ഐക്യദാര്‍ഢ്യതയോടുകൂടിയുള്ള പരസ്പര ശ്രദ്ധ
2
1 നിങ്ങളോട് എന്തെങ്കിലും ചെയ്യുവാന്‍ പറയുവാന്‍ ക്രിസ്തുവില്‍ എനിക്ക് എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? എന്നെ ആശ്വസിപ്പിക്കുവാന്‍ നിങ്ങളുടെ സ്നേഹം നിങ്ങളെ ആഗ്രഹിപ്പിക്കുന്നുണ്ടോ? ആത്മാവില്‍ നമ്മള്‍ അന്യോന്യം പങ്കു പറ്റുന്നുണ്ടോ? നിങ്ങള്‍ക്കു കരുണയും ദയാലുത്വവും ഉണ്ടോ?
2 ഇതൊക്കെ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ എനിക്കുവേണ്ടി ചിലതു ചെയ്യുവാന്‍ ഞാനഭ്യര്‍ത്ഥിക്കുന്നു. ഇതെന്നെ വളരെ സന്തുഷ്ടനാക്കും. ഒരേ കാര്യം വിശ്വസിച്ച് നിങ്ങള്‍ ഏകമനസ്ക്കരാകണമെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. പരസ്പര സ്നേഹത്തിനു വേണ്ടി അന്യോന്യം യോജിക്കുക. ഒരേ ഉദ്ദേശവും ഉണ്ടായിരിക്കുക.
3 നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്പോള്‍ സ്വാര്‍ത്ഥതയോ അഹങ്കാരമോ നിങ്ങളെ നയിക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ വിനീതരായി നിങ്ങളേക്കാള്‍ ബഹുമതി അന്യര്‍ക്കു കൊടുക്കുന്നവര്‍ ആകുവിന്‍.
4 നിങ്ങളുടെ മാത്രം ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അന്യരുടെ ജീവിതത്തിലും ശ്രദ്ധയുള്ളവരാകുവിന്‍.
നിസ്വാര്‍ത്ഥനാകുവാന്‍ ക്രിസ്തുവില്‍ നിന്നു പഠിക്കുക
5 നിങ്ങളുടെ ജീവിതത്തില്‍ ക്രിസ്തു യേശുവിനെപ്പോലെ വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍.
6 ക്രിസ്തു എല്ലാ കാര്യത്തിലും ദൈവത്തിനു തുല്യനാണ്.
എന്നാല്‍ ദൈവത്തിനു തുല്യമായ രീതിയില്‍ തന്‍റെ ജീവിതവും നിലനിര്‍ത്തണമെന്ന് ക്രിസ്തു ചിന്തിച്ചില്ല.
7 ദാസനാകാന്‍ സമ്മതിക്കുക വഴി അവന്‍ ദൈവത്തോടു കൂടെയുള്ള സ്ഥാനം ഉപേക്ഷിച്ചു ദാസനാകുവാന്‍ സമ്മതിച്ചു.
അവന്‍ മനുഷ്യനായി പിറന്ന് ദാസനെപ്പോലെയായി.
8 അവന്‍ മനുഷ്യനായി ജീവിച്ചുകൊണ്ടിരിക്കെ,
ദൈവത്തോടുള്ള സന്പൂര്‍ണ്ണാനുസരണയാല്‍ അവന്‍ സ്വയം വിനീതനാക്കി.
ആ അനുസരണം മരണകാരണം ആയപ്പോള്‍ പോലും അവന്‍ അനുസരിച്ചു. ഒരു കുരിശില്‍ അവന്‍ മരിച്ചു.
9 ക്രിസ്തു ദൈവത്തെ അനുസരിച്ചതിനാല്‍ ദൈവം ക്രിസ്തുവിനെ പരമോന്നത സ്ഥാനത്തേക്ക് ഉയര്‍ത്തി.
ദൈവം ക്രിസ്തുവിന്‍റെ നാമം സര്‍വ്വനാമങ്ങളെക്കാള്‍ ഉന്നതമാക്കി.
10 യേശുവിന്‍റെ നാമത്തെ എല്ലാവരും നമിക്കട്ടെ എന്നതുകൊണ്ടാണ് ദൈവം ഇതു ചെയ്തത്.
