16
ലേവ്യര്‍, സാക്ഷ്യപെട്ടകം കൊണ്ടുവന്ന് അതുവയ്ക്കുവാന്‍ ദാവീദ് കൂടാരത്തിനകത്തുണ്ടാക്കിയ സ്ഥലത്തുവച്ചു. അനന്തരം അവര്‍ ദൈവത്തിന് ഹോമയാഗങ്ങളും സമാധാനബലികളും അര്‍പ്പിച്ചു. ഹോമയാഗങ്ങളും സമാധാനബലികളും അര്‍പ്പിച്ചതിനുശേഷം ദാവീദ് യഹോവയുടെ നാമത്തില്‍ ജനങ്ങളെ അനുഗ്രഹിച്ചു. അനന്തരം അയാള്‍ ഒരു അപ്പം, ഒരു ഇറച്ചിക്കഷണം, ഒരു ഉണക്കമുന്തിരിയട എന്നിവ വീതം യിസ്രായേലിലെ എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും നല്‍കി.
അനന്തരം സാക്ഷ്യപെട്ടകത്തിന്‍റെ മുന്പില്‍ ശുശ്രൂഷ നടത്താന്‍ ദാവീദ് ഏതാനും ലേവ്യരെ തെരഞ്ഞെടുത്തു. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയ്ക്കു നന്ദി പറയുകയും സ്തോത്രമര്‍പ്പിക്കുകയും ആഘോഷിക്കുകയുമായിരുന്നു അവരുടെ ജോലി. ആസാഫായിരുന്നു ഒന്നാം സംഘത്തിന്‍റെ നായകന്‍. ആസാഫിന്‍റെ സംഘം ഇലത്താളങ്ങള്‍ വായിച്ചിരുന്നു. സെഖര്യാവായിരുന്നു രണ്ടാമത്തെ സംഘത്തിന്‍റെ നായകന്‍. ഉസ്സീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേല്‍ എന്നിവരായിരുന്നു മറ്റു ലേവ്യര്‍. ഇവര്‍ വീണയും കിന്നരവും വായിച്ചു. ബെനായാവ്, യെഹസീയേല്‍ എന്നിവരായിരുന്നു സാക്ഷ്യപെട്ടകത്തിനു മുന്പില്‍ എല്ലായ്പ്പോഴും കാഹളം മുഴക്കിയിരുന്ന പുരോഹിതന്മാര്‍. യഹോവയെ സ്തുതിച്ചു പാടുന്നതിന് ദാവീദ് ആസാഫിനെയും സഹോദരന്മാരെയും ആദ്യം നിയോഗിച്ചപ്പോഴായിരുന്നു അത്.
ദാവീദിന്‍റെ സ്തോത്രഗീതം
യഹോവയ്ക്കു സ്തോത്രം. അവന്‍റെ നാമം വിളിക്കുക. യഹോവയുടെ മഹദ്പ്രവൃത്തികള്‍ ജനങ്ങളോടു പറയുക.
യഹോവയ്ക്കു പാടുക. യഹോവയ്ക്കു സ്തോത്രങ്ങള്‍ പാടുക. അവന്‍റെ എല്ലാ അത്ഭുതപ്രവൃത്തികളെയും പറ്റി പറയുക.
10 യഹോവയുടെ വിശുദ്ധനാമത്തില്‍ അഭിമാനിക്കുക. യഹോവയിങ്കലേക്കു വരുന്ന നിങ്ങളെല്ലാവരും സന്തുഷ്ടരായിരിക്കട്ടെ! 11 യഹോവയിങ്കലേക്കും അവന്‍റെ ശക്തിയിലേക്കും നോക്കുക. എപ്പോഴും സഹായത്തിന് അവനെ സമീപിക്കുക. 12 യഹോവ ചെയ്തിട്ടുള്ള അത്ഭുതകൃത്യങ്ങള്‍ അനുസ്മരിക്കുക. അവന്‍റെ തീരുമാനങ്ങളെയും ശക്തമായ ചെയ്തികളെയും ഓര്‍ക്കുക.
13 യിസ്രായേല്‍ജനത യഹോവയുടെ ദാസന്മാര്‍. യാക്കോബിന്‍റെ പിന്‍ഗാമികള്‍, യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ടവര്‍. 14 യഹോവ നമ്മുടെ ദൈവം, അവന്‍റെ ഭരണം എല്ലായിടവും.
