ആലയത്തില്‍ ശുശ്രൂഷ നടത്താനുള്ള ലേവ്യരുടെ പദ്ധതി
23
1 ദാവീദ് ഒരു വൃദ്ധനായിത്തീരുകയും അദ്ദേഹം ശലോമോനെ യിസ്രായേലിന്‍റെ പുതിയ രാജാവാക്കുകയും ചെയ്തു.
2 എല്ലാ യിസ്രായേല്‍നേതാക്കളേയും ദാവീദ് വിളിച്ചുകൂട്ടി. പുരോഹിതരേയും ലേവ്യരേയും അദ്ദേഹം വിളിച്ചുകൂട്ടി.
3 അവിടെ മുപ്പതുവയസ്സും അതില്‍ക്കൂടുതലും പ്രായമുള്ള എല്ലാ ലേവ്യരേയും ദാവീദ് എണ്ണി. ആകെ മുപ്പത്തെണ്ണായിരം ലേവ്യരുണ്ടായിരുന്നു.
4 ദാവീദു പറഞ്ഞു, “ഇരുപത്തിനാലായിരം ലേവ്യര്‍ യഹോവയുടെ ആലയം പണിയുടെ മേല്‍നോട്ടം നിര്‍വ്വഹിക്കും. ആറായിരം ലേവ്യര്‍ നിയമപാലകരും ന്യായാധിപന്മാരുമായിരിക്കട്ടെ.
5 നാലായിരം ലേവ്യര്‍ കാവല്‍ക്കാരും നാലായിരം ലേവ്യര്‍ സംഗീതജ്ഞന്മാരും ആയിരിക്കട്ടെ. അവര്‍ക്കായി ഞാന്‍ വിശിഷ്ട സംഗീതോപകരണങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. യഹോവയെ വാഴ്ത്താന്‍ അവര്‍ ആ ഉപകരണങ്ങള്‍ ഉപയോഗിക്കട്ടെ.”
6 ദാവീദ്, ലേവ്യരെ മൂന്നായി തിരിച്ചു. ലേവിയുടെ മൂന്നുമക്കളായ ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവരുടെ പേരിലായിരുന്നു അത്.
ഗേര്‍ശോന്‍ഗോത്രം
7 ഗേര്‍ശോന്‍ ഗോത്രത്തില്‍ നിന്ന് ലദ്ദാനും ശിമെയിയും.
8 ലദ്ദാനു മൂന്നുപുത്രന്മാര്‍. യെഹീയേല്‍ അയാളുടെ മൂത്തപുത്രന്‍. സേഥാമനും യോവേലുമായിരുന്നു അയാളുടെ മറ്റുപുത്രന്മാര്‍.
9 ശെലോമീത്ത്, ഹസീയേല്‍. ഹാരാന്‍ എന്നിവര്‍ ശീമെയിയുടെ പുത്രന്മാര്‍. ഈ മൂന്നു പുത്രന്മാരുമായിരുന്നു ലദ്ദാന്‍റെ കുടുംബനാഥന്മാര്‍.
10 ശിമെയിക്കു നാലു പുത്രന്മാര്‍: യഹത്ത്, സീനാ, യെയൂശ്, ബെരീയാം എന്നിവരായിരുന്നു അവര്‍.
11 യഹത്ത് മൂത്തപുത്രനും സീനാ രണ്ടാമത്തെ പുത്രനുമായിരുന്നു. എന്നാല്‍ യെയൂശിനും ബെരീയാമിനും അനേകം പുത്രന്മാരുണ്ടായിരുന്നില്ല. അതിനാല്‍ യെയൂശിനെയും ബെരീയാമിനെയും ഒരു ഒറ്റക്കുടുംബമായാണ് കണക്കാക്കിയത്.
കെഹാത്യഗോത്രം
12 കെഹാത്തിനു നാലു പുത്രന്മാര്‍. അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍ എന്നിവരായിരുന്നു അവര്‍.
