ആലയ നിര്‍മ്മിതിക്കുള്ള സമ്മാനങ്ങള്‍
29
ദാവീദുരാജാവ് അവിടെ ഒത്തുകൂടിയിരുന്ന മുഴുവന്‍ യിസ്രായേലുകാരോടും പറഞ്ഞു, “ദൈവം എന്‍റെ പുത്രനായ ശലോമോനെ തെരഞ്ഞെടുത്തു. ശലോമോന്‍ ചെറുപ്പമാണ്. ഈ ജോലിക്കാവശ്യമായ എല്ലാക്കാര്യങ്ങളും അവനു നിശ്ചയമില്ല. എന്നാല്‍ ഈ ജോലി വളരെ പ്രധാനമാണ്. ഈ വസതി മനുഷ്യനുള്ളതല്ല. യഹോവയായ ദൈവത്തിനുള്ളതാണ്. എന്‍റെ ദൈവത്തിന്‍റെ ആലയം പണിയാനുള്ള സാമഗ്രികള്‍ തയ്യാറാക്കാന്‍ ഞാനെന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. സ്വര്‍ണ്ണത്തിലുണ്ടാക്കേണ്ട സാധനങ്ങള്‍ക്കുവേണ്ട സ്വര്‍ണ്ണം ഞാന്‍ ശേഖരിച്ചിട്ടുണ്ട്. വെള്ളിയിലുണ്ടാക്കേണ്ട സാധനങ്ങള്‍ക്കു വേണ്ട വെള്ളി ഞാന്‍ ശേഖരിച്ചിട്ടുണ്ട്. ഓട്ടുസാധനങ്ങള്‍ ഉണ്ടാക്കാനുള്ള ഓടും ഞാന്‍ ശേഖരിച്ചിട്ടുണ്ട്. ഇരുന്പു സാധനങ്ങള്‍ക്കുള്ള ഇരുന്പു ഞാന്‍ ശേഖരിച്ചിട്ടുണ്ട്. തടിസാമാനങ്ങള്‍ക്കുള്ള തടി ഞാന്‍ ശേഖരിച്ചിട്ടുണ്ട്. ചട്ടങ്ങളില്‍ വയ്ക്കാനുള്ള ഗോമേദകക്കല്ലുകള്‍, അലങ്കാരക്കല്ലുകള്‍, വ്യത്യസ്തനിറങ്ങളിലുള്ള അനേകം വിലപിടിച്ച കല്ലുകള്‍ വെള്ള അലങ്കാരക്കല്ലുകള്‍ എന്നിവയെല്ലാം ഞാന്‍ ശേഖരിച്ചിട്ടുണ്ട്. യഹോവയുടെ ആലയം പണിയാന്‍ ഇത്തരത്തിലുള്ള അനേകം സാധനങ്ങള്‍ ഞാന്‍ ശേഖരിച്ചിട്ടുണ്ട്. എന്‍റെ ദൈവത്തിന്‍റെ ആലയം പണിയാന്‍ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള സാധനങ്ങളുടെ ഒരു സമ്മാനം ഞാന്‍ നല്‍കുന്നു. എന്‍റെ ദൈവത്തിന്‍റെ ആലയം നിര്‍മ്മിക്കപ്പെടണമെന്നുള്ളതു കൊണ്ടാണ് ഞാനിതു ചെയ്യുന്നത്. ഈ വിശുദ്ധ ആലയം പണിയാന്‍ ഈ സാധനങ്ങളെല്ലാം ഞാന്‍ നല്‍കുന്നു. ഓഫീറില്‍നിന്നുള്ള മൂവായിരം താലന്ത് ശുദ്ധസ്വര്‍ണ്ണം ഞാന്‍ ശേഖരിച്ചിട്ടുണ്ട്. ഏഴായിരം താലന്തു ശുദ്ധീകരിച്ച വെള്ളി ഞാന്‍ ശേഖരിച്ചിട്ടുണ്ട്. ആലയത്തിലെ ഭിത്തികള്‍ പൊതിയാനുള്ളതാണ് വെള്ളി. സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള വസ്തുക്കളുണ്ടാക്കാനുള്ള സ്വര്‍ണ്ണവും വെള്ളിയും ഞാന്‍ ശേഖരിച്ചിട്ടുണ്ട്. ആലയത്തിലേക്കുള്ള എല്ലാത്തരം സാധനങ്ങളും വിദഗ്ധപണിക്കാര്‍ക്കുണ്ടാക്കാനാണ് ഞാന്‍ സ്വര്‍ണ്ണവും വെള്ളിയും ശേഖരിച്ചിട്ടുള്ളത്. ഇനി ഇന്ന് നിങ്ങള്‍ യിസ്രായേലുകാര്‍ക്കിടയില്‍ എത്രപേര്‍ യഹോവയ്ക്കു സ്വേച്ഛാര്‍പ്പണം നടത്താന്‍ തയ്യാറുണ്ട്?”
