ദാവീദും ആലയവും
28
1 യിസ്രായേല്‍ജനതയുടെ മുഴുവന്‍ നേതാക്കളെയും ദാവീദ് വിളിച്ചു കൂട്ടി. ആ നേതാക്കളോടെല്ലാം യെരൂശലേമിലേക്കു വരാന്‍ ദാവീദ് കല്പിച്ചു. ഗോത്രത്തലവന്മാര്‍, രാജാവിനെ സേവിക്കുന്ന സൈന്യത്തിന്‍റെ നായകര്‍, ശതാധിപര്‍, സഹസ്രാധിപര്‍, രാജാവിന്‍റെയും പുത്രന്മാരുടെയും വസ്തുവകകളും കാലികളെയും സൂക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍, രാജാവിന്‍റെ പ്രധാന ഉദ്യോഗസ്ഥര്‍ കരുത്തരായ വീരന്മാര്‍, ധൈര്യവാന്മാരായ ഭടന്മാര്‍ എന്നിവരെയൊക്കെ രാജാവ് വിളിച്ചു.
2 ദാവീദുരാജാവ് എഴുന്നേറ്റുനിന്നു പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്നെ ശ്രവിച്ചാലും, യഹോവയുടെ സാക്ഷ്യപെട്ടകം സൂക്ഷിക്കാന്‍ ഒരിടം പണിയണമെന്ന് എന്‍റെ മനസ്സ് ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ പാദപീഠമായി ഒരു സ്ഥലം പണിയാനാണ് എന്‍റെ ആഗ്രഹം. ദൈവത്തിനൊരാലയം പണിയുന്നതിന് ഞാന്‍ പരിപാടിയിടുകയും ചെയ്തു.
3 എന്നാല്‍ ദൈവം എന്നോടു പറഞ്ഞു, ‘എന്‍റെ നാമത്തില്‍ നീ ഒരു ആലയം നിര്‍മ്മിക്കരുത്. നീ ഒരു ഭടനും അനേകം പേരെ കൊന്നിട്ടുള്ളവനുമാകയാല്‍ അതു ചെയ്യരുത്.’
4 “യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെയും നയിക്കാന്‍ യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ യെഹൂദഗോത്രത്തെ തെരഞ്ഞെടുത്തു. പിന്നെ, ആ ഗോത്രത്തില്‍നിന്നും യഹോവ എന്‍റെ പിതാവിന്‍റെ കുടുംബത്തെ തെരഞ്ഞെടുത്തു. ആ കുടുംബത്തില്‍നിന്നും ദൈവം എന്നെ എന്നെന്നേക്കും യിസ്രായേല്‍രാജാവായും തെരഞ്ഞെടുത്തു! എന്നെ യിസ്രായേലിന്‍റെ രാജാവാക്കാന്‍ ദൈവം ആഗ്രഹിച്ചു!
5 യഹോവ എനിക്ക് ധാരാളം പുത്രന്മാരെ നല്‍കി. ആ പുത്രന്മാരില്‍നിന്ന് ശലോമോനെ യിസ്രായേലിന്‍റെ പുതിയ രാജാവായിരിക്കാനും യഹോവ തെരഞ്ഞെടുത്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യിസ്രായേല്‍ യഹോവയുടെ രാജ്യമാകുന്നു.
6 യഹോവ എന്നോടു പറഞ്ഞു, ‘ദാവീദേ, നിന്‍റെ പുത്രനായ ശലോമോന്‍ എന്‍റെ ആലയവും അതിന്‍റെ മുറ്റങ്ങളും പണിയും. എന്തുകൊണ്ടെന്നാല്‍ ശലോമോനെ ഞാനെന്‍റെ പുത്രനായി തെരഞ്ഞെടുത്തു. ഞാനവന്‍റെ പിതാവായിരിക്കുകയും ചെയ്യും.
7 ശലോമോന്‍ ഇപ്പോള്‍ എന്‍റെ നിയമങ്ങളും കല്പനകളും അനുസരിക്കുന്നു. എന്‍റെ നിയമങ്ങള്‍ അവന്‍ എന്നും അനുസരിച്ചാല്‍ ശലോമോന്‍റെ രാജ്യത്തെ ഞാന്‍ നിത്യമായി ശക്തമാക്കും!’”
