ജീവിയ്ക്കുന്ന ശിലയും വിശുദ്ധരാജ്യവും
2
അതുകൊണ്ട് അന്യരെ പീഢിപ്പിക്കാതിരിക്കുക, നുണ പറയരുത്. നാട്യവും അസൂയയും മറ്റുള്ളവരെപ്പറ്റി തിന്മ പറയുന്നതും ഉപേക്ഷിക്കുക. നവജാതശിശുക്കളെപ്പോലെ ആകുവിന്‍. നിങ്ങളുടെ ആത്മാവിനെ തീറ്റിപ്പോറ്റുന്ന ശുദ്ധമായ പാലുപോലെ ഉപദേശത്തിനുവേണ്ടി വിശക്കുന്നവരാകുവിന്‍. അതുകുടിച്ചു നിങ്ങള്‍ക്ക് വളരുകയും രക്ഷപെടുകയും ചെയ്യാം. കര്‍ത്താവിന്‍റെ നന്മ നിങ്ങള്‍ നേരത്തേതന്നെ അനുഭവിച്ചറിഞ്ഞതാണല്ലോ.* കര്‍ത്താവിന്‍റെ … അനുഭവിച്ചറിഞ്ഞതാണല്ലോ” ഉദ്ധരണി സങ്കീ. 34:8.
ജീവിയ്ക്കുന്ന “ശില”യാണ്, കര്‍ത്താവായ യേശു. ഈ ലോകത്തിലെ ജനങ്ങള്‍ ആ കല്ലിനെ (യേശു) വേണ്ടെന്നുവച്ചിരിക്കുന്നു. പക്ഷെ ദൈവം തിരഞ്ഞെടുത്ത ശിലയാണവന്‍. ദൈവത്തിന് അവന്‍ അമൂല്യനാണ്. അതുകൊണ്ട് അവന്‍റെ അടുക്കലേക്കു വരിക. നിങ്ങളും ജീവിയ്ക്കുന്ന ശിലകള്‍പോലെയാണ്. ദൈവം സ്വീകരിക്കുന്ന ആത്മീയയാഗങ്ങള്‍ അര്‍പ്പിക്കുന്ന വിശുദ്ധപുരോഹിതരാകാനായി ഒരുആത്മീയ ആലയം പണിയപ്പെടാനായി നിങ്ങള്‍ ഉപയോഗിക്കപ്പെടട്ടെ. ആ ബലികള്‍ നിങ്ങള്‍ യേശുക്രിസ്തു വഴി നല്‍കുക. തിരുവെഴുത്ത് പറയുന്നു.
“നോക്കൂ, ഞാനൊരു അമൂല്യമായ മൂലക്കല്ലിനെ തിരഞ്ഞെടുത്തിരിക്കുന്നു.
ആ കല്ലിനെ ഞാന്‍ സീയോനില്‍ നിക്ഷേപിക്കുകയാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ഒരിക്കലും നിരാശനാകയില്ല.” യെശയ്യാവ് 28:16
വിശ്വസിക്കുന്ന നിങ്ങള്‍ക്ക് ആ ശില ഏറെ വിലയുള്ളതാകും. വിശ്വസിക്കാത്തവര്‍ക്ക് അവന്‍ ഇങ്ങനെ ആണ്.
“ശില്പികള്‍ അവര്‍ക്കു വേണ്ടെന്നു തീരുമാനിച്ച
ആ കല്ല് ഏറ്റവും പ്രധാനമായ ശിലയായി.” സങ്കീര്‍ത്തനങ്ങള്‍ 118:22
അവിശ്വാസികള്‍ക്ക് അവന്‍.
“ഇടറാനുള്ള കല്ലും ജനങ്ങള്‍ക്ക്
വീഴുവാനുള്ള കല്ലുമാണ്.” യെശയ്യാവ്. 8:14
ജനങ്ങള്‍ ഇടറും, കാരണം, അവര്‍ ദൈവത്തോടു അനുസരണക്കേടുള്ളവരാണ്. അനുസരണക്കേടുള്ളവര്‍ വീഴണമെന്ന് ദൈവം പദ്ധതിയിട്ടു. അവരെ വീഴ്ത്താനുള്ള പാറയാണ് അവന്‍.
എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. നിങ്ങള്‍ രാജപുരോഹിതരാണ്. നിങ്ങളൊരു വിശുദ്ധജനമാണ്. നിങ്ങള്‍ ദൈവത്തിനുള്ളവരാണ്. ദൈവം ചെയ്ത അത്ഭുതകാര്യങ്ങള്‍ പറയുവാനായാണ് നിങ്ങളെ തിരഞ്ഞെടുത്തത്. അവന്‍ ഇരുട്ടില്‍ നിന്നും അത്ഭുതാവഹമായ വെളിച്ചത്തിലേക്കു നിങ്ങളെ കൊണ്ടുവന്നു.
10 ഒരിക്കല്‍ നിങ്ങള്‍ ജനമല്ലായിരുന്നു.
എന്നാലിപ്പോള്‍ ദൈവത്തിന്‍റെ ജനം.
പണ്ട് കരുണ ഒരിക്കലും നിങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.
എന്നാലിപ്പോള്‍ ദൈവത്തില്‍ നിന്നും കരുണ കിട്ടിയിരിക്കുന്നു.
ദൈവത്തിനായ് ജീവിക്കുക
11 പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ഈ ലോകത്തിലെ അപരിചിതരെയും സന്ദര്‍ശകരെയും പോലെയാണ്. അതുകൊണ്ട് നിങ്ങളുടെ സകല ദുഷ്ട ആഗ്രഹങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുവാന്‍ നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ കാര്യങ്ങള്‍ നിങ്ങളുടെ ആത്മാവിനെതിരെ യുദ്ധം ചെയ്യും. 12 അവിശ്വാസികളാണ് നിങ്ങള്‍ക്കു ചുറ്റും ജീവിയ്ക്കുന്നത്. അവര്‍ പറഞ്ഞേക്കാം നിങ്ങള്‍ തെറ്റാണ് ചെയ്യുന്നതെന്ന്. അതുകൊണ്ടു നല്ലജീവിതം ജീവിയ്ക്കുക. അപ്പോള്‍ അവര്‍ നിങ്ങള്‍ ചെയ്യുന്ന സല്‍പ്രവൃത്തികള്‍ കൊണ്ട് ദൈവത്തിന് അവന്‍ വരുന്ന ആ ദിവസത്തില്‍ സ്തുതി അര്‍പ്പിക്കും.
അധികാരികളെ അനുസരിക്കുക
13 കര്‍ത്താവിനു വേണ്ടി ഈ ലോകത്തില്‍ അധികാരം ഉള്ളവരെ അനുസരിക്കുക. ഉന്നതാധികാരിയായ രാജാവിനെ അനുസരിക്കുക. 14 രാജാവ് അയയ്ക്കുന്ന ഭരണ നേതാക്കളെയും അനുസരിക്കുക. തെറ്റു ചെയ്തവരെ ശിക്ഷിക്കുവാനും നന്മ ചെയ്തവരെ പുകഴ്ത്താനുമാണ് അവരെ അയച്ചിരിക്കുന്നത്. 15 അതുകൊണ്ട് നിങ്ങള്‍ സല്‍പ്രവൃത്തികള്‍ ചെയ്യുന്പോള്‍ വിഡ്ഢികളെ നിങ്ങള്‍ക്കെതിരെ അസംബന്ധങ്ങള്‍ പറയുന്നതില്‍ നിന്നും തടയുന്നു. ഇതാണ് ദൈവം ആഗ്രഹിക്കുന്നത്. 16 സ്വതന്ത്രരെപ്പോലെ ജീവിയ്ക്കുക. എന്നാല്‍ ദുഷ്ടത ചെയ്യാനുള്ള ഒരു ഒഴികഴിവായി ആ സ്വാതന്ത്ര്യത്തെ ഉപയോഗിക്കരുത്. ദൈവത്തിനു സേവനം ചെയ്യുന്പോലെ ജീവിക്കുക. 17 എല്ലാവരോടും ആദരവു കാണിക്കുക. ദൈവകുടുംബത്തിലെ എല്ലാ സഹോദരങ്ങളേയും സ്നേഹിക്കുക. ദൈവത്തെ ഭയക്കുകയും രാജാവിനെ മാനിക്കുകയും ചെയ്യുക.