കുടുംബനാഥന്മാര്‍, യിസ്രായേല്‍ഗോത്രങ്ങളുടെ നേതാക്കള്‍, ശതാധിപന്മാര്‍, സഹസ്രാധിപന്മാര്‍, രാജാവിന്‍റെ ജോലികളുടെ ചുമതലക്കാര്‍ എന്നിവരെല്ലാം തങ്ങളുടെ വിലപിടിച്ച വസ്തുക്കള്‍ നല്‍കാന്‍ സന്നദ്ധരായിരുന്നു. ദൈവാലയത്തിനുവേണ്ടി അവര്‍ നല്‍കിയ സാധനങ്ങള്‍ ഇവയൊക്കെയാണ്; അയ്യായിരം താലന്ത് സ്വര്‍ണ്ണം, പതിനായിരം താലന്ത് വെള്ളി, പതിനായിരം താലന്ത് ഓട്, ഒരു ലക്ഷം താലന്ത് ഇരുന്പ് എന്നിവ. അമൂല്യമായ കല്ലുകളുണ്ടായിരുന്നവര്‍ അതു യഹോവയുടെ ആലയത്തിലേക്കു നല്‍കി. അമൂല്യമായ കല്ലുകളുടെ ചുമതല യെഹീയേലിനായിരുന്നു. ഗേര്‍ശോന്‍ കുടുംബക്കാരനായിരുന്നു യെഹീയേല്‍. നേതാക്കള്‍ അത്രമാത്രം നല്‍കാന്‍ തയ്യാറായതില്‍ ജനങ്ങള്‍ സന്തോഷിച്ചു. സ്വമനസ്സാലെ പൂര്‍ണ്ണഹൃദയത്തോടെ നല്‍കാന്‍ കഴിഞ്ഞതില്‍ നേതാക്കളും സന്തോഷിച്ചു. ദാവീദുരാജാവും വളരെ സന്തോഷിച്ചു.
ദാവീദിന്‍റെ മനോഹരമായ പ്രാര്‍ത്ഥന
10 അനന്തരം ദാവീദ് അവിടെകൂടിയിരുന്ന മുഴുവന്‍ പേരുടെയും മുന്പില്‍വച്ച് യഹോവയെ സ്തുതിച്ചു. ദാവീദു പറഞ്ഞു: “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ, ഞങ്ങളുടെ പിതാവേ, അങ്ങ് എന്നെന്നും വാഴ്ത്തപ്പെടട്ടെ!
11 മാഹാത്മ്യവും ശക്തിയും മഹത്വവും വിജയവും ബഹുമതിയും നിന്‍റേതാകുന്നു! എന്തുകൊണ്ടെന്നാല്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ളതെല്ലാം നിന്‍റേതാകുന്നു! യഹോവേ, രാജത്വം നിന്‍റേതാകുന്നു! എല്ലാറ്റിന്‍റെയും തലവനും ഭരണാധിപനും നീയാകുന്നു.
12 ധനവും ബഹുമതിയും നിന്നില്‍ നിന്നാകുന്നു. നീ എല്ലാറ്റിനെയും ഭരിക്കുന്നു. കരുത്തും ശക്തിയും നിന്‍റെ കൈയിലാകുന്നു! ആരെയും ശക്തനും പെരുമയുള്ളവനുമാക്കാന്‍ മതിയായ കരുത്ത് നിന്‍റെ കൈകളിലുണ്ട്!
13 ഇപ്പോള്‍, ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു, നിന്‍റെ മഹത്വനാമത്തെ ഞങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്നു!
14 ഇക്കാര്യങ്ങളൊന്നും എന്നില്‍നിന്നോ എന്‍റെ ജനതയില്‍ നിന്നോ ഉള്ളതല്ല! ഇതെല്ലാം നിന്നില്‍നിന്നും വന്നതാകുന്നു. നിന്നില്‍നിന്നും വന്നവ ഞങ്ങള്‍ നിനക്കു തിരിച്ചു തരുന്നുവെന്നേയുള്ളൂ.