15 നിത്യമായ കരാറിനെ അനുസ്മരിക്കുക. ഒരായിരം തലമുറകള്‍ക്കായിട്ടാണ് അവന്‍ ആ കല്പനകള്‍ നല്‍കിയത്. 16 അബ്രാഹാമുമായി യഹോവയുണ്ടാക്കിയ കരാര്‍ ഓര്‍മ്മിക്കുക. യിസ്ഹാക്കിനുള്ള അവന്‍റെ വാഗ്ദാനം ഓര്‍മ്മിക്കുക. 17 യഹോവയത് യാക്കോബിനൊരു നിയമമാക്കി. അത് യിസ്രായേലിന് നിത്യ കരാറുമായി. 18 യഹോവ യിസ്രായേലിനോടു പറഞ്ഞു: “കനാന്‍ ദേശം ഞാന്‍ നിനക്കായി നല്‍കും. വാഗ്ദത്ത ഭൂമി നിന്‍റേതായിത്തീരും.”
19 അവര്‍ എണ്ണത്തില്‍ കുറവായിരുന്നു. വിദേശനാട്ടില്‍ അന്യരായ കുറച്ചാളുകള്‍. 20 അവര്‍ ഒരു രാജ്യത്തുനിന്നും മറ്റൊന്നിലേക്കു പോയി. ഒരു ജനതയില്‍നിന്നും മറ്റൊരു ജനതയിലേക്കും പോയി. 21 എന്നാല്‍ അവരെ ഉപദ്രവിക്കാന്‍ യഹോവ ആരെയും അനുവദിച്ചില്ല. അവരെ ഉപദ്രവിക്കരുതെന്ന് യഹോവ രാജാക്കന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി.
22 യഹോവ ആ രാജാക്കന്മാരോടു, “എന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഉപദ്രവിക്കരുത്. എന്‍റെ പ്രവാചകന്മാരെ ഉപദ്രവിക്കരുത്”എന്നു പറഞ്ഞു. 23 ഭൂമി മുഴുവനും യഹോവയ്ക്കു വേണ്ടി പാടുക. യഹോവ നമ്മെ രക്ഷിക്കുന്ന സുവാര്‍ത്ത നിത്യേന ലോകരെ അറിയിക്കുക.
24 യഹോവയുടെ തേജസ്സിനെപ്പറ്റി എല്ലാ ജനതയോടും പറയുക. അവന്‍റെ അത്ഭുതപ്രവൃത്തികളെപ്പറ്റിയും എല്ലാവരോടും പറയുക. 25 യഹോവ വലിയവനും സ്തുത്യര്‍ഹനുമാകുന്നു. മറ്റെല്ലാ ദേവന്മാരെക്കാളും ഭയപ്പെടേണ്ടവനുമാണ് യഹോവ. 26 എന്തുകൊണ്ടെന്നാല്‍, മറ്റെല്ലാ ദേശങ്ങളിലെയും ദേവന്മാര്‍ മുഴുവനും വിലകെട്ട വിഗ്രഹങ്ങളാകുന്നു. എന്നാല്‍ യഹോവ ആകാശം സൃഷ്ടിച്ചു!
27 മഹിമയും പ്രതാപവും യഹോവയ്ക്കുള്ളത്. കരുത്തും ആനന്ദവും യഹോവയുടെ സവിധത്തില്‍ വസിക്കുന്നു. 28 കുടുംബങ്ങളും ജനങ്ങളും യഹോവയുടെ തേജസ്സും ശക്തിയും സ്തുതിക്കുക! 29 യഹോവയുടെ തേജസ്സിനെ വാഴ്ത്തുക. അവന്‍റെ നാമത്തോടു ആദരവു കാട്ടുക. നിങ്ങളുടെ വഴിപാടുകള്‍ യഹോവയ്ക്കു കൊണ്ടുവരിക. യഹോവയെ അവന്‍റെ വിശുദ്ധ സൌന്ദര്യത്തില്‍ ആരാധിക്കുക. 30 ലോകം മുഴുവനും യഹോവയുടെ മുന്പില്‍ ഭയന്നു വിറയ്ക്കട്ടെ. അവന്‍ ഭൂമിയെ ശക്തമായി ഉണ്ടാക്കിയതിനാല്‍ ലോകം ചലിക്കുകയില്ല.
31 ആകാശവും ഭൂമിയും സന്തുഷ്ടമായിരിക്കട്ടെ. “യഹോവ ഭരിക്കുന്നു!”എന്ന് എല്ലായിടവുമുള്ളവര്‍ പറയട്ടെ. 32 സമുദ്രവും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! വയലുകളും അവയിലുള്ളവയും തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കട്ടെ!
