ലേവിയുടെ പിന്‍ഗാമികള്‍
6
ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവര്‍ ലേവിയുടെ പുത്രന്മാര്‍.
അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍ എന്നിവര്‍ കെഹാത്തിന്‍റെ പുത്രന്മാര്‍ അഹരോന്‍, മോശെ, മിര്യാം എന്നിവര്‍ അമ്രാമിന്‍റെ സന്തതികള്‍.
നാദാബ്, അബീഹൂ, ഏലെയാസാര്‍, ഈഥാമാര്‍ എന്നിവര്‍ അഹരോന്‍റെ പുത്രന്മാര്‍. എലെയാസാര്‍ ഫീനെഹാസിന്‍റെ പിതാവ്. ഫീനെഹാസ് അബീശൂവയുടെ പിതാവ്. അബീശൂ വാബുക്കിയുടെ പിതാവ്. ബുക്കി ഉസ്സിയുടെ പിതാവ്. ഉസ്സി സെരഹ്യായുടെ പിതാവ്. സെരഹ്യാ മെരായോത്തിന്‍റെ പിതാവ്. മെരായോത്ത് അമര്യാവിന്‍റെ പിതാവ്. അമര്യാവ് അഹീത്തൂബിന്‍റെ പിതാവ്. അഹൂത്തൂബ് സാദോക്കിന്‍റെ പിതാവ്. സാദോക്ക് അഹീമാസിന്‍റെ പിതാവ്. അഹീമാസ് അസര്യാവിന്‍റെ പിതാവ്. അസര്യാവ് യോഹാനാന്‍റെ പിതാവ്. 10 യോഹാനാന്‍, ശലോമോന്‍ യെരൂശലേമില്‍ പണിത ആലയത്തില്‍ പുരോഹിതനായി സേവനമനുഷ്ഠിച്ച അസര്യാവിന്‍റെ പിതാവ്. 11 അസര്യാവ് അമര്യാവിന്‍റെ പിതാവ്. അമര്യാവ് അഹീത്തൂബിന്‍റെ പിതാവ്. 12 അഹീത്തൂബ് സാദോക്കിന്‍റെ പിതാവ്. സാദോക്ക് ശല്ലൂമിന്‍റെ പിതാവ്. 13 ശല്ലൂം ഹില്‍ക്കീയാവിന്‍റെ പിതാവ്. ഹില്‍ക്കീയാവ് അസര്യാവിന്‍റെ പിതാവ്. 14 അസര്യാവ് സെരായാവിന്‍റെ പിതാവ്. സെരായാവ് യെഹോസാദാക്കിന്‍റെ പിതാവ്.
15 യഹോവ യെഹൂദയേയും യെരൂശലേമിനേയും തടവുകാരാക്കിയപ്പോള്‍ യെഹോസാദാക്കും തന്‍റെ വീട്ടില്‍നിന്നും തടവുകാരനാക്കപ്പെട്ടു. അവര്‍ മറ്റൊരു രാജ്യത്ത് തടവുകാരാക്കപ്പെട്ടു. നെബൂഖദ്നേസരിനെക്കൊണ്ടാണ് യഹോവ യെഹൂദയിലെയും യെരൂശലേമിലെയും ജനങ്ങളെ തടവുകാരാക്കിയത്.
ലേവിയുടെ മറ്റു പിന്‍ഗാമികള്‍
16 ഗെര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവര്‍ ലേവിയുടെ പുത്രന്മാര്‍. 17 ലിബ്നിയും ശിമെയിയും ഗെര്‍ശോന്‍റെ പുത്രന്മാര്‍.
