1 ദിനവൃത്താന്തം
ആദാം മുതല്‍ നോഹ വരെയുള്ള കുടുംബചരിത്രം
1
1-3 ആദാം, ശേത്ത്, ഏനോശ്, കേനാന്‍, മഹലലേല്‍, യാരേദ്, ഹനോക്, മെഥൂശേലഹ്, ലാമെക്, നോഹ.* ആദാം … നോഹ ഒരു വ്യക്തിയുടെയും തുടര്‍ന്ന് അയാളുടെ പിന്‍ഗാമികളുടെയും പേരുകളാണ് ഈ പട്ടികയില്‍. ശേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു നോഹയുടെ പുത്രന്മാര്‍.
യാഫെത്തിന്‍റെ പിന്‍ഗാമികള്‍
ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, തൂബാല്‍, മേശെക്, തീരാസ് എന്നിവരായിരുന്നു യാഫെത്തിന്‍റെ പുത്രന്മാര്‍. അശ്കേനസ്, രീഫത്ത്, തോഗര്‍മ്മാ എന്നിവര്‍ ഗോമെരിന്‍റെ പുത്രന്മാര്‍. എലീശാ, തര്‍ശീശ്, കിത്തീം, രോദാനീം എന്നിവര്‍ യാവാന്‍റെ പുത്രന്മാര്‍.
ഹാമിന്‍റെ പിന്‍ഗാമികള്‍
കൂശ്, മിസ്രയീം, പൂത്ത്, കനാന്‍ എന്നിവരായിരുന്നു ഹാമിന്‍റെ പുത്രന്മാര്‍. സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ എന്നിവര്‍ കൂശിന്‍റെ പുത്രന്മാര്‍. ശെബാ, ദെദാന്‍ എന്നിവരായിരുന്നു രമയുടെ പുത്രന്മാര്‍.
10 കൂശിന്‍റെ ഒരു പിന്‍ഗാമിയായ നിമ്രോദ് ലോകത്തിലെ ഏറ്റവും ശക്തനും ധൈര്യശാലിയുമായ യോദ്ധാവായിരുന്നു. 11 മിസ്രയീമായിരുന്നു ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, 12 പത്രൂസീം, കസ്ളൂഹീം, കഫ്തോരീം എന്നീ ജനതകളുടെ പിതാവ്. ഇവരില്‍ നിന്നുമാണ് ഫെലിസ്ത്യര്‍ ഉണ്ടായത്.
13 കനാന്‍ ആയിരുന്നു സീദോന്‍റെ പിതാവ്. സീദോനായിരുന്നു മൂത്തപുത്രന്‍. ഹിത്യര്‍, 14 യെബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗ്ഗശ്യര്‍, 15 ഹിവ്യര്‍, അര്‍ക്ക്യര്‍, സീന്യര്‍, 16 അര്‍വ്വാദ്യര്‍, സെമാര്യര്‍, ഹാമാത്യര്‍ എന്നിവരുടെയും പിതാവായിരുന്നു കനാന്‍.
ശേമിന്‍റെ പിന്‍ഗാമികള്‍
17 ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷദ്, ലൂദ്, അരാം എന്നിവര്‍ ശേമിന്‍റെ പുത്രന്മാരായിരുന്നു. ഊസ്, ഹൂള്‍, ഗേഥെര്‍, മേശെക് എന്നിവര്‍ അരാമിന്‍റെ പുത്രന്മാരായിരുന്നു.
18 ശേലഹിന്‍റെ പിതാവായിരുന്നു അര്‍പ്പക്ഷദ്. ശേലഹ് ഏബെരിന്‍റെ പിതാവും.
19 ഏബെരിന് രണ്ടു പുത്രന്മാരായിരുന്നു. പേലെഗ് എന്നായിരുന്നു ഒരു പുത്രന്‍റെ പേര്. കാരണം, അയാളുടെ ജീവിതകാലത്തായിരുന്നു ഭൂമിയിലെ ജനങ്ങള്‍ വ്യത്യസ്ത ഭാഷക്കാരായി വിഭജിക്കപ്പെട്ടത്. യൊക്താന്‍ എന്നായിരുന്നു പേലെഗിന്‍റെ സഹോദരന്‍റെ പേര്. 20 അല്‍മോദാദ്, ശേലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്, 21 ഹദോരാം, ഊസാല്‍, ദിക്ലാ, 22 ഏബാല്‍, അബീമായേല്‍, ശെബാ, 23 ഓഫീര്‍, ഹവീലാ, യോബാബ് എന്നിവരുടെ പിതാവായിരുന്നു യൊക്താന്‍. ഇവരെല്ലാം യൊക്താന്‍റെ പിന്‍ഗാമികളായിരുന്നു.