എല്ലാ സ്വര്‍ഗ്ഗസ്ഥരും, ഭൌമികരും, പാതാളസ്ഥരും ആ നാമത്തെ നമിക്കും.
11 “യേശുക്രിസ്തു കര്‍ത്താവ് ആണ്” എന്നു എല്ലാവരും ഏറ്റുപറയും.
അവരിതു പറയുന്പോള്‍, അത് പിതാവായ ദൈവത്തിന് മഹത്വം കൊണ്ടുവരും.
ദൈവാഭീഷ്ട പ്രകാരമുള്ള ജനമാകുവിന്‍
12 പ്രിയരേ, നിങ്ങള്‍ എപ്പോഴും അനുസരിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍ നിങ്ങള്‍ ദൈവത്തെ അനുസരിച്ചു. ഇപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടെ ഇല്ലാതിരിക്കുന്ന അവസരങ്ങളില്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കുക എന്നതാണ് കൂടുതല്‍ പ്രധാനം. എന്‍റെ സഹായം ഇല്ലാതെ തന്നെ നിങ്ങള്‍ക്കു രക്ഷ കിട്ടും എന്ന് ഉറപ്പാക്കണം. ഇതെത്രയും ബഹുമാനത്തോടും ദൈവഭയത്തോടും കൂടി ചെയ്യുവിന്‍.
13 അതെ, ദൈവം നിങ്ങളില്‍ പ്രവര്‍ത്തി ക്കുന്നു. അവനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള ആഗ്രഹം നിങ്ങളിലുണ്ടാകാന്‍ ദൈവം വഴിയൊരുക്കുന്നു. ഈ കാര്യങ്ങള്‍ ചെയ്യുവാനുള്ള ശക്തിയും ദൈവം തരുന്നു.
14 പരാതിയോ തര്‍ക്കമോ കൂടാതെ എല്ലാ കാര്യങ്ങളും ചെയ്യുവിന്‍.
15 അപ്പോള്‍ നിങ്ങള്‍ നിഷ്കളങ്കരും ശുദ്ധരുമാകും. നിങ്ങള്‍ തെറ്റില്ലാത്ത ദൈവമക്കളാകും എന്നാല്‍ നിങ്ങള്‍ ദുഷ്ടരുടെ മദ്ധ്യത്തിലാണ് വസിക്കുന്നത്. നിങ്ങള്‍ അക്കൂട്ടര്‍ക്കിടയില്‍ ഇരുട്ടില്‍ തിളങ്ങുന്ന വിളക്കു പോലെയാണ്.
16 ജീവന്‍ തരുന്ന ഉപദേശങ്ങള്‍ നിങ്ങള്‍ അവര്‍ക്കു പകരും. അതുകൊണ്ട് ക്രിസ്തു വീണ്ടും വരുന്പോള്‍ എനിക്കു സന്തോഷിക്കാം. എന്‍റെ പ്രവൃത്തി വെറുതെയായില്ല എന്നോര്‍ത്തും എനിക്കു സന്തോഷിക്കാം. ഞാന്‍ മത്സരത്തില്‍ ഓടി വിജയിക്കുകയും ചെയ്തു.
17 ദൈവത്തെ ശുശ്രൂഷിക്കുന്നതില്‍ നിങ്ങളുടെ ജീവന്‍ യാഗം കഴിപ്പാന്‍ നിങ്ങളുടെ വിശ്വാസം നിങ്ങളെ ഒരുക്കുന്നു. നിങ്ങളുടെ യാഗത്തില്‍ ഞാന്‍ എന്‍റെ രക്തം കൂടി അര്‍പ്പിക്കേണ്ടിവരും. എന്നാല്‍ അതു സംഭവിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളോടൊപ്പം നിറഞ്ഞ സന്തോഷത്തിലായിരിക്കും.
18 നിങ്ങളും എന്നോടൊപ്പം സന്തോഷിക്കണം
തിമൊഥെയോസിനെയും എപ്പഫ്രൊദിത്തൊസിനെയും പറ്റി
19 കര്‍ത്താവായ യേശുവില്‍ പ്രത്യാശകളര്‍പ്പിച്ചു തിമൊഥെയോസിനെ നിങ്ങളുടെ അടുത്തേക്ക് ഉടനെ അയയ്ക്കാമെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ എങ്ങനെയായിരിക്കുന്നു എന്നറിയുന്നതിലും എനിക്ക് സന്തോഷമുണ്ട്.
