ചെയ്യേണ്ട ചില കാര്യങ്ങള്‍
4
എന്‍റെ പ്രിയ സഹോദരരേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും കാണുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എനിക്കു ആനന്ദം തരികയും നിങ്ങളെക്കുറിച്ച് അഭിമാനം കൊള്ളിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോട് പറഞ്ഞതുപോലെ കര്‍ത്താവിനെ തുടര്‍ന്നും പിന്തുടരുക.
കര്‍ത്താവില്‍ രമ്യതയുള്ളവരാകുവാന്‍ യുവൊദ്യയോടും സുന്തുകയോടും ഞാനാവശ്യപ്പെടുന്നു. സുഹൃത്തേ, നീ എന്നോട് കൂടെ വിശ്വസ്തതയോടെ സേവിക്കുന്നതു കൊണ്ട് ഈ സ്ത്രീകളെ അതൊക്കെ ചെയ്യുവാന്‍ സഹായിക്കണം എന്നു ഞാന്‍ നിന്നോടാവശ്യപ്പെടുന്നു. ഈ സ്ത്രീകള്‍ സുവിശേഷപ്രസംഗത്തില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ ക്ലേമന്തിനോടും എന്നോടൊപ്പം ഉണ്ടായിരുന്ന മറ്റാള്‍ക്കാര്‍ക്കൊപ്പവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ പേര്‍ ജീവന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവിന്‍. ഞാന്‍ ഒന്നുകൂടി പറയട്ടെ ‘സന്തോഷിക്കുവിന്‍.’
നിങ്ങള്‍ സൌമ്യരും ദയാലുക്കളുമാണെന്ന് എല്ലാവരും അറിയട്ടെ. കര്‍ത്താവ് വേഗം വരുന്നു. ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതിനെല്ലാം വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചോദിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോഴൊക്കെ നന്ദി പറയുക. ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയത്തേയും മനസ്സിനേയും ക്രിസ്തുയേശുവില്‍ സൂക്ഷിയ്ക്കും. ദൈവം നമുക്കു തരുന്ന ആ സമാധാനം മനസ്സിലാക്കാന്‍ പറ്റാത്തവിധം അത്ര മഹത്താണ്.
സഹോദരരേ, നല്ലതും പുകഴ്ചയ്ക്കു യോഗ്യവുമായ കാര്യങ്ങളെക്കുറിച്ച് തുടര്‍ന്നും ചിന്തിക്കുവിന്‍. സത്യവും ആദരണീയവും ശരിയും ശുദ്ധവും സുന്ദരവും ബഹുമാന്യവും ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവിന്‍. എന്നില്‍ നിന്നും ഗ്രഹിച്ചതും കിട്ടിയതുമായ കാര്യങ്ങള്‍ ചെയ്യുവിന്‍. ഞാന്‍ പറഞ്ഞ കാര്യങ്ങളും ഞാന്‍ ചെയ്തതായി നിങ്ങള്‍ കണ്ട കാര്യങ്ങളും ചെയ്യുവിന്‍. സമാധാനം നല്‍കുന്ന ദൈവം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.