ക്രിസ്തുവിന്‍റെ കഷ്ടതയുടെ മാതൃക
18 അടിമകളേ, അര്‍ഹിക്കുന്ന ബഹുമാനത്തോടെ നിങ്ങളുടെ ഉടമകളുടെ അധികാരം സ്വീകരിക്കുക. സകല ബഹുമാനത്തോടും ഇതു ചെയ്യുക. നല്ലവനും ദയാലുവുമായ ഉടമയെയും ചീത്ത ഉടമയെയും അനുസരിക്കണം. 19 തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ കൂടി ഒരുവന്‍ കഷ്ടത സഹിക്കേണ്ടിവന്നേക്കാം. അപ്പോള്‍ ആ മനുഷ്യന്‍ ദൈവത്തെ വിചാരിച്ച് അതു ക്ഷമാപൂര്‍വ്വം സഹിക്കുകയാണെങ്കില്‍ അതു ദൈവത്തെ പ്രീതനാക്കും. 20 എന്നാല്‍ തെറ്റിനു ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ സഹിക്കുന്നതില്‍ നിങ്ങളെ പ്രശംസിക്കുന്നതിനു കാരണമില്ല. എന്നാല്‍ നന്മ ചെയ്യുന്നതിനു വേണ്ടി സഹിയ്ക്കുകയും സഹനത്തില്‍ ക്ഷമയുള്ളവനാകുകയും ചെയ്താല്‍ അത് ദൈവത്തെ പ്രീതനാക്കും. 21 ഇതിനായി നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. പിന്‍തുടരുന്നതിനായി ക്രിസ്തു ഒരു മാതൃക തന്നു. അവന്‍ ചെയ്തതു പോലെ നിങ്ങളും ചെയ്യണം. കഷ്ടം സഹിക്കുന്പോള്‍ ക്ഷമാശീലരാകണം. കാരണം ക്രിസ്തു നിങ്ങള്‍ക്കായി കഷ്ടം സഹിച്ചു.
22 “അവന്‍ പാപമൊന്നും ചെയ്തില്ല.
ഒരു ചതിയും അവന്‍റെ നാവില്‍ കണ്ടെത്തിയില്ല.” യെശയ്യാവ് 53:9
23 ജനങ്ങള്‍ ക്രിസ്തുവിനോടു മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടും അവന്‍ അവരോടു മോശമായതൊന്നും പറഞ്ഞില്ല. ക്രിസ്തു കഷ്ടം സഹിച്ചുവെങ്കിലും അവന്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയില്ല. അതേ, തന്‍റെ രക്ഷ ക്രിസ്തു ദൈവത്തെ ഏല്പിച്ചു. നീതിയോടെ വിധിയ്ക്കുന്ന ഒരുവന്‍ ദൈവമാണ്. 24 കുരിശിലേറുക വഴി നമ്മുടെ പാപങ്ങള്‍ ക്രിസ്തു സ്വന്തം ശരീരത്തില്‍ വഹിച്ചു. പാപത്തിനുവേണ്ടി ജീവിക്കുന്നതു നിര്‍ത്തി. നീതിയ്ക്കായി ജീവിക്കാന്‍ വേണ്ടി അവനിതു ചെയ്തു. അവന്‍റെ മുറിവാല്‍ നിങ്ങള്‍ സുഖപ്പെട്ടിരിക്കുന്നു. 25 വഴിതെറ്റിപ്പോയ കുഞ്ഞാടിനെപ്പോലെയായിരുന്നു നിങ്ങള്‍. പക്ഷേ ഇപ്പോള്‍ നിങ്ങളുടെ ആത്മാവിന്‍റെ സംരക്ഷകനായ ഇടയനിലേക്കു നിങ്ങള്‍ തിരികെ വന്നിരിക്കുന്നു