ദാവീദ് യിസ്രായേല്‍രാജാവാകുന്നു
11
യിസ്രായേല്‍ജനത മുഴുവന്‍ ഹെബ്രോന്‍ പട്ടണത്തില്‍ ദാവീദിന്‍റെയടുത്തു വന്നു. അവര്‍ ദാവീദിനോടു പറഞ്ഞു, “ഞങ്ങള്‍ നിന്‍റെ സ്വന്തം മാംസവും രക്തവുമാകുന്നു. മുന്പ് നീ ഞങ്ങളെ യുദ്ധത്തില്‍ നയിച്ചു. ശെൌല്‍ രാജാവായപ്പോള്‍ പോലും നീ ഞങ്ങളെ നയിച്ചു. യഹോവ നിന്നോടു പറഞ്ഞു, ‘ദാവീദേ, നീയായിരിക്കും എന്‍റെ ജനതയായ യിസ്രായേലുകാരുടെ ഇടയന്‍. നീ എന്‍റെ ജനതയ്ക്കുമേല്‍ നേതാവായിത്തീരും.’”
യിസ്രായേലിലെ എല്ലാ നേതാക്കളും ഹെബ്രോന്‍ പട്ടണത്തില്‍ ദാവീദുരാജാവിന്‍റെയടുത്തേക്കു വന്നു. ദാവീദ് ഹെബ്രോനില്‍ യഹോവയുടെ മുന്പില്‍ ആ നേതാക്കളുമായി ഒരു കരാറുണ്ടാക്കി. നേതാക്കന്മാര്‍ ദാവീദിനെ അഭിഷേകം ചെയ്തു. അത് അവനെ യിസ്രായേലിന്‍റെ രാജാവാക്കി. അങ്ങനെ സംഭവിക്കുമെന്ന് യഹോവ ശമൂവേലിലൂടെ വാഗ്ദാനം ചെയ്തിരുന്നു.
ദാവീദ് യെരൂശലേം പിടിയ്ക്കുന്നു
ദാവീദും എല്ലാ യിസ്രായേലുകാരും യെരൂശലേമിലേക്കു പോയി. യെരൂശലേം അക്കാലത്ത് യെബൂസ് എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. ആ നഗരവാസികളെ യെബൂസ്യരെന്നും വിളിച്ചിരുന്നു. നഗരവാസികള്‍ ദാവീദിനോടു പറഞ്ഞു, “നിനക്ക് ഞങ്ങളുടെ നഗരത്തിലേക്കു പ്രവേശിക്കാനാവില്ല.”പക്ഷേ ദാവീദ് ആ ജനതയെ തോല്പിച്ചു. സീയോനിലെ കോട്ട ദാവീദ് പിടിച്ചെടുത്തു. ആ സ്ഥലം ദാവീദിന്‍റെ നഗരമായിത്തീര്‍ന്നു.
ദാവീദു പറഞ്ഞു, “യെബൂസ്യര്‍ക്കുമേല്‍ എന്‍റെ ആക്രമണം നയിക്കുന്നയാള്‍ എന്‍റെ സര്‍വ്വസൈന്യാധിപനാകും.”യോവാബ് ആക്രമണത്തിനു നേതൃത്വം നല്‍കി. സെരൂയയുടെ പുത്രനായിരുന്നു യോവാബ്. യോവാബ് സൈന്യാധിപനായിത്തീര്‍ന്നു. അനന്തരം ദാവീദ് കോട്ടയ്ക്കുള്ളില്‍ തന്‍റെ വസതിയുണ്ടാക്കി. അതിനാലാണ് അതിന് ദാവീദിന്‍റെ നഗരം എന്ന് പേരിട്ടത്. ദാവീദ് കോട്ടയ്ക്കു ചുറ്റിലും നഗരം പണിതു. മില്ലോ മുതല്‍ നഗരഭിത്തിവരെ അയാള്‍ നഗരം പണിതു. നഗരത്തിന്‍റെ മറ്റു ഭാഗങ്ങള്‍ യോവാബ് പണിതു. ദാവീദ് തുടര്‍ന്നും പ്രബലനായിത്തീര്‍ന്നു. സര്‍വ്വശക്തനായ യഹോവ അയാളോടൊപ്പമുണ്ടായിരുന്നു.
