ശെൌല്‍രാജാവിന്‍റെ മരണം
10
ഫെലിസ്ത്യര്‍ യിസ്രായേലുകാര്‍ക്കെതിരെ യുദ്ധം ചെയ്തു. യിസ്രായേലുകാര്‍ ഫെലിസ്ത്യരില്‍നിന്നും ഓടിയകന്നു. ഗില്‍ബോവാ പര്‍വ്വതത്തില്‍ വച്ച് അനേകം യിസ്രായേലുകാര്‍ കൊല്ലപ്പെട്ടു. ഫെലിസ്ത്യര്‍ തുടര്‍ന്നും ശെൌലിനെയും പുത്രന്മാരെയും ഓടിച്ചു. അവര്‍ അവരെ പിടികൂടി വധിച്ചു. ശെൌലിന്‍റെ പുത്രന്മാരായ യോനാഥാന്‍, അബീനാദാബ്, മല്‍ക്കീശൂവാ എന്നിവരെ ഫെലിസ്ത്യര്‍ വധിച്ചു. യുദ്ധം ശെൌലിനു ചുറ്റും രൂക്ഷമായി. വില്ലാളികള്‍ ശെൌലിന്‍റെമേല്‍ അന്പെയ്ത് അയാളെ മുറിവേല്പിച്ചു.
അപ്പോള്‍ ശെൌല്‍ തന്‍റെ കവചവാഹകനോടു പറഞ്ഞു, “നിന്‍റെ വാളൂരിയെടുത്ത് എന്നെ കൊല്ലുക. അപ്പോള്‍ ആ വിദേശികള്‍ വന്ന് എന്നെ മുറിപ്പെടുത്താനോ പരിഹസിക്കാനോ ഇടയാകില്ല.”
എന്നാല്‍ ശെൌലിന്‍റെ കവചവാഹകന് ഭയമായിരുന്നു. അയാള്‍ ശെൌലിനെ വധിക്കാന്‍ വിസമ്മതിച്ചു. അപ്പോള്‍ ശെൌല്‍ തന്‍റെ സ്വന്തം വാള്‍കൊണ്ട് സ്വയം മരിച്ചു. അയാള്‍ തന്‍റെ വാള്‍മുനയിലേക്കു വീണു മരിച്ചു. ശെൌല്‍ മരിച്ചതായി കവചവാഹകന്‍ കണ്ടു. അപ്പോള്‍ അവനും തന്നെത്തന്നെ വധിച്ചു. അവന്‍ സ്വന്തം വാളിന്‍റെ മുനയിലേക്കു വീഴുകയും മരിക്കുകയും ചെയ്തു. അങ്ങനെ ശെൌലും അയാളുടെ മൂന്നു പുത്രന്മാരും ഒരുമിച്ചു മരിച്ചു. തങ്ങളുടെ സൈന്യം ഓടിപ്പോയതായി താഴ്വരയിലെ നിവാസികളെല്ലാം കണ്ടു. ശെൌലും അവന്‍റെ പുത്രന്മാരും മരിച്ചതായി അവര്‍ കണ്ടു. അതിനാല്‍ അവര്‍ തങ്ങളുടെ പട്ടണങ്ങള്‍ വിട്ട് ദൂരേക്കുപോയി. അപ്പോള്‍ യിസ്രായേലുകാര്‍ ഉപേക്ഷിച്ച പട്ടണങ്ങളില്‍ ഫെലിസ്ത്യര്‍ പ്രവേശിച്ചു. ഫെലിസ്ത്യര്‍ ആ പട്ടണങ്ങളില്‍ താമസമാക്കുകയും ചെയ്തു.
പിറ്റേന്ന് ഫെലിസ്ത്യര്‍ മൃതദേഹങ്ങളില്‍ നിന്നും വിലപ്പിടിപ്പുള്ള സാധനങ്ങളെടുക്കാന്‍ വന്നു. അവര്‍ ശെൌലിന്‍റെയും അയാളുടെ പുത്രന്മാരുടെയും ശരീരങ്ങള്‍ ഗില്‍ബോവാ പര്‍വ്വതത്തില്‍ കണ്ടു. ശെൌലിന്‍റെ ശരീരത്തിലെ സാധനങ്ങള്‍ ഫെലിസ്ത്യര്‍ കവര്‍ന്നു. അവര്‍ ശെൌലിന്‍റെ തല വെട്ടിയെടുക്കുകയും കവചം അഴിച്ചെടുക്കുകയും ചെയ്തു. ആ വാര്‍ത്ത തങ്ങളുടെ വ്യാജദൈവങ്ങളയും ജനങ്ങളെയും അറിയിക്കാന്‍ രാജ്യമെന്പാടും ദൂതന്മാരെ അയച്ചു. 10 ഫെലിസ്ത്യര്‍ ശെൌലിന്‍റെ കവചം തങ്ങളുടെ വ്യാജദൈവങ്ങളുടെ ആലയത്തില്‍ വെച്ചു. അയാളുടെ ശിരസ്സ് അവര്‍ ദാഗോന്‍റെ ആലയത്തിലും വച്ചു.
11 ഫെലിസ്ത്യര്‍ ശെൌലിനോടു ചെയ്ത കാര്യങ്ങളെല്ലാം യാബേശ് ഗിലെയാദിലെ ജനങ്ങള്‍ കേട്ടു. 12 യാബേശ് ഗിലെയാദിലെ ധൈര്യവാന്മാരെല്ലാം ശെൌലിന്‍റെയും മക്കളുടെയും മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ പോയി. അവര്‍ അവരെ യാബേശ്-ഗിലെയാദിലേക്കു തിരികെ കൊണ്ടു വന്നു. ആ ധൈര്യശാലികള്‍ ശെൌലിന്‍റെയും പുത്രന്മാരടെയും അസ്ഥി യാബേശിലെ മരച്ചുവട്ടില്‍ സംസ്കരിക്കുകയും ഏഴു ദിവസം ഉപവസിക്കുകയും ചെയ്തു.
13 യഹോവയോടു വിശ്വസ്തനല്ലായിരുന്നതിനാലാണ് ശെൌല്‍ മരണമടഞ്ഞത്. ശെൌല്‍ യഹോവയുടെ വാക്ക് അനുസരിച്ചില്ല. ശെൌല്‍ യഹോവയോടാരായേണ്ടതിനു പകരം ഒരു വെളിച്ചപ്പാടത്തിയോടു ഉപദേശം തേടി. 14 അതിനാലാണ് യഹോവ ശെൌലിനെ വധിക്കുകയും യിശ്ശായിയുടെ പുത്രനായ ദാവീദിന് രാജ്യം നല്‍കുകയും ചെയ്തത്.