18 അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍ എന്നിവര്‍ കെഹാത്തിന്‍റെ പുത്രന്മാര്‍. 19 മഹ്ളിയും മൂശിയും മെരാരിയുടെ പുത്രന്മാര്‍. ലേവിയുടെ ഗോത്രത്തിലെ കുടുംബങ്ങളുടെ ഒരു പട്ടികയാണിത്. തങ്ങളുടെ പിതാക്കന്മാരുടെ പേര് ആദ്യം വരത്തക്കവിധമാണവര്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്:
20 ഗേര്‍ശോന്‍റെ പിന്‍ഗാമികള്‍ ഇവരാകുന്നു. ലിബ്നി ഗേര്‍ശോന്‍റെ പുത്രന്‍. യഹത്ത് ലിബ്നിയുടെ പുത്രന്‍. സിമ്മാ യഹത്തിന്‍റെ പുത്രന്‍. 21 യോവാഹ് സിമ്മയുടെ പുത്രന്‍. ഇദ്ദോ യോവാഹിന്‍റെ പുത്രന്‍. സേരഹ് ഇദ്ദോയുടെ പുത്രന്‍. യെയഥ്രായി സേരഹിന്‍റെ പുത്രന്‍.
22 കെഹാത്തിന്‍റെ പിന്‍ഗാമികള്‍: അമ്മീനാദാബ് കെഹാത്തിന്‍റെ പുത്രന്‍. കോരഹ് അമ്മീനാദാബിന്‍റെ പുത്രന്‍. അസ്സീര്‍ കോരഹിന്‍റെ പുത്രന്‍. 23 എല്‍ക്കാനാ അസ്സീരിന്‍റെ പുത്രന്‍. എബ്യാസാഫ് എല്‍ക്കാനയുടെ പുത്രന്‍. അസ്സീര്‍ എബ്യാസാഫിന്‍റെ പുത്രന്‍. 24 തഹത്ത് അസ്സീരിന്‍റെ പുത്രന്‍. ഊരീയേല്‍ തഹത്തിന്‍റെ പുത്രന്‍. ഉസ്സീയാവ് ഊരീയേലിന്‍റെ പുത്രന്‍. ശെൌല്‍ ഉസ്സീയാവിന്‍റെ പുത്രന്‍.
25 അമാസായിയും അഹീമോത്തും എല്‍ക്കാനയുടെ പുത്രന്മാര്‍. 26 സോഫായി എല്‍ക്കാനയുടെ പുത്രന്‍. നഹത്ത് സാഫായിയുടെ പുത്രന്‍. 27 എലീയാബ് നഹത്തിന്‍റെ പുത്രന്‍. യെരോഹാം എലീയാബിന്‍റെ പുത്രന്‍. എല്‍ക്കാനാ യെരോഹാമിന്‍റെ പുത്രന്‍. ശമൂവേല്‍ എല്‍ക്കാനയുടെ പുത്രന്‍. 28 യോവേല്‍ എന്ന മൂത്തപുത്രനും അബീയാവ് എന്ന ഇളയവനും ശമൂവേലിന്‍റെ പുത്രന്മാര്‍.
29 മെരാരിയുടെ പുത്രന്മാര്‍: മഹ്ളി മെരാരിയുടെ പുത്രന്‍, ലിബ്നി മഹ്ളിയുടെ പുത്രന്‍, ശിമെയി ലിബ്നിയുടെ പുത്രന്‍. ഉസ്സാ ശിമെയിയുടെ പുത്രന്‍. 30 ശിമെയാ ഉസ്സയുടെ പുത്രന്‍. ഹഗ്ഗീയാവ് ശിമെയയുടെ പുത്രന്‍. അസായാവ് ഹഗ്ഗീയാവിന്‍റെ പുത്രന്‍.
