സാക്ഷ്യപെട്ടകം യെരൂശലേമില്‍
15
1 ദാവീദ് തനിക്കുവേണ്ടി ദാവീദിന്‍റെ നഗരത്തില്‍ കൊട്ടാരങ്ങള്‍ പണിതു. അനന്തരം അയാള്‍ സാക്ഷ്യപെട്ടകം വയ്ക്കാനുള്ള സ്ഥലവും നിര്‍മ്മിച്ചു. അയാള്‍ അതിനായി ഒരു കൂടാരം ഉറപ്പിച്ചു.
2 അനന്തരം ദാവീദുപറഞ്ഞു, “സാക്ഷ്യപെട്ടകം ചുമക്കാന്‍ ലേവ്യര്‍ക്കേ അനുവാദമുള്ളൂ. സാക്ഷ്യപെട്ടകം ചുമക്കുന്നതിനും അവനെ എക്കാലവും ശുശ്രൂഷിക്കുന്നതിനും യഹോവ അവരെ തെരഞ്ഞെടുത്തതാണ്.”
3 സാക്ഷ്യപെട്ടകം വയ്ക്കുന്നതിന് താന്‍ ഒരുക്കിയ സ്ഥലത്തേക്കു അതുകൊണ്ടുവരുന്നതിനു വേണ്ടി ദാവീദ് മുഴുവന്‍ യിസ്രായേല്‍ ജനങ്ങളെയും ഒരുമിച്ച് യെരൂശലേമില്‍ വിളിച്ചുകൂട്ടി.
4 അഹരോന്‍റെയും ലേവ്യരുടെയും പിന്‍ഗാമികളെ ദാവീദ് വിളിച്ചുകൂട്ടി.
5 കെഹാത്തിന്‍റെ ഗോത്രത്തില്‍നിന്നും നൂറ്റിയിരുപതു പേരുണ്ടായിരുന്നു. ഊരിയേല്‍ ആയിരുന്നു അവരുടെ നായകന്‍.
6 മെരാരിയുടെ ഗോത്രത്തില്‍നിന്നും ഇരുന്നൂറ്റിയിരുപതു പേരുണ്ടായിരുന്നു. അസായാവ് ആയിരുന്നു അവരുടെ നായകന്‍.
7 ഗെര്‍ശോന്‍റെ ഗോത്രത്തില്‍നിന്നും നൂറ്റിമുപ്പതു പേര്‍. യോവേല്‍ ആയിരുന്നു അവരുടെ നായകന്‍.
8 എലീസാഫാന്‍റെ ഗോത്രത്തില്‍നിന്നും ഇരുന്നൂറു പേര്‍. ശെമയ്യാവ് അവരുടെ നായകന്‍.
9 ഹെബ്രോന്‍റെ ഗോത്രത്തില്‍നിന്നും എണ്‍പതുപേര്‍. എലീയേല്‍ ആയിരുന്നു അവരുടെ നായകന്‍.
10 ഉസ്സീയേലിന്‍റെ ഗോത്രത്തില്‍ നിന്നും നൂറ്റിപ്പന്തണ്ടു പേര്‍. അമ്മീനാദാബ് ആയിരുന്നു അവരുടെ നായകന്‍.
പുരോഹിതരോടും ലേവ്യരോടും ദാവീദ് സംസാരിക്കുന്നു
11 അനന്തരം ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും വിളിച്ചു. ഊരീയേല്‍, അസായാവ്, യോവേല്‍, ശെമയ്യാവ്, എലീയേല്‍, അമ്മീനാദാബ് എന്നീ ലേവ്യരോടു തന്‍റെയടുത്തുവരാന്‍ ആവശ്യപ്പെട്ടു.
12 ദാവീദ് അവരോടു പറഞ്ഞു, “നിങ്ങള്‍ ലോവിഗോത്രത്തിലെ നായകരാണ്. നിങ്ങളും മറ്റു ലേവ്യരും സ്വയം ശുദ്ധീകരിക്കുക. എന്നിട്ട് സാക്ഷ്യപെട്ടകം ഞാനതിനു വേണ്ടിയുണ്ടാക്കിയ സ്ഥലത്തേക്കു കൊണ്ടുവരിക.
