ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം
1
1 ഫിലിപ്പിയില്‍ ക്രിസ്തുയേശുവിലുള്ള ദൈവത്തിന്‍റെ വിശുദ്ധജനത്തിനും മൂപ്പന്മാര്‍ക്കും ശുശ്രൂഷകന്മാര്‍ക്കും യേശുക്രിസ്തുവിന്‍റെ ദാസന്മാരായ പൌലൊസും തിമൊഥെയൊസും ആശംസകള്‍ അയയ്ക്കുന്നു.
2 നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ.
പൌലൊസിന്‍റെ പ്രാര്‍ത്ഥന
3 നിങ്ങളെ ഓര്‍ക്കുന്പോഴൊക്കെ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു.
4 ഞാന്‍ സന്തോഷത്തോടെ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു.
5 ഞാന്‍ ജനങ്ങളോടു സുവിശേഷം പ്രസംഗിച്ചപ്പോള്‍ നിങ്ങള്‍ എനിക്കു തന്ന സഹായത്തിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. വിശ്വാസം സ്വീകരിച്ച ആ ദിവസം തൊട്ട് ഇന്നുവരെ നിങ്ങള്‍ സഹായിച്ചു.
6 ദൈവം നിങ്ങളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ദൈവം അത് നിങ്ങളില്‍ തുടരുകയും ചെയ്യുന്നു. യേശുക്രിസ്തു വീണ്ടും വരുന്പോള്‍ ദൈവം ആ പ്രവൃത്തി നിങ്ങളില്‍ പൂര്‍ത്തിയാക്കും. എനിക്കതില്‍ തീര്‍ച്ചയുണ്ട്.
7 നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് ശരിയാണെന്ന് ഞാനറിയുന്നു. എന്‍റെ ഹൃദയത്തില്‍ എനിക്കു നിങ്ങളോടു വളരെ അടുപ്പം തോന്നുന്നതുകൊണ്ട് എനിക്കിതു തീര്‍ച്ചയുണ്ട്. എന്നോടൊപ്പം ദൈവകൃപ നിങ്ങള്‍ പങ്കുവയ്ക്കുന്നതുകൊണ്ട് എനിക്കു നിങ്ങളോടു വളരെ അടുപ്പം തോന്നുന്നു. ഞാന്‍ തടവിലായപ്പോഴും സുവിശേഷത്തിനു വേണ്ടി പ്രതിരോധം നടത്തിയപ്പോഴും സുവിശേഷസത്യം തെളിയിച്ചപ്പോഴും നിങ്ങള്‍ ദൈവകൃപ എനിക്കൊപ്പം പങ്കുവയ്ക്കുന്നു.
8 ഞാന്‍ നിങ്ങളെ കാണാന്‍ വളരെ ആഗ്രഹിക്കുന്നു എന്ന് ദൈവത്തിന് അറിയാം. യേശുക്രിസ്തുവിന്‍റെ സ്നേഹത്തോടു കൂടി ഞാന്‍ നിങ്ങളെ എല്ലാവരേയും ഏറെ സ്നേഹിക്കുന്നു.
9 ഇതാണ് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ പ്രാര്‍ത്ഥന:
നിങ്ങളുടെ സ്നേഹം വളരെ ഏറെ വളരണമെന്നും; നിങ്ങളുടെ സ്നേഹത്തോടൊപ്പം ധാരണയും അറിവും നിങ്ങള്‍ക്ക് ഉണ്ടാകേണമെന്നും;
10 നന്മതിന്മകളെ തിരിച്ചറിഞ്ഞ് നല്ലതു തിരഞ്ഞെടുക്കണമെന്നും; ക്രിസ്തുവിന്‍റെ വരവിനായി നിങ്ങള്‍ നിഷ്കളങ്കരും, തെറ്റില്ലാത്തവരും ആകണമെന്നും;
11 ദൈവത്തിന് മഹത്വവും സ്തുതിയും ഉണ്ടാകുന്നതിനായി ക്രിസ്തുവിന്‍റെ സഹായത്താല്‍ നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പൌലൊസിനുണ്ടായ ഉപദ്രവം കര്‍ത്താവിന്‍റെ വേലയില്‍ സഹായം
12 സഹോദരങ്ങളേ, എനിക്കു സംഭവിച്ച ആ ചീത്തകാര്യങ്ങള്‍ സുവിശേഷ പ്രചാരണത്തിന് എന്നെ സഹായിച്ചു എന്ന് നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
13 ഞാന്‍ എന്തുകൊണ്ടു തടവിലായി എന്നുള്ളതു വളരെ വ്യക്തമാണ്. ഞാന്‍ ക്രിസ്തുവിന്‍റെ ഒരു വിശ്വാസി ആയതുകൊണ്ട് ഞാന്‍ തടവിലായി. എല്ലാ ജനങ്ങള്‍ക്കുമെന്ന പോലെ എല്ലാ കാവല്‍ക്കാര്‍ക്കും ഇതറിയാം.
