രൂബേന്‍റെ പിന്‍ഗാമികള്‍
5
1-3 യിസ്രായേലിന്‍റെ ആദ്യപുത്രനായിരുന്നു രൂബേന്‍. മൂത്തപുത്രനുള്ള അവകാശങ്ങള്‍ രൂബേനു ലഭിക്കേണ്ടതായിരുന്നു. പക്ഷേ രൂബേന് തന്‍റെ പിതാവിന്‍റെ ഭാര്യയുമായി ലൈംഗികബന്ധം ഉണ്ടായി. അതിനാല്‍ ആ അവകാശങ്ങള്‍ യോസേഫിന്‍റെ പുത്രന്മാര്‍ക്കായിരുന്നു നല്‍കപ്പെട്ടത്. കുടുംബചരിത്രത്തില്‍ രൂബേന്‍റെ പേര് മൂത്തപുത്രനെന്ന നിലയില്‍ ചേര്‍ക്കപ്പെട്ടിരുന്നില്ല. യെഹൂദാ തന്‍റെ സഹോദരന്മാരേക്കാള്‍ ശക്തനായിത്തീരുകയും നേതാക്കള്‍ അവന്‍റെ കുടുംബത്തില്‍നിന്നുണ്ടാവുകയും ചെയ്തു. എന്നാല്‍ മൂത്ത പുത്രനു ലഭിക്കേണ്ട മറ്റെല്ലാ അവകാശങ്ങളും യോസേഫിന്‍റെ കുടുംബത്തിനു ലഭിച്ചു. ഹാനോക്ക്, പല്ലൂ, ഹെസ്രോന്‍, കര്‍മ്മി എന്നിവരായിരുന്നു രൂബേന്‍റെ പുത്രന്മാര്‍.
യോവേലിന്‍റെ പിന്‍ഗാമികളുടെ പേരുകള്‍ ഇവയാണ്: ശെമയ്യാവ് യോവേലിന്‍റെ പുത്രന്‍. ഗോഗ് ശെമയ്യാവിന്‍റെ പുത്രന്‍. ശിമെയി ഗോഗിന്‍റെ പുത്രന്‍. ശിമെയിയുടെ പുത്രന്‍ മീഖാ. രെയായാവ് മീഖയുടെ പുത്രന്‍. ബാല്‍ രെയായാവിന്‍റെ പുത്രന്‍. ബെയേര ബാലിന്‍റെ പുത്രന്‍. അശ്ശൂരിലെ രാജാവായ തിഗ്ളത്-പിലേസര്‍, ബെയേരയെ അവന്‍റെ വീട്ടില്‍നിന്നും ഓടിച്ചു. അങ്ങനെ ബെയേര രാജാവിന്‍റെ തടവുകാരനായി. രൂബേന്‍ ഗോത്രത്തിലെ ഒരു നേതാവായിരുന്നു ബെയേര.
ഗോത്രചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടിരുന്നതുപോലെ തന്നെയാണ് യോവേലിന്‍റെ സഹോദരന്മാരെയും അവന്‍റെ എല്ലാ ഗോത്രങ്ങളെയും പട്ടികയില്‍ ചേര്‍ത്തത്: യയീയേല്‍ മൂത്തപുത്രനും പിന്നെ സെഖര്യാവും ബേലയും. ബേല ആസാസിന്‍റെ പുത്രന്‍. ആസാസ് ശേമയുടെ പുത്രന്‍. ശേമാ യോവേലിന്‍റെ പുത്രന്‍. നെബോവും ബാല്‍-മെയോനും വരെയുള്ള അരോവേര്‍പ്രദേശം മുഴുവനും അവര്‍ താമസമാക്കി. ബേലയുടെ ജനത കിഴക്ക് യൂഫ്രട്ടീസുനദിക്കു സമീപം മരുഭൂമിയുടെ അരികുവരെ വസിച്ചു. ഗിലെയാദുദേശത്ത് അവര്‍ക്ക് ധാരാളം കന്നുകാലികളുള്ളതിനാലായിരുന്നു അവര്‍ അവിടെ താമസിച്ചത്. 10 ശെൌല്‍ രാജാവായിരുന്നപ്പോള്‍ ബേലയുടെ ആളുകള്‍ ഹഗ്രീയര്‍ക്കെതിരെ യുദ്ധം ചെയ്തു. അവര്‍ ഹഗ്രീയരെ പരാജയപ്പെടുത്തി. ഹഗ്രീയരുടെ കൂടാരങ്ങളില്‍ ബേലയുടെ ആളുകള്‍ വസിച്ചു. അവര്‍ ആ കൂടാരങ്ങളില്‍ വസിക്കുകയും ഗിലെയാദിനു കിഴക്കുള്ള പ്രദേശമാകെ സഞ്ചരിക്കുകയും ചെയ്തു.
ഗാദിന്‍റെ പിന്‍ഗാമികള്‍
11 ഗാദിന്‍റെ ഗോത്രക്കാര്‍ താമസിച്ചിരുന്നത് രൂബേന്‍ഗോത്രക്കാരുടെ വാസസ്ഥലത്തിനടുത്തായിരുന്നു. അത് സല്‍ക്കാ പട്ടണത്തിലേക്കുള്ള വഴിയില്‍ ബാശാന്‍പ്രദേശത്തായിരുന്നു. 12 യോവേല്‍ ആയിരുന്നു ബാശാനിലെ ഒന്നാമത്തെ നേതാവ്. ശാഫാം രണ്ടാം നേതാവും. അനന്തരം യനായി നേതാവായി. 13 മീഖായേല്‍, മെശൂല്ലാം, ശേബ, യോരായി, യക്കാന്‍, സീയ, ഏബെര്‍ എന്നിവരായിരുന്നു ഏഴു സഹോദരന്മാര്‍. 14 അവര്‍ അബീഹയീലിന്‍റെ പിന്‍ഗാമികളായിരുന്നു. ഹൂരിയുടെ പുത്രനായിരുന്നു അബീഹയീല്‍. യരോഹയുടെ പുത്രനായിരുന്നു ഹൂരി. യരോഹ ഗിലെയാദിന്‍റെ പുത്രന്‍. ഗിലെയാദ് മീഖായേലിന്‍റെ പുത്രന്‍. മീഖായേല്‍ യെശീശായിയുടെ പുത്രന്‍. യെശീശായി യഹദോവിന്‍റെ പുത്രന്‍. യഹദോവ് ബൂസിന്‍റെ പുത്രന്‍. 15 അഹി അബ്ദീയേലിന്‍റെ പുത്രന്‍. അബ്ദീയേല്‍ ഗൂനിയുടെ പുത്രന്‍. അഹിയായിരുന്നു അവരുടെ കുടുംബത്തിന്‍റെ നായകന്‍.
16 ഗാദിന്‍റെ ഗോത്രക്കാര്‍ ഗിലെയാദുപ്രദേശത്താണു വസിച്ചത്. ബാശാന്‍ പ്രദേശത്തും ബാശാനു ചുറ്റുമുള്ള ചെറുപട്ടണങ്ങളിലും അതിര്‍ത്തിക്കു നേര്‍ക്കുള്ള ശാരോന്‍ പ്രദേശത്തെ വയലുകളിലും അവര്‍ വസിച്ചു.
17 യോഥാമിന്‍റെയും യൊരോബെയാമിന്‍റെയും കാലത്ത് ഇവരുടെയെല്ലാം പേരുകള്‍ ഗാദിന്‍റെ കുടുംബചരിത്രത്തില്‍ എഴുതപ്പെട്ടിരുന്നു. യോഥാം യെഹൂദയിലെ രാജാവായിരുന്നു. യൊരോബെയാം യിസ്രായേല്‍ രാജാവും.
യുദ്ധനിപുണരായ ഏതാനും ഭടന്മാര്‍
18 മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നും രൂബേന്‍റെയും ഗാദിന്‍റെയും ഗോത്രങ്ങളില്‍നിന്നും യുദ്ധസന്നദ്ധരായ നാല്പത്തിനാലായിരത്തി എഴുന്നൂറ്റിയറുപതു ധൈര്യശാലികളുണ്ടായിരുന്നു. അവര്‍ യുദ്ധനിപുണരായിരുന്നു. അവര്‍ വാളും പരിചയുമേന്തിയിരുന്നു. അന്പും വില്ലും പ്രയോഗിക്കുന്നതിലും അവര്‍ സമര്‍ത്ഥരായിരുന്നു. 19 അവര്‍ ഹഗ്രീയര്‍ക്കും യെതൂര്‍, നാഫീശ്, നോദാബ് എന്നീ വംശക്കാര്‍ക്കുമെതിരെ ഒരു യുദ്ധമാരംഭിച്ചു. 20 മനശ്ശെ, രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങളില്‍ നിന്നുള്ള അവര്‍ യുദ്ധത്തില്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. തങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുന്നതിനാല്‍ തങ്ങളെ സഹായിക്കാന്‍ അവര്‍ ദൈവത്തോടപേക്ഷിച്ചു. ഹഗ്രീയരെ തോല്‍പ്പിക്കുവാന്‍ ദൈവം അവരെ സഹായിച്ചു. ഹഗ്രീയരോടൊപ്പമുണ്ടായിരുന്ന മറ്റാളുകളെയും അവര്‍ തോല്പിച്ചു. 21 ഹഗ്രീയരുടെ മൃഗങ്ങളെ അവര്‍ പിടിച്ചെടുത്തു. അന്‍പതിനായിരം ഒട്ടകങ്ങള്‍, രണ്ടരലക്ഷം ആടുകള്‍, രണ്ടായിരം കഴുതകള്‍, ഒരുലക്ഷം മനുഷ്യര്‍ എന്നിവ അവര്‍ പിടിച്ചെടുത്തു. 22 രൂബേന്‍ജനതയെ യുദ്ധത്തില്‍ ജയിക്കുവാന്‍ ദൈവം അനുഗ്രഹിച്ചതിനാല്‍ ധാരാളം ഹഗ്രീയര്‍ കൊല്ലപ്പെടുകയും ചെയ്തു. അനന്തരം മനശ്ശെ, രൂബേന്‍, ഗാദ് എന്നീ വംശക്കാര്‍ ഹഗ്രീയരുടെ ദേശങ്ങളില്‍ വസിച്ചു. ബാബിലോണ്‍സൈന്യം യിസ്രായേലുകാരെ തോല്പിച്ച് ബാബിലോണ്യയില്‍ തടവുകാരാക്കുംവരെ അവര്‍ അവിടെ വസിച്ചു.
23 മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ ബാല്‍-ഹെര്‍മ്മോന്‍, സെനീര്‍, ഹെര്‍മ്മോന്‍പര്‍വ്വതം എന്നിവയ്ക്കു നേരെ ബാശാന്‍ പ്രദേശത്തു വസിച്ചു. അവര്‍ വളരെ വലിയൊരു സംഘം ജനതയായിത്തീര്‍ന്നു.
24 മനശ്ശെയുടെ പകുതി ഗോത്രത്തില്‍ നിന്നുള്ള കുടുംബനാഥന്മാര്‍ ഇവരൊക്കെയായിരുന്നു: ഏഫെര്‍, യിശി, എലീയേല്‍, അസ്ത്രീയേല്‍, യിരെമ്യാവ്. ഹോദവ്യാവ്, യഹദീയേല്‍ എന്നിവര്‍. അവരെല്ലാം കരുത്തരും ധൈര്യശാലികളുമായിരുന്നു. അവര്‍ കീര്‍ത്തിമാന്മാരായിരുന്നു. അവര്‍ തങ്ങളുടെ കുടുംബങ്ങളില്‍ നായകന്മാരുമായിരുന്നു. 25 എന്നാല്‍ തങ്ങളുടെ പൂര്‍വ്വികരുടെ ദൈവത്തിനെതിരെ അവര്‍ പാപം ചെയ്തു. അവര്‍ അവിടെ വസിച്ചിരുന്ന മറ്റു ജനതകളുടെ വ്യാജദൈവങ്ങളെ ആരാധിക്കാന്‍ തുടങ്ങി. ആ ജനതയെയാണ് ദൈവം നശിപ്പിച്ചതും.
26 യിസ്രായേലിന്‍റെ ദൈവം അശ്ശൂരിലെ രാജാവായിരുന്ന പൂലിനെ യുദ്ധതല്പരനാക്കി. തഗ്ളത്ത്-പില്‍നേസര്‍ എന്നും അയാള്‍ക്ക് പേരുണ്ടായിരുന്നു. മനശ്ശെ, രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങളില്‍ നിന്നുള്ളവരോടു അയാള്‍ യുദ്ധം ചെയ്തു. അവന്‍ അവരെ അവരുടെ ഭവനങ്ങളില്‍നിന്നും തുരത്തുകയും അവരെ തടവുകാരാക്കുകയും ചെയ്തു. പൂല്‍ അവരെ തലഹ്, ഹാബോര്‍, ഹാരാ എന്നിവിടങ്ങളിലേക്കും ഗോസാന്‍നദീതീരത്തേക്കും കൊണ്ടുവന്നു. യിസ്രായേലിലെ ആ ഗോത്രക്കാര്‍ അന്നു മുതല്‍ ഇന്നു വരെ ആ സ്ഥലങ്ങളിലാണു വസിക്കുന്നത്.