യെഹൂദയിലെ മറ്റു ഗോത്രങ്ങള്‍
4
യെഹൂദയുടെ പുത്രന്മാരുടെ ഒരു പട്ടികയാണിത്: പേരെസ്, ഹെസ്രോന്‍, കര്‍മ്മി, ഹൂര്‍, ശോബല്‍ എന്നിവരായിരുന്നു അവര്‍.
രെയായാവ് ശോബലിന്‍റെ പുത്രന്‍. യഹത്തിന്‍റെ പിതാവായിരുന്നു രെയായാവ്. അഹൂമായിയുടെയും ലാഹദിന്‍റെയും പിതാവായിരുന്നു യഹത്ത്. അഹൂമായിയുടെയും ലാഹദിന്‍റെയും പിന്‍ഗാമികളാണ് സോരത്യര്‍.
യിസ്രെയേല്‍, യിശ്മാ, യിദ്ബാശ് എന്നിവര്‍ ഏതാമിന്‍റെ പുത്രന്മാര്‍. ഹസ്സെലൊല്പോനി എന്നു പേരായ ഒരു സഹോദരി അവര്‍ക്കുണ്ടായിരുന്നു. പെനൂവേല്‍ ഗെദോരിന്‍റെ പിതാവ്. എസെര്‍ ഹൂശയുടെ പിതാവും. ഹൂരിന്‍റെ പുത്രന്മാര്‍ ഇവരായിരുന്നു. എഫ്രാത്തയുടെ മൂത്ത പുത്രനായിരുന്നു ഹൂര്‍. ബേത്ത്ലേഹെമിന്‍റെ സ്ഥാപകനുമായിരുന്നു ഹൂര്‍.
അശ്ഹൂര്‍ തെക്കോവയുടെ പിതാവ്. തെക്കോവയ്ക്കു രണ്ടു ഭാര്യമാര്‍. ഹേലായും നയരായും. നയരായ്ക്കു അഹുസ്സാമും ഹേഫെറും തേമനിയും ഹായഹസ്താരിയും പുത്രന്മാര്‍. നയരയ്ക്കും അശ്ഹൂരിനും ജനിച്ച പുത്രന്മാരായിരുന്നു ഇവര്‍. സേരെത്ത്, യെസോഹര്‍, എത്നാന്‍, കോസ് എന്നിവരായിരുന്നു ഹേലയുടെ പുത്രന്മാര്‍. ആനൂബിന്‍റെയും സോബോബയുടെയും പിതാവായിരുന്നു കോസ്. അവന്‍ അഹര്‍ഹേലിന്‍റെ ഗോത്രങ്ങളുടെയും പിതാവായിരുന്നു. ഹാരൂമിന്‍റെ പുത്രനായിരുന്നു അഹര്‍ഹേല്‍.
യബ്ബേസ് വളരെ നന്മയുള്ള ഒരുവനായിരുന്നു. അയാള്‍ തന്‍റെ സഹോദരന്മാരേക്കാള്‍ നല്ലവനായിരുന്നു. അവന്‍റെ അമ്മ പറഞ്ഞു, “അവനെ പ്രസവിക്കുന്പോള്‍ എനിക്ക് ഭയങ്കര വേദന ഉണ്ടായതിനാലാണ് ഞാനവന് യബ്ബേസ് എന്നു പേരിട്ടത്.” 10 യബ്ബേസ് യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയോടു പ്രാര്‍ത്ഥിച്ചു, “അങ്ങ് സത്യമായും എന്നെ അനുഗ്രഹിക്കണമെന്ന് ഞാനാശിക്കുന്നു. അങ്ങ് എനിക്കു കൂടുതല്‍ ഭൂമി തരുമെന്ന് ഞാനാശിക്കുന്നു. എന്‍റെ അടുത്തുണ്ടായിരിക്കുകയും എന്നെ മുറിവേല്പിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുകയും ചെയ്യേണമേ. അപ്പോള്‍ എനിക്കൊരു വേദനയും ഉണ്ടാകയില്ല.”യബ്ബേസ് ആവശ്യപ്പെട്ടത് ദൈവം അയാള്‍ക്കു നല്‍കുകയും ചെയ്തു.