ദാവീദിന്‍റെ സൈന്യം
10 ദാവീദിന്‍റെ പ്രത്യേക ഭടന്മാരുടെ നായകന്മാരുടെ ഒരു പട്ടികയാണിത്. ദാവീദിനോടൊപ്പം തന്‍റെ രാജ്യത്തില്‍ ഈ വീരന്മാര്‍ ശക്തന്മാരായി വളര്‍ന്നു. അവരും മുഴുവന്‍ യിസ്രായേലുകാരും ദാവീദിനെ പിന്തുണയ്ക്കുകയും രാജാവാക്കുകയും ചെയ്തു. യഹോവ വാഗ്ദാനം ചെയ്തതുപോലെയാണതു സംഭവിച്ചത്.
11 ദാവീദിന്‍റെ പ്രത്യേക ശക്തരായ ഭടന്മാരുടെ ഒരു പട്ടിക: ഹഖമോന്യനായ യാശോബെയാം തേരാളികളുടെ നായകനായിരുന്നു. യാശോബെയാം തന്‍റെ കുന്തംകൊണ്ട് ഒറ്റത്തവണ മുന്നൂറുപേരെ വധിച്ചു.
12 പിന്നെ അഹോഹാക്കാരനായ ദോദോവിന്‍റെ പുത്രന്‍ എലെയാസാര്‍. മുന്നൂറുവീരന്മാരില്‍ ഒരാളായിരുന്നു എലെയാസാര്‍. 13 പസ്-ദമ്മീമില്‍ ദാവീദിനോടൊപ്പം എലെയാസാര്‍ ഉണ്ടായിരുന്നു. ഫെലിസ്ത്യര്‍ ആ സ്ഥലത്ത് ഒരു യുദ്ധത്തിനായി വന്നു. അവിടെ യവം വിളഞ്ഞു നില്‍ക്കുന്ന ഒരു വയലുണ്ടായിരുന്നു. യിസ്രായേലുകാര്‍ ഫെലിസ്ത്യരില്‍നിന്നും പേടിച്ചോടി. 14 പക്ഷേ ആ മൂന്നുവീരന്മാര്‍ ആ വയലില്‍ നിന്നുകൊണ്ട് അവരെ നേരിട്ടു. അവര്‍ ഫെലിസ്ത്യരെ തോല്പിച്ചു. യഹോവ യിസ്രായേലുകാര്‍ക്ക് ഒരു വലിയ വിജയം കൊടുത്തു.
15 ഒരിക്കല്‍ ദാവീദ് അദുല്ലാംഗുഹയില്‍ ആയിരുന്നു. ഫെലിസ്ത്യസേന താഴെ രെഫയീംതാഴ്വരയിലും. മുപ്പതുവീരന്മാരില്‍ മൂന്നു പേര്‍ ദാവീദ് നില്‍ക്കുന്ന സ്ഥലം വരെ ഇഴഞ്ഞ് അയാളോടൊപ്പം ചേര്‍ന്നു. 16 മറ്റൊരിക്കള്‍ ദാവീദ് കോട്ടയിലും ഒരു സംഘം ഫെലിസ്ത്യഭടന്മാര്‍ ബേത്ത്ലേഹെമിലുമായിരുന്നു. 17 ദാവീദിന് അയാളുടെ പട്ടണത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ ദാഹമുണ്ടായി. അതിനാലയാള്‍ പറഞ്ഞു, “ആരെങ്കിലും ബേത്ത്ലേഹെമിലെ നഗര കവാടത്തിനടുത്തുള്ള കിണറ്റില്‍നിന്നും കുറച്ചു വെള്ളം കൊണ്ടുവന്നിരുന്നെങ്കില്‍ നന്നായിരുന്നു.”ദാവീദിന് അപ്പോളത് ആവശ്യമുണ്ടായിരുന്നില്ലെങ്കിലും അയാള്‍ അങ്ങനെ ആവശ്യപ്പെട്ടന്നേയുള്ളൂ.
