ഭാര്യാ ഭര്‍ത്താക്കന്മാര്‍
3
1 ഇതുപോലെ ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ അധികാരത്തെ സ്വീകരിക്കണം. അപ്പോള്‍ നിങ്ങളില്‍ ചിലരുടെ ദൈവകല്പനകളെ അനുസരിക്കാനിഷ്ടപ്പെടാത്ത ഭര്‍ത്താക്കന്മാര്‍ ദൈവത്തില്‍ വിശ്വസിക്കുവാന്‍ പ്രേരിതരാകും. നിങ്ങള്‍ക്ക് ഒന്നും പറയേണ്ടതായി വരില്ല. ഭാര്യയുടെ സദ്ജീവിതത്താല്‍ അവര്‍ പ്രേരിതരാകും.
2 ദൈവാദരത്താല്‍ നിങ്ങള്‍ നയിക്കുന്ന നിര്‍മ്മലമായ ജീവിതം അവരില്‍ മതിപ്പുളവാക്കും.
3 നിങ്ങളുടെ സൌന്ദര്യം ആകര്‍ഷകമായ കേശാലങ്കാരത്തെയോ, സ്വര്‍ണ്ണാഭരണത്തെയോ, മോടിയുള്ള വസ്ത്രങ്ങളെയോ, ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്.
4 അതെ, നിങ്ങളുടെ സൌന്ദര്യം നിങ്ങളുടെ ഉള്ളില്‍ നിന്നു വരുന്ന സൌമ്യതയും ശാന്തതയുമുള്ള സ്വഭാവം ആണ്. അത് ഒരിക്കലും അപ്രത്യക്ഷമാകില്ല. അത് ദൈവത്തിന് വിലയേറിയതാണ്.
5 അതു പണ്ടു ജീവിച്ചിരുന്ന ദൈവാനുസരണമുള്ള വിശുദ്ധ സ്ത്രീകളെപ്പോലെയാണ്. ഇതേ മാര്‍ഗ്ഗം തന്നെ അവരും സ്വയം സ്വീകരിച്ചു. സൌന്ദര്യം ഉള്ളവരായി. ഭര്‍ത്താവിന്‍റെ അധികാരത്തെ അവരും അംഗീകരിച്ചു.
6 ഞാന്‍ സാറയെപ്പോലുള്ള സ്ത്രീകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അവള്‍ തന്‍റെ ഭര്‍ത്താവായ അബ്രാഹാമിനെ യജമാനനേയെന്നു വിളിക്കുകയും അനുസരിക്കുകയും ചെയ്തു. എപ്പോഴും ഭയമില്ലാതെ ശരി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ സാറയുടെ യഥാര്‍ത്ഥ മക്കളാണ്.
7 അതുപോലെ ഭര്‍ത്താക്കന്മാരായ നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരോടുകൂടി പരസ്പരധാരണയിലുള്ള ഒരു ജീവിതം നയിക്കണം. നിങ്ങള്‍ ഭാര്യയോട് ആദരവു കാട്ടണം. അവര്‍ നിങ്ങളേക്കാള്‍ ശക്തി കുറഞ്ഞവരാണ്. എന്നാല്‍ ദൈവം നിങ്ങള്‍ക്കു തരുന്ന അതേ അനുഗ്രഹം തന്നെ നിങ്ങളുടെ ഭാര്യമാര്‍ക്കും നല്‍കുന്നു. യഥാര്‍ത്ഥ ജീവന്‍ പകര്‍ന്നുതരുന്ന ആ കൃപ യാതൊന്നും നിങ്ങളുടെ പ്രാര്‍ത്ഥനയെ കുഴപ്പത്തിലാക്കാതിരിക്കേണ്ടതിന് ഈ കാര്യങ്ങള്‍ ചെയ്യുവിന്‍.
നീതിക്കുവേണ്ടി കഷ്ടത സഹിക്കുക
8 അതുകൊണ്ട് നിങ്ങളെല്ലാം സമാധാനത്തില്‍ ജീവിക്കുക. പരസ്പരം മനസ്സിലാക്കുവാന്‍ ശ്രമിക്കുക. സഹോദരരെപ്പോലെ പരസ്പരം സ്നേഹിക്കുക. ദയാശീലരും വിനീതരും ആകുക.
9 നിങ്ങളോട് ദുഷ്ടത കാട്ടുന്നവരോടു പകരമായി ദുഷ്ടത ചെയ്യരുത്. നിങ്ങളെ ചീത്ത പറഞ്ഞവനോട് പകരമായി ദുര്‍ഭാഷണം നടത്തരുത്. പകരം അവനെ അനുഗ്രഹിക്കുവാന്‍ ദൈവത്തോടു പറയുക. നിങ്ങളെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ വിളിച്ചിരിക്കുന്നതുകൊണ്ടു നിങ്ങള്‍ എല്ലാ മാര്‍ഗ്ഗത്തിലൂടെയും ഇങ്ങനെ ചെയ്യുക.
10 തിരുവെഴുത്ത് പറയുന്നു,
“ജീവനെ സ്നേഹിക്കുകയും സല്‍ദിനങ്ങള്‍
ആസ്വദിക്കാന്‍ കാംക്ഷിക്കുകയും ചെയ്യുന്നവന്‍ ദോഷം
സംസാരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും
നുണ പറയുന്നത് നിര്‍ത്തുകയും വേണം.