11 ശൂഹയുടെ സഹോദരനായിരുന്നു കെലൂബ്. മെഹീരിന്‍റെ പിതാവായിരുന്നു കെലീബ്. മെഹീര്‍ എസ്തോന്‍റെ പിതാവ്. 12 എസ്തോനായിരുന്നു ബേത്ത്-രാഫാ, പാസേഹ, തെഹിന്ന എന്നിവരുടെ പിതാവ്. ഈര്‍-നാഹാശിന്‍റെ പിതാവായിരുന്നു തെഹിന്നാ. രേഖായില്‍ നിന്നുള്ളവരായിരുന്നു അവര്‍.
13 ഒത്നിയേലും സെരായാവും കെനസ്സിന്‍റെ പുത്രന്മാര്‍. ഹഥത്തും മെയോനോഥയിയും ഒത്നിയേലിന്‍റെ പുത്രന്മാര്‍. 14 ഒഫ്രയുടെ പിതാവായിരുന്നു മെയോനോഥയി.
യോവാബിന്‍റെ പിതാവായിരുന്നു സെരായാവ്. ഗേ-ഹരാശീമിന്‍റെ സ്ഥാപകനായിരുന്നു സെരായാവ്. വിദഗ്ദ്ധ ജോലിക്കാരായതിനാലാണ് അവര്‍ ആ പേര് ഉപയോഗിച്ചത്.
15 യെഫുന്നെയുടെ പുത്രനായിരുന്നു കാലേബ്. ഈരൂ, ഏലാ, നായം എന്നിവര്‍ കാലേബിന്‍റെ പുത്രന്മാര്‍. കെനസ് ഏലയുടെ പുത്രന്‍. 16 സീഫ്, സീഫാ, തീര്യാ, അസരയേല്‍ എന്നിവര്‍ യെഹലലേലിന്‍റെ പുത്രന്മാര്‍. 17-18 യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍ എന്നിവര്‍ എസ്രയുടെ പുത്രന്മാര്‍. മിര്യാം, ശമ്മ, യിശ്ബഹ് എന്നിവരുടെ പിതാവ് മേരെദ്. യിശ്ബഹ് എസ്തെമോവയുടെ പിതാവ്. മേരെദിന് ഈജിപ്തുകാരിയായ ഒരു ഭാര്യയുണ്ടായിരുന്നു. അവള്‍ക്ക് യേരെദ്, ഹേബെര്‍, യെക്കൂഥീയേല്‍ എന്നിവര്‍ ഉണ്ടായി. യേരെദ് ഗെദോരിന്‍റെ പിതാവ്. ഹേബെര്‍ സോഖോവിന്‍റെ പിതാവ്. യെക്കൂഥീയേല്‍ സാനോഹയുടെ പിതാവ്. ഇവരായിരുന്നു ബിഥ്യയുടെ പുത്രന്മാര്‍. ബിഥ്യ ഫറവോന്‍റെ പുത്രിയായിരുന്നു. അവളായിരുന്നു മേരെദിന്‍റെ ഈജിപ്തുകാരിയായ ഭാര്യ.
19 മേരെദിന്‍റെ ഭാര്യ നഹമിന്‍റെ സഹോദരിയും യെഹൂദക്കാരിയുമായിരുന്നു. മേരെദിന്‍റെ ഭാര്യയുടെ പുത്രന്മാര്‍ കെയീലയുടെയും എസ്തെമോവയുടെയും പിതാവായിരുന്നു. ഗര്‍മ്മ്യനായിരുന്നു കെയീലാ. എസ്തെമോവ മയഖാത്യനും. 20 അമ്നോന്‍, രിന്നാ, ബെന്‍-ഹാനാന്‍, തീലോന്‍ എന്നിവര്‍ ശീമോന്‍റെ പുത്രന്മാര്‍.