അബ്രാഹാമിന്‍റെ കുടുംബം
24 ശേമിന്‍റെ പിന്‍ഗാമികള്‍ ഇവരായിരുന്നു: അര്‍പ്പക്ഷദ്, ശേലഹ്, 25 ഏബെര്‍, പേലെഗ്, രെയൂ, 26 ശെരൂഗ്, നാഹോര്‍, തേരഹ്, 27 അബ്രാഹാമെന്നും വിളിക്കപ്പെടുന്ന അബ്രാം. 28 യിസ്ഹാക്കും യിശ്മായേലുമായിരുന്നു അബ്രാഹാമിന്‍റെ പുത്രന്മാര്‍. 29 അവരുടെ പിന്‍ഗാമികള്‍ ഇവരാണ്:
ഹാഗാറിന്‍റെ പിന്‍ഗാമികള്‍
നെബായോത്ത് ആയിരുന്നു യിശ്മായേലിന്‍റെ ആദ്യപുത്രന്‍. യിശ്മായേലിന്‍റെ മറ്റു പുത്രന്മാര്‍ കേദാര്‍, അദ്ബെയേല്‍, മിബ്ശാം, 30 മിശ്മാ, ദൂമാ, മസ്സാ, ഹദദ്, തേമാ, 31 യെതൂര്‍, നാഫീഷ്, കേദമാ എന്നിവരായിരുന്നു. അവരായിരുന്നു യിശ്മായേലിന്‍റെ പുത്രന്മാര്‍.
കെതൂരയുടെ പുത്രന്മാര്‍
32 അബ്രാഹാമിന്‍റെ ദാസിയായിരുന്നു കെതൂരാ. സിമ്രാന്‍, യൊക്ശാന്‍, മേദാന്‍, മിദ്യാന്‍, യിശ്ബാക്, ശൂവഹ് എന്നിവര്‍ക്ക് അവള്‍ ജന്മം നല്‍കി. ശെബാ, ദെദാന്‍ എന്നിവരായിരുന്നു യൊക്ശാന്‍റെ പുത്രന്മാര്‍. 33 ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദായാ എന്നിവരായിരുന്നു മിദ്യാന്‍റെ പുത്രന്മാര്‍. ഇവരെല്ലാം കെതൂരയുടെ പുത്രന്മാര്‍.
സാറായുടെ പുത്രന്മാര്‍
34 അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവായിരുന്നു. ഏശാവും യിസ്രായേലുമായിരുന്നു യിസ്ഹാക്കിന്‍റെ പുത്രന്മാര്‍. 35 എലീഫാസ്, രെയൂവേല്‍, യെയൂശ്, യലാം, കോരഹ് എന്നിവര്‍ ഏശാവിന്‍റെ പുത്രന്മാരായിരുന്നു.
36 തേമാന്‍, ഓമാര്‍, സെഫീ, ഗഥാം, കെനസ് എന്നിവരായിരുന്നു ഏലീഫാസിന്‍റെ പുത്രന്മാര്‍. എലീഫാസിനും തിമ്നായ്ക്കും അമാലേക്ക് എന്നൊരു പുത്രനും കൂടിയുണ്ടായിരുന്നു. 37 നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ എന്നിവരായിരുന്നു രെയൂവേലിന്‍റെ പുത്രന്മാര്‍.
