ദാവീദ് അനേകം രാഷ്ട്രങ്ങള്‍ക്കുമേല്‍ വിജയം നേടുന്നു
18
1 പിന്നീട് ദാവീദ് ഫെലിസ്ത്യരെ ആക്രമിച്ചു. അവരെ പരാജയപ്പെടുത്തി. ഗത്ത്പട്ടണവും അതിനുചുറ്റിലുമുള്ള ചെറുപട്ടണങ്ങളും അവന്‍ ഫെലിസ്ത്യരില്‍നിന്നും പിടിച്ചെടുത്തു.
2 അനന്തരം ദാവീദ് മോവാബു രാജ്യത്തെ പരാജയപ്പെടുത്തി. മോവാബ്യജനത ദാവീദിന്‍റെ ദാസന്മാരായി. അവര്‍ ദാവീദിന് കപ്പം കൊടുത്തു.
3 ഹദദേസെരിന്‍റെ സൈന്യവുമായും ദാവീദ് ഏറ്റുമുട്ടി. സോബയിലെ രാജാവായിരുന്നു ഹദദേസെര്‍. ഹമാത്തു നഗരംവരെ ദാവീദ് ആ സൈന്യത്തിനെതിരെ യുദ്ധം ചെയ്തു. ഹദദേസെര്‍ തന്‍റെ രാജ്യവിസ്തൃതി യൂഫ്രട്ടീസുനദി വരെയാക്കാന്‍ ശ്രമിച്ചതിനാലാണ് ദാവീദ് അങ്ങനെ ചെയ്തത്.
4 ഹദദേസെരില്‍നിന്നും ദാവീദ് ആയിരം രഥങ്ങളും ഏഴായിരം തേരാളികളെയും ഇരുപതിനായിരം ഭടന്മാരെയും പിടിച്ചെടുത്തു. തേരുകള്‍ വലിക്കാനുപയോഗിച്ചിരുന്ന, ഹദദേസെരിന്‍റെ കുതിരകളില്‍ മിക്കവയേയും ദാവീദ് മുടന്തുള്ളവയാക്കുകയും ചെയ്തു. എന്നാല്‍ നൂറുതേരുകള്‍ വലിക്കാനുള്ള കുതിരകളെ ദാവീദ് രക്ഷിച്ചു.
5 ദമ്മേശെക്കില്‍ നിന്നുള്ള അരാമ്യര്‍ ഹദദേസെരിനെ സഹായിക്കാന്‍ വന്നു. ഹദദേസെര്‍ സോബയിലെ രാജാവായിരുന്നു. പക്ഷേ ദാവീദ് 22,000 അരാമ്യഭടന്മാരെ പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു.
6 അനന്തരം ദാവീദ് അരാമിലെ ദമ്മേശെക്കു നഗരത്തില്‍ കോട്ട പണിതു. അരാമ്യര്‍ ദാവീദിന്‍റെ ഭൃത്യന്മാരാവുകയും അദ്ദേഹത്തിനു കപ്പം കൊടുക്കുകയും ചെയ്തു. അങ്ങനെ യഹോവ, ദാവീദ് ചെന്നിടത്തൊക്കെ അയാള്‍ക്ക് വിജയം ഉണ്ടാക്കി.
7 ദാവീദ്, ഹദദേസെരിന്‍റെ സേനാനായകന്മാരില്‍നിന്നും സ്വര്‍ണ്ണക്കവചങ്ങള്‍ പിടിച്ചെടുത്ത് അവ യെരുശലേമിലേക്കു കൊണ്ടുവന്നു.
8 തിബ്ഹാത്ത്, കൂന്‍ പട്ടണങ്ങളില്‍ നിന്ന് ധാരാളം വെങ്കലവും ദാവീദ് കൊണ്ടുവന്നു. ആ പട്ടങ്ങള്‍ ഹദദേസെരിന്‍റേതായിരുന്നു. പിന്നീട്, ഈ വെങ്കലമുപയോഗിച്ചാണ് ശലോമോന്‍, വെങ്കലത്തൊട്ടിയും വെങ്കലത്തൂണുകളും ആലയത്തിലേക്കുള്ള മറ്റു വെങ്കലസാമഗ്രികളും ഉണ്ടാക്കിയത്.