സോഹേത്ത്, ബെന്‍-സോഹേത്ത് എന്നിവര്‍ യിശിയുടെ പുത്രന്മാര്‍. 21-22 ശേലാ യെഹൂദയുടെ പുത്രന്‍. ശേലയ്ക്കു ഏര്‍, ലദാ, യോക്കീം, കോസേബാക്കാര്‍, യോവാശ്, സാരാഫ് എന്നിവര്‍ മക്കളായിരുന്നു. ലേഖയുടെ പിതാവായിരുന്നു ഏര്‍. ലദാ ആയിരുന്നു മാരേശയുടെയും ബേത്ത്-അശ്ബെയയിലെ നെയ്തുകാരുടെയും പിതാവ്. യോവാശും സാരാഫും മോവാബ്യസ്ത്രീകളെയാണു വിവാഹം ചെയ്തിരുന്നത്. അനന്തരം അവര്‍ ബേത്ത്ലേഹെമിലേക്കു മടങ്ങിപ്പോയി. വളരെ പഴകിയതാണ് ഈ കുടുംബത്തെപ്പറ്റിയുള്ള രേഖകള്‍. 23 ശേലയുടെ പുത്രന്മാര്‍ കളിമണ്‍ പണിക്കാരായിരുന്നു. നെതായീമിലും ഗെദേരയിലുമാണ് അവര്‍ വസിച്ചിരുന്നത്. ആ പട്ടണങ്ങളില്‍ താമസിച്ച് അവര്‍ രാജാവിനുവേണ്ടി പണിയെടുക്കുകയായിരുന്നു.
ശിമെയോന്‍റെ കുട്ടികള്‍
24 നെമൂവേല്‍, യാമീന്‍, യാരീബ്, സേരഹ്, ശെൌല്‍ എന്നിവരായിരുന്നു ശിമെയോന്‍റെ പുത്രന്മാര്‍. 25 ശല്ലൂം ആയിരുന്നു ശെൌലിന്‍റെ പുത്രന്‍. മിബ്ശാം ശല്ലൂമിന്‍റെ പുത്രന്‍. മിശ്മാ മിബ്ശാമിന്‍റെ പുത്രന്‍.
26 ഹമ്മൂവേല്‍ മിശ്മായുടെ പുത്രന്‍. ഹമ്മൂവേലിന്‍റെ പുത്രന്‍ സക്കൂര്‍. സക്കൂറിന്‍റെ പുത്രന്‍ ശിമെയി. 27 ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരുമുണ്ടായിരുന്നു. എന്നാല്‍ ശിമെയിയുടെ സഹോദരന്മാര്‍ക്ക് അധികം കുട്ടികളുണ്ടായിരുന്നില്ല. ശിമെയിയുടെ സഹോദരന്മാര്‍ക്ക് വലിയ കുടുംബങ്ങളുമുണ്ടായിരുന്നില്ല. അവരുടെ കുടുംബങ്ങള്‍ യെഹൂദയിലെ മറ്റു ഗോത്രങ്ങളെപ്പോലെ വലുതായിരുന്നില്ല.
28 ബേര്‍-ശേബാ, മോലാദാ, ഹസര്‍-ശൂവാല്‍, 29 ബില്‍ഹാ, ഏസെം, തോലാദ്, 30 ബെഥൂവേല്‍, ഹൊര്‍മ്മാ, സിക്ളാഗ്, 31 ബേത്ത്-മര്‍ക്കാബോത്ത്, ഹസര്‍-സൂസിം, ബേത്ത്-ബിരി, ശയരയീം എന്നിവിടങ്ങളിലാണ് ശിമെയിയുടെ കുട്ടികള്‍ ജീവിച്ചിരുന്നത്. ദാവീദ് രാജാവാകുന്നതുവരെ അവര്‍ ആ പട്ടണങ്ങളില്‍ വസിച്ചു. 32 ഏതാം, അയീന്‍, രിമ്മോന്‍, തോഖെന്‍, ആശാന്‍ എന്നിവയായിരുന്നു ആ പട്ടണങ്ങള്‍ക്കടുത്തുള്ള അഞ്ചു ഗ്രാമങ്ങള്‍. 33 ബാല്‍ വരെയുള്ള മറ്റു ഗ്രാമങ്ങളും അതിലുണ്ടായിരുന്നു. അവിടെയാണവര്‍ വസിച്ചിരുന്നത്. തങ്ങളുടെ കുടുംബത്തെപ്പറ്റിയുള്ള ചരിത്രവും അവര്‍ എഴുതി.
