ദാവീദിന് ദൈവത്തിന്‍റെ വാഗ്ദാനം
17
1 വീട്ടിനുള്ളില്‍ കയറിയതിനു ശേഷം ദാവീദ് പ്രവാചകനായ നാഥാനോടു പറഞ്ഞു, “നോക്കൂ, ഞാന്‍ ദേവദാരുമരം കൊണ്ടുണ്ടാക്കിയ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍ സാക്ഷ്യപെട്ടകമാകട്ടെ കൂടാരത്തിലിരിക്കുന്നു. ദൈവത്തിന് ഒരു ആലയം പണിയണമെന്ന് എനിക്കാഗ്രഹമുണ്ട്.”
2 നാഥാന്‍, ദാവീദിനോടു മറുപടി പറഞ്ഞു, “അങ്ങയ്ക്കിഷ്ടമുള്ളതു പോലെ ചെയ്യൂ. ദൈവം അങ്ങയോടൊപ്പമുണ്ട്.”
3 എന്നാല്‍ ആ രാത്രി നാഥാന് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി.
4 ദൈവം പറഞ്ഞു, “എന്‍റെ ദാസനായ ദാവീദിനോടു ഇക്കാര്യങ്ങള്‍ ചെന്നു പറയുക: യഹോവ പറയുന്നു, ‘എനിക്കു വാസസ്ഥലം പണിയേണ്ടതു നീയല്ല ദാവീദേ.
5-6 യിസ്രായേലിനെ ഞാന്‍ ഈജിപ്തില്‍നിന്നും മോചിപ്പിച്ചതുമുതല്‍ ഇന്നുവരെ, ഞാന്‍ ഒരു വസതിയില്‍ താമസിച്ചിട്ടില്ല. കൂടാരങ്ങളില്‍ വസിച്ച് ഞാന്‍ സഞ്ചരിച്ചു. യിസ്രായേല്‍ജനതയ്ക്കു പ്രത്യേക നേതാക്കന്മാരെ ഞാന്‍ തെരഞ്ഞെടുത്തു. അവര്‍ എന്‍റെ ജനതയുടെ ഇടയന്മാരെപ്പോലെയാണ്. യിസ്രായേലില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സഞ്ചരിക്കവേ ഞാനൊരിക്കലും ആ നേതാക്കന്മാരോടു നിങ്ങളെന്തുകൊണ്ട് ദേവദാരുമരം കൊണ്ടൊരു ആലയം എനിക്കായി പണിതില്ല? എന്നു ചോദിച്ചില്ല.’
7 “ഇനി എന്‍റെ ദാസനായ ദാവീദിനോടു ഇങ്ങനെയും കൂടി പറയുക: സര്‍വ്വശക്തനായ യഹോവ പറയുന്നു, ‘ആടുകളെ മേയ്ച്ചു കൊണ്ടു വയലുകളില്‍ നടന്നിരുന്ന നിന്നെ ഞാന്‍ അവിടെനിന്നും എടുത്തു. നിന്നെ ഞാന്‍ എന്‍റെ യിസ്രായേല്‍ ജനതയുടെ രാജാവാക്കി.
8 നീ പോയ എല്ലായിടവും ഞാന്‍ നിന്നോടൊപ്പമുണ്ടായിരുന്നു. നിനക്കുമുന്പേ പോയി ഞാന്‍ നിന്‍റെ ശത്രുക്കളെ വധിച്ചു. ഇനി നിന്നെ ഞാന്‍ ഭൂമിയിലെ ഏറ്റവും കീര്‍ത്തിമാന്മാരില്‍ ഒരാളാക്കി മാറ്റും.
9 ഈ സ്ഥലം ഞാനെന്‍റെ യിസ്രായേല്‍ജനതയ്ക്കായി നല്‍കുന്നു. അവര്‍ അവരുടെ വൃക്ഷങ്ങള്‍ നടുകയും അവയ്ക്കു ചുവട്ടില്‍ സമാധാനത്തോടെ ഇരിക്കുകയും ചെയ്യും. അവര്‍ക്ക് അവിടെ ഒന്നിനെപ്പറ്റിയും വേവലാതിപ്പെടേണ്ടതില്ല. ആദ്യം ചെയ്തിരുന്നതുപോലെ ദുഷ്ടന്മാര്‍ അവരെ മുറിവേല്പിക്കുകയില്ല.