13 കഴിഞ്ഞ തവണ സാക്ഷ്യപെട്ടകം കൊണ്ടുവരേണ്ടതെങ്ങനെയെന്ന് നമ്മള്‍ യഹോവയോടു ചോദിച്ചില്ല. നിങ്ങള്‍ ലേവ്യരല്ല അതു ചുമന്നിരുന്നത് എന്നതിനാല്‍ യഹോവ ഞങ്ങളെ ശിക്ഷിക്കുകയും ചെയ്തു.”
14 അനന്തരം, യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയുടെ സാക്ഷ്യപെട്ടകം കൊണ്ടുവരുന്നതന് പുരോഹിതന്മാരും ലേവ്യരും സ്വയം ശുദ്ധീകരിച്ചു.
15 മോശെ കല്പിച്ചതു പോലെ തന്നെ ലേവ്യര്‍ വിശിഷ്ടമായ തണ്ടുകള്‍ ഉപയോഗിച്ച് സാക്ഷ്യപെട്ടകം ചുമലിലേറ്റി. യഹോവ പറഞ്ഞതുപോലെ തന്നെയാണവര്‍ പെട്ടകം ചുമന്നത്.
ഗായകര്‍
16 ലേവ്യനേതാക്കന്മാരോടു തങ്ങളുടെ സഹോദരന്മാരായ ഗായകരെ കൊണ്ടുവരാന്‍ ദാവീദു പറഞ്ഞു. വീണ, കിന്നരം, ഇലത്താളം എന്നിവ ഉപയോഗിച്ച് ആനന്ദഗീതം ആലപിക്കുന്നതിനാണത്.
17 അനന്തരം ലേവ്യര്‍ യായേലിന്‍റെ പുത്രനായ ഹേമാനെയും അയാളുടെ സഹോദരന്മാരായ ആസാഫിനെയും ഏഥാനെയും നിയോഗിച്ചു. ആസാഫ് ബേരെഖ്യാവിന്‍റെ പുത്രന്‍. ഏഥാന്‍, കൂശായാവിന്‍റെ പുത്രന്‍. മെരാരി ഗോത്രക്കാരായിരുന്നു ഇവര്‍.
18 ലേവ്യരുടെ ഒരു രണ്ടാം നിരയുമുണ്ടായിരുന്നു. സെഖര്യാവ്, ബേന്‍, യാസീയേല്‍, ശെമീരാമോത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലീഫെലേഹൂ, മിക്നേയാവ്. ഓബേദ് എദോം, യെയീയേല്‍ എന്നിവരായിരുന്നു അവര്‍. ഇവരെല്ലാം ലേവ്യരായ വാതില്‍ക്കാവല്‍ക്കാരായിരുന്നു.
19 ഗായകരായ ആസാഫ്, ഹേമാന്‍, ഏഥാന്‍ എന്നിവര്‍ ഓടുകൊണ്ടുള്ള ഇലത്താളം മുഴക്കി.
20 സെഖര്യാവ്, യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, യസേയാവ്, ബെനായാവ് എന്നിവര്‍ അലാമോത്തു വീണ വായിച്ചു.
21 മത്ഥിഥ്യാവ്, എലീഫേലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേല്‍, അസസ്യാവ് എന്നിവര്‍ ശെമീനീത്തു കിന്നരങ്ങള്‍ വായിച്ചു. അതായിരുന്നു എക്കാലത്തേക്കും അവരുടെ തൊഴില്‍.
22 ലേവ്യനേതാവായ കെനാന്യാവ് ആയിരുന്നു സംഗീതാലാപനത്തിന്‍റെ ചുമതലക്കാരന്‍. സംഗീതത്തില്‍ സമര്‍ത്ഥനായതിനാലായിരുന്നു അയാള്‍ക്കു ഈ ചുമതലകളൊക്കെ ലഭിച്ചത്.
23 സാക്ഷ്യപെട്ടകത്തിന്‍റെ കാവല്‍ക്കാരില്‍ രണ്ടു പേരായിരുന്നു ബേരെഖ്യാവും എല്‍ക്കാനയും.
24 ശെബന്യാവ്, യോശാഫാത്ത്, നെഥനയേല്‍, അമാസായി, സെഖര്യാവ്, ബെനായാവ്, എലെയാസാര്‍ എന്നിവര്‍ക്ക് സാക്ഷ്യപെട്ടകത്തിന്‍റെ മുന്പില്‍ കാഹളം വിളിച്ചു കൊണ്ടുനടക്കാനായിരുന്നു നിയോഗം. ഓബേദ്-എദോം, യെഹീയാവ് എന്നിവര്‍ സാക്ഷ്യപെട്ടകത്തിന്‍റെ മറ്റു കാവല്‍ക്കാരായിരുന്നു.
25 ദാവീദ്, യിസ്രായേല്‍ മൂപ്പന്മാര്‍, സഹസ്രാധിപന്മാര്‍ എന്നിവര്‍ സാക്ഷ്യപെട്ടകം കൊണ്ടുവരാനായി പോയി. അവരത് ഓബെദ്-എദോമിന്‍റെ വീട്ടില്‍നിന്നും പുറത്തേക്കു കൊണ്ടു വന്നു. എല്ലാവരും അത്യധികം ആഹ്ളാദിച്ചിരുന്നു!
26 സാക്ഷ്യപെട്ടകം ചുമന്നിരുന്ന ലേവ്യരെ ദൈവം സഹായിച്ചു. ഏഴുകാളകളെയും ഏഴ് ആണാടുകളെയും അവര്‍ ബലിയര്‍പ്പിച്ചു.
27 സാക്ഷ്യപെട്ടകം ചുമന്നിരുന്ന എല്ലാലേവ്യരും നേര്‍ത്തലിനന്‍ കൊണ്ടുണ്ടാക്കിയ നീളന്‍ കുപ്പായമായിരുന്നു ധരിച്ചിരുന്നത്. ഗാനാലാപനത്തിന്‍റെ ചുമതലക്കാരനായ കെനന്യാവും എല്ലാ ഗായകരും നേര്‍ത്ത ലിനന്‍ കൊണ്ടുള്ള നീളന്‍ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ദാവീദും നേര്‍ത്തലിനന്‍ കൊണ്ടുള്ള നീളന്‍ കുപ്പായമാണു ധരിച്ചിരുന്നത്. നേര്‍ത്ത ലിനന്‍ കൊണ്ടുള്ള ഒരു എഫോദും ദാവീദ് ധരിച്ചിരുന്നു.
28 അങ്ങനെ എല്ലാ യിസ്രായേലുകാരും ചേര്‍ന്ന് സാക്ഷ്യപെട്ടകം കൊണ്ടുവന്നു. അവര്‍ ഉച്ചത്തില്‍ വിളിച്ചുകൂവുകയും ആണാടിന്‍റെ കൊന്പുകളും കാഹളങ്ങളും മുഴക്കുകയും ഇലത്താളം, വീണ, കിന്നരം എന്നിവ വായിക്കുകയും ചെയ്തു.
29 സാക്ഷ്യപെട്ടകം ദാവീദിന്‍റെ നഗരത്തിലെത്തിയപ്പോള്‍ മീഖള്‍ ഒരു ജനാലയിലൂടെ നോക്കി. ശെൌലിന്‍റെ പുത്രിയായിരുന്നു മീഖള്‍. ദാവീദുരാജാവ് നൃത്തം വയ്ക്കുന്നതും ആഹ്ളാദിക്കുന്നതും കണ്ടു. മീഖളിന് അയാളിലുള്ള ആദരവു നഷ്ടപ്പെടുകയും അയാളെ വെറുക്കുകയും ചെയ്തു. അയാള്‍ വിഡ്ഢിയാക്കപ്പെടുകയാണെന്ന് അവള്‍ കരുതി.