22
1 ദാവീദു പറഞ്ഞു, “യഹോവയായ ദൈവത്തിനുള്ള ആലയവും യിസ്രായേല്‍ജനതയ്ക്കായുള്ള ഹോമയാഗപീഠവും ഇവിടെ പണിയും.”
ആലയനിര്‍മ്മാണം ദാവീദ് ആസൂത്രണം ചെയ്യുന്നു
2 യിസ്രായേലില്‍വസിക്കുന്ന എല്ലാ വിദേശികളോടും ഒത്തുചേരാന്‍ ദാവീദ് കല്പിച്ചു. ആ വിദേശികള്‍ക്കിടയില്‍നിന്നും ദാവീദ് കല്ലുവെട്ടുകാരെ തെരഞ്ഞെടുത്തു. ദൈവത്തിന്‍റെ ആലയ നിര്‍മ്മാണത്തിനാവശ്യമായ കല്ല് വെട്ടി തയ്യാറാക്കുകയായിരുന്നു അവരുടെ ജോലി.
3 പടിവാതിലുകള്‍ക്കാവശ്യമായ ആണികളും കൊളുത്തുകളുമുണ്ടാക്കാനുള്ള ഇരുന്പും ദാവീദ് ശേഖരിച്ചു. കണക്കറ്റതൂക്കം ഓടും ദാവീദ് കരുതി.
4 അസംഖ്യം ദേവദാരുമരവും ദാവീദ് സന്പാദിച്ചു. സീദോന്‍, സോര്‍ നഗരവാസികള്‍ ധാരാളം ദേവദാരു വൃക്ഷങ്ങള്‍ ദാവീദിനു നല്‍കി.
5 ദാവീദു പറഞ്ഞു, “യഹോവയ്ക്കു ഒരു മഹാ ആലയം നമ്മള്‍ നിര്‍മ്മിക്കും. എന്നാല്‍ എന്‍റെ പുത്രനായ ശലോമോന്‍ ചെറുപ്പമായതിനാല്‍ അറിയേണ്ടതൊന്നും അറിഞ്ഞിട്ടില്ല. ആലയം അതിമഹത്തായിരിക്കണം. ഈ ആലയം അതിന്‍റെ മഹത്വംകൊണ്ടും സൌന്ദര്യംകൊണ്ടും എല്ലാ രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അറിയപ്പെടണം. അതിനാലാണ് യഹോവയുടെ ആലയനിര്‍മ്മാണം ഞാനിങ്ങനെ ആസൂത്രണം ചെയ്യുന്നത്.”അങ്ങനെ ദാവീദ് തന്‍റെ മരണത്തിനു മുന്പ് ആലയനിര്‍മ്മാണത്തിനു പരിപാടിയിട്ടു.
6 അനന്തരം ദാവീദ് തന്‍റെ പുത്രനായ ശലോമോനെ വിളച്ചു. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയ്ക്കു ആലയം പണിയണമെന്ന് ദാവീദ് ശലോമോനോടു പറഞ്ഞു.
7 ദാവീദ് ശലോമോനോടു പറഞ്ഞു, “എന്‍റെ മകനേ, എന്‍റെ ദൈവമാകുന്ന യഹോവയ്ക്കു ഒരു ആലയം പണിയണമെന്ന് എനിക്കാഗ്രഹമുണ്ട്.
8 എന്നാല്‍ യഹോവ എന്നോടു പറഞ്ഞു, ‘ദാവീദേ, നീ അനേകം യുദ്ധങ്ങള്‍ ചെയ്യുകയും ഒരുപാടു പേരെ വധിക്കുകയും ചെയ്തു. അതിനാല്‍ എന്‍റെ നാമത്തില്‍ ഒരു ആലയം പണിയേണ്ടതു നീയല്ല.
9 എന്നാല്‍ നിനക്ക് സമാധാനപുരുഷനായ ഒരു പുത്രനുണ്ട്. നിന്‍റെ പുത്രനു ഞാനൊരു സമാധാനകാലം നല്‍കും. അവനു ചുറ്റുമുള്ള അവന്‍റെ ശത്രുക്കള്‍ അവനെ ഉപദ്രവിക്കുകയില്ല. ശലോമോന്‍ എന്നായിരിക്കും അവന്‍റെ പേര്. ശലോമോന്‍ രാജാവായിരിക്കുന്ന കാലം യിസ്രായേലില്‍ ഞാന്‍ ശാന്തിയും സമാധാനവും നല്‍കും.
10 ശലോമോന്‍ എന്‍റെ നാമത്തില്‍ ആലയം പണിയും. ശലോമോന്‍ എന്‍റെ പുത്രനും ഞാനവന്‍റെ പിതാവുമായിരിക്കും. ശലോമോന്‍റെ ഭരണത്തെ ഞാന്‍ ശക്തമാക്കും. അവന്‍റെ കുടുംബത്തില്‍നിന്നുള്ള ആരെങ്കിലുമായിരിക്കും എക്കാലവും യിസ്രായേല്‍ ഭരിക്കുക!’”