10 ആ തിന്മകള്‍ സംഭവിച്ചുവെങ്കിലും എന്‍റെ യിസ്രായേല്‍ജനതയെ സംരക്ഷിക്കുവാന്‍ ഞാന്‍ നേതാക്കളെ തെരഞ്ഞെടുത്തു. നിന്‍റെ എല്ലാ ശത്രുക്കളെയും ഞാന്‍ തോല്പിക്കുകയും ചെയ്യും.
“‘യഹോവ നിനക്കായൊരു ഭവനം നിര്‍മ്മിക്കുമെന്ന് ഞാന്‍ പറയുന്നു.* യഹോവ … പറയുന്നു ഒരു യഥാര്‍ത്ഥ ഭവനമല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. ദാവീദിന്‍റെ കുടുംബത്തില്‍ നിന്നുള്ളവരെ യഹോവ വളരെ വളരെ വര്‍ഷക്കാലത്തേക്കു രാജാവാക്കും എന്നാണിതിനര്‍ത്ഥം.
11 നീ മരിച്ച് നിന്‍റെ പൂര്‍വ്വികരോടു ചേരുന്പോള്‍ നിന്‍റെ പുത്രനെ പുതിയ രാജാവാകാന്‍ ഞാന്‍ അനുവദിക്കും. നിന്‍റെ പുത്രന്മാരിലൊരുവനായിരിക്കും പുതിയ രാജാവ്. അവന്‍റെ രാജ്യം ഞാന്‍ ശക്തമാക്കും.
12 നിന്‍റെ പുത്രന്‍ എനിക്കായി ഒരു ഭവനം പണിയും. നിന്‍റെ പുത്രന്‍റെ കുടുംബത്തെ ഞാന്‍ എന്നെന്നേക്കും ഭരണകര്‍ത്താക്കളാക്കും.
13 ഞാനവന്‍റെ പിതാവും അവനെന്‍റെ പുത്രനുമാകും. നിനക്കു മുന്പ് ശെൌല്‍ രാജാവായിരുന്നു. ഞാന്‍ ശെൌലിനുള്ള എന്‍റെ പിന്തുണ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ നിന്‍റെ പുത്രനെ സ്നേഹിക്കുന്നതില്‍ നിന്ന് ഞാനൊരിക്കലും പിന്മാറില്ല.
14 അവനെ ഞാനെന്‍റെ ആലയത്തിന്‍റെയും രാജ്യത്തിന്‍റെയും ചുമതലക്കാരനാക്കും. അവന്‍റെ ഭരണം നിത്യമായി സ്ഥാപിക്കപ്പെടും!”’
15 ദര്‍ശനത്തെപ്പറ്റിയും ദൈവം പറഞ്ഞ കാര്യങ്ങളെപ്പറ്റിയും നാഥാന്‍ ദാവീദിനോടു പറഞ്ഞു.
ദാവീദിന്‍റെ പ്രാര്‍ത്ഥന
16 അനന്തരം ദാവീദുരാജാവ് വിശുദ്ധകൂടാരത്തിലേക്കുകടന്ന് യഹോവയ്ക്കു മുന്പിലിരുന്നു. ദാവീദു പറഞ്ഞു, “യഹോവയായ ദൈവമേ, എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടി നീ വളരെ കാര്യങ്ങള്‍ ചെയ്തു. അതെന്തുകൊണ്ടെന്ന് എനിക്കു മനസ്സിലാകുന്നുമില്ല.
17 അതിനെല്ലാം പുറമേ, ഭാവിയില്‍ എന്‍റെ കുടുംബത്തിനെന്തു സംഭവിക്കുമെന്നും അങ്ങ് എനിക്കു കാണിച്ചു തന്നു. എന്നെ വളരെ വലിയൊരാളെപ്പോലെ അങ്ങു പരിഗണിച്ചു.
18 ഇനി ഞാനെന്താണു പറയേണ്ടത്? അങ്ങ് എനിക്കു വളരെ കാര്യങ്ങള്‍ ചെയ്തു തന്നു. ഞാന്‍ അങ്ങയുടെ ദാസന്‍ മാത്രമാകുന്നു. അങ്ങയ്ക്കതറിയാം.
19 യഹോവേ, ഈ അത്ഭുതകൃത്യം അങ്ങ് എനിക്കായി ചെയ്തു. എന്തെന്നാല്‍ ഈ മഹാകാര്യങ്ങളൊക്കെ പരസ്യപ്പെടുത്താന്‍ അങ്ങ് ആഗ്രഹിച്ചു.
