യോവാബ് അമ്മോന്യരെ നശിപ്പിക്കുന്നു
20
വസന്തത്തില്‍ യോവാബ് യിസ്രായേല്‍സേനയെ യുദ്ധരംഗത്തേക്കു നയിച്ചു. വര്‍ഷത്തിലെ ആകാലത്താണ് രാജാക്കന്മാര്‍ യുദ്ധത്തിന് പുറപ്പെടാറുള്ളത്. എന്നാല്‍ ദാവീദ് യെരൂശലേമില്‍ തന്നെ തങ്ങി. യിസ്രായേല്‍സേന അമ്മോനിലേക്കു ചെന്ന് ആ രാജ്യത്തെ തോല്പിച്ചു. അനന്തരം അവര്‍ രബ്ബാ നഗരത്തിലേക്കു പോയി. സൈന്യം നഗരത്തിലേക്കു പോയി. സൈന്യം നഗരത്തിനു ചുറ്റും താവളമടിച്ചു. ജനങ്ങള്‍ നഗരത്തിനകത്തേക്കും പുറത്തേക്കും കടക്കുന്നതു തടയാനായിരുന്നു അവരങ്ങനെ ചെയ്തത്. പൂര്‍ണ്ണമായും നശിക്കുംവരെ അവര്‍ രബ്ബാനഗരത്തെ ആക്രമിച്ചു.
ദാവീദ് അവരുടെ രാജാവിന്‍റെ* അവരുടെ രാജാവിന്‍റെ അഥവാ അമ്മോന്യരുടെ ദേവനായ മില്‍കോമിന്‍റെ. തലയില്‍ നിന്നും കിരീടമെടുത്തു. ആ സ്വര്‍ണ്ണക്കിരീടത്തിന് എഴുപത്തഞ്ചു പൌണ്ട് ഭാരമുണ്ടായിരുന്നു. കിരീടത്തില്‍ അമൂല്യങ്ങളായ കല്ലുകളുണ്ടായിരുന്നു. കിരീടം ദാവീദിന്‍റെ തലയിലണിയപ്പെട്ടു. പിന്നീട്, രബ്ബാനഗരത്തില്‍നിന്നും കൊണ്ടു വന്ന വിലപ്പിടിപ്പുള്ള അനേകം സാധനങ്ങളും ദാവീദിനുണ്ടായി. രബ്ബാ നിവാസികളെക്കൊണ്ട് ദാവീദ് അറക്കവാള്‍, കൂന്താലി, കോടാലി എന്നിവ കൊണ്ടുള്ള പണികള്‍ എടുപ്പിച്ചു. അമ്മോന്യരുടെ എല്ലാ നഗരങ്ങളോടും ദാവീദ് അതേ കാര്യങ്ങള്‍ ചെയ്തു. അനന്തരം ദാവീദും മുഴുവന്‍ സൈന്യവും യെരൂശലേമിലേക്കു മടങ്ങി.
ഫെലിസ്ത്യരാക്ഷസന്മാര്‍ വധിക്കപ്പെട്ടു
പിന്നീട് യിസ്രായേല്‍ജനത ഗേസെര്‍ പട്ടണത്തില്‍വച്ച് ഫെലിസ്ത്യരുമായി യുദ്ധം ചെയ്തു. അക്കാലത്ത്, ഹൂശാത്യനായ സിബ്ബെക്കായി സിപ്പായിയെ വധിച്ചു. മല്ലന്മാരുടെ പുത്രന്മാരിലൊരുവനായിരുന്നു സിപ്പായി. അങ്ങനെ ആ ഫെലിസ്ത്യര്‍ യിസ്രായേലുകാര്‍ക്കു അടിമകളെപ്പോലെയായി.
മറ്റൊരിക്കല്‍, യിസ്രായേല്‍ജനത, ഫെലിസ്ത്യജനതയുമായി ഒരു യുദ്ധം കൂടി ചെയ്തു. യായീരിന്‍റെ പുത്രനായ എല്‍ഹാനാന്‍ ലഹ്മിയെ വധിച്ചു. ഗൊല്യാത്തിന്‍റെ സഹോദരനായിരുന്നു ലഹ്മി. ഗത്തുകാരനായിരുന്നു ഗോല്യാത്ത്. ലഹ്മിയുടേത് വളരെ വലുതും ഭാരിച്ചതുമായ ഒരു കുന്തമായിരുന്നു. ഒരു നെയ്ത്തുതറിയുടെ തൂണിന്‍റെയത്ര വലിപ്പം അതിനുണ്ടായിരുന്നു.
പിന്നീട് യിസ്രായേലുകാര്‍ ഗത്തുപട്ടണത്തില്‍വച്ച് ഫെലിസ്ത്യരുമായി മറ്റൊരു യുദ്ധം കൂടി ചെയ്തു. ആ പട്ടണത്തില്‍ ഭീമാകായനായ ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് കൈകളിലും കാലുകളിലുമായി ഇരുപത്തിനാലു വിരലുകളുമുണ്ടായിരുന്നു. ഓരോ കൈയിലും ആറു വിരല്‍വീതവും ഓരോ കാലിലും ആറുവിരല്‍ വീതവുമുണ്ടായിരുന്നു. അയാളും രാക്ഷസന്മാരുടെ പുത്രന്മാരിലൊരുവനായിരുന്നു. അയാള്‍ യിസ്രായേല്‍ജനതയെ പരിഹസിച്ചപ്പോള്‍ യോനാഥാന്‍ അയാളെ വധിച്ചു. ശിമെയയുടെ പുത്രനായിരുന്നു യോനാഥാന്‍. ശിമെയാ ദാവീദിന്‍റെ സഹോദരനും.
ഗത്തുപട്ടണത്തിലെ രാക്ഷസന്മാരുടെ പുത്രന്മാരായിരുന്നു ആ ഫെലിസ്ത്യര്‍. ആ രാക്ഷസന്മാരെ ദാവീദും അയാളുടെ ദാസന്മാരും വധിച്ചു.