15 ഞങ്ങളുടെ പൂര്‍വ്വികരെപ്പോലെ ഈ ലോകത്ത് അലയുന്ന വിദേശികള്‍ മാത്രമാണു ഞങ്ങള്‍. ഭൂമിയിലെ ഞങ്ങളുടെ ദിനങ്ങള്‍ ഒരു നിഴല്‍പോലെയാണ്. ഞങ്ങള്‍ക്കതിനെ തടയാനാവുന്നില്ല.
16 ഞങ്ങളുടെ ദൈവമാകുന്ന യഹോവേ, നിന്‍റെ ആലയം പണിയാന്‍ ഞങ്ങള്‍ ഈ സാധനങ്ങളൊക്കെ സമാഹരിച്ചു. നിന്‍റെ നാമം മഹത്വപ്പെടുത്താനാണ് ഞങ്ങള്‍ ഈ ആലയം പണിയുന്നത്. എന്നാല്‍ ഇവയൊക്കെ നിന്നില്‍ നിന്നു വന്നവയാകുന്നു. എല്ലാം നിന്‍റേതാകുന്നു.
17 എന്‍റെ ദൈവമേ, ജനങ്ങള്‍ നന്മ ചെയ്യുന്നുവെന്ന് പരീക്ഷിച്ചറിയുന്പോള്‍ നീ ആഹ്ലാദിക്കുന്നുവെന്ന് എനിക്കറിയാം. ശുദ്ധവും വിശ്വസ്തവുമായൊരു ഹൃദയത്തോടെ, ആഹ്ലാദത്തോടെ ഇതെല്ലാം ഞാന്‍ അങ്ങയ്ക്കു സമര്‍പ്പിക്കുന്നു. ഇവിടെ കൂടിയിരിക്കുന്ന അങ്ങയുടെ ജനതയെ ഞാന്‍ കാണുന്നു. അവരും ഇതെല്ലാം നിനക്ക് അര്‍പ്പിക്കുന്നതില്‍ ആഹ്ലാദിക്കുന്നതായി ഞാന്‍ കാണുന്നു.
18 യഹോവേ, ഞങ്ങളുടെ പൂര്‍വ്വികരായ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമാകുന്നു നീ. ശരിയായതാലോചിക്കാന്‍ നിന്‍റെ ജനതയെ ദയവായി സഹായിച്ചാലും. നിന്നോടു വിശ്വസ്തതയും സത്യവും പുലര്‍ത്താന്‍ അവരെ സഹായിക്കേണമേ!
19 നിന്നോടു സത്യം പുലര്‍ത്താന്‍ എന്‍റെ മകനായ ശലോമോനെ സഹായിക്കേണമേ. നിന്‍റെ കല്പനകളും നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ അവനെ എപ്പോഴും സഹായിച്ചാലും. ഇതെല്ലാം ചെയ്യാനും ഞാന്‍ ഒരുക്കിയ ഈ തലസ്ഥാനനഗരം പണിയാനും ശലോമോനെ സഹായിച്ചാലും.”
20 അനന്തരം അവിടെ കൂടിയ എല്ലാവരോടുമായി ദാവീദു പറഞ്ഞു, “ഇപ്പോള്‍, നിങ്ങളുടെ ദൈവമാകുന്ന യഹോവയെ വാഴ്ത്തുക.”അതിനാല്‍ എല്ലാവരും അവരുടെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോവയെ വാഴ്ത്തി. യഹോവയെയും രാജാവിനെയും ആദരിക്കുന്നതിനായി അവരെല്ലാവരും അവിടെ നമസ്കരിച്ചു.
ശലോമോന്‍ രാജാവാകുന്നു
21 പിറ്റേന്ന് ജനങ്ങള്‍ യഹോവയ്ക്ക് ബലിയര്‍പ്പിച്ചു. അവര്‍ യഹോവയ്ക്കു ഹോമയാഗങ്ങളര്‍പ്പിച്ചു. ആയിരം കാളകള്‍, ആയിരം ആണാടുകള്‍, ആയിരം കുഞ്ഞാടുകള്‍ എന്നിവയും അവയോടൊപ്പം പാനീയബലിയും അവരര്‍പ്പിച്ചു. മുഴുവന്‍ യിസ്രായേലുകാര്‍ക്കും വേണ്ടി അവര്‍ അനേകമനേകം ബലികളര്‍പ്പിച്ചു. 22 അന്ന് ജനങ്ങള്‍ അവിടെ യഹോവയോടൊപ്പം കുടിക്കുകയും തിന്നുകയും ചെയ്ത് ആഹ്ളാദിച്ചു.
