ക്രിസ്തു സര്‍വ്വ പ്രധാനി
3
1 സഹോദരരേ, ക്രിസ്തുവില്‍ സന്തുഷ്ടരാകുവിന്‍. എഴുതിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ എനിക്കു പ്രയാസം ഒന്നുമില്ല. കാരണം അതു നിങ്ങളെ സജ്ജരാക്കുവാന്‍ കൂടുതല്‍ സഹായിക്കും.
2 ദുഷ്ടരെക്കുറിച്ച് ശ്രദ്ധാലുക്കളാകുവിന്‍. അവര്‍ പട്ടികളെപ്പോലെയാണ്. അവര്‍ പരിച്ഛേദന ആവശ്യപ്പെടുന്നു.
3 എന്നാല്‍ നമ്മളാണ് യഥാര്‍ത്ഥത്തില്‍ പരിച്ഛേദനക്കാര്‍. നാം ദൈവത്തെ ആരാധിക്കുന്നത് ആത്മാവിലൂടെയാണ്. ക്രിസ്തുയേശുവില്‍ ആയിരിക്കുന്നതില്‍ നാം അഭിമാനിക്കുന്നു. നമുക്കു ചെയ്യാവുന്നതായ കാര്യങ്ങളിലോ നമ്മില്‍ത്തന്നെയോ നാം ആശ്രയിക്കുന്നില്ല.
4 എനിക്ക് എന്നില്‍ത്തന്നെ വിശ്വസിക്കാമെങ്കിലും ഞാന്‍ എന്നില്‍ ആശ്രയിക്കില്ല. ഒരുവന്‍ തന്നില്‍ത്തന്നെ ആശ്രയിക്കാമെന്നു വിശ്വസിക്കുന്നുവെങ്കില്‍ എനിക്ക് എന്നില്‍ത്തന്നെ ആശ്രയിക്കാന്‍ അതിലും മതിയായ കാരണങ്ങളുണ്ടെന്ന് അവന്‍ അറിയട്ടെ.
5 ജനിച്ച് എട്ടുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പരിച്ഛേദനയേറ്റു. ഞാന്‍ യിസ്രായേല്യരില്‍ നിന്നുള്ള ബെന്യാമീന്‍ ഗോത്രത്തില്‍പ്പെട്ടവനാണ്. ഞാന്‍ ഒരു എബ്രായനാണ്. എന്‍റെ മാതാ പിതാക്കളും എബ്രായരാണ്. മോശെയുടെ നിയമം എനിക്കു പ്രധാനമാണ്. അക്കാരണം കൊണ്ടാണ് ഞാനൊരു പരീശനായത്.
6 ഞാന്‍ എന്‍റെ യെഹൂദമതത്തില്‍ വളരെ ആവേശഭരിതനായിരുന്നതുകൊണ്ട് ഞാന്‍ വിശ്വാസികളെ പീഢിപ്പിച്ചു. ഞാന്‍ മോശെയുടെ ന്യായപ്രമാണം പാലിച്ച രീതിയില്‍ എന്നില്‍ ഒരു കുറ്റവും കണ്ടെത്താന്‍ ഒരുവനും പറ്റിയിട്ടില്ല.
7 ഒരിക്കല്‍ ഇതെല്ലാം എനിക്ക് അതിപ്രധാനമായിരുന്നു. എന്നാല്‍ ആ കാര്യങ്ങളത്രയും ക്രിസ്തുമൂലം ഫലശൂന്യമായി എന്നു ഞാന്‍ തീരുമാനിച്ചു.
8 അക്കാര്യങ്ങള്‍ മാത്രമല്ല, എന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനെ അറിയുന്നതിന്‍റെ മഹത്വത്തോട് താരതമ്യപ്പെടുത്തുന്പോള്‍ എല്ലാക്കാര്യങ്ങളും ഫലശൂന്യമാണ്. ക്രിസ്തുമൂലം ഞാന്‍ പ്രധാനമെന്നു കരുതിയിരുന്നവ എല്ലാം നഷ്ടപ്പെട്ടു. ഇപ്പോഴെനിക്കറിയാം അതെല്ലാം വെറും ചവറാണെന്ന്. ഇത് ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ എന്നെ അനുവദിക്കുന്നു.
9 ക്രിസ്തുവില്‍ ആയിരിക്കുവാന്‍ അത് എന്നെ അനുവദിക്കുന്നു. ഞാന്‍ ക്രിസ്തുവില്‍ ദൈവമുന്പാകെ നീതീകരിക്കപ്പെട്ടവനാണ്. ഈ നീതീകരണം ന്യായപ്രമാണാനുസരണം വഴി ഉണ്ടായതല്ല. അത് വിശ്വാസം വഴി ദൈവത്തില്‍ നിന്നാണ് വരുന്നത്. ദൈവമുന്പാകെ നീതീകരിക്കപ്പെടുന്നതിനു വേണ്ടി ദൈവം, ക്രിസ്തുവിലുള്ള എന്‍റെ വിശ്വാസം ഉപയോഗിച്ചു.
