ക്രിസ്തു വീണ്ടും വരും
3
1 വത്സല സുഹൃത്തുക്കളേ, ഇത് നിങ്ങള്‍ക്ക് ഞാനെഴുതിയ രണ്ടാമത്തെ കത്താണ്. ഇവ രണ്ടും എഴുതിയത് ആത്മാര്‍ത്ഥമായ ചിന്തകള്‍ മനസ്സില്‍ ഉണര്‍ത്തുവാനും ചില കാര്യങ്ങളെ ഓര്‍പ്പിക്കാന്‍ സഹായിക്കുന്നതിനുമാണ്.
2 വിശുദ്ധപ്രവാചകര്‍ പണ്ടു പറഞ്ഞ വചനങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയും വേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കര്‍ത്താവും രക്ഷകനുമായവന്‍ നമുക്കു തന്ന കല്പനകള്‍ ഓര്‍ക്കുവിന്‍. നിങ്ങളുടെ അപ്പൊസ്തലരിലൂടെയാണ് അവന്‍ ഈ കല്പനകളെ നല്‍കിയിരിക്കുന്നത്.
3 അവസാനനാളുകളില്‍ എന്തു സംഭവിയ്ക്കും എന്നു മനസ്സിലാക്കേണ്ടത് നിങ്ങള്‍ക്കു പ്രധാനമാണ്. ദുഷ്ടര്‍ നിങ്ങളെ പരിഹസിക്കും.
4 ദുഷ്ടര്‍ പറയും, “യേശു തിരികെ വരുമെന്ന് വാഗ്ദാനം ചെയ്തു; അവനെവിടെ? നമ്മുടെ പൂര്‍വ്വികര്‍ മരിക്കുകയും ലോകം അതിന്‍റെ നിര്‍മ്മിതി തൊട്ടുള്ള കാലം മുതല്‍ക്കുള്ള അതേ വഴിയില്‍ തുടരുകയും ചെയ്യുന്നു.”
5 പക്ഷേ പണ്ടു സംഭവിച്ചത് ഓര്‍ക്കാന്‍ അവരാഗ്രഹിക്കുന്നില്ല. ആകാശം അവിടെ ഉണ്ടായിരുന്നു. ദൈവം ഭൂമിയെ ജലത്തില്‍ നിന്നും ജലം കൊണ്ടും നിര്‍മ്മിച്ചു. ഇതെല്ലാം ദൈവവചനം കൊണ്ടാണ് സംഭവിച്ചത്.
6 പിന്നീട് ആ ലോകത്തെ തന്നെ ജലപ്രളയത്തില്‍ മുക്കി നശിപ്പിച്ചു.
7 അതേ ദൈവവചനം തന്നെയാണ് ആകാശത്തെയും ഭൂമിയെയും ഇപ്പോള്‍ നമുക്കുള്ളതുപോലെ സൂക്ഷിക്കുന്നതും. ആകാശവും ഭൂമിയും തീയാല്‍ നശിപ്പിക്കുവാന്‍ വേണ്ടി സൂക്ഷിച്ചിരിക്കുകയാണ്. ഭൂമിയും ആകാശവും വിധിദിവസത്തിനും ദൈവത്തിനു എതിരായിട്ടുള്ളവരുടെ നാശത്തിനും വേണ്ടി സൂക്ഷിച്ചിരിക്കുന്നു.
8 എന്നാല്‍ പ്രിയ സ്നേഹിതരേ, ഒരു കാര്യം മറക്കരുത്. കര്‍ത്താവിന് ഒരു ദിവസം ആയിരം വര്‍ഷവും ആയിരം വര്‍ഷം ഒരു ദിവസം പോലെയുമാണ്.
9 ചിലര്‍ മനസ്സിലാക്കിയിരിക്കുന്നതുപോലെ കര്‍ത്താവ് താന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിയ്ക്കുന്നതില്‍ മാന്ദ്യനല്ല. എന്നാല്‍ ദൈവം നിങ്ങളോടു ശാന്തത കാണിക്കുന്നു. കാരണം ആരും നഷ്ടപ്പെടാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. എല്ലാ മനുഷ്യരും മാനസാന്തരപ്പെട്ട് പാപം ചെയ്യുന്നത് നിര്‍ത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
10 പക്ഷെ കര്‍ത്താവ് തിരികെ വരുന്ന ആ ദിവസം ഒരു കള്ളനെപ്പോലെ അന്പരപ്പിക്കുന്നതായിരിക്കും. കടുത്ത ശബ്ദത്തോടെ ആകാശം കത്തിയെരിയും. ആകാശത്തിലുള്ളതൊക്കെയും തീയാല്‍ നശിപ്പിക്കപ്പെടും. ഭൂമിയും അതിലുള്ള സമസ്തവും ന്യായവിധിയ്ക്കായി ദൈവത്തിന്‍റെ മുന്പില്‍ അനാവൃതമാക്കപ്പെടും.