ദാവീദിന്‍റെ മകനായ ശലോമോനെ രണ്ടാം വട്ടവും അവര്‍ രാജാവാക്കി. ശലോമോനെ രാജാവായും സാദോക്കിനെ പുരോഹിതനായും അവര്‍ അഭിഷേകം ചെയ്തു. യഹോവയിരുന്ന സ്ഥലത്താണ് അവര്‍ ഇതൊക്കെ ചെയ്തത്.
23 അനന്തരം ശലോമോന്‍ യഹോവയുടെ സിംഹാസനത്തില്‍ തന്‍റെ പിതാവിന്‍റെ സ്ഥാനത്ത് രാജാവായി ഇരുന്നു. ശലോമോന് വളരെ വിജയമുണ്ടായി. മുഴുവന്‍ യിസ്രായേലുകാരും ശലോമോനെ അനുസരിച്ചു. 24 എല്ലാ നേതാക്കളും ഭടന്മാരും ദാവീദുരാജാവിന്‍റെ എല്ലാ പുത്രന്മാരും ശലോമോനെ രാജാവായി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തു. 25 യഹോവ ശലോമോനെ വളരെ മഹാനാക്കി. ശലോമോനെ യഹോവ മഹാനാക്കുന്ന കാര്യം എല്ലാ യിസ്രായേലുകാരും അറിഞ്ഞു. ഒരു രാജാവിനുണ്ടാകേണ്ട പ്രതാപം യഹോവ ശലോമോനുണ്ടാക്കി. ശലോമോനു മുന്പ് ഒരു യിസ്രായേല്‍ രാജാവിനും അത്ര പ്രതാപമുണ്ടായിരുന്നില്ല.
26-27 യിശ്ശായിയുടെ പുത്രനായ ദാവീദ് നാല്പതുവര്‍ഷം യിസ്രായേല്‍ ഭരിച്ചു. ഹെബ്രോന്‍ നഗരത്തില്‍ ദാവീദ് ഏഴുവര്‍ഷം രാജാവായിരുന്നു. അനന്തരം യെരൂശലേമില്‍ മുപ്പത്തിമൂന്നു വര്‍ഷം രാജാവായിരുന്നു. 28 വൃദ്ധനായപ്പോള്‍ ദാവീദ് മരിച്ചു. നന്മയേറിയൊരു നീണ്ട ജീവിതമായിരുന്നു ദാവീദിന്‍റേത്. ദാവീദിനു ധാരാളം ധനവും പ്രതാപവുമുണ്ടായിരുന്നു. അയാള്‍ക്ക് ശേഷം ദാവീദിന്‍റെ പുത്രനായ ശലോമോന്‍ പുതിയ രാജാവാകുകയും ചെയ്തു.
29 ദാവീദുരാജാവിന്‍റെ ആദ്യന്തമുള്ള പ്രവൃത്തികള്‍ ദൈവപുരുഷനായ ശമൂവേല്‍, പ്രവാചകനായ നാഥാന്‍, ദൈവപുരുഷനായ ഗാദ് എന്നിവരുടെ പുസ്തകങ്ങളിലുണ്ട്. 30 യിസ്രായേല്‍രാജാവെന്ന നിലയിലുള്ള ദാവീദിന്‍റെ എല്ലാ പ്രവൃത്തികളെപ്പറ്റിയും ആ കുറിപ്പുകളില്‍ പറയുന്നുണ്ട്. ദാവീദിന്‍റെ കരുത്തിനെപ്പറ്റിയും അയാള്‍ക്കു സംഭവിച്ച കാര്യങ്ങളെപ്പറ്റിയും അതില്‍ പറയുന്നുണ്ട്. യിസ്രായേലിനും ചുറ്റുമുള്ള രാജ്യങ്ങള്‍ക്കും സംഭവിച്ചതെന്തെന്നതിനെപ്പറ്റിയും അതില്‍ പറയുന്നുണ്ട്.