ആലയ ഗായകര്‍
31 സാക്ഷ്യപെട്ടകം സ്ഥാപിക്കപ്പെട്ടതിനുശേഷം യഹോവയുടെ ആലയത്തിലെ കൂടാരത്തില്‍ ഗാനങ്ങളുടെ ചുമതലക്കാരായി ദാവീദ് തെരഞ്ഞെടുത്തവര്‍ ഇവരാണ്. 32 വിശുദ്ധകൂടാരത്തില്‍ ഗാനമാലപിച്ചുകൊണ്ട് അവര്‍ ശുശ്രൂഷ നടത്തി. വിശുദ്ധകൂടാരത്തിന് സമ്മേളനക്കൂടാരമെന്നും പേരുണ്ട്. ശലോമോന്‍ യെരൂശലേമില്‍ യഹോവയുടെ ആലയം പണിയുംവരെ അവര്‍ അവിടെ ശുശ്രൂഷ നടത്തി. അവര്‍ക്കു നല്‍കപ്പെട്ടിരുന്ന ചട്ടങ്ങള്‍ പിന്തുടര്‍ന്നാണ് അവര്‍ ശുശ്രൂഷ നടത്തിയത്.
33 ഗാനശുശ്രൂഷ നടത്തിയവരുടെയും അവരുടെ പുത്രന്മാരുടെയും പേരുകള്‍ ഇവയാണ്:
കെഹാത്യ കുടുംബത്തിന്‍റെ പിന്‍ഗാമികള്‍: ഗായകനായ ഹേമാന്‍. യോവേലിന്‍റെ പുത്രനായിരുന്നു ഹേമാന്‍. യോവേല്‍ ശമൂവേലിന്‍റെ പുത്രന്‍. 34 ശമൂവേല്‍ എല്‍ക്കാനയുടെ പുത്രന്‍. എല്‍ക്കാനാ യെരോഹാമിന്‍റെ പുത്രന്‍. യെരോഹാം എലീയേലിന്‍റെ പുത്രന്‍. എലീയേല്‍ തോഹയുടെ പുത്രന്‍. 35 തോഹ സൂഫിന്‍റെ പുത്രന്‍. സൂഫ് എല്‍ക്കാനയുടെ പുത്രന്‍. എല്‍ക്കാനാ മഹത്തിന്‍റെ പുത്രന്‍. മഹത്ത് അമാസായിയുടെ പുത്രന്‍. 36 അമാസായി എല്‍ക്കാനയുടെ പുത്രന്‍. എല്‍ക്കാനാ യോവേലിന്‍റെ പുത്രന്‍. യോവേല്‍ അസര്യാവിന്‍റെ പുത്രന്‍. അസര്യാവ് സെഫന്യാവിന്‍റെ പുത്രന്‍. 37 സെഫന്യാവ് തഹത്തിന്‍റെ പുത്രന്‍. അസ്സീര്‍ എബ്യാസാഫിന്‍റെ പുത്രന്‍. എബ്യാസാഫ് കോരഹിന്‍റെ പുത്രന്‍. 38 കോരഹ് യിസ്ഹാരിന്‍റെ പുത്രന്‍. യിസ്ഹാര്‍ കെഹാത്തിന്‍റെ പുത്രന്‍. കെഹാത്ത് ലേവിയുടെ പുത്രന്‍. ലേവി യിസ്രായേലിന്‍റെ പുത്രന്‍.
39 ആസാഫ് ഹേമാന്‍റെ ചാര്‍ച്ചക്കാരനായിരുന്നു. ഹേമാന്‍റെ വലതു വശത്തായിരുന്നു ആസാഫ് ശുശ്രൂഷ നടത്തിയിരുന്നത്. ബേരെഖ്യാവിന്‍റെ പുത്രനായിരുന്നു ആസാഫ്. ബേരെഖ്യാവ് ശിമെയീയുടെ പുത്രന്‍. 40 ശിമെയാ മീഖായേലിന്‍റെ പുത്രന്‍. മീഖായേല്‍ ബയശേയാവിന്‍റെ പുത്രന്‍. ബയശേയാവ് മല്‍ക്കിയുടെ പുത്രന്‍. 41 മല്‍ക്കി എത്നിയുടെ പുത്രന്‍. എത്നി സേരഹിന്‍റെ പുത്രന്‍. സേരഹ് അദായാവിന്‍റെ പുത്രന്‍. 42 അദായാവ് ഏഥാന്‍റെ പുത്രന്‍. ഏഥാന്‍ സിമ്മയുടെ പുത്രന്‍. സിമ്മാ ശിമെയിയുടെ പുത്രന്‍. 43 ശിമെയി യഹത്തിന്‍റെ പുത്രന്‍, യഹത്ത് ഗേര്‍ശോമിന്‍റെ പുത്രന്‍, ഗേര്‍ശോം ലേവിയുടെ പുത്രന്‍.