11 അങ്ങനെ ഞാന്‍ നിങ്ങളോടു പറഞ്ഞ വിധം സര്‍വ്വതും നശിപ്പിക്കപ്പെടും. അതുകൊണ്ട് നിങ്ങള്‍ എങ്ങനെയുള്ളവരാകണം നിങ്ങള്‍ വിശുദ്ധ ജീവിതം നയിച്ച് ദൈവത്തെ ശുശ്രൂഷിക്കണം.
12 ദൈവത്തിന്‍റെ ദിനത്തിനായി നിങ്ങള്‍ കാത്തിരിക്കണം. ആ ദിവസം വരുവാന്‍ നിങ്ങള്‍ അതിയായാഗ്രഹിക്കണം.ആ ദിവസം വരുന്പോള്‍ ആകാശവും അതിലുള്ളതൊക്കെയും ചൂടുകൊണ്ട് ഉരുകി നശിക്കും.
13 പക്ഷേ ദൈവം നമ്മോട് ഒരു വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന്‍ വാഗ്ദാനം ചെയ്ത ആ പുതിയ ആകാശത്തിനും പുതിയഭൂമിയ്ക്കും വേണ്ടി നാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ആ സ്ഥലത്താണ് നന്മയും ഐശ്വര്യവും വിളയുന്നത്.
14 പ്രിയ സുഹൃത്തുക്കളേ, ഇതു സംഭവിക്കാനായി നാം കാത്തു നില്‍ക്കുന്നു. പാപമില്ലാതെയിരിക്കാനും കുറ്റമില്ലാതെയിരിക്കാനും സര്‍വ്വോപരി ദൈവവുമായി സമാധാനത്തിലിരിക്കാനും പരമാവധി ശ്രമിക്കുക.
15 രക്ഷിക്കപ്പെടുവാനുള്ള അവസരം കര്‍ത്താവിന്‍റെ ക്ഷമയാല്‍ നിങ്ങള്‍ക്കു കിട്ടുമെന്നു ഓര്‍ക്കുക. ദൈവത്തില്‍ നിന്നു ലഭ്യമായ വിജ്ഞാനത്തിന്‍റെ അകന്പടിയോടെ നമ്മുടെ പ്രിയങ്കരനായ സഹോദരന്‍ പൌലൊസ് നിങ്ങളെ എഴുതി അറിയിച്ചതും അതുതന്നെ.
16 ഈ കാര്യങ്ങളെക്കുറിച്ച് പൌലൊസ് ഇതേ രീതിയില്‍ തന്‍റെ എല്ലാ എഴുത്തുകളിലും എഴുതുന്നു. മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യങ്ങള്‍ ചിലപ്പോള്‍ പൌലൊസിന്‍റെ കത്തുകളിലുണ്ട്. അജ്ഞരും ആത്മാര്‍ത്ഥതയില്ലാത്തവരുമായ ആളുകള്‍ പൌലൊസിന്‍റെ എഴുത്തുകളിലുള്ള കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഇതരലിഖിതങ്ങളെയും അവര്‍ വളച്ചൊടിക്കുന്നു. അങ്ങനെ ചെയ്യുകവഴി അവര്‍ തങ്ങളെത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
17 പ്രിയ സുഹൃത്തുക്കളേ, ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കു മുന്നറിയിപ്പു കിട്ടിയിരിക്കുന്നു. അതുകൊണ്ട് സൂക്ഷിക്കുക. നിയമലംഘകര്‍ അവരുടെ ദുഷ്ചെയ്തികള്‍ കൊണ്ട് നിങ്ങളെ വഴി തെറ്റിക്കാന്‍ അനുവദിക്കാതിരിക്കുക. നിങ്ങളുടെ കരുത്താര്‍ന്ന വിശ്വാസത്തില്‍ നിന്നും വീഴാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
18 പകരം നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ വിജ്ഞാനത്തിലും കൃപയിലും (ദയ) വളര്‍ന്നുകൊണ്ടേയിരിക്കുക. ഇപ്പോഴും എപ്പോഴും എന്നേക്കും അവനു മഹത്വം ആയിരിക്കട്ടെ! ആമേന്‍.