20 തിമൊഥെയോസിനെപ്പോലെ മറ്റൊരാള്‍ എനിക്കില്ല. അവന് നിങ്ങളെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ശ്രദ്ധയുണ്ട്.
21 മറ്റാളുകള്‍ക്ക് അവരുടെ സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രമേ താല്പര്യം ഉള്ളൂ. അവര്‍ ക്രിസ്തുയേശുവിന്‍റെ പ്രവര്‍ത്തിയില്‍ തല്പരരല്ല.
22 തിമൊഥെയോസ് എങ്ങനെ ഉള്ളവനാണെന്നു നിങ്ങള്‍ക്കറിയാം. സുവിശേഷപ്രചരണത്തിനു ഒരു പുത്രന്‍ തന്‍റെ പിതാവിനെ എന്നപോലെ എന്നോടൊപ്പം നിന്നു സഹായിച്ചു എന്നു നിങ്ങള്‍ക്കറിയാം.
23 അവനെ വേഗത്തില്‍ നിങ്ങളുടെ അടുക്കലേക്കയയ്ക്കാന്‍ എനിക്കു പരിപാടിയുണ്ട്. എനിക്കെന്തു സംഭവിക്കുമെന്നു ഞാനറിയുന്പോള്‍ അവനെ അയയ്ക്കാം.
24 നിങ്ങളുടെ അടുത്തേക്ക് ഉടനെ വരുവാന്‍ ദൈവം എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
25 ക്രിസ്തുവിന്‍റെ സൈന്യത്തില്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന എപ്പഫ്രൊദിത്തൊസ് ക്രിസ്തുവില്‍ എന്‍റെ സഹോദരനാണ്. എനിക്കു സഹായം ആവശ്യമായിരുന്നപ്പോള്‍ നിങ്ങള്‍ അവനെ എന്‍റെ അടുക്കലേക്ക് അയച്ചു. ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നു അവനെ നിങ്ങളുടെ അടുത്തേക്ക് തിരികെ അയയ്ക്കണമെന്ന്.
26 നിങ്ങളെ എല്ലാവരേയും കാണുവാന്‍ അവന് വളരെ ആഗ്രഹം ഉള്ളതു കൊണ്ടാണ് ഞാനവനെ അയയ്ക്കുന്നത്. സുഖമില്ലായിരുന്നുവെന്നു നിങ്ങള്‍ അറിഞ്ഞതില്‍ അവന്‍ വ്യസനിച്ചുമിരുന്നു.
27 രോഗിയായിരുന്ന അവന്‍ മരണത്തോടടുത്തിരുന്നു. പക്ഷേ ദൈവം അവനേയും എന്നേയും സഹായിച്ചു. അങ്ങനെ ഞാന്‍ കടുത്ത ദുഃഖം അനുഭവിക്കേണ്ടിവന്നില്ല.
28 അതുകൊണ്ട് അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുവാന്‍ ഞാന്‍ വളരെ ആഗ്രഹിക്കുന്നു. അവനെ കാണുന്പോള്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം. എനിക്കാകട്ടെ നിങ്ങളെക്കുറിച്ചുള്ള വ്യാകുലത അവസാനിപ്പിക്കുകയും ചെയ്യാം.
29 കര്‍ത്താവില്‍ അവനെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുക. എപ്പഫ്രൊദിത്തൊസിനെ പോലുള്ളവരെ ബഹുമാനിക്കുക.
30 ക്രിസ്തുവിന്‍റെ വേലയില്‍ മുഴുകിയതുകൊണ്ടാണ് അവന്‍ മരണാസന്നനായത്. എന്നെ സഹായിക്കേണ്ടതിലേക്കായി അവന്‍ സ്വന്തജീവനെ അപകടത്തിലാക്കി. എനിക്കായി നിങ്ങള്‍ക്കു തരാന്‍ സാധിക്കാതിരുന്ന സഹായമാണത്.