14 ഞാന്‍ ഇപ്പോഴും തടവിലാണ്, പക്ഷേ, വിശ്വാസികളില്‍ ഏറിയ പങ്കിനും അതെപ്പറ്റി ഇപ്പോള്‍ മെച്ചമായി തോന്നുന്നു. അതുകൊണ്ട് അവര്‍ക്ക് ക്രിസ്തുവിനെപ്പറ്റിയുള്ള സന്ദേശം പറയുന്നതിന് കൂടുതല്‍ ധൈര്യം തോന്നുന്നു.
15 അസൂയയും പിണക്കവും നിമിത്തം ചിലര്‍ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നു. ചിലരാകട്ടെ സഹായിക്കുവാനുള്ള താല്പര്യം കൊണ്ടാണ് ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നത്.
16 ഈ ആള്‍ക്കാര്‍ പ്രസംഗിക്കുന്നത് അവര്‍ക്ക് സ്നേഹം ഉള്ളതുകൊണ്ടാണ്. ദൈവം എന്നെ ഏല്പിച്ച ജോലി സുവിശേഷത്തിനു വേണ്ടിയുള്ള പ്രതിരോധം നടത്തുക എന്നതാണെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം.
17 എന്നാല്‍ മറ്റാള്‍ക്കാര്‍ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നത് അവര്‍ സ്വാര്‍ത്ഥരായതുകൊണ്ടാണ്. പ്രസംഗിക്കാനുള്ള അവരുടെ പ്രേരണ തെറ്റാണ്. തടവില്‍ എനിക്ക് ഉപദ്രവം ചെയ്യുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
18 അവര്‍ എനിക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുക ആണെങ്കില്‍ ഞാനതു കാര്യമാക്കില്ല. അവര്‍ ക്രിസ്തുവിനെപ്പറ്റി പറയുന്നു എന്നതാണു പ്രധാനം. ഞാനതു ആഗ്രഹിക്കുന്നു. ശരിയായ കാരണത്തിനു വേണ്ടി അവര്‍ അതു ചെയ്യണമെന്നു ഞാനാശിക്കുന്നു. തെറ്റായ കാരണം കൊണ്ടാണ് അവര്‍ അതു ചെയ്യുന്നതെങ്കിലും ഞാന്‍ സന്തോഷവാനാണ്.
ക്രിസ്തുവിനെപ്പറ്റി പറയുന്നതുകൊണ്ടാണ് ഞാന്‍ സന്തോഷിക്കുന്നതും ആ സന്തോഷത്തില്‍ തുടരുന്നതും.
19 യേശുക്രിസ്തുവിന്‍റെ ആത്മാവ് എന്നെ സഹായിക്കുകയും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ പ്രശ്നങ്ങള്‍ എനിക്കു സ്വാതന്ത്ര്യം വരുത്തുമെന്ന് എനിക്കറിയാം.
20 ക്രിസ്തുവിന്‍റെ കാര്യത്തില്‍ പരാജയപ്പെടാന്‍ എനിക്ക് ഒന്നും കാരണമാകരുത്. എന്‍റെ ജീവനിലുള്ള ക്രിസ്തുവിന്‍റെ മഹത്വം ഈ ലോകത്ത് കാണിക്കുവാന്‍ എക്കാലത്തേയും പോലെ ഇപ്പോഴും ധീരത ഉണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ജീവിക്കുന്നുവെങ്കിലും മരിക്കുന്നുവെങ്കിലും ഞാനത് ആഗ്രഹിക്കുന്നു.