13 അഹരോനും മോശെയും അമ്രാമിന്‍റെ പുത്രന്മാരായിരുന്നു. അഹരോന്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. അഹരോനും അയാളുടെ പിന്‍ഗാമികളും എക്കാലത്തേക്കുമായും വിശിഷ്ടരായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. യഹോവയുടെ ശുശ്രൂഷയ്ക്കു വിശുദ്ധവസ്തുക്കളൊരുക്കാനുള്ള ചുമതല വഹിക്കുന്നതിനായിരുന്നു അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. യഹോവയുടെ സവിധത്തില്‍ ധൂപം കത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് അഹരോനും പിന്‍ഗാമികളും. പുരോഹിതന്മാരായി യഹോവയെ സേവിക്കാന്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. യഹോവയുടെ നാമത്തില്‍ ജനങ്ങളെ അനുഗ്രഹിക്കാന്‍ എന്നെന്നേക്കും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
14 മോശെ ദൈവപുരുഷനായിരുന്നു. മോശെയുടെ പുത്രന്മാര്‍ ലേവിഗോത്രത്തിന്‍റെ ഭാഗമായിരുന്നു.
15 ഗേര്‍ശോമും എലീയേസെരുമായിരുന്നു മോശെയുടെ പുത്രന്മാര്‍.
16 ശെബൂവേല്‍ ആയിരുന്നു ഗേര്‍ശോമിന്‍റെ മൂത്തപുത്രന്‍.
17 എലീയേസെരിന്‍റെ മൂത്തപുത്രനായിരുന്നു രെഹബ്യാവ്. എലീയേസരിന് മറ്റു പുത്രന്മാരുണ്ടായിരുന്നില്ല. എന്നാല്‍ രെഹബ്യാവിന് അനേകം പുത്രന്മാരുണ്ടായിരുന്നു.
18 ശെലോമീത്ത് യിസ്ഹാരിന്‍റെ മൂത്തപുത്രന്‍.
19 യെരീയാവ് ഹെബ്രോന്‍റെ മൂത്തപുത്രന്‍. അമാര്യാവ് ഹെബ്രോന്‍റെ രണ്ടാമത്തെ പുത്രന്‍. യഹസീയേല്‍ മൂന്നാമത്തെ പുത്രനും യെക്കമെയാം നാലാമത്തെ പുത്രനുമായിരുന്നു.
20 മീഖാ ഉസ്സീയേലിന്‍റെ മൂത്തപുത്രന്‍. യിശ്ശീയാവ് രണ്ടാമത്തെ പുത്രനും.
മെരാരിഗോത്രം
21 മഹ്ളി, മൂശി എന്നിവരായിരുന്നു മെരാരിയുടെ പുത്രന്മാര്‍. എലെയാസരും കീശും മഹ്ളിയുടെ പുത്രന്മാര്‍.
22 എലെയാസര്‍ പുത്രന്മാരുണ്ടാകാതെ മരിച്ചു. അയാള്‍ക്ക് പുത്രിമാരേ ഉണ്ടായിരുന്നുള്ളൂ. എലെയാസാരിന്‍റെ പുത്രിമാര്‍ അവരുടെ ബന്ധുക്കളില്‍പ്പെട്ടവരെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. കീശിന്‍റെ പുത്രന്മാരായിരുന്നു അവരുടെ ബന്ധുക്കള്‍.
23 മഹ്ളി, ഏദെര്‍, യെരേമോത്ത് എന്നിവരായിരുനനു മൂശിയുടെ പുത്രന്മാര്‍. ആകെ മൂന്നു പുത്രന്മാരായിരുന്നു അവര്‍.
ലേവ്യരുടെ ജോലി
24 ലേവ്യരുടെ പിന്‍ഗാമികള്‍ ഇവരായിരുന്നു. കുടുംബമനുസരിച്ചായിരുന്നു അവരുടെ പട്ടിക. ഓരോരുത്തരുടെ പേരും പട്ടികയിലുണ്ടായിരുന്നു. ഇരുപതും അതലധികവും പ്രായമുള്ളവരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. അവര്‍ യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ നടത്തി.