44 മെരാരിയുടെ പിന്‍ഗാമികള്‍ ഹേമാന്‍റെയും ആസാഫിന്‍റെയും ചാര്‍ച്ചക്കാരായിരുന്നു. ഹേമാന്‍റെ ഇടതു വശത്തെ ഗായകസംഘമായിരുന്നു അവര്‍. ഏഥാന്‍ കീശിയുടെ പുത്രന്‍. കീശി അബ്ദിയുടെ പുത്രന്‍. അബ്ദി, മല്ലൂക്കിന്‍റെ പുത്രന്‍. 45 മല്ലൂക്ക് ഹശബ്യാവിന്‍റെ പുത്രന്‍. ഹശബ്യാവ് അമസ്യാവിന്‍റെ പുത്രന്‍. അമസ്യാവ് ഹില്‍ക്കീയാവിന്‍റെ പുത്രന്‍. 46 ഹില്‍ക്കീയാവ് അംസിയുടെ പുത്രന്‍. അംസി ബാനിയുടെ പുത്രന്‍. ബാനി ശാമെരിന്‍റെ പുത്രന്‍. 47 ശാമെര്‍ മഹ്ളിയുടെ പുത്രന്‍. മഹ്ളി മൂശിയുടെ പുത്രന്‍. മൂശി മെരാരിയുടെ പുത്രന്‍. മെരാരി ലേവിയുടെ പുത്രന്‍.
48 ലേവിയുടെ ഗോത്രക്കാരായിരുന്നു ആസാഫിന്‍റെയും ഹേമാന്‍റെയും സഹോദരന്മാര്‍. ലേവിയുടെ ഗോത്രക്കാരെ ലേവ്യര്‍ എന്നും വിളിച്ചിരുന്നു. വിശുദ്ധകൂടാരത്തില്‍ ജോലി ചെയ്യുവാന്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ലേവ്യര്‍. വിശുദ്ധകൂടാരമായിരുന്നു ദൈവത്തിന്‍റെ വസതി. 49 എന്നാല്‍ ഹോമയാഗങ്ങളുടെയും ധൂപങ്ങളുടെയും യാഗപീഠങ്ങളില്‍ ധൂപങ്ങള്‍ കത്തിക്കാന്‍ അഹരോന്‍റെ പിന്‍ഗാമികള്‍ മാത്രമേ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ദൈവത്തിന്‍റെ ആലയത്തിലെ അതിവിശുദ്ധസ്ഥലത്തെ എല്ലാ ജോലികളും ചെയ്തിരുന്നത് അഹരോന്‍റെ പിന്‍ഗാമികളായിരുന്നു. യിസ്രായേല്‍ ജനതയെ ശുദ്ധീകരിക്കുന്നതിനുള്ള ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നതും അവരായിരുന്നു. മോശെ കല്പിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും അവര്‍ അനുസരിച്ചു. മോശെ ദൈവത്തിന്‍റെ ദാസനായിരുന്നു.
അഹരോന്‍റെ പിന്‍ഗാമികള്‍
50 ഇവരായിരുന്നു അഹരോന്‍റെ പുത്രന്മാര്‍: എലെയാസാര്‍ അഹരോന്‍റെ പുത്രന്‍. ഫീനെഹാസ് എലെയാസാരിന്‍റെ പുത്രന്‍. അബീശൂവാ ഫീനെഹാസിന്‍റെ പുത്രന്‍. 51 ബുക്കി അബീശൂവായുടെ പുത്രന്‍. ഉസ്സി ബുക്കിയുടെ പുത്രന്‍. സെരഹ്യാവ് ഉസ്സിയുടെ പുത്രന്‍. 52 മെരായോത്ത് സെരഹ്യാവിന്‍റെ പുത്രന്‍. അമര്യാവ് മെരായോത്തിന്‍റെ പുത്രന്‍. അഹീത്തൂബ് അമര്യാവിന്‍റെ പുത്രന്‍. 53 സാദോക്ക് അഹീതൂബിന്‍റെ പുത്രന്‍. അഹീമാസ് സാദോക്കിന്‍റെ പുത്രന്‍.
ലേവ്യഭവനങ്ങള്‍
54 അഹരോന്‍റെ പിന്‍ഗാമികള്‍ വസിച്ചിരുന്ന സ്ഥലങ്ങള്‍ ഇവയാണ്. അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന സ്ഥലത്താണ് അവര്‍ വസിച്ചിരുന്നത്. ലേവ്യര്‍ക്കു നല്‍കപ്പെട്ടിരുന്ന ഭൂമിയില്‍ ആദ്യപങ്കു ലഭിച്ചത് കെഹാത്യര്‍ക്കായിരുന്നു. 55 ഹെബ്രോന്‍ പട്ടണവും അതിനുചുറ്റുമുള്ള വയലുകളുമാണ് അവര്‍ക്കു നല്‍കപ്പെട്ടിരുന്നത്. അത് യെഹൂദാപ്രദേശത്തായിരുന്നു. 56 എന്നാല്‍ ഹെബ്രോന്‍ പട്ടണത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളും പട്ടണങ്ങളില്‍നിന്നും വളരെ അകലെയുള്ള വയലുകളും യെഫുന്നയുടെ പുത്രനായ കാലേബിനായിരുന്നു നല്‍കിയിരുന്നത്. 57 അഹരോന്‍റെ പിന്‍ഗാമികള്‍ക്കു ഹെബ്രോന്‍ നഗരമാണ് നല്‍കപ്പെട്ടിരുന്നത്. ഹെബ്രോന്‍ സുരക്ഷിതത്വത്തിന്‍റെ നഗരമായിരുന്നു. ലിബ്നാ, യത്ഥീര്‍, എസ്തെമോവയും, 58 ഹീലേന്‍, ദെബീര്‍, 59 ആശാന്‍, യുത്താ, ബേത്ത്-ശേമെശ് നഗരങ്ങളും അവര്‍ക്കു നല്‍കപ്പെട്ടിരുന്നു. എല്ലാ നഗരങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും അവര്‍ക്കു ലഭിച്ചിരുന്നു. 60 ബെന്യാമീന്‍ ഗോത്രക്കാര്‍ക്കു ഗിബെയോന്‍, ഗേബാ, അല്ലേമെത്ത്, അനാഥോത്ത് എന്നീ നഗരങ്ങള്‍ നല്‍കിയിരുന്നു. ആ നഗരങ്ങളും അവയ്ക്കു ചുറ്റുമുള്ള വയലുകളും മുഴുവന്‍ അവര്‍ക്കു ലഭിച്ചു. കെഹാത്യ കുടുംബങ്ങള്‍ക്ക് പതിമൂന്നു നഗരങ്ങള്‍ നല്‍കപ്പെട്ടിരുന്നു.
61 കെഹാത്യരുടെ ബാക്കി പിന്‍ഗാമികള്‍ക്ക് മനശ്ശെയുടെ പകുതി ഗോത്രക്കാരുടെ പട്ടണങ്ങള്‍ ലഭിച്ചു. 62 ഗേര്‍ശോന്‍റെ പിന്‍ഗാമികളായ ഗോത്രക്കാര്‍ക്ക് പതിമൂന്നു നഗരങ്ങള്‍ ലഭിച്ചു. യിസ്സാഖാര്‍, ആശേര്‍, നഫ്താലി, മനശ്ശെയുടെ ബാശാനില്‍ താമസിക്കുന്നവരുടെ ഭാഗം എന്നിവരില്‍ നിന്നു ലഭിച്ചതാണ് ഈ നഗരങ്ങള്‍.
63 മെരാരിയുടെ പിന്‍ഗാമികളായ ഗോത്രങ്ങള്‍ക്ക് പന്ത്രണ്ടു നഗരങ്ങള്‍ ലഭിച്ചു. രൂബേന്‍, ഗാദ്, സെബൂലൂന്‍ എന്നീ ഗോത്രങ്ങളില്‍ നിന്നാണ് അവര്‍ക്ക് ആ നഗരങ്ങള്‍ ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് അവര്‍ക്ക് ആ നഗരങ്ങള്‍ ലഭിച്ചത്. 64 അതിനാല്‍ യിസ്രായേലുകാര്‍ ആ പട്ടണങ്ങളും വയലുകളും ലേവ്യര്‍ക്കു നല്‍കി. 65 യെഹൂദാ, ശിമെയോന്‍, ബെന്യാമീന്‍ ഗോത്രക്കാരില്‍ നിന്നാണ് ആ നഗരങ്ങള്‍. ഏതു ലേവ്യകുടുംബത്തിന് ഏതു നഗരമെന്ന് അവര്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.
66 എഫ്രയീംഗോത്രക്കാര്‍ ചില കെഹാത്യ കുടുംബങ്ങള്‍ക്ക് ഏതാനും പട്ടണങ്ങള്‍ നല്‍കി. നറുക്കെടുപ്പിലൂടെയാണ് അവര്‍ ആ പട്ടണങ്ങള്‍ തെരഞ്ഞെടുത്തത്. 67 ശെഖേംനഗരം അവര്‍ക്കു നല്‍കപ്പെട്ടു. ശെഖേം ഒരു സുരക്ഷാ നഗരമായിരുന്നു. ഗേസെര്‍, 68 യൊക്മെയാം, ബേത്ത്-ഹോരോന്‍ 69 അയ്യാലോന്‍, ഗത്ത്-രിമ്മോന്‍ എന്നീ പട്ടണങ്ങളും അവര്‍ക്കു നല്‍കപ്പെട്ടു. എഫ്രയീമിലെ മലന്പ്രദേശത്തായിരുന്നു ആ പട്ടണങ്ങള്‍. 70 മനശ്ശെയുടെ പകുതി ഗോത്രക്കാരില്‍നിന്നും യിസ്രായേലുകാര്‍ ആനേര്‍, ബിലെയാം എന്നീ പട്ടണങ്ങള്‍ കെഹാത്യകുടുംബങ്ങള്‍ക്കു നല്‍കി.
മറ്റു ലേവ്യകുടുംബക്കാര്‍ക്കും ഭവനങ്ങള്‍
71 ഗേര്‍ശോന്‍ കുടുംബങ്ങള്‍ക്ക് മനശ്ശെയുടെ പകുതി ഗോത്രക്കാരില്‍നിന്നും ബാശാന്‍ അശ്തരോത് പ്രദേശത്തുള്ള ഗോലാന്‍ പട്ടണങ്ങള്‍ ലഭിച്ചു. 72-73 ഗേര്‍ശോന്‍ കുടുംബങ്ങള്‍ക്ക് കേദെശ്, ദാബെരത്ത്, രാമോത്ത്, ഗന്നീം എന്നീ പട്ടണങ്ങള്‍ യിസ്സാഖാരിന്‍റെ ഗോത്രക്കാരില്‍ നിന്നും കിട്ടി. ആ പട്ടണങ്ങള്‍ക്കടുത്തുള്ള വയലുകളും അവര്‍ക്കു ലഭിച്ചു.
74-75 ഗേര്‍ശോന്‍ കുടുംബങ്ങള്‍ക്ക് മാശാല്‍, അബ്ദോന്‍, ഹൂക്കോക്