18 എന്നാല്‍ മൂന്നു വീരന്മാരും ഫെലിസ്ത്യസേനയ്ക്കിടയിലൂടെ പടവെട്ടിക്കൊണ്ടു നീങ്ങി. അവര്‍ ബേത്ത്ലേഹെമിലെ നഗര കവാടത്തിനടുത്തുള്ള കിണറ്റില്‍നിന്നും അല്പം വെള്ളം ശേഖരിച്ചു. അനന്തരം മൂന്നു വീരന്മാരും ദാവീദിനു വെള്ളം കൊണ്ടുവന്നു കൊടുത്തു. എന്നാല്‍ ദാവീദ് അതു കുടിച്ചില്ല. അയാള്‍ അത് യഹോവയ്ക്കുള്ള വഴിപാടായി നിലത്തൊഴിച്ചു. 19 ദാവീദു പറഞ്ഞു, “ദൈവമേ, എനിക്ക് ഈ വെള്ളം കുടിക്കാനാവില്ല. എനിക്കായി ഈ വെള്ളം കൊണ്ടുവരാന്‍ ജീവന്‍ പണയപ്പെടുത്തിയവരുടെ രക്തം കുടിക്കുന്പോലെയായിരിക്കും അത്.”അതിനാലാണ് ദാവീദ് ആ വെള്ളം കുടിക്കാന്‍ തയ്യാറാകാഞ്ഞത്. മൂന്നു വീരന്മാരും അതുപോലെയുള്ള അനേകം ധീരകൃത്യങ്ങള്‍ ചെയ്തു.
ദാവീദിന്‍റെ മറ്റു വീരന്മാര്‍
20 യോവാബിന്‍റെ സഹോദരനായ അബീശായിയായിരുന്നു മൂന്നു വീരന്മാരുടെയും നേതാവ്. അയാള്‍ തന്‍റെ കുന്തമുപയോഗിച്ച് മുന്നൂറുപേരോടു യുദ്ധം ചെയ്ത് അവരെ വധിച്ചു. മൂന്നു വീരന്മാരെപ്പോലെ തന്നെ പ്രസിദ്ധനായിരുന്നു അബീശായി. 21 മൂന്നു വീരന്മാരുടെ രണ്ടിരട്ടി പ്രസിദ്ധനായിരുന്നു അയാള്‍. അയാള്‍ അവരിലൊരാളല്ലായിരുന്നിട്ടു കൂടി അയാള്‍ അവരുടെ നേതാവായിത്തീര്‍ന്നു.
22 യെഹോയാദയുടെ പുത്രനായ ബെനായാവ് ശക്തനായ ഒരാളുടെ പുത്രനായിരുന്നു. കബ്സേല്‍കാരനായിരുന്നു അയാള്‍. ബെനായാവ് വീരകൃത്യങ്ങള്‍ ചെയ്തു. മോവാബു രാജ്യത്തെ ശക്തരില്‍ രണ്ടുപേരെ ബെനായാവ് വധിച്ചു. ഒരു ദിവസം മഞ്ഞു പെയ്തുകൊണ്ടിരിക്കവേ ബെനായാവ് നിലത്തെ ഒരു ഗുഹയിലൂടെ കടന്നുചെന്ന് ഒരു സിംഹത്തെ വധിച്ചു. 23 ഒരു വലിയ ഈജിപ്തുഭടനെയും ബെനായാവ് വധിച്ചു. അയാള്‍ക്ക് ഏഴര അടിയോളം ഉയരമുണ്ടായിരുന്നു. ഈജിപ്തുകാരന് വളരെ വലുതും ഭാരമേറിയതുമായ ഒരു കുന്തമുണ്ടായിരുന്നു. അത് നെയ്ത്തുകാരന്‍റെ തറിയുടെ തൂണിനോളം പോരുമായിരുന്നു. ബെനായാവിന് ഒരു ദണ്ഡു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈജിപ്തുകാരന്‍റെ കൈയിലുള്ള കുന്തം ബെനായാവ് പിടിച്ചു പറിച്ചു. അനന്തരം ബെനായാവ് ഈജിപ്തുകാരനെ അയാളുടെ കുന്തം കൊണ്ടുതന്നെ വധിക്കുകയും ചെയ്തു. 24 യെഹോയാദയുടെ പുത്രനായ ബെനായാവ് അത്തരം അനേകം വീരകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. മൂന്നു വീരന്മാരെപ്പോലെ തന്നെ പ്രസിദ്ധനായിരുന്നു ബെനായാവ്. 25 മുപ്പതുവീരന്മാരെക്കാളും പ്രസിദ്ധനായിരുന്നു ബെനായാവ്. പക്ഷെ മൂന്നു വീരന്മാരിലൊരുവനായിരുന്നില്ല അവന്‍. ദാവീദ് ബെനായാവിനെ തന്‍റെ അംഗരക്ഷകരുടെ നായകനായി തെരഞ്ഞെടുത്തു.