11 അവന്‍ സമാധാനം കാംക്ഷിക്കുകയും അതില്‍ തുടരുകയും വേണം.
ദുഷ്കര്‍മ്മം നിര്‍ത്തി നല്ലതു ചെയ്യുന്നവനാകണം.
12 നീതിമാന്മാരെ കര്‍ത്താവ് കാണുകയും അവരുടെ പ്രാര്‍ത്ഥനകളെ
കര്‍ത്താവ് ശ്രദ്ധിക്കുകയും ചെയ്യുന്നു.
എന്നാല്‍ ദുഷ്കര്‍മ്മികള്‍ക്കെതിരാണു കര്‍ത്താവ്.” സങ്കീര്‍ത്തനങ്ങള്‍ 34:12-16
13 എപ്പോഴും നന്മ ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഒരുവനും നിങ്ങളെ ഒരുവിധത്തിലും ഉപദ്രവിക്കുവാന്‍ സാധിക്കയില്ല.
14 എന്നാല്‍ നന്മ ചെയ്യുന്നതു കൊണ്ടു നിങ്ങള്‍ക്കു കഷ്ടം സഹിക്കേണ്ടി വന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ അനുഗ്രഹീതരാകും. “നിങ്ങളെ ക്ലേശിപ്പിക്കുന്നവരെ പേടിക്കുകയോ അവരെ ഓര്‍ത്ത് ആകുലപ്പെടുകയോ വേണ്ട.”
15 എന്നാല്‍ കര്‍ത്താവായ ക്രിസ്തുവിനോടുള്ള ബഹുമാനം നിങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കണം. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരിക്കുവാന്‍ ആവശ്യപ്പെടുന്നവനു മറുപടി കൊടുക്കാന്‍ എപ്പോഴും തയ്യാറായിരിക്കുക.
16 അത്തരം ആള്‍ക്കാരോട് ശാന്തമായും ആദരവോടും സംസാരിക്കണം. എപ്പോഴും നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു പ്രവര്‍ത്തിക്കണം. അതു നിങ്ങള്‍ ചെയ്യുന്പോള്‍ നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ ലജ്ജിതരാകും. ക്രിസ്തുവില്‍ നിങ്ങള്‍ നന്നായി ജീവിക്കുന്നതിനെപ്പറ്റിയാണ് അവര്‍ ഇങ്ങനെ മോശമായി സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചു പറഞ്ഞ ചീത്തക്കാര്യങ്ങള്‍ കൊണ്ട് അവര്‍ ലജ്ജിതരാകും.
17 തിന്മ ചെയ്യുന്നതിനേക്കാള്‍ നന്മ ചെയ്തു കഷ്ടം സഹിക്കുന്നതാണ് നല്ലത്. അതേ, ദൈവം അതാണാഗ്രഹിക്കുന്നതെങ്കില്‍ അത് ഏറെ നല്ലതാണ്.
18 ക്രിസ്തു നിങ്ങള്‍ക്കായി മരിച്ചു.
ആ ഒറ്റ മരണം നിങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കൊടുത്തു.
അവന്‍ നീതിമാനായിരുന്നുവെങ്കിലും പാപികള്‍ക്കുവേണ്ടി മരിച്ചു.
നിങ്ങളെ എല്ലാവരെയും ദൈവത്തിലേക്കു
കൊണ്ടുവരാനാണ് അവനിതു ചെയ്തത്.
അവന്‍റെ ബാഹ്യശരീരത്തെ കൊന്നുവെങ്കിലും ആത്മാവില്‍
അവന്‍റെ ജീവന്‍ നിലനിര്‍ത്തി.
19 ആ ആത്മാവില്‍ അവന്‍ തുറുങ്കിലെ ആത്മാക്കളോടു പ്രഘോഷിച്ചു.
20 അവര്‍ ദൈവത്തെ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നു. നോഹ പെട്ടകം ഉണ്ടാക്കിയിരുന്ന നാളുകളില്‍ ദൈവത്തെ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന ആളുകളുടെ ആത്മാക്കളായിരുന്നു അത്. ദൈവത്തിന്‍റെ ക്ഷമാപൂര്‍വ്വമായ കാത്തുനില്പിനും ഫലമുണ്ടായില്ല. വെറും എട്ടുപേര്‍ മാത്രം ആ പെട്ടകം മൂലം രക്ഷപെട്ടു. അവര്‍ വെള്ളത്താലാണ് രക്ഷപ്പെട്ടത്.
21 അത് സ്നാനത്തിന് ഒരു മുന്‍കുറി. ദേഹത്തില്‍ നിന്നുള്ള അഴുക്കുകള്‍ കഴുകുന്നതല്ല ജ്ഞാനസ്നാനം. ദൈവത്തോടുള്ള ഒരു നിര്‍മ്മല ഹൃദയം ആവശ്യപ്പെടുന്നതാണു ജ്ഞാനസ്നാനം. ക്രിസ്തു മരണത്തില്‍ നിന്നും ഉയിര്‍ത്തതുകൊണ്ട് അതു നിങ്ങളെ രക്ഷിക്കും.
22 ഇപ്പോള്‍ യേശു സ്വര്‍ഗ്ഗത്തിലേക്കു പോയിരിക്കുന്നു. അവന്‍ ദൈവത്തിന്‍റെ വലതുഭാഗത്താണ്, അവന്‍ ദൂതന്മാരെയും അധികാരികളെയും ശക്തികളെയും ഭരിക്കുന്നു.