മാറ്റം വന്ന ജീവിതം
4
ക്രിസ്തു അവന്‍റെ ശരീരത്തിലായിരിക്കവേ കഷ്ടം സഹിച്ചു. അതുകൊണ്ട് ക്രിസ്തുവിനുണ്ടായ വിചാരങ്ങളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ബലപ്പെടുത്തണം. ശരീരത്തില്‍ കഷ്ടം സഹിച്ചവനാരോ അവന്‍ പാപം ഉപേക്ഷിച്ചിരിക്കുന്നു. ജനം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ദുഷ്ടത ചെയ്യാതെ ദൈവം ആഗ്രഹിക്കുന്നവ ഈ ഭൂമിയില്‍ ജീവിക്കും കാലത്തോളം ചെയ്യുവാന്‍ നിങ്ങളെത്തന്നെ ബലപ്പെടുത്തുവിന്‍. കഴിഞ്ഞകാലങ്ങളില്‍ അവിശ്വാസികള്‍ ചെയ്യാനിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് നിങ്ങള്‍ സമയം പാഴാക്കിയിരുന്നു. നിങ്ങള്‍ ലൈംഗികപാപങ്ങള്‍ ചെയ്യുകയായിരുന്നു. വിഗ്രഹങ്ങളെ ആരാധിച്ചും ദുഷ്ടത ചെയ്തും മദ്യസല്‍ക്കാരങ്ങളിലേര്‍പ്പെട്ടും വന്യവും നിഷ്പ്രയോജനവുമായ ആഘോഷങ്ങള്‍ നടത്തിയും നിങ്ങള്‍ മത്തരാകുകയായിരുന്നു.
അവിശ്വാസികള്‍ ചെയ്യുന്ന പല വന്യവും നിഷ്ഫലവുമായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യാതിരിക്കുന്നതുകൊണ്ട് അവര്‍ നിങ്ങളെക്കുറിച്ച് അസാധാരണമെന്ന് ചിന്തിക്കുകയും ചീത്ത കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിപ്പാന്‍ തയ്യാറായിരിക്കുന്ന ദൈവമുന്പാകെ അവരെപ്പറ്റിത്തന്നെയുള്ള കണക്കു അവര്‍ ബോധിപ്പിക്കേണ്ടതായി വരും. ഇപ്പോള്‍ മരിച്ചവരോടും സുവിശേഷം പ്രസംഗിച്ചു. കാരണം എല്ലാവരെയും പോലെ അവരും സമമായി വിധിക്കപ്പെടേണ്ടതാണ്. അവര്‍ ജീവിച്ച കാലത്ത് ചെയ്തവയെ കണക്കിലെടുത്ത് അവരെ വിധിക്കും. എന്നാല്‍ അവരോടു ദൈവം ജീവിക്കുന്നതുപോലെ ആത്മാവില്‍ ജീവിക്കാന്‍ സുവിശേഷം പ്രസംഗിച്ചു.
ദൈവകൃപയുടെ നല്ല കാര്യസ്ഥന്‍
എല്ലാം അവസാനിക്കുന്ന സമയം അടുത്തിരിക്കുന്നു. അതുകൊണ്ട് സുബോധവും സ്വയനിയന്ത്രണവും കാത്തുസൂക്ഷിക്കുക. ഇതു പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങളെ സഹായിക്കും. പരസ്പരം അഗാധമായി സ്നേഹിക്കുക. അതാണു ഏറ്റവും പ്രധാനം. സ്നേഹം അനേക പാപങ്ങളെ മറയ്ക്കും. പരാതി കൂടാതെ നിങ്ങളുടെ ഭവനങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക. 10 നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഒരു ആത്മീയ വരം ദൈവത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ദൈവം തന്‍റെ കൃപ പലവിധത്തില്‍ കാണിച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവത്തിന്‍റെ നല്ല ദാനങ്ങളെ ഉപയോഗിക്കാന്‍ ചുമതലയുള്ള ദാസന്മാരെപ്പോലെയാണ് നിങ്ങള്‍. അതുകൊണ്ട് നല്ല ദാസന്മാരായി നിങ്ങളുടെ ദൈവദത്തമായ കഴിവുകള്‍ അന്യോന്യം സേവനത്തിനായി ഉപയോഗിക്കുക. 11 സംസാരിക്കുന്നവന്‍ ദൈവത്തില്‍ നിന്നുള്ള വചനം സംസാരിക്കണം. സേവനം ചെയ്യുന്നവന്‍ ദൈവം നല്‍കിയ കരുത്തുകൊണ്ട് സേവനം ചെയ്യട്ടെ. എല്ലാക്കാര്യത്തിലും യേശുക്രിസ്തു വഴി ദൈവത്തിനു മഹത്വം ഉണ്ടാക്കുന്നതിനു നിങ്ങളിതു ചെയ്യുവിന്‍. പ്രതാപവും മഹത്വവും എന്നുമെന്നേക്കും അവനുള്ളതാകട്ടെ. ആമേന്‍
ക്രിസ്ത്യാനിയെന്ന നിലയിലുള്ള കഷ്ടങ്ങള്‍
12 പ്രിയ സുഹൃത്തുക്കളേ, ഇപ്പോള്‍ നിങ്ങള്‍ സഹിക്കുന്ന വേദനാജനകമായ കാര്യങ്ങളെക്കുറിച്ച് അന്പരക്കരുത്. അതു നിങ്ങളുടെ വിശ്വാസത്തിനുള്ള പരീക്ഷയാണ്. അസാധാരണമായ എന്തോ സംഭവിക്കുന്നു എന്നു വിചാരിക്കരുത്. 13 എന്നാല്‍ ക്രിസ്തുവിന്‍റെ കഷ്ടങ്ങളില്‍ പങ്കുകാരാകുന്നു എന്നു കണ്ട് സന്തോഷിക്കണം. ക്രിസ്തു അവന്‍റെ മഹത്വം കാണിക്കുന്പോള്‍ നിങ്ങള്‍ സന്തോഷവാന്മാരും ആനന്ദപൂരിതരുമാകും. 14 നിങ്ങള്‍ ക്രിസ്തുവിന്‍റെ അനുഗാമികളായതുകൊണ്ട് നിന്ദിതരായാല്‍ നിങ്ങള്‍ അനുഗൃഹീതരാണ്. മഹത്വത്തിന്‍റെ ആത്മാവ് നിങ്ങളോടു കൂടെ ഉള്ളതിനാല്‍ നിങ്ങള്‍ അനുഗൃഹീതരാണ്. അതു ദൈവത്തിന്‍റെ ആത്മാവാണ്. 15 അന്യരെ ബുദ്ധിമുട്ടിക്കുന്നവനെപ്പോലെയോ മോഷ്ടാവിനെപ്പോലെയോ കൊലയാളിയെപ്പോലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള കുറ്റവാളിയെപ്പോലെയോ ആകരുത്. അത്തരത്തിലുള്ളവര്‍ കഷ്ടം സഹിച്ചേ തീരൂ, പക്ഷേ നിങ്ങള്‍ ഇക്കാരണത്താല്‍ ഒരിക്കലും ദുരിതമനുഭവിക്കരുത്. 16 ഒരു ക്രിസ്ത്യാനിയായതിന്‍റെ പേരില്‍ കഷ്ടം സഹിക്കേണ്ടി വരുന്നെങ്കില്‍ നിങ്ങള്‍ ലജ്ജിക്കേണ്ട. ആ നാമത്തിനു നിങ്ങള്‍ ദൈവത്തിനു നന്ദി പറയണം. 17 വിധി തുടങ്ങുന്നതിനു സമയമായി. ദൈവത്തിന്‍റെ കുടുംബം മുതലാണ് ആരംഭിക്കുന്നത്. ആ വിധി നമ്മിലാണ് തുടങ്ങുന്നതെങ്കില്‍ ദൈവത്തിന്‍റെ സുവിശേഷത്തെ അനുസരിക്കാത്തവര്‍ക്ക് എന്തു സംഭവിക്കും?
18 “നല്ല ഒരു വ്യക്തിക്ക് രക്ഷ കിട്ടുന്നത് ദുഷ്കരമാണ്. (കഠിനമാണ്)
അപ്പോള്‍ ദൈവത്തിനെതിരായിട്ടുള്ളവനും പാപപൂരിതനും എന്തു സംഭവിക്കും?”* അപ്പോള്‍ സംഭവിക്കും ഉദ്ധരണി സദൃശ.11:31. സദൃശ്യ 11:31
19 അതുകൊണ്ട് ദൈവേച്ഛയ്ക്കനുസൃതമായി കഷ്ടം സഹിക്കുന്നവര്‍ തങ്ങളുടെ ആത്മാക്കളെ വിശ്വസ്തനായ സൃഷ്ടാവില്‍ ഭരമേല്പിച്ചു തുടര്‍ച്ചയായി സല്‍കര്‍മ്മങ്ങള്‍ ചെയ്യണം.