മുപ്പതു വീരന്മാര്‍
26 മുപ്പതു വീരഭടന്മാര്‍ ഇവരൊക്കെയായിരുന്നു. യോവാബിന്‍റെ സഹോദരനായ അസാഹേല്‍; ബേത്ത്ലേഹെംകാരനായ ദോദോവിന്‍റെ പുത്രനായ എല്‍ഹാനാന്‍; 27 ഹരോര്യനായ ശമ്മോത്ത്; പെലോന്യനായ ഹേലെസ്; 28 തെക്കോവക്കാരനായ ഇക്കേശിന്‍റെ പുത്രനായ ഈരാ; അനാഥോത്തുകാരനായ അബീയേസേര്‍; 29 ഹൂശാത്യനായ സിബെഖായ്; അഹോഹ്യനായ ഈലായി; 30 നെതോഫാക്കാരനായ മഹരായി; നെതോഫാക്കാരനായ ബാനയുടെ പുത്രന്‍ ഹേലെദ്; 31 ബെന്യാമീനിലുള്ള ഗിബെയക്കാരനായ രീബായിയുടെ പുത്രന്‍ ഈഥായി; പരാഥോന്യനായ ബെനായാവ്; 32 നഹലേഗാശിലെ അരുവിക്കടുത്തു നിന്നുള്ള ഹൂരായി; അര്‍ബ്ബാത്യനായ അബീയേല്‍; 33 ബഹരൂമ്യനായ അസ്മാവെത്ത്; ശയല്‍ബോന്യനായ എല്യഹ്ബാ; 34 ഗീസോന്യനായ ഹശേമിന്‍റെ പുത്രന്മാര്‍; ഹരാര്യനായ ശാഗേയുടെ പുത്രന്‍ യോനാഥാന്‍; 35 ഹരാര്യനായ സാഖാരിന്‍റെ പുത്രന്‍ അഹീയാം; ഊരിന്‍റെ പുത്രനായ എലീഫാല്‍; 36 മെഖേരാത്യനായ ഹേഫെര്‍; പെലോന്യനായ അഹീയാവ്; 37 കര്‍മ്മേല്യനായ ഹെസ്രോ; എസ്ബായിയുടെ പുത്രനായ നയരായി; 38 നാഥാന്‍റെ സഹോദരനായ യോവേല്‍; ഹഗ്രിയുടെ പുത്രനായ മിബ്ഹാര്‍; 39 അമ്മോന്യനായ സേലെക്; ബെരോത്തുകാരനും സെരൂയയുടെ പുത്രനായ യോവാബിന്‍റെ കവചവാഹകനുമായിരുന്ന നഹ്രായി; 40 യിത്രീയനായ ഈരാ; യിത്രീയനായ ഗാരേബ്; 41 ഹിത്യനായ ഊരിയാവ്; അഹ്ളായിയുടെ പുത്രനായ സാബാദ്; 42 രൂബേന്‍ ഗോത്രക്കാരനായ ശീസയുടെ പുത്രനായ അദീനാ. (രൂബേന്‍ ഗോത്രത്തിലെ നേതാവായിരുന്നെങ്കിലും മുപ്പതുവീരന്മാരില്‍ ഒരാളുമായിരുന്നു അദീനാ); 43 മയഖയുടെ പുത്രനായ ഹാനാന്‍; മിത്ന്യനായ യോശാഫാത്ത്; 44 അസ്തെരാത്യനായ ഉസ്സീയാവ്; അരോവേര്യനായ ഹോഥാമിന്‍റെ പുത്രന്മാരായ യെയീയേല്‍, ശാമാ എന്നിവര്‍; 45 ശിമ്രിയുടെ പുത്രനായ യെദീയയേല്‍; തീസ്യനായ അയാളുടെ സഹോദരനായ യോഹായും; 46 മഹവ്യനായ എലീയേല്‍; എല്‍നാമിന്‍റെ പുത്രന്മാരായ യെരീബായി, യോശവ്യാവ് മോവാബ്യനായ യിത്ത്മാ എന്നിവര്‍; 47 എലീയേല്‍; ഓബേദ്; മെസോബ്യനായ യാസീയേല്‍.