8 ദാവീദു പറഞ്ഞു, “ഇപ്പോള്‍ മുഴുവന്‍ യിസ്രായേലിന്‍റെയും ദൈവത്തിന്‍റെയും മുന്പില്‍ ഞാന്‍ നിങ്ങളോടിക്കാര്യങ്ങള്‍ പറയുന്നു: നിങ്ങളുടെ ദൈവമാകുന്ന യഹോവയുടെ എല്ലാ കല്പനകളും അനുസരിക്കാന്‍ ശ്രദ്ധിക്കുക! അപ്പോള്‍ ഈ നല്ല ഭൂമി കൈവശം വയ്ക്കാന്‍ നിങ്ങള്‍ക്കു കഴിയും. ഇത് നിങ്ങളുടെ പിന്‍ഗാമികള്‍ക്ക് എന്നെന്നേക്കും കൈമാറാനും നിങ്ങള്‍ക്കു കഴിയും.
9 “മകനേ, ശലോമോനേ, നീ നിന്‍റെ പിതാവിന്‍റെ ദൈവത്തെ അറിയുക. ശുദ്ധമായൊരു മനസ്സോടെ ദൈവത്തെ സേവിക്കുക. ദൈവത്തെ സേവിക്കുന്നതില്‍ നിന്‍റെ മനസ്സ് സന്തോഷിക്കുക. എന്തുകൊണ്ടെന്നാല്‍ ഓരോരുത്തരുടെയും മനസ്സിലെന്താണുള്ളതെന്ന് യഹോവ അറിയുന്നു. നിന്‍റെ ചിന്തകളെല്ലാം യഹോവ മനസ്സിലാക്കുന്നു. നീ ഒരു സഹായത്തിന് യഹോവയെ സമീപിച്ചാല്‍ നിനക്കൊരുത്തരം കിട്ടും. പക്ഷേ, നീ യഹോവയില്‍നിന്നും അകന്നാല്‍ അവന്‍ നിന്നെ എന്നെന്നേക്കുമായി ഉപേക്ഷിക്കും.
10 അവന്‍റെ വിശുദ്ധസ്ഥലമായ ആലയം പണിയാന്‍ ശലോമോന്‍ യഹോവ നിന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നറിയുക. ഉറപ്പോടെ ആ ജോലി പൂര്‍ത്തീകരിക്കുക.”
11 അനന്തരം ദാവീദ് തന്‍റെ പുത്രനായ ശലോമോന് ആലയം പണിയുന്നതിനുള്ള രൂപരേഖകള്‍ നല്‍കി. ആലയത്തിനു ചുറ്റുമുള്ള മുഖമണ്ഡപം, കെട്ടിടങ്ങള്‍, കലവറകള്‍, മുകളിലത്തെ മുറികള്‍, അകത്തെ മുറികള്‍, കൃപാസനത്തിനുവേണ്ടിയുള്ള സ്ഥലം എന്നിവയെല്ലാം ആ രൂപരേഖയിലുണ്ടായിരുന്നു.
12 ആലയത്തിന്‍റെ എല്ലാ ഭാഗത്തിന്‍റെയും രൂപരേഖ ദാവീദിനുണ്ടായിരുന്നു. ആ രൂപരേഖകളെല്ലാം ദാവീദ് ശലോമോനു നല്‍കി. യഹോവയുടെ ആലയത്തിനു ചുറ്റുമുള്ള തിരുമുറ്റത്തിന്‍റെയും ചുറ്റുമുള്ള മുറികളുടെയും രൂപരേഖ ദാവീദ് അയാള്‍ക്കു നല്‍കി. ആലയത്തിലെ കലവറയുടെയും ആലയത്തിലെ വിശുദ്ധവസ്തുക്കള്‍ വച്ചിരുന്ന കലവറയുടെയും രൂപരേഖ ദാവീദ് അയാള്‍ക്കു നല്‍കി.
13 പുരോഹിതരുടെയും ലേവ്യരുടെയും സംഘങ്ങളെപ്പറ്റിയും ദാവീദ് ശലോമോനോടു പറഞ്ഞു. യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ നടത്തുന്നതിന്‍റെ മുഴുവന്‍ ജോലികളെപ്പറ്റിയും ആലയത്തിലെ ശുശ്രൂഷയ്ക്കുപയോഗിക്കേണ്ട സാധനങ്ങളെപ്പറ്റിയും ദാവീദ് ശലോമോനോടു പറഞ്ഞു.
14 ആലയത്തിലുപയോഗിക്കേണ്ട സാധനങ്ങള്‍ ഉണ്ടാക്കാന്‍ എത്രമാത്രം സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിക്കണമെന്നതും ദാവീദ് ശലോമോനോടു പറഞ്ഞു.
15 സ്വര്‍ണ്ണ വിളക്കുകളുടെയും വിളക്കുകാലുകളുടെയും വെള്ളി വിളക്കുകളുടെയും വിളക്കുകാലുകളുടെയും രൂപരേഖകളുമുണ്ടായിരുന്നു. ഓരോ വിളക്കുകാലുകളും അവയുടെ വിളക്കുകളും നിര്‍മ്മിക്കാന്‍ എത്ര സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിക്കണമെന്നും ദാവീദ് ശലോമോനോടു പറഞ്ഞു. ഓരോ സ്ഥലങ്ങളിലും വേണ്ട വ്യത്യസ്തവിളക്കുകാലുകളാണുപയോഗിച്ചത്.
