പത്രൊസ് എഴുതിയ രണ്ടാം ലേഖനം
1
യേശുക്രിസ്തുവിന്‍റെ ദാസനും അപ്പൊസ്തലനുമായ ശിമോന്‍ പത്രൊസില്‍ നിന്നും, ഞങ്ങള്‍ക്കുള്ളതു പോലെയുള്ള അതേ മൂല്യവത്തായ വിശ്വാസമുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും എഴുതുന്നത്. നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവും നീതിമാനായതുകൊണ്ട് നിങ്ങള്‍ക്ക് ആ വിശ്വാസം കിട്ടി. അവന്‍ ശരിയായതു ചെയ്യുന്നു.
കൃപയും സമാധാനവും നിങ്ങള്‍ക്കു കൂടുതല്‍ കൂടുതല്‍ ലഭിക്കുമാറാകട്ടെ. ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുവിനെയും അറിയാമെന്നതുകൊണ്ട് കരുണയും സമാധാനവും നിങ്ങള്‍ക്കു ലഭിച്ചു.
നമുക്കാവശ്യമുള്ളതു ദൈവം തന്നു
യേശുവിന് ദൈവത്തിന്‍റെ ശക്തിയുണ്ട്. അവന്‍റെ ശക്തി ദൈവത്തെ ശുശ്രൂഷിക്കുന്നതിനും നമുക്കു ജീവിക്കുന്നതിനുമായ എല്ലാ കാര്യങ്ങളും നല്‍കി. നമുക്കവനെ അറിയാം എന്നതുകൊണ്ട് ഇവയൊക്കെ നമുക്കുണ്ട്. തന്‍റെ പ്രതാപവും നന്മയും കൊണ്ട് യേശു നമ്മെ വിളിച്ചിരിക്കുന്നു. തന്‍റെ പ്രതാപവും നന്മയും വഴി യേശു നമുക്കു വാഗ്ദാനം നല്‍കിയ അമൂല്യമായ മഹാദാനങ്ങള്‍ നല്‍കിയിരിക്കുന്നു. ആ ദാനങ്ങള്‍ വഴി വിശുദ്ധസ്വഭാവം നമുക്കു പങ്കുവയ്ക്കാം. അതുകൊണ്ട് ലോകം അതാഗ്രഹിക്കുന്ന തിന്മകളാല്‍ നിങ്ങളെ നശിപ്പിക്കയില്ല.
ഈ അനുഗ്രഹങ്ങളൊക്കെ നിങ്ങള്‍ക്കുള്ളതുകൊണ്ട് അതു നിങ്ങളുടെ ജീവിതത്തിനു മുതല്‍ക്കൂട്ടാക്കാന്‍ പരമാവധി ശ്രമിക്കുക. നിങ്ങളുടെ വിശ്വാസത്തിലേക്ക് നന്മയും നന്മയിലേക്ക് അറിവും അറിവിലേക്ക് ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തിലേക്ക് സ്ഥിരതയും സ്ഥിരതയിലേക്ക് ദൈവശുശ്രൂഷയും ദൈവശുശ്രൂഷയിലേക്ക് നിങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള കരുണയും ഈ കരുണയിലേക്ക് സ്നേഹവും കൂട്ടിച്ചേര്‍ക്കുക. ഈ കാര്യങ്ങളത്രയും നിങ്ങളിലുണ്ടാകുകയും അതു വളരുകയും ചെയ്യുന്നുവെങ്കില്‍, ഈ കാര്യങ്ങള്‍ നിങ്ങളെ ഒരിക്കലും പ്രയോജനശൂന്യരാകാതിരിക്കാന്‍ സഹായിക്കും. നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള അറിവുകൊണ്ട് ഈ കാര്യങ്ങള്‍ നിങ്ങളെ ഒന്നിനും കൊള്ളാത്തവരാകാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ ഈവക കാര്യങ്ങള്‍ ഒരുവന് ഇല്ലെങ്കില്‍ അവനു വ്യക്തമായി കാണാന്‍ കഴിയില്ല. അവന്‍ അന്ധനാണ്. പഴയ തിന്മകളില്‍നിന്നും അവനെ ശുദ്ധനാക്കി എന്നുള്ളത് അവന്‍ മറന്നു.
10 എന്‍റെ സഹോദരങ്ങളേ, ദൈവം അവന്‍റേതായിരിക്കാന്‍ നിങ്ങളെ വിളിയ്ക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു. ദൈവം വിളിച്ചവരും തിരഞ്ഞെടുക്കപ്പെട്ടവരും ആണ് നിങ്ങളെന്ന് തെളിയിക്കാന്‍ തീവ്രമായി ശ്രമിയ്ക്കണം. ഇതു ചെയ്യുമെങ്കില്‍ നിങ്ങള്‍ ഇടറിപ്പോകയില്ല. 11 നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ രാജ്യത്തിലേക്ക് ശ്രേഷ്ഠമായ വരവേല്പും നിങ്ങള്‍ക്കു കിട്ടും. ആ രാജ്യം എക്കാലത്തേക്കും ഉള്ളതാണ്.