ഫിലിപ്പിയര്‍ക്കു പൌലൊസിന്‍റെ നന്ദി
10 നിങ്ങള്‍ എന്നോടുള്ള കരുതല്‍ വീണ്ടും കാണിച്ചതില്‍ ഞാന്‍ കര്‍ത്താവില്‍ ഏറെ സന്തോഷിക്കുന്നു. നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്നും കരുതലുണ്ടായിരുന്നു. എന്നാല്‍ അതു കാണിക്കുവാന്‍ നിങ്ങള്‍ക്കൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. 11 ഞാന്‍ ഇതൊക്കെ നിങ്ങളോടു പറയുന്നത് എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല. എനിക്കുള്ള കാര്യങ്ങള്‍ കൊണ്ടും എനിക്കു സംഭവിക്കുന്നവകൊണ്ടും സംതൃപ്തനാകുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. 12 ഞാന്‍ ദരിദ്രനാകുന്പോള്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം. എനിക്ക് ധാരാളം ഉള്ളപ്പോഴും ജീവിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം. സംഭവിക്കുന്ന എന്തിലും സന്തോഷമുള്ളവനാകുന്നത് എങ്ങനെയെന്നും എനിക്കറിയാം. കഴിക്കുവാന്‍ ആഹാരം ഉണ്ടായിരുന്നപ്പോഴും അല്പം മാത്രം ഉണ്ടായിരുന്നപ്പോഴും സന്തോഷമുള്ളവനായിരിക്കുവാന്‍ ഞാന്‍ പഠിച്ചു. എനിക്കാവശ്യമുള്ളത് എല്ലാം ഉണ്ടായിരുന്ന അവസരത്തിലും അവയുടെ അഭാവത്തിലും സന്തോഷിക്കാന്‍ ഞാന്‍ പഠിച്ചു. 13 അവന്‍ ശക്തി തരുന്നതുകൊണ്ട് എനിക്ക് ക്രിസ്തുവില്‍ കൂടെ എല്ലാ കാര്യങ്ങളും സാധിക്കും.
14 എന്നാല്‍ എനിക്ക് സഹായം ആവശ്യമുണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ സഹായിച്ചു എന്നത് നല്ല കാര്യമാണ്. 15 ഞാന്‍ ആദ്യമായി സുവിശേഷം പ്രസംഗിച്ചത്, ഫിലിപ്പിയിലുള്ള നിങ്ങള്‍ സ്മരിക്കുക. മക്കെദോന്യയില്‍ നിന്നു ഞാന്‍ പോന്നപ്പോള്‍ നിങ്ങള്‍ ഒരു സഭ മാത്രമാണ് എന്നെ സഹായിച്ചത്. 16 ഞാന്‍ തെസ്സലൊനീക്യയിലായിരുന്നപ്പോള്‍ പല തവണ എനിക്ക് നിങ്ങള്‍ സഹായമെത്തിച്ചു. 17 യഥാര്‍ത്ഥത്തില്‍ എനിക്കു നിങ്ങളുടെ ദാനങ്ങള്‍ കിട്ടുക എന്നുള്ളതല്ലായിരുന്നു ആവശ്യം പിന്നെയോ, നല്‍കുന്നതില്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ക്ക് കിട്ടണമെന്നുള്ളതായിരുന്നു. 18 എനിക്കാവശ്യമുള്ളതെല്ലാം എനിക്കുണ്ട്. എനിക്കാവശ്യമുള്ളതിലും കൂടുതല്‍ എനിക്കുണ്ട്. എപ്പഫ്രൊദിത്തോസ് നിങ്ങളുടെ ദാനങ്ങള്‍ കൊണ്ടുവന്നു. നിങ്ങളുടെ ദാനം ദൈവത്തിനര്‍പ്പിച്ച സൌരഭ്യവാസനയായ സുഗന്ധയാഗം പോലെയാണ്. ദൈവം ആ യാഗം സ്വീകരിക്കുകയും അത് അവനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു. 19 ക്രിസ്തുയേശുവിലെ മഹത്വത്താല്‍ എന്‍റെ ദൈവം ഏറെ സന്പന്നനാണ്. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നല്‍കുവാനായി ദൈവം ക്രിസ്തുയേശുവിലുള്ള തന്‍റെ സന്പത്ത് വിനിയോഗിക്കും. 20 നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേയ്ക്കും സ്തുതി ഉണ്ടായിരിക്കട്ടെ. ആമേന്‍.
21 ക്രിസ്തുവിലുള്ള ദൈവജനത്തിലെ ഓരോ ആള്‍ക്കും വന്ദനം പറയുവിന്‍. എന്നോടൊപ്പമുള്ള സഹോദരര്‍ നിങ്ങള്‍ക്ക് വന്ദനം തരുന്നു. 22 ദൈവത്തിന്‍റെ സമസ്ത ജനവും നിങ്ങളെ അഭിവാദനം ചെയ്യുന്നു. കൈസരുടെ കൊട്ടാരത്തില്‍ നിന്നുള്ളവരും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.
23 കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ.