സാക്ഷ്യപെട്ടകം തിരികെ കൊണ്ടുവരുന്നു
13
ദാവീദ് തന്‍റെ സൈന്യത്തിലെ എല്ലാ ഉദ്യോഗസ്ഥന്മാരോടും സംസാരിച്ചു. അനന്തരം ദാവീദ് യിസ്രായേലുകാരെ മുഴുവന്‍ വിളിച്ചുകൂട്ടി. അയാള്‍ അവരോടു പറഞ്ഞു: “ഇതൊരു നല്ല ആശയമാണെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍, യഹോവയാഗ്രഹിക്കുന്നത് ഇതാണെങ്കില്‍; നമുക്ക് യിസ്രായേലിലെന്പാടുമുള്ള നമ്മുടെ സഹോദരന്മാര്‍ക്ക് ഒരു സന്ദേശമയയ്ക്കാം. നമ്മുടെ സഹോദരന്മാരോടൊപ്പം അവരുടെ പട്ടണങ്ങളിലും ആ പട്ടണങ്ങളുടെ അടുത്തുള്ള വയലുകളിലും വസിക്കുന്ന പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും നമുക്കൊരു സന്ദേശമയയ്ക്കാം. ആ സന്ദേശമനുസരിച്ച് അവര്‍ നമ്മോടു ചേരാന്‍ പറയുക. സാക്ഷ്യപെട്ടകം നമുക്ക് യെരൂശലേമിലേക്കു കൊണ്ടുവരാം. ശെൌല്‍ രാജാവായിരുന്നപ്പോള്‍ നമ്മള്‍ സാക്ഷ്യപെട്ടകത്തിന്‍റെ കാര്യം ശ്രദ്ധിച്ചിരുന്നില്ല.” യിസ്രായേലുകാര്‍ മുഴുവന്‍ ദാവീദിനോടു യോജിച്ചു. അത് ശരിയായ ഒരു കാര്യമാണെന്ന് അവരെല്ലാവരും കരുതി.
അതിനാല്‍ ദാവീദ് ഈജിപ്തിലെ ശീഹോര്‍ നദി മുതല്‍ ലേബോഹമാത്തുപട്ടണം വരെയുള്ള എല്ലാ യിസ്രായേലുകാരെയും വിളിച്ചുകൂട്ടി. കിര്യത്ത്-യെയാരീം പട്ടണത്തില്‍ നിന്നും സാക്ഷ്യപെട്ടകം തിരികെകൊണ്ടുവരുന്നതിന് അവര്‍ ഒരുമിച്ചു വന്നു. ദാവീദും അയാളോടൊപ്പമുള്ള എല്ലാ യിസ്രായേലുകാരും കെരൂബുമാലാഖകള്‍ക്കുമേല്‍ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്‍റെ നാമത്തില്‍ വിളിക്കപ്പെടുന്ന സാക്ഷ്യപെട്ടകം കൊണ്ടുവരുന്നതിനായി യെഹൂദയിലെ കിര്യത്ത്-യെയാരീം എന്ന ബയലയിലേക്കു പോയി.
അബീനാദാബിന്‍റെ വസതിയില്‍നിന്നും ജനങ്ങള്‍ സാക്ഷ്യപെട്ടകം നീക്കം ചെയ്തു. അവര്‍ അതൊരു പുതിയ വാഹനത്തിന്മേല്‍ വച്ചു. ഉസ്സയും അഹ്യോവുമായിരുന്നു വാഹനം ഓടിച്ചിരുന്നത്. ദാവീദും ജനങ്ങളെല്ലാവരും ദൈവത്തിന്‍റെ മുന്പില്‍ പൂര്‍ണ്ണശക്തിയോടെ ആഘോഷിക്കുകയായിരുന്നു. കിന്നരം, വീണ, തംബുരു, ഇലത്താളം, കാഹളം എന്നിവ അവര്‍ ഉപയോഗിച്ചിരുന്നു.
അവര്‍ കീദോന്‍റെ മെതിക്കളത്തിലേക്കു വന്നു. അപ്പോള്‍ വണ്ടിക്കാളകള്‍ക്കു കാലിടറി. സാക്ഷ്യപെട്ടകം ഏതാണ്ടു നിലംപതിക്കാന്‍ തുടങ്ങി. ഉസ്സാ കൈനീട്ടി പെട്ടകത്തില്‍ പിടിച്ചു. 10 യഹോവ ഉസ്സയോടു വളരെ കോപിച്ചു. പെട്ടകത്തില്‍ സ്പര്‍ശിച്ചതിനാല്‍ യഹോവ ഉസ്സയെ വധിച്ചു. അങ്ങനെ ഉസ്സാ അവിടെ ദൈവത്തിന്‍റെ മുന്പില്‍ വച്ചു മരിച്ചു. 11 ദൈവം ഉസ്സയോടു തന്‍റെ കോപം കാട്ടി. ഇത് ദാവീദിനെ വളരെ ദു:ഖിതനാക്കി. അന്നു മുതല്‍ ഇന്നും ആ സ്ഥലം “പേരെസ്-ഉസ്സാ”എന്നു വിളിക്കപ്പെടുന്നു.
12 ദാവീദ് അന്ന് ദൈവത്തെ ഭയന്നു. ദാവീദു പറഞ്ഞു, “സാക്ഷ്യപെട്ടകം എന്‍റെയടുത്തേക്കു കൊണ്ടുവരാന്‍ എനിക്കാവില്ല!” 13 അതിനാല്‍ ദാവീദ് സാക്ഷ്യപെട്ടകം ദാവീദിന്‍റെ നഗരത്തിലേക്കു കൊണ്ടുപോയില്ല. അവന്‍ സാക്ഷ്യപെട്ടകം ഓബേദ്-എദോമിന്‍റെ ഭവനത്തില്‍ ഉപേക്ഷിച്ചു. ഗത്ത് നഗരക്കാരനായിരുന്നു ഓബേദ്-എദോം. 14 സാക്ഷ്യപെട്ടകം ഓബേദ്-എദോമിന്‍റെ കൈവശം അയാളുടെ വസതിയില്‍ മൂന്നു മാസമിരുന്നു. യഹോവ ഓബേദ്-എദോമിന്‍റെ കുടുംബത്തെ എല്ലാക്കാര്യത്തിലും അനുഗ്രഹിച്ചു.