സേയീരില്‍ നിന്നുള്ള എദോമ്യര്‍
38 ലോതാന്‍, ശോബാല്‍, സിബെയോന്‍, അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍ എന്നിവരായിരുന്നു സേയീരിന്‍റെ പുത്രന്മാര്‍. 39 ഹോരിയും ഹോമാമുമായിരുന്നു ലോതാന്‍റെ പുത്രന്മാര്‍. ലോതാന് തിമ്നാ എന്നൊരു സഹോദരി കൂടിയുണ്ടായിരുന്നു. 40 അലീയാന്‍, മാനഹത്ത്, ഏബാല്‍, ശെഫി, ഓനാം എന്നിവരായിരുന്നു ശോബാലിന്‍റെ പുത്രന്മാര്‍. അയ്യാ, അനാ എന്നിവര്‍ സിബെയോന്‍റെ പുത്രന്മാര്‍. 41 ദീശോനായിരുന്നു അനായുടെ പുത്രന്‍. ഹമ്രാന്‍, എശ്ബാല്‍, യിത്രാന്‍, കെരാന്‍ എന്നിവരായിരുന്നു ദീശോന്‍റെ പുത്രന്മാര്‍. 42 ബില്‍ഹാന്‍, സാവാന്‍, യാക്കാന്‍ എന്നിവരായിരുന്നു ഏസെരിന്‍റെ പുത്രന്മാര്‍. ഊസും അരാനുമായിരുന്നു ദീശാന്‍റെ പുത്രന്മാര്‍.
ഏദോമിലെ രാജാക്കന്മാര്‍
43 ഏദോമിലെ രാജാക്കന്മാരുടെ പേരുകള്‍ ഇവയാണ്. യിസ്രായേലില്‍ രാജാക്കന്മാരുണ്ടാകുന്നതിനും വളരെ മുന്പു തന്നെ ഏദോമില്‍ രാജാക്കന്മാരുണ്ടായിരുന്നു. അവരുടെ പേരുകള്‍:
ബെയോരിന്‍റെ പുത്രനായ ബേലയായിരുന്നു ആദ്യത്തെ രാജാവ്. ബേലയുടെ നഗരത്തിന്‍റെ പേര് ദിന്‍ഹാബാ എന്നായിരുന്നു.
44 ബേല മരണമടഞ്ഞപ്പോള്‍ സേരഹിന്‍റെ പുത്രനായ യോബാബ് പുതിയ രാജാവായി. ബൊസ്രക്കാരനായിരുന്നു യോബാബ്.
45 യോബാബ് മരിച്ചപ്പോള്‍ ഹൂശാം പുതിയ രാജാവായി. തേമാന്യരുടെ രാജ്യക്കാരനായിരുന്നു ഹൂശാം.
46 ഹൂശാം മരിച്ചപ്പോള്‍ ബദദിന്‍റെ പുത്രനായ ഹദദ് പുതിയ രാജാവായി. ഹദദ് മിദ്യാനെ മോവാബ് എന്ന രാജ്യത്തുവച്ച് പരാജയപ്പെടുത്തി. അവീത്ത് എന്നായിരുന്നു ഹദദിന്‍റെ നഗരത്തിന്‍റെ പേര്.
47 ഹദദ് മരിച്ചപ്പോള്‍ സമ്ളാ പുതിയ രാജാവായി. മസ്രേക്കക്കാരനായിരുന്നു സമ്ളാ. 48 സമ്ളാ മരിച്ചപ്പോള്‍ ശെൌല്‍ പുതിയ രാജാവായി. യൂഫ്രട്ടീസുനദീതീരത്തുള്ള രെഹോബോത്തുകാരനായിരുന്നു ശെൌല്‍.
49 ശെൌല്‍ മരിച്ചപ്പോള്‍ അക്ബോരിന്‍റെ പുത്രനായ ബാല്‍-ഹാനാന്‍ പുതിയ രാജാവായി.
50 ബാല്‍-ഹാനാന്‍ മരിച്ചപ്പോള്‍ ഹദദ് പുതിയ രാജാവായി. പായീ എന്നായിരുന്നു ഹദദിന്‍റെ നഗരത്തിന്‍റെ പേര്. മെഹേതബേല്‍ എന്നായിരുന്നു ഹദദിന്‍റെ ഭാര്യയുടെ പേര്. മത്രേദിന്‍റെ പുത്രിയായിരുന്നു അവള്‍. മേസാഹാബിന്‍റെ പുത്രിയായിരുന്നു മത്രേദ്. 51 അനന്തരം ഹദദ് മരിച്ചു.
തിമ്നാ, അല്യാ, യെഥേത്ത്, 52 ഒഹൊലീബാമാ, ഏലാ, പീനോന്‍, 53 കെനസ്, തേമാന്‍, മിബ്സാര്‍, 54 മഗ്ദീയേല്‍, ഈരാം എന്നിവരായിരുന്നു ഏദോമിലെ നേതാക്കന്മാര്‍. ഇത് ഏദോമിലെ നേതാക്കന്മാരുടെ പട്ടികയാകുന്നു.