21 എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേകാര്യം ക്രിസ്തു മാത്രമാണെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. അതിനാല്‍ മരണം പോലും എനിക്കു ലാഭകരമാണ്.
22 ശരീരത്തിലുള്ള എന്‍റെ ഈ ജീവിതം തുടരുകയാണെങ്കില്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്കു സാധിക്കും. പക്ഷെ എന്താണ് ഞാന്‍ തിരഞ്ഞെടുക്കേണ്ടത്.
23 മരണമോ ജീവിതമോ എന്ന് എനിക്കറിയില്ല. ജീവിതവും മരണവും തമ്മില്‍ തിരഞ്ഞെടുക്കുക വിഷമമാണ്. ഈ ജീവിതം വിട്ട് ക്രിസ്തുവിനോടു കൂടെ ആയിരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അതായിരിക്കും കൂടുതല്‍ നല്ലത്.
24 എന്നാല്‍ ഈ ശരീരത്തോടുകൂടി എന്‍റെ സാന്നിദ്ധ്യം ഇവിടെ നിങ്ങള്‍ക്കാവശ്യമുണ്ട്.
25 എനിക്കറിയാം നിങ്ങള്‍ക്കെന്നെ ആവശ്യം ഉണ്ടെന്ന്. അതുകൊണ്ട് ഞാന്‍ നിങ്ങളോടുകൂടെ ആയിരിക്കുമെന്ന് എനിക്കറിയാം. നിങ്ങളുടെ വിശ്വാസത്തില്‍ വളരുവാനും സന്തോഷമുള്ളവരാകാനും ഞാന്‍ നിങ്ങളെ സഹായിക്കാം.
26 ഞാന്‍ വീണ്ടും നിങ്ങളുടെ കൂടെ ആകുന്പോള്‍ ക്രിസ്തുയേശുവില്‍ നിങ്ങള്‍ വളരെ സന്തോഷഭരിതരാകും.
27 ക്രിസ്തുവിന്‍റെ സുവിശേഷത്തിന് ഇണങ്ങുംവിധമാണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് തീര്‍ച്ചപ്പെടുത്തുക. അപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നാലും അകന്നിരുന്നാലും എനിക്കു നിങ്ങളെക്കുറിച്ച് നല്ല കാര്യങ്ങള്‍ കേള്‍ക്കുവാന്‍ കഴിയും. സുവിശേഷത്തില്‍ നിന്നും വരുന്ന വിശ്വാസത്തിനായി ഏക ഹൃദയത്തോടെയും മനസ്സോടെയും നിങ്ങള്‍ യോജിച്ചു ഒരു സംഘമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നു എനിക്കു കേള്‍ക്കാന്‍ കഴിയും.
28 നിങ്ങള്‍ക്കെതിരായ ആളുകളെക്കുറിച്ച് ഒട്ടും ഭയപ്പെടരുത്. നിങ്ങള്‍ രക്ഷിക്കപ്പെട്ടുവെന്നതിനും നിങ്ങളുടെ എതിരാളികള്‍ ഇല്ലായ്മപ്പെട്ടു പോകുമെന്നതിനും ദൈവത്തില്‍ നിന്നുള്ള തെളിവാണ് നിങ്ങള്‍ക്ക് ഭയമില്ലെന്ന വസ്തുത.
29 ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന ബഹുമതി ദൈവം നിങ്ങള്‍ക്കു നല്‍കി. എന്നാല്‍ അതുമാത്രമല്ല ക്രിസ്തുവിനു വേണ്ടി കഷ്ടം സഹിക്കുന്നു എന്ന ബഹുമതിയും ദൈവം നിങ്ങള്‍ക്കു നല്‍കി. ഇവ രണ്ടും ക്രിസ്തുവിനു പുകഴ്ച കൊണ്ടുവരും.
30 ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍ സുവിശേഷത്തിന്‍റെ എതിരാളികളില്‍ നിന്നും എനിക്കുണ്ടായ ക്ലേശങ്ങള്‍ നിങ്ങള്‍ കണ്ടു. ഇപ്പോള്‍ എനിക്കുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കുന്നു. നിങ്ങള്‍ക്കു തന്നെയും അത്തരം ക്ലേശങ്ങള്‍ ഉണ്ട്.