ദൈവത്തിന്‍റെ അജഗണം
5
ഇനി നിങ്ങളുടെ കൂട്ടത്തിലുള്ള മൂപ്പന്മാരോട് എനിക്കു ചില കാര്യങ്ങള്‍ പറയുവാനുണ്ട്. ഞാനും ഒരു മൂപ്പനാണ്. ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. ഞങ്ങള്‍ക്കു കാണിച്ചു തരുന്ന ആ മഹത്വം ഞാന്‍ പങ്കുവയ്ക്കും. നിങ്ങള്‍ക്കു ഉത്തരവാദപ്പെട്ട ഈ കൂട്ടത്തിന്‍റെ സംരക്ഷ ഏല്‍ക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ ദൈവത്തിന്‍റെ അജഗണമാണ്. അങ്ങനെ ചെയ്യുവാന്‍ നിങ്ങളെ നിര്‍ബന്ധിച്ചതുകൊണ്ടല്ല എന്നാല്‍, നിങ്ങളങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ഇങ്ങനെയാണ് ദൈവം ആഗ്രഹിക്കുന്നത്. പണം ആഗ്രഹിച്ചല്ല സേവനം ചെയ്യുന്നതില്‍ സന്തോഷം ഉള്ളതുകൊണ്ട് അതു ചെയ്യുവിന്‍. നിങ്ങള്‍ക്ക് ചുമതലപ്പെട്ടവരോട് നിങ്ങള്‍ ഒരു പരുക്കന്‍ ഭരണാധികാരിയെപ്പോലെയാകരുത്. പകരം നല്ല മാതൃകയുള്ളവരാകുക. പിന്നെ, ഭരിക്കുന്ന ഇടയന്‍ (ക്രിസ്തു) വരുന്പോള്‍ നിങ്ങള്‍ക്കൊരു കിരീടം കിട്ടും. അതു മഹത്വപൂര്‍ണ്ണവും നശിക്കാത്ത സൌന്ദര്യമുള്ളതും ആയിരിക്കും.
യുവാക്കളേ, നിങ്ങളോടും എനിക്കു ചിലതുപറയാനുണ്ട്. നിങ്ങള്‍ മൂപ്പന്മാരുടെ അധികാരത്തെ സ്വീകരിക്കണം. നിങ്ങളോരോരുത്തരും പരസ്പരം ഏറെ വിനീതരാകണം.
“ദൈവം അഹങ്കാരികള്‍ക്ക് എതിരാണ്.
എന്നാല്‍ വിനീതരില്‍ അവന്‍ കൃപ ചൊരിയും.” സദൃശ 3:34
ദൈവത്തിന്‍റെ ശക്തമായ കരങ്ങള്‍ക്കു കീഴെ വിനീതരാകുവിന്‍. അപ്പോള്‍ സമയമാകുന്പോള്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും. അവന്‍ നിങ്ങള്‍ക്കുവേണ്ടി കരുതുന്നതുകൊണ്ട് നിങ്ങളുടെ എല്ലാ ആകുലങ്ങളും അവനെ ഏല്പിക്കുക.
ശ്രദ്ധാലുക്കളാകുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യുവിന്‍. പിശാചാണു നിങ്ങളുടെ ശത്രു. മനുഷ്യനെ തിന്നുവാന്‍ അലറിപ്പാഞ്ഞു നടക്കുന്ന ഒരു സിംഹത്തെപ്പോലെയാണവന്‍. പിശാചിനെ പിന്തുടരാന്‍ കൂട്ടാക്കാതിരിക്കുക. നിങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ക്കുള്ള അതേ കഷ്ടങ്ങളാണ് ലോകമെന്പാടുമുള്ള നിങ്ങളുടെ സഹോദരീസഹോദരര്‍ അനുഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം.
10 അതെ, അല്പകാലത്തേക്ക് നിങ്ങള്‍ കഷ്ടം സഹിക്കും. എന്നാലതിനു ശേഷം ദൈവം എല്ലാം ശരിയാക്കും. അവന്‍ നിങ്ങളെ ബലപ്പെടുത്തും. അവന്‍ നിങ്ങളെ താങ്ങുകയും വീഴ്ചയില്‍നിന്നു രക്ഷിക്കുകയും ചെയ്യും. എല്ലാ കൃപയും പകരുന്ന ദൈവമാണവന്‍. ക്രിസ്തുവില്‍ തന്‍റെ മഹത്വത്തെ പങ്കുവയ്ക്കാന്‍ അവന്‍ നിങ്ങളെ ക്ഷണിച്ചിരിക്കുന്നു. ആ മഹത്വം എക്കാലത്തേക്കുമായി തുടരും. 11 എല്ലാ ശക്തിയും എന്നുമെന്നേക്കും അവന്‍റേതാണ്. ആമേന്‍.
അവസാന അഭിവാദനങ്ങള്‍
12 ഞാന്‍ ഈ ചെറുകത്ത് എഴുതിയത് സില്വാനൊസിന്‍റെ സഹായത്തോടെയാണ്. അവന്‍ ക്രിസ്തുവില്‍ വിശ്വസ്തനായ സഹോദരനാണ് എന്ന് എനിക്കറിയാം. നിങ്ങളെ ആശ്വസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമാണ് ഞാന്‍ എഴുതിയത്. ഇതാണ് ദൈവത്തിന്‍റെ ശരിയായ കൃപ എന്നു പറയുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതില്‍ ഉറച്ചു നില്‍ക്കുക.
13 ബാബിലോണിലെ സഭ നിങ്ങളെ വന്ദനം ചെയ്യുന്നു. അവരും നിങ്ങളെപ്പോലെ തന്നെ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ക്രിസ്തുവില്‍ എന്‍റെ മകനായ മര്‍ക്കൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. 14 നിങ്ങള്‍ കണ്ടുമുട്ടുന്പോള്‍ ഒരു സ്നേഹചുംബനം പരസ്പരം കൊടുക്കുക. ക്രിസ്തുവിലുള്ള എല്ലാവര്‍ക്കും സമാധാനം.