9 തോവൂ ആയിരുന്നു ഹമാത്തുനഗരത്തിലെ രാജാവ്. ഹദദേസെരിന്‍റെ സൈന്യത്തെ മുഴുവന്‍ ദാവീദ് പരാജയപ്പെടുത്തിയതായി തോവൂ കേട്ടു.
10 അതിനാല്‍ തോവൂ തന്‍റെ പുത്രനായ ഹദോരാമിനെ ദാവീദുരാജാവിന്‍റെയടുത്തേക്കു സമാധാനത്തിനും അനുഗ്രഹത്തിനുമായി അയച്ചു. ഹദദേസരിനെതിരെ യുദ്ധം ചെയ്ത് ദാവീദ് അയാളെ തോല്പിച്ചതിനാലാണ് തോവൂ അങ്ങനെ ചെയ്തത്. ഹദദേസെര്‍ മുന്പ് തോവൂവുമായും യുദ്ധം ചെയ്തിരുന്നു. ദാവീദിന് ഹദോരാം സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നിവ കൊണ്ടുള്ള സാധനങ്ങള്‍ നല്‍കി.
11 ദാവീദുരാജാവ് ആ സാധനങ്ങള്‍ വിശുദ്ധീകരിക്കുകയും അവ യഹോവയ്ക്കു നല്‍കുകയും ചെയ്തു. എദോമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിവരില്‍നിന്നും ലഭിച്ച വെള്ളിയും സ്വര്‍ണ്ണവുമൊക്കെ ദാവീദ് അങ്ങനെയാണു ചെയ്തത്.
12 സെരൂയയുടെ പുത്രനായ അബീശായി പതിനെണ്ണായിരം എദോമ്യരെ ഉപ്പുതാഴ്വരയില്‍ വച്ചു വധിച്ചു.
13 അബീശായി എദോമില്‍ ഭരണാധികാരികളെ നിയമിക്കുകയും എല്ലാ എദോമ്യരും ദാവീദിന്‍റെ ദാസന്മാരായിത്തീരുകയും ചെയ്തു. പോയിടത്തൊക്കെ യഹോവ ദാവീദിന് വിജയം നല്‍കി.
ദാവീദിന്‍റെ ഉദ്യോഗസ്ഥപ്രമുഖന്മാര്‍
14 ദാവീദ് യിസ്രായേലിന്‍റെ മുഴുവന്‍ രാജാവായിരുന്നു. അദ്ദേഹം എല്ലാവരോടും നീതിയോടെ പെരുമാറി.
15 സെരൂയയുടെ പുത്രനായ യോവാബായിരുന്നു ദാവീദിന്‍റെ സൈന്യാധിപന്‍. അഹീലൂദിന്‍റെ പുത്രനായ യെഹോശാഫാത്ത് ദാവീദിന്‍റെ പ്രവൃത്തികളെപ്പറ്റി എഴുതിവച്ചു.
16 സാദോക്കും അഹീമേലെക്കും ആയിരുന്നു പുരോഹിതന്മാര്‍. സാദോക്ക് അഹീത്തൂബിന്‍റെ പുത്രനും അഹീമേലെക്ക് അബ്യാഥാരിന്‍റെ പുത്രനുമായിരുന്നു. ശവ്ശാ ആയിരുന്നു പകര്‍പ്പെഴുത്തുകാരന്‍.
17 ക്രേത്യരെയും പ്ലേത്യരെയും നയിക്കുന്നതിന്‍റെ ചുമതല ബെനായാവിനായിരുന്നു. യെഹോയാദയുടെ പുത്രനായിരുന്നു ബെനായാവ്. ദാവീദിന്‍റെ പുത്രന്മാരും പ്രമുഖ ഉദ്യോഗസ്ഥന്മാരായിരുന്നു. അവര്‍ ദാവീദുരാജാവിന്‍റെ പാര്‍ശ്വസേവകരായിരുന്നു.