33 കാട്ടിലെ മരങ്ങള്‍ യഹോവയ്ക്കു മുന്പില്‍ ആഹ്ളാദിച്ചു പാടും! എന്തുകൊണ്ടെന്നാല്‍, യഹോവ വരികയായി. ലോകത്തിന്‍റെ ന്യായവിധി നടത്താന്‍ അവന്‍ വരുന്നു. 34 നന്മ നിറഞ്ഞ യഹോവയ്ക്കു നന്ദി. യഹോവയുടെ സ്നേഹം നിത്യമാകുന്നു.
35 യഹോവയോടു പറയുക, “ഓ ദൈവമേ, ഞങ്ങളുടെ രക്ഷകാ ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളെ ഒരുമിച്ചുകൂട്ടി മറ്റു ജനതകളില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ. അപ്പോള്‍ ഞങ്ങള്‍ക്ക് അങ്ങയുടെ നാമം വാഴ്ത്താം. അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്തോത്രഗീതങ്ങള്‍ പാടാം.”
36 യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ. അവനെക്കാലവും വാഴ്ത്തപ്പെടട്ടെ. എല്ലാവരും യഹോവയെ വാഴ്ത്തിക്കൊണ്ടു പറഞ്ഞു, “ആമേന്‍!”
37 അനന്തരം ദാവീദ് ആസാഫിനെയും അവന്‍റെ സഹോദരന്മാരെയും അവിടെ സാക്ഷ്യപെട്ടകത്തിനു മുന്പില്‍ വിട്ടിട്ടുപോയി. എന്നും അതിനു മുന്പില്‍ ആരാധന നടത്താനാണ് ദാവീദ് അവരെ നിയോഗിച്ചത്. 38 ഓബേദ്-എദോമിനെയും മറ്റ് അറുപത്തെട്ടു ലേവ്യരേയും ആസാഫിനോടും സഹോദരന്മാരോടുമൊപ്പം ആരാധന നടത്താന്‍ ദാവീദ് നിയോഗിച്ചു. ഓബേദ്-എദോമും ഹോസയെയും വാതില്‍ കാവല്‍ക്കാരായിരുന്നു. യെദൂഥൂന്‍റെ പുത്രനായിരുന്നു ഓബേദ്-എദോം.
39 ദാവീദ് ഗിബെയോനിലെ ഉന്നതസ്ഥലത്തുള്ള യഹോവയുടെ കൂടാരത്തിനു മുന്പില്‍ ആരാധന നടത്തുന്നതിന് പുരോഹിതനായ സാദോക്കിനെയും മറ്റു പുരോഹിതന്മാരെയും നിയോഗിച്ചു. 40 എല്ലാ പ്രഭാതത്തിലും സായാഹ്നത്തിലും സാദോക്കും പുരോഹിതന്മാരും ഹോമയാഗപീഠത്തില്‍ ഹോമയാഗങ്ങളര്‍പ്പിച്ചു. യഹോവ യിസ്രായേല്‍ജനതയ്ക്കു നല്‍കിയ യഹോവയുടെ നിയമത്തിലെഴുതപ്പെട്ടിരിക്കുന്ന ചട്ടങ്ങള്‍ പാലിക്കാനാണ് അവര്‍ അങ്ങനെയൊക്കെ ചെയ്തത്. 41 ഹേമാനും യെദൂഥൂനും മറ്റെല്ലാ ലേവ്യരും യഹോവയുടെ നിത്യമായ സ്നേഹത്തെ വാഴ്ത്തിപ്പാടാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരായിരുന്നു! 42 ഹേമാനും യെദൂഥൂനും അവരിലുണ്ടായിരുന്നു. കാഹളം വിളിക്കുകയും ഇലത്താളം മുഴക്കുകയുമായിരുന്നു അവരുടെ തൊഴില്‍. ദൈവത്തിനുവേണ്ടി ഗാനങ്ങള്‍ ആലപിക്കുന്പോള്‍ മറ്റു സംഗീതോപകരണങ്ങള്‍ വായിക്കുന്ന ജോലിയും ഇവര്‍ക്കുണ്ടായിരുന്നു. യെദൂഥൂനിന്‍റെ പുത്രന്മാര്‍ കവാടങ്ങളില്‍ കാവല്‍ നിന്നു. 43 ആഘോഷങ്ങള്‍ക്കു ശേഷം എല്ലാവരും അവിടം വിട്ടു. ഓരോരുത്തരും അവരവരുടെ വീടുകളിലേക്കു പോയി. ദാവീദും തന്‍റെ കുടുംബത്തെ അനുഗ്രഹിക്കാന്‍ വസതിയിലേക്കു പോയി.