10 എനിക്കാകെ അറിയേണ്ടത്, ക്രിസ്തുവിനെപ്പറ്റിയും മരണത്തില്‍ നിന്ന് ഉയിര്‍ത്തതിനുള്ള അവന്‍റെ ശക്തിയെക്കുറിച്ചുമാണ്. ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ പങ്കുവയ്ക്കാനും മരണത്തില്‍ അവനെപ്പോലെ ആകുവാനും ഞാനാഗ്രഹിക്കുന്നു.
11 എനിക്ക് അക്കാര്യങ്ങളൊക്കെ ഉണ്ടെങ്കില്‍ ഞാന്‍ സ്വയം മരണത്തില്‍ നിന്ന് ഉയിര്‍ക്കപ്പെടുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്.
ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്നു
12 ഞാന്‍ എങ്ങനെ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതു പോലെ ഞാന്‍ ദൈവത്തിന്‍റെ പ്രതീക്ഷക്കൊപ്പമെത്തി എന്നല്ല ഞാന്‍ അര്‍ത്ഥമാക്കുന്നത്. ഇപ്പോഴും ഞാന്‍ ആ ലക്ഷ്യത്തിലെത്തിയിട്ടില്ല. ആ ലക്ഷ്യത്തിലെത്താനും അതെന്‍റേതാക്കാനും ഞാന്‍ തുടര്‍ന്നും ശ്രമിക്കുന്നു. ക്രിസ്തു അതാഗ്രഹിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു എന്നെ അവനുള്ളതാക്കിയത്.
13 സഹോദരരേ, ഇപ്പോഴും ഞാന്‍ ആ ലക്ഷ്യത്തില്‍ എത്തിയിട്ടില്ല എന്ന് എനിക്കറിയാം. എന്നാല്‍ ഞാനെപ്പോഴും ചെയ്യുന്ന ഒരു കാര്യമുണ്ട് പഴയ കാര്യങ്ങള്‍ ഞാന്‍ മറക്കും. എനിക്കു മുന്പിലുള്ള ആ ലക്ഷ്യത്തിലെത്താന്‍ എന്‍റെ പരമാവധി ഞാന്‍ ശ്രമിക്കും.
14 ലക്ഷ്യത്തിലെത്തി സമ്മാനം വാങ്ങുവാനായി ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ സമ്മാനം എന്‍റേതാണ്. കാരണം ഉന്നതങ്ങളില്‍ ഉള്ള ആ ജീവിതത്തിനായി ദൈവം ക്രിസ്തുവിലൂടെ എന്നെ വിളിച്ചിരിക്കുന്നു.
15 പക്വതയുള്ള നാം ഈ വിധത്തിലും ചിന്തിക്കണം. ഇക്കാര്യങ്ങളിലെന്തെങ്കിലുമായി നിങ്ങള്‍ക്കു യോജിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ദൈവം അതു നിങ്ങള്‍ക്കു വ്യക്തമാക്കിത്തരും.
16 എന്നാല്‍ നമുക്ക് നേരത്തെ തന്നെ ഉണ്ടായിരുന്ന ആ സത്യം പിന്തുടരണം.
17 സഹോദരരേ, നിങ്ങളോരോരുത്തരും എന്നെ അനുഗമിക്കുവാന്‍ ശ്രമിക്കണം. ഞങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചു തന്നിരിക്കുന്ന രീതിയില്‍ ജീവിക്കുന്ന ആള്‍ക്കാരുടെ ജീവിതവും പകര്‍ത്തുവിന്‍.
18 ക്രിസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളെപ്പോലെയാണ് പലരും ജീവിക്കുന്നത്. ഞാന്‍ മിക്കപ്പോഴും ഇവരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവരെക്കുറിച്ച് പറയേണ്ടി വരുന്നതില്‍ എനിക്കു കരച്ചില്‍ വരുന്നു.
19 നാശത്തിലേക്കു നയിക്കുംവിധത്തിലാണ് ഇക്കൂട്ടര്‍ ജീവിക്കുന്നത്. അവര്‍ ദൈവത്തെ ശുശ്രൂഷിക്കുന്നില്ല. സ്വന്തം തൃപ്തിക്കുവേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. ലജ്ജാകരമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അവര്‍ ഊറ്റം അഭിമാനിക്കുന്നു. അവര്‍ ഭൌമിക കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്.
20 എന്നാല്‍ നമ്മുടെ മാതൃരാജ്യം സ്വര്‍ഗ്ഗത്തിലാണ്. സ്വര്‍ഗ്ഗത്തില്‍നിന്നും നമ്മുടെ രക്ഷകനായ കര്‍ത്താവായ യേശുക്രിസ്തു വരുന്നതിനായി നാം കാത്തിരിക്കുകയാണ്.
21 അവന്‍ നമ്മുടെ താഴ്ന്ന ശരീരങ്ങളെ അവന്‍റേതു പോലെ മഹത്വമുള്ളതാക്കി മാറ്റും. ഇത് ക്രിസ്തുവിന് തന്‍റെ ശക്തിയാല്‍ സാധിക്കും. ആ ശക്തി കൊണ്ട് ക്രിസ്തുവിന് എല്ലാ വസ്തുക്കളെയും അവന്‍റെ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ കഴിയും.