20 യഹോവേ, അങ്ങയെപ്പോലെ മറ്റൊരുവനുമില്ല. അങ്ങല്ലാതെ ഒരു ദൈവമില്ല. മറ്റൊരു ദൈവവും ഇതുപോലെ അത്ഭുതങ്ങള്‍ കാട്ടുന്നതായി ഞങ്ങള്‍ ഒരിക്കലും കേട്ടിട്ടു കൂടിയില്ല!
21 യിസ്രായേലു പോലെ മറ്റൊരു രാഷ്ട്രമുണ്ടോ? ഇല്ല! അങ്ങ് അത്ഭുതങ്ങള്‍ കാട്ടിയ ഭൂമിയിലെ ഒരേയൊരു രാജ്യം യിസ്രായേല്‍ മാത്രമാണ്. അങ്ങ് ഞങ്ങളെ ഈജിപ്തില്‍ നിന്നും പുറത്തു കൊണ്ടുവന്ന് സ്വതന്ത്രരാക്കി. അങ്ങ് അങ്ങയെത്തന്നെ കീര്‍ത്തിമാനാക്കി. അങ്ങ് അങ്ങയുടെ ജനതയ്ക്കു മുന്പേ നടന്ന് ഞങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരെ അവരുടെ നാട്ടില്‍നിന്നും പുറത്താക്കി!
22 യിസ്രായേല്‍ ജനതയെ അങ്ങ് എന്നെന്നേക്കും അങ്ങയുടെ ജനതയായി എടുത്തു. യഹോവേ, അങ്ങ് അവരുടെ ദൈവമാകുകയും ചെയ്തു.
23 “യഹോവേ, അങ്ങ് എന്നോടും എന്‍റെ കുടുംബത്തോടും ഈ പ്രതിജ്ഞ ചെയ്തു. ഇപ്പോള്‍ അങ്ങ് അങ്ങയുടെ വാഗ്ദാനം എക്കാലത്തേക്കുമായി പാലിക്കേണമേ. അങ്ങ് ചെയ്യുമെന്നു പ്രഖ്യാപിച്ചവ ചെയ്യേണമേ!
24 അങ്ങ് വിശ്വസ്തനാണെന്നു കാണിച്ചാലും! അങ്ങയുടെ നാമം ജനങ്ങളെക്കാലവും വാഴ്ത്തുമെന്നു ഞാന്‍ കരുതുന്നു. അപ്പോള്‍ ജനങ്ങള്‍ പറയും, ‘സര്‍വ്വശക്തനായ യഹോവയാകുന്നു യിസ്രായേലിന്‍റെ ദൈവം!’ ഞാന്‍ അങ്ങയുടെ ദാസന്‍! എന്‍റെ കുടുംബത്തെ ദയവായി കരുത്തുറ്റതാക്കുകയും അങ്ങയെ സേവിക്കാന്‍ തുടര്‍ന്നും അനുവദിക്കുകയും ചെയ്യേണമേ.
25 “എന്‍റെ ദൈവമേ, അങ്ങ് അങ്ങയുടെ ദാസനായ എന്നോടു സംസാരിച്ചു. എന്‍റെ കുടുംബത്തെ ഒരു രാജകുടുംബമാക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തു. അതിനാലാണ് ഞാനിത്ര നിര്‍ഭയനായി അങ്ങയോടു പ്രാര്‍ത്ഥിക്കാന്‍ ധൈര്യപ്പെടുന്നത്.
26 യഹോവേ, അങ്ങാകുന്നു ദൈവം. ഈ നന്മകളെനിക്കായി ചെയ്യാമെന്ന് അങ്ങു വാഗ്ദാനവും ചെയ്തിരുന്നു.
27 യഹോവേ, അങ്ങ് കാരുണ്യത്തോടെ എന്‍റെ കുടുംബത്തെ അനുഗ്രഹിച്ചു. അങ്ങയെ നിത്യമായും സേവിക്കുവാന്‍ എന്‍റെ കുടുംബത്തെ അങ്ങ് കരുണയോടെ അനുവദിച്ചു. യഹോവേ, അങ്ങ് എന്‍റെ കുടുംബത്തെ അനുഗ്രഹിച്ചു. അങ്ങനെ എന്‍റെ കുടുംബം എന്നെന്നേക്കും അനുഗൃഹീതമായി!”