34-38 അവരുടെ ഗോത്രത്തലവന്മാരുടെ പട്ടിക ഇതാണ്: മെശോബാബ്, യമ്ളേക്, അമസ്യാവിന്‍റെ പുത്രനായ യോശാ, യോവേല്‍, യോശിബ്യാവിന്‍റെ പുത്രനായ യേഹൂ, സെരായാവിന്‍റെ പുത്രനായ യോശിബ്യാവ്, അസീയേലിന്‍റെ പുത്രനായ സെരായാവ്, എല്യാവേനായി, യയക്കോബാ, യെശോഹായാവ്, അസയാവ്, അദീയേല്‍, യസിമീയേല്‍, ബെനായാവ്, ശിഫിയുടെ പുത്രനായ സീസാ എന്നിവരായിരുന്നു അവര്‍. അല്ലോന്‍റെ പുത്രനായിരുന്നു ശിഫി. യെദായാവിന്‍റെ പുത്രനായിരുന്നു അല്ലോന്‍. യെദായാവ് ശിമ്രിയുടെ പുത്രനും ശിമ്രി ശെമെയാവിന്‍റെ പുത്രനും. ഇവരുടെ കുടുംബങ്ങള്‍ വളരെ വലുതായി വളര്‍ന്നു. 39 അവര്‍ ഗെദോര്‍ പട്ടണത്തിനു വെളിയില്‍ താഴ്വരയുടെ കിഴക്കന്‍ പ്രദേശത്തേക്കു പോയി. തങ്ങളുടെ ആടുമാടുകള്‍ക്കു മേയാന്‍ ഇടം തേടിയാണവര്‍ അങ്ങോട്ടു പോയത്. 40 പുല്ല് ധാരാളമായുള്ള സമൃദ്ധമായ വയലുകള്‍ അവര്‍ കണ്ടു. അത് ശാന്തിയും സമാധാനവും ഉള്ള സ്ഥലമായിരുന്നു. മുന്പ് ഹാമിന്‍റെ പിന്‍ഗാമികളായിരുന്നു അവിടെ വസിച്ചിരുന്നത്. 41 ഹിസ്കീയാവ് യെഹൂദാരാജാവായിരുന്ന കാലത്തായിരുന്നു അത്. അവര്‍ ഗെദോരിലേക്കു വരികയും ഹാമ്യര്‍ക്കെതിരെ പോരാടുകയും ചെയ്തു. ഹാമ്യരുടെ കൂടാരങ്ങള്‍ അവര്‍ തകര്‍ത്തു. അവിടെ താമസിച്ചിരുന്ന മെയൂന്യര്‍ക്കെതിരായും അവര്‍ യുദ്ധം ചെയ്തു. എല്ലാ മെയൂന്യരെയും അവര്‍ നശിപ്പിച്ചു. ഇന്നും ഈ സ്ഥലത്ത് മെയൂന്യരാരും ഇല്ല. അതിനാല്‍ അവര്‍ അവിടെ വസിക്കാനാരംഭിച്ചു. തങ്ങളുടെ ആടുകള്‍ക്കാവശ്യമായത്ര പുല്ല് അവിടെയുണ്ടായിരുന്നതിനാലാണ് അവര്‍ അവിടെ വസിച്ചത്.
42 ശിമെയോന്‍റെ ഗോത്രക്കാരായ അഞ്ഞൂറുപേര്‍ സേയീര്‍മലന്പ്രദേശത്തേക്കു പോയി. യിശിയുടെ പുത്രന്മാരായിരുന്നു അവരെ നയിച്ചത്. പെലാത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേല്‍ എന്നിവരായിരുന്നു ആ പുത്രന്മാര്‍. ആ സ്ഥലത്തെ താമസക്കാരുമായി ശിമെയോന്യര്‍ ഏറ്റുമുട്ടി.
43 ഏതാനും അമാലേക്യര്‍ മാത്രമേ അവിടെ അപ്പോഴും വസിക്കുന്നുണ്ടായിരുന്നുള്ളൂ. ഈ ശിമെയോന്യര്‍ അവരെ കൊല്ലുകയും ചെയ്തു. അന്നു മുതല്‍ ഇന്നുവരെ ആ ശിമെയോന്യരാണ് സേയീരില്‍ വസിക്കുന്നത്.