുന്നു.
ആരാണു വലിയവനെന്ന് യേശു
(മത്താ. 18:1-5; ലൂക്കൊ. 9:46-48)
33 യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. അവര്‍ ഒരു വീട്ടിലേക്കു കയറി. യേശു ശിഷ്യന്മാരോടു ചോദിച്ചു, “വഴിക്കുവെച്ച് നിങ്ങള്‍ എന്തോ തര്‍ക്കിക്കുന്നതു കേട്ടല്ലോ. എന്തിനെപ്പറ്റിയായിരുന്നു അത്?” 34 എന്നാലവര്‍ മറുപടിയായി ഒന്നും പറഞ്ഞില്ല. എന്തെന്നാല്‍ അവരില്‍ ആരാണേറ്റവും വലിയവനെന്നതായിരുന്നു അവരുടെ തര്‍ക്കവിഷയം.
35 യേശു നിലത്തിരുന്ന് പന്ത്രണ്ടു അപ്പൊസ്തലന്മാരെയും വിളിച്ചു. യേശു പറഞ്ഞു, “ഏറ്റവും വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ മറ്റെല്ലാവരെയും തന്നെക്കാള്‍ വലിയവരായി കാണണം. അവന്‍ മറ്റെല്ലാവരുടെയും സേവകനുമായിരിക്കണം.”
36 അപ്പോള്‍ യേശു ഒരു കൊച്ചുകുഞ്ഞിനെ എടുത്ത് അവരുടെ മദ്ധ്യത്തില്‍ നിര്‍ത്തി. പിന്നീട് ശിശുവിനെ കയ്യിലെടുത്ത് ഇങ്ങനെ പറഞ്ഞു, 37 “ഇത്തരം കുഞ്ഞുങ്ങളെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എനിക്കു സ്വീകാര്യനാണ്. എന്നെ അംഗീകരിക്കുന്നവന്‍ എന്നെ അയച്ചവനെ(ദൈവം)യും അംഗീകരിക്കുന്നു.”
നമ്മെ എതിര്‍ക്കാത്തവന്‍ നമ്മുടേത്
(ലൂക്കൊ. 9:49-50)
38 യോഹന്നാന്‍ പറഞ്ഞു, “ഗുരോ, നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്ന ഒരുവനെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളിലൊരുവന്‍ അല്ലായിരുന്നു. അതിനാല്‍ ഞങ്ങളവനെ തടയാന്‍ ശ്രമിച്ചു.”
39 യേശു പറഞ്ഞു, “അവനെ തടയരുത്. എന്‍റെ നാമത്തില്‍ ഒരത്ഭുതം ചെയ്യുന്നവന് അതിനുശേഷം പെട്ടെന്ന് എന്നെപ്പറ്റി ദുഷിച്ചു പറയാനാവില്ല. 40 നമുക്കെതിരല്ലാത്തവന്‍ നമ്മുടെയാളാണ്. 41 ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. നിങ്ങള്‍ ക്രിസ്തുവിന്‍റെ ആളാകയാല്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു കോപ്പ വെള്ളം തന്നു സഹായിച്ചാല്‍ അയാള്‍ക്കു തക്ക പ്രതിഫലം ലഭിക്കും.”
പാപത്തിനെതിരെ യേശു താക്കീത് നല്‍കുന്നു
(മത്താ. 18:6-9; ലൂക്കൊ. 17:1-2)
42 “എന്നില്‍ വിശ്വസിക്കുന്ന കൊച്ചുകുട്ടിയെപ്പോലും പാപത്തിലേക്കു വീഴാന്‍ കാരണമാക്കുന്നവനു കഷ്ടം. അവനെ കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ താഴ്ത്തുന്നതാണു ഭേദം. 43 നിങ്ങളുടെ കൈ നിങ്ങളെക്കൊണ്ടു പാപം ചെയ്യിച്ചാല്‍ അതു മുറിച്ചു കളയുക. ശരീരത്തിലെ അവയവം നഷ്ടപ്പെട്ടാലും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നത് നന്ന്. രണ്ടു കൈകളോടെ നരകത്തില്‍ പോകുന്നതിലും നല്ലത് ഇതാണ്. ആ നരകത്തില്‍ അണയാത്ത തീയുണ്ട്. 44  + മര്‍ക്കോസിന്‍റെ ചില ഗ്രീക്കു പതിപ്പുകളില്‍ നാല്പത്തെട്ടാം വാക്യത്തിലെപ്പോലെ നാല്പത്തിനാലാം വാക്യത്തിലും ചേര്‍ത്തിട്ടുണ്ട്. 45 നിങ്ങളുടെ കാല് പാപം ചെയ്യുന്നുവെങ്കില്‍ അതു വെട്ടിക്കളയുക. രണ്ടു കാലുകളോടുംകൂടി നരകത്തില്‍ പോകുന്ന തിലും ഭേദം ശരീരത്തിന്‍റെ ഒരു ഭാഗമില്ലാതെ യഥാര്‍ത്ഥജീവിതത്തില്‍ പ്രവേശിക്കുന്നതാണ്. 46  + മര്‍ക്കോസിന്‍റെ ചില ഗ്രീക്കു പതിപ്പുകളില്‍ നാല്പത്തെട്ടാം വാക്യത്തിലെപ്പോലെ നാല്പത്തിയാറാം വാക്യത്തിലും ചേര്‍ത്തിട്ടുണ്ട്. 47 പാപത്തില്‍ വീഴാന്‍ കണ്ണു കാരണമായാല്‍ അതു ചൂഴ്ന്നെടുക്കുക. ദൈവരാജ്യത്തില്‍ ഒറ്റക്കണ്ണനായി പ്രവേശിക്കുന്നതാണ് രണ്ടു കണ്ണുകളോടെയും നരകത്തില്‍ പോകുന്നതിലും ഭേദം. 48 നരകത്തില്‍ ആളുകളെ തിന്നുന്ന പുഴു ചാവുന്നില്ല. അവിടെ തീയൊരിക്കലും അണയുന്നുമില്ല.
49 “എല്ലാവരും തീയാല്‍ ശിക്ഷിക്കപ്പെടും.
50 “ഉപ്പ് നല്ലതാണ്, പക്ഷേ അതിന്‍റെ ഉപ്പുരസം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കതിന്‍റെ ഉപ്പുരസം മടക്കിക്കൊടുക്കാനാവില്ല. അതിനാല്‍ നന്മയോടെ ജീവിക്കുക. പരസ്പരം സമാധാനം പുലര്‍ത്തുക.”