11 ദാവീദ് തുടര്‍ന്നു, “മകനേ, ഇനി യഹോവ നിന്നോടൊപ്പമുണ്ടായിരിക്കട്ടെ. നിനക്കു കഴിയുമെന്നു യഹോവ പറഞ്ഞതുപോലെ വിജയിയായിരിക്കാനും നിന്‍റെ ദൈവമാകുന്ന യഹോവയ്ക്കു ആലയം പണിയാനും നിനക്കു സാധിക്കട്ടെ.
12 യഹോവ നിന്നെ യിസ്രായേലിന്‍റെ രാജാവാക്കും. ജനതയെ നയിക്കുവാനും നിന്‍റെ ദൈവമാകുന്ന യഹോവയുടെ നിയമങ്ങളനുസരിക്കുവാനുമുള്ള അറിവും മനസ്സും യഹോവ നിനക്ക് നല്‍കട്ടെ.
13 യിസ്രായേലിനുവേണ്ടി യഹോവ മോശെയ്ക്കു നല്‍കിയ നിയമങ്ങളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വ്വം അനുസരിക്കുന്നുവെങ്കില്‍ നിനക്ക് വിജയമുണ്ടാകും. ഉറപ്പോടെയും ധൈര്യത്തോടെയുമിരിക്കുക. ഭയപ്പെടേണ്ടതില്ല.
14 “ശലോമോന്‍, യഹോവയുടെ ആലയം പണിയുന്നതിനുള്ള സാധനങ്ങളൊരുക്കാന്‍ ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. മൂവായിരത്തിയെഴുന്നൂറ്റന്പതു ടണ്‍ സ്വര്‍ണ്ണം ഞാന്‍ നല്‍കി. മുപ്പത്തേഴായിരത്തിയഞ്ഞൂറു ടണ്‍ വെള്ളി ഞാന്‍ സംഭരിച്ചു. തൂക്കിയാല്‍ തീരാത്തത്ര ഇരുന്പും ഓടും ഞാന്‍ സംഭരിച്ചു. മരവും കല്ലും ഞാന്‍ സംഭരിച്ചു. ശലോമോന്‍, നീ അതു വര്‍ദ്ധിപ്പിക്കണം.
15 നിനക്ക് ധാരാളം കല്ലുവെട്ടുകാരും മരപ്പണിക്കാരുമുണ്ട്. എല്ലാത്തരം ജോലിക്കും വിദഗ്ധരായവര്‍ നിന്‍റെ പക്കലുണ്ട്.
16 സ്വര്‍ണ്ണം, വെള്ളി, ഓട്, ഇരുന്പ് എന്നിവകൊണ്ടുള്ള വേലകളില്‍ അതീവ സമര്‍ത്ഥരാണവര്‍. എണ്ണിയാല്‍ തീരാത്തത്ര വിദഗ്ധജോലിക്കാര്‍ നിനക്കുണ്ട്. ഇനി പണി ആരംഭിക്കുക. യഹോവ നിന്നോടൊപ്പമുണ്ടായിരിക്കട്ടെ.”
17 അനന്തരം, തന്‍റെ പുത്രന്‍ ശലോമോനെ സഹായിക്കാന്‍ ദാവീദ് എല്ലാ യിസ്രായേല്‍നേതാക്കളോടും അഭ്യര്‍ത്ഥിച്ചു.
18 ദാവീദ് ആ നേതാക്കന്മാരോടു പറഞ്ഞു, “നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളോടൊപ്പമുണ്ട്. അവന്‍ നിങ്ങള്‍ക്ക് സമാധാനകാലം തന്നിരിക്കുന്നു. നമുക്കു ചുറ്റുമുള്ളവരെ തോല്പിക്കുന്നതിന് യഹോവ എന്നെ സഹായിച്ചു. ഈ ദേശം ഇപ്പോള്‍ യഹോവയുടെയും അവന്‍റെ ജനതയുടെയും നിയന്ത്രണത്തിലാണ്.
19 ഇപ്പോള്‍ നിങ്ങളുടെ മനസ്സും ആത്മാവും നിങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കു സമര്‍പ്പിക്കുകയും അവന്‍റെ ആജ്ഞകള്‍ നടപ്പാക്കുകയും ചെയ്യുക. യഹോവയായ ദൈവത്തിന്‍റെ വിശുദ്ധസ്ഥലം നിര്‍മ്മിക്കുക. അനന്തരം കരാറിന്‍റെ പെട്ടകവും എല്ലാ വിശുദ്ധവസ്തുക്കളും ആലയത്തിലേക്കു കൊണ്ടുവരിക.”