16 വിശുദ്ധ അപ്പം വയ്ക്കുന്നതിന് ഓരോ മേശയ്ക്കും ഉപയോഗിക്കേണ്ട സ്വര്‍ണ്ണം എത്രയെന്നും ദാവീദു പറഞ്ഞു. വെള്ളി മേശകള്‍ക്ക് എത്ര വെള്ളി ഉപയോഗിക്കണമെന്നും ദാവീദു ശലോമോനോടു പറഞ്ഞു, ഓരോ സ്ഥലങ്ങളിലും വേണ്ട വ്യത്യസ്തവിളക്കുകാലുകളാണുപയോഗിച്ചത്. 16വിശുദ്ധ അപ്പം വയ്ക്കുന്നതിന് ഓരോ മേശയ്ക്കും ഉപയോഗിക്കേണ്ട സ്വര്‍ണ്ണം എത്രയെന്നു ദാവീദു പറഞ്ഞു. വെള്ളി മേശകള്‍ക്ക് എത്ര വെള്ളി ഉപയോഗിക്കണമെന്നും ദാവീദു പറഞ്ഞു.
17 മുള്‍ക്കരണ്ടികള്‍, തളികകള്‍, പാനപാത്രങ്ങള്‍ എന്നിവയുണ്ടാക്കാന്‍ ശുദ്ധമായ സ്വര്‍ണ്ണം എത്ര വേണമെന്നും ദാവീദു പറഞ്ഞു. ഓരോ സ്വര്‍ണ്ണപ്പാത്രമുണ്ടാക്കാനുള്ള സ്വര്‍ണ്ണത്തിന്‍റെ അളവും ഓരോ വെള്ളിപ്പാത്രമുണ്ടാക്കാനുള്ള വെള്ളിയുടെ അളവും ദാവീദു പറഞ്ഞു.
18 ധൂപയാഗപീഠത്തിന് ശുദ്ധീകരിച്ച സ്വര്‍ണ്ണം എത്ര ഉപയോഗിക്കണമെന്നും ദാവീദു പറഞ്ഞു. യഹോവയുടെ കരാറിന്‍റെ പെട്ടകത്തിന്മേലുള്ള ചിറകുകള്‍ വിരിച്ച കെരൂബു മാലാഖകള്‍ സഹിതം ദൈവത്തിന്‍റെ രഥവും കൃപാസനത്തിനുള്ള രൂപരേഖയും ദാവീദ്, ശലോമോനു നല്‍കി. സ്വര്‍ണ്ണം കൊണ്ടായിരുന്നു കെരൂബുമാലാഖകളെ ഉണ്ടാക്കിയിരുന്നത്.
19 ദാവീദു പറഞ്ഞു, “ദൈവത്തിന്‍റെ സഹായത്തോടെ എഴുതിയതാണ് ഈ രൂപരേഖകകളെല്ലാം. രൂപരേഖകളിലെ എല്ലാക്കാര്യങ്ങളും മനസ്സിലാക്കാന്‍ യഹോവ എന്നെ സഹായിച്ചു.”
20 ദാവീദ് തന്‍റെ പുത്രനായ ശലോമോനോടു തുടര്‍ന്നു പറഞ്ഞു, “ശക്തനും ധീരനുമായി ഈ ജോലി പൂര്‍ത്തീകരിക്കുക. യഹോവയായ ദൈവം, എന്‍റെ ദൈവം നിന്നോടൊപ്പമുള്ളതിനാല്‍ ഭയപ്പെടേണ്ട. എല്ലാ ജോലികളും തീരുംവരെ അവന്‍ നിന്നെ സഹായിക്കും. അവന്‍ നിന്നെ കൈവെടിയില്ല. നീ യഹോവയുടെ ആലയം പണിയും.
21 ദൈവത്തിന്‍റെ ആലയത്തിലെ എല്ലാ ജോലികള്‍ക്കും പുരോഹിതരുടെയും ലേവ്യരുടെയും സംഘങ്ങള്‍ സന്നദ്ധരാണ്. എല്ലാ സമര്‍ത്ഥരായ പണിക്കാരും നിന്നെ സഹായിക്കാന്‍ തയ്യാറാണ്. ഉദ്യോഗസ്ഥന്മാരും ജനങ്ങളും നീ കൊടുക്കുന്ന എല്ലാ കല്പനകളും അനുസരിക്കും.”