25 ദാവീദു പറഞ്ഞിരുന്നു, “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ തന്‍റെ ജനതയ്ക്കു സമാധാനം നല്‍കി. യെരൂശലേമില്‍ എന്നെന്നേക്കുമായി വസിക്കുന്നതിന് യഹോവ അവിടെയെത്തി.
26 അതിനാല്‍ വിശുദ്ധകൂടാരമോ അതില്‍ ശുശ്രൂഷയ്ക്കുപയോഗിക്കുന്ന വസ്തുക്കളോ ലേവ്യര്‍ക്ക് ഇനിയും ചുമക്കേണ്ടതില്ല.”
27 ലേവിയുടെ ഗോത്രത്തിലെ പിന്‍ഗാമികളുടെ എണ്ണമെടുക്കാനുള്ളതായിരുന്നു ദാവീദ് യിസ്രായേലുകാര്‍ക്കു അവസാനമായി നല്‍കിയ നിര്‍ദ്ദേശം. ഇരുപതും അതിനുമേലും വയസ്സുള്ള ലേവ്യരെയാണവര്‍ എണ്ണിയത്.
28 യഹോവയുടെ ആലയത്തിലെ ശുശ്രൂഷാവേളയില്‍ അഹരോന്‍റെ പിന്‍ഗാമികളെ സഹായിക്കുക ലേവ്യരുടെ ജോലിയായിരുന്നു. ആലയത്തിലെ പാര്‍ശ്വമുറികളും ആലയങ്കണവും പരിപാലിച്ചതും ലേവ്യരായിരുന്നു. എല്ലാ വിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്ന ജോലിയും അവര്‍ക്കുണ്ടായിരുന്നു. ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷാജോലിയും അവരുടേതായിരുന്നു.
29 വിശുദ്ധ അപ്പം ആലയത്തിലെ മേശപ്പുറത്തു വയ്ക്കുന്നതിന്‍റെ ഉത്തരവാദിത്വം അവരുടേതായിരുന്നു. മാവ്, ധാന്യബലി, പുളിപ്പിക്കാത്ത അപ്പം എന്നിവയുടെ ചുമതലയും അവര്‍ക്കായിരുന്നു. ചുട്ടെടുക്കുന്ന ചട്ടി, കലര്‍ത്തിയ വഴിപാടുകള്‍ എന്നിവയുടെയും ചുമതല അവര്‍ക്കാണ്. എല്ലാ അളവുകളും തൂക്കങ്ങളും അവരാണു നടത്തിയത്.
30 ലേവ്യര്‍ എന്നും കാലത്ത് എഴുന്നേറ്റ് യഹോവയ്ക്കു നന്ദിയും സ്തോത്രവും അര്‍പ്പിച്ചു. നിത്യേന സായാഹ്നത്തിലും അവരിങ്ങനെ ചെയ്തു.
31 വിശുദ്ധ വിശ്രമദിവസങ്ങളിലും അമാവാസി നാളുകളിലും എല്ലാ വിശുദ്ധ ഒഴിവുദിനങ്ങളിലും ലേവ്യര്‍ യഹോവയ്ക്കു ഹോമയാഗമര്‍പ്പിച്ചു. എന്നും അവര്‍ യഹോവയുടെ സവിധത്തില്‍ ശുശ്രൂഷ നടത്തണമെന്നതിന് പ്രത്യേകം ചട്ടങ്ങളുണ്ടായിരുന്നു.
32 അതിനാല്‍ നിര്‍ദ്ദിഷ്ടമായ എല്ലാ ക്രിയകളും ലേവ്യര്‍ ചെയ്തു. അവര്‍ വിശുദ്ധകൂടാരത്തിന്‍റെ ചുമതലയേറ്റു. വിശുദ്ധസ്ഥലവും അവര്‍ പരിപാലിച്ചു. തങ്ങളുടെ ബന്ധുക്കളായ അഹരോന്‍റെ പിന്‍ഗാമികളായ പുരോഹിതരെ അവര്‍ സഹായിക്കുകയും ചെയ്തു. യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ട് ലേവ്യര്‍ പുരോഹിതരെ സഹായിച്ചു.