12 ഇക്കാര്യം നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ക്കുള്ള സത്യത്തില്‍ നിങ്ങള്‍ ബലവാന്മാരാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ ഓമ്മിപ്പിക്കാന്‍ ഞാന്‍ എപ്പോഴും സഹായിക്കും. 13 ഈ ഭൂമിയില്‍ ജീവിച്ചിരിക്കും കാലത്തോളം ഈ കാര്യങ്ങള്‍ ഓര്‍പ്പിച്ചു സഹായിക്കുന്നത് ശരിയാണെന്നു ഞാന്‍ കരുതുന്നു. 14 ഈ ശരീരം തീര്‍ച്ചയായും ഉടനെ ഉപേക്ഷിക്കണമെന്ന് എനിക്കറിയാം. നമ്മുടെ കര്‍ത്താവായ യേശു അത് എന്നെ കാണിച്ചു. 15 ഈ കാര്യമത്രയും എപ്പോഴും ഓര്‍മ്മിപ്പിച്ചു സഹായിക്കാന്‍ എന്നെക്കൊണ്ടാവുന്നത്രയും ഞാന്‍ ശ്രമിയ്ക്കും. എനിക്കുശേഷവും ഇവയത്രയും ഓര്‍മ്മിപ്പിക്കാന്‍ കെല്പുള്ളവരാകണം നിങ്ങളെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
ഞങ്ങള്‍ ക്രിസ്തുവിന്‍റെ മഹത്വം കണ്ടു
16 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയെപ്പറ്റി ഞങ്ങള്‍ നിങ്ങളോടു പറഞ്ഞു. അവന്‍റെ വരവിനെപ്പറ്റിയും പറഞ്ഞു. ഞങ്ങള്‍ പറഞ്ഞതത്രയും ആള്‍ക്കാര്‍ നെയ്തെടുത്ത വെറും രസികന്‍ കഥകളല്ല. അതെ, ക്രിസ്തുവിന്‍റെ പ്രതാപം ഞങ്ങളുടെ തന്നെ കണ്ണുകള്‍ക്കൊണ്ടു ഞങ്ങള്‍ കണ്ടതാണ്. 17 മഹാ പ്രതാപവാനായ ദൈവത്തിന്‍റെ ശബ്ദം യേശു കേട്ടു. പിതാവായ ദൈവത്തില്‍ നിന്ന് ആദരവും മഹത്വവും കിട്ടിയപ്പോഴായിരുന്നു അത്. ശബ്ദം പറഞ്ഞു, “ഇത് എന്‍റെ പുത്രനാണ്, ഞാന്‍ അവനെ സ്നേഹിക്കുന്നു. ഞാനവനില്‍ സംപ്രീതനാണ്.” 18 ഞങ്ങളും ആ ശബ്ദം കേട്ടു. യേശുവും ഒത്ത് ഞങ്ങള്‍ വിശുദ്ധഗിരിയില്‍ ആയിരിക്കുന്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നാണതു വന്നത്.
19 പ്രവാചകര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ ഞങ്ങളില്‍ പൂര്‍ണ്ണമായും സ്ഥിരപ്പെടുത്തി. പ്രവാചകര്‍ പറഞ്ഞ കാര്യങ്ങളെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നത് നിങ്ങള്‍ക്കു നല്ലതാണ്. അവര്‍ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളത്രയും അന്ധകാരം നിറഞ്ഞ സ്ഥലത്ത് മിന്നും വെളിച്ചം പോലെയാണ്. പ്രഭാതം തുടങ്ങുംവരെ അതു തെളിയുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയത്തില്‍ ഉദിയ്ക്കുകയും ചെയ്യും. 20 ഏറ്റവും പ്രധാനമായി നിങ്ങള്‍ ഇതു മനസ്സിലാക്കണം. തിരുവെഴുത്തുകളിലെ പ്രവചനം യാതൊരു വ്യക്തിയുടെയും സ്വന്തമായ ഭാഷ്യങ്ങളല്ല. 21 അതെ, ഒരു മനുഷ്യന്‍ എന്തു പറയാന്‍ ആഗ്രഹിച്ചോ അതൊന്നില്‍ നിന്നും ഒരു പ്രവചനവും വന്നില്ല. പക്ഷേ ജനങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവത്തില്‍ നിന്നുള്ള കാര്യങ്ങള്‍ സംസാരിച്ചു.