ദാവീദിനോടൊപ്പം ചേര്‍ന്ന ധൈര്യശാലികള്‍
12
1 സിക്ലാഗിലായിരുന്നപ്പോള്‍ ദാവീദിനോടൊപ്പം ചേര്‍ന്നവരുടെ പട്ടികയാണിത്. കീശിന്‍റെ പുത്രനായ ശെൌലിനെ ഭയന്ന് ദാവീദ് ഒളിച്ചിരിക്കുന്പോളായിരുന്നു അത്. ഇവര്‍ ദാവീദിനെ യുദ്ധത്തില്‍ സഹായിച്ചു.
2 ഇടതും വലതും കൈകള്‍കൊണ്ട് അന്പെയ്യാന്‍ കഴിയുന്നവരായിരുന്നു അവര്‍. ഇരു കരങ്ങള്‍ കൊണ്ടും കവണയില്‍ നിന്നു കല്ലു തെറ്റിക്കുവാനും അവര്‍ക്കാകുമായിരുന്നു. അവര്‍ ബെന്യാമീന്‍ഗോത്രക്കാരും ശെൌലിന്‍റെ ചാര്‍ച്ചക്കാരുമായിരുന്നു. അവരുടെ പേരുകള്‍:
3 അവരുടെ നായകനായ അഹീയേസെരും യോവാശും (അഹീയേസെരും യോവാശും ഗിബേയാത്യനായ ശെമായയുടെ പുത്രന്മാരായിരുന്നു); യസീയേലും പേലെത്തും അസ്മാവെത്തിന്‍റെ പുത്രന്മാരായിരുന്ന യെസീയേലും പേലെത്തും; അനാഥോത്ത് പട്ടണക്കാരായ ബെരാഖായും യേഹൂവും.
4 ഗിബെയോന്‍കാരനായ യിശ്മയ്യാവ് (യിശ്മയ്യാവ് മൂന്നു വീരന്മാരില്‍ ഒരാളും മൂന്നു വീരന്മാരുടെ നായകനുമായിരുന്നു.) ഗെദേരാത്യരായ യിരെമ്യാ; യഹസീയേല്‍; യോഹാനാന്‍; യോസാബാദ് എന്നിവര്‍;
5 എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്; ഹരൂഫാക്കാരനായ ശെഫത്യാവ്;
6 എല്‍ക്കാനാ, യിശ്ശീയാവ്, അസരേല്‍, യോവേസെര്‍, യാശൊബ്യാം ഇവരെല്ലാം കോരഹിന്‍റെ ഗോത്രക്കാര്‍;
7 ഗെദോര്‍ പട്ടണക്കാരനായ യെരോഹാമിന്‍റെ പുത്രന്മാരായ യോവേലയും സെബദ്യാവും.
ഗാദ്യര്‍
8 ഗാദിന്‍റെ ഗോത്രക്കാരില്‍ ഒരു ഭാഗം മരുഭൂമിയിലുള്ള കോട്ടയില്‍ വച്ച് ഗാദിനോടു ചേര്‍ന്നു. അവര്‍ യുദ്ധപരിശീലനം ലഭിച്ച ധൈര്യശാലികളായ ഭടന്മാരായിരുന്നു. കുന്തവും പരിചയുമുപയോഗിക്കുന്നതില്‍ വിദഗ്ധരായിരുന്നു അവര്‍. അവര്‍ സിംഹങ്ങളെപ്പോലെയുള്ള ഭീഷണിക്കാരായി കാണപ്പെട്ടു. അവര്‍ക്ക് മലകളില്‍ കലമാനുകളുടെ വേഗതയുണ്ടായിരുന്നു.
9 ഗാദിന്‍റെ ഗോത്രക്കാരായ സേനയുടെ നായകനായിരുന്നു ഏസെര്‍. ഓബദ്യാവ് ആയിരുന്നു രണ്ടാം നായകന്‍. എലീയാബായിരുന്നു മൂന്നാം നായകന്‍.
10 മിശ്മന്നാ നാലാം നായകന്‍. യിരെമ്യാവ് അഞ്ചാം നായകന്‍.
11 അത്ഥായി ആറാം നായകന്‍. എലീയേല്‍ ഏഴാം നായകന്‍.
12 യോഹന്നാന്‍ എട്ടാം നായകന്‍. എല്‍സാബാദ് ഒന്‍പതാം നായകന്‍.
13 യിരെമ്യാവ് പത്താം നായകന്‍. മഖ്ബന്നായ് പതിനൊന്നാം നായകന്‍.
14 അവരായിരുന്നു ഗാദ്യസേനയുടെ നായകന്മാര്‍. ആ സംഘത്തിലെ ഏറ്റവും ദുര്‍ബ്ബലനു പോലും നൂറു ശത്രുഭടന്മാരോടു പടപൊരുതാനാവും. ആ സംഘത്തിലെ ഏറ്റവും കരുത്തന് ആയിരം ശത്രുഭടന്മാരോടു പൊരുതാനാവും.
15 വര്‍ഷത്തിലെ ആദ്യ മാസം യോര്‍ദ്ദാന്‍നദി മുറിച്ചുകടന്ന ഭടന്മാരാണ് ഗാദ്ഗോത്രത്തില്‍ നിന്നുള്ള ഇവര്‍. യോര്‍ദ്ദാന്‍നദിയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്ന കാലമായിരുന്നു അത്. താഴ്വരകളില്‍ വസിച്ചിരുന്ന എല്ലാവരെയും അവര്‍ ഓടിച്ചു. അവര്‍ ആ ജനങ്ങളെ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.
ദാവീദിനോടു ചേര്‍ന്ന മറ്റു ഭടന്മാര്‍
16 ബെന്യാമീന്‍, യെഹൂദാ ഗോത്രങ്ങളില്‍പ്പെട്ട മറ്റുള്ളവരും കോട്ടയില്‍ ദാവീദിന്‍റെയടുത്തേക്കു വന്നു.
17 ദാവീദ് അവരെക്കാണാന്‍ ഇറങ്ങിച്ചെന്നു. ദാവീദ് അവരോടു പറഞ്ഞു, “നിങ്ങള്‍ എന്നെ സഹായിക്കാന്‍ സമാധാനത്തില്‍ വന്നതാണെങ്കില്‍ ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നോടൊത്തു ചേരുക. അതല്ല, ഞാന്‍ തെറ്റൊന്നും ചെയ്യാതിരിക്കേ എന്‍റെമേല്‍ ചാരപ്പണി നടത്താനാണു നിങ്ങള്‍ വന്നതെങ്കില്‍ നിങ്ങളുടെ പൂര്‍വ്വികരുടെ ദൈവം നിങ്ങളുടെ പ്രവൃത്തികള്‍ കാണുകയും നിങ്ങളെ ശിക്ഷിക്കുകയും ചെയ്യട്ടെ.”
18 മുപ്പതുവീരന്മാരുടെ നായകനായിരുന്നു അമാസായി. അപ്പോള്‍ അമാസായിയുടെമേല്‍ ദൈവത്തിന്‍റെ ആത്മാവ് വരികയും അയാള്‍ ഇങ്ങനെ പറയുകയും ചെയ്തു,
“ഞങ്ങള്‍ അങ്ങയുടേതാണു ദാവീദേ! ഞങ്ങള്‍ നിന്നോടൊപ്പമാണ് യിശ്ശായിയുടെ പുത്രാ! അങ്ങയ്ക്കു സമാധാനം, സമാധാനം! അങ്ങയെ സഹായിക്കുന്നവര്‍ക്കു സമാധാനം! എന്തുകൊണ്ടെന്നാല്‍, അങ്ങയുടെ ദൈവം അങ്ങയെ സഹായിക്കുന്നു!”
അതിനാല്‍ ദാവീദ് അവരെ തന്‍റെ സംഘത്തിലേക്കു സ്വാഗതം ചെയ്യുകയും അവരെ സൈന്യത്തിന്‍റെ ചുമതലക്കാരാക്കുകയും ചെയ്തു.
19 മനശ്ശെയുടെ ഗോത്രക്കാരായ ഏതാനും പേര്‍കൂടി ദാവീദിനോടു ചേര്‍ന്നു. അവന്‍ ഫെലിസ്ത്യരോടൊത്ത് ശെൌലിനെതിരെ യുദ്ധത്തിനു പോയപ്പോഴാണ് ദാവീദിനോടു ചേര്‍ന്നത്. എന്നാല്‍ ദാവീദും അവന്‍റെയാളുകളും യഥാര്‍ത്ഥത്തില്‍ ഫെലിസ്ത്യരെ സഹായിച്ചില്ല. തങ്ങളെ സഹായിക്കുന്ന കാര്യം ഫെലിസ്ത്യ നേതാക്കള്‍ കൂടിച്ചേര്‍ന്നു സംസാരിച്ചെങ്കിലും അവര്‍ ദാവീദിനെയും അവന്‍റെയാളുകളെയും പറഞ്ഞയയ്ക്കാന്‍ തീരുമാനിച്ചു. ആ ഭരണാധികാരികള്‍ പറഞ്ഞു, “ദാവീദ് തന്‍റെ യജമാനനായ ശെൌലിന്‍റെയടുത്തേക്കു മടങ്ങിപ്പോയാല്‍ നമ്മുടെ തല കൊയ്യപ്പെടും!”
20 ദാവീദ് സിക്ലാഗു പട്ടണത്തിലേക്കു പോയപ്പോള്‍ അയാളോടു ചേര്‍ന്ന മനശ്ശെ ഗോത്രക്കാര്‍ ഇവരായിരുന്നു: അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, എലീഹൂ, സില്ലെഥായി. അവരെല്ലാം മനശ്ശെ ഗോത്രത്തിന്‍റെ സഹസ്രാധിപന്മാരായിരുന്നു.
21 കൊള്ളക്കാര്‍ക്കെതിരെ പോരാടുവാന്‍ അവര്‍ ദാവീദിനെ സഹായിച്ചു. നാടുചുറ്റി ജനങ്ങളില്‍നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നവരായിരുന്നു ആ ദുഷ്ടന്മാര്‍. മനശ്ശെയുടെ ഗോത്രത്തില്‍നിന്നും വന്നവര്‍ ധൈര്യശാലികളായ യോദ്ധാക്കളായിരുന്നു. അവര്‍ ദാവീദിന്‍റെ സൈന്യാധിപന്മാരായി.
22 ദാവീദിനെ സഹായിക്കാന്‍ കൂടുതല്‍ കൂടുതലാളുകള്‍ നിത്യേന വന്നുകൊണ്ടിരുന്നു. അങ്ങനെ ദാവീദിന് വലുതും ശക്തവുമായ ഒരു സൈന്യമുണ്ടായി.
ഹെബ്രോനില്‍ ദാവീദിനോടു ചേര്‍ന്നവര്‍
23 ഹെബ്രോന്‍ പട്ടണത്തില്‍ ദാവീദിനോടു ചേര്‍ന്നവരുടെ എണ്ണം ഇതാണ്. അവര്‍ യുദ്ധസന്നദ്ധരായിരുന്നു. ശെൌലിന്‍റെ രാജ്യം ദാവീദിനു നല്‍കാനാണവര്‍ വന്നത്. സംഭവിക്കുമെന്ന് യഹോവ പറഞ്ഞതങ്ങനെയാണ്. ഇതാണവരുടെ സംഖ്യ:
24 യെഹൂദയുടെ ഗോത്രത്തില്‍ നിന്ന് യുദ്ധസന്നദ്ധരായ 6800 പേരുണ്ടായിരുന്നു. അവര്‍ കുന്തവും പരിചയുമേന്തിയിരുന്നു.
25 ശിമെയോന്‍റെ ഗോത്രത്തില്‍ നിന്ന് 7100 പേര്‍. യുദ്ധസന്നദ്ധരായ ധീരഭടന്മാരായിരുന്നു അവര്‍.
26 ലേവിയുടെ ഗോത്രത്തില്‍ നിന്ന് 4600 പേരുണ്ടായിരുന്നു.
27 യെഹോയാദാ ആ സംഘത്തിലായിരുന്നു. അഹരോന്‍റെ കുടുംബത്തിന്‍റെ ഒരു നായകനായിരുന്നു അയാള്‍. യെഹോയാദായോടൊപ്പം മൂവായിരത്തിയെഴുന്നൂറു പേരുണ്ടായിരുന്നു.
28 സാദോക്കും ആ സംഘത്തിലുണ്ടായിരുന്നു. ധൈര്യശാലിയായ ഒരു യുവസേനാനിയായിരുന്നു അയാള്‍. തന്‍റെ കുടുംബക്കാരായ ഇരുപത്തിരണ്ട് ഉദ്യോഗസ്ഥന്മാരുമായാണ് അയാള്‍ വന്നത്.
29 ബെന്യാമീന്‍ ഗോത്രത്തില്‍ നിന്നും മൂവായിരം പേരുണ്ടായിരുന്നു. ശെൌലിന്‍റെ ബന്ധുക്കളായിരുന്നു അവര്‍. അവരിലധികംപേരും അക്കാലം വരെയും ശെൌലിനോടു അടുത്ത വിശ്വസ്തത പുലര്‍ത്തിയിരുന്നു.
30 എഫ്രയീം ഗോത്രത്തില്‍ നിന്ന് ഇരുപതിനായിരത്തി എണ്ണൂറുപേരുണ്ടായിരുന്നു. അവര്‍ ധീരന്മാരായ പടയാളികളായിരുന്നു. തങ്ങളുടെ കുടുംബങ്ങളിലെ പ്രസിദ്ധരായിരുന്നു അവര്‍.
31 മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നും പതിനെണ്ണായിരം പേര്‍. അവരെ ദാവീദിനെ രാജാവാക്കാന്‍ പേരെടുത്തു വിളിച്ചിരുന്നു.
32 യിസ്സാഖാരിന്‍റെ ഗോത്രത്തില്‍ നിന്ന് വിവേകശാലികളായ ഇരുന്നൂറു നേതാക്കളുണ്ടായിരുന്നു. യിസ്രായേലിനുവേണ്ടി വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യാന്‍ അവര്‍ക്കറിയാമായിരുന്നു. അവരുടെ ബന്ധുക്കള്‍ അവരോടൊപ്പം അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്നു.
33 സെബൂലൂന്‍റെ ഗോത്രക്കാരായ, പരിശീലനം സിദ്ധിച്ച അന്‍പതിനായിരം ഭടന്മാരുണ്ടായിരുന്നു. എല്ലാത്തരം ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനും പരിശീലനം സിദ്ധിച്ചവരായിരുന്നു അവര്‍. അവര്‍ ദാവീദിന്‍റെ അടുത്ത വിശ്വസ്തരുമായിരുന്നു.
34 നഫ്താലിയുടെ ഗോത്രത്തില്‍നിന്നും ആയിരം ഉദ്യോഗസ്ഥന്മാര്‍. അവരോടൊപ്പം കുന്തങ്ങളും പരിചകളുമേന്തിയ മുപ്പത്തേഴായിരം പേരും ഉണ്ടായിരുന്നു.
35 ദാന്‍റെ ഗോത്രത്തില്‍നിന്നും യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തി അറുന്നൂറു പേരുണ്ടായിരുന്നു.
36 ആശേരിന്‍റെ ഗോത്രത്തില്‍നിന്നും യുദ്ധസന്നദ്ധരായ നാല്പതിനായിരം ഭടന്മാര്‍ ഉണ്ടായിരുന്നു.
37 യോര്‍ദ്ദാന്‍നദിയുടെ കിഴക്കെക്കരയില്‍ നിന്ന് രൂബേന്‍, ഗാദ്, മനശ്ശെയുടെ പകുതി, ഗോത്രങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തി ഇരുപതിനായിരം പേരുണ്ടായിരുന്നു. അവര്‍ക്ക് എല്ലാവിധത്തിലുള്ള ആയുധങ്ങളും ഉണ്ടായിരുന്നു.
38 അവരെല്ലാവരും ധൈര്യശാലികളായ പോരാളികളായിരുന്നു. ദാവീദിനെ യിസ്രായേല്‍ രാജാവാക്കുന്നതിനോടു പൂര്‍ണ്ണമായും യോജിച്ചുകൊണ്ട് അവര്‍ ഹെബ്രോന്‍ പട്ടണത്തിലേക്കു വന്നു. ദാവീദ് രാജാവാകണമെന്ന കാര്യം മറ്റെല്ലാ യിസ്രായേലുകാരും അംഗീകരിച്ചിരുന്നു.
39 അവരുടെ ബന്ധുക്കള്‍ അവര്‍ക്കായി ഭക്ഷണം തയ്യാറാക്കിയതിനാല്‍ അവര്‍ തിന്നുകയും കുടിക്കുകയും ചെയ്തു.
40 കൂടാതെ യിസ്സാഖാര്‍, സെബൂലൂന്‍, നഫ്താലി ഗോത്രക്കാര്‍ വസിക്കുന്ന സ്ഥലങ്ങളിലെ അവരുടെ അയല്‍ക്കാര്‍ കുതിരകള്‍ക്കും കഴുതകള്‍ക്കും കോവര്‍കഴുതകള്‍ക്കും കന്നുകാലികള്‍ക്കും വേണ്ട ഭക്ഷണവും കൊണ്ടുവന്നിരുന്നു. അവര്‍ ആവശ്യത്തിനു മാവ്, അത്തിയടകള്‍, ഉണക്കമുന്തിരിക്കുലകള്‍, വീഞ്ഞ്, എണ്ണ എന്നിവയും കാലികള്‍, ആടുകള്‍ എന്നിവയും കൊണ്ടുവന്നിരുന്നു. യിസ്രായേലുകാര്‍ അതീവ സന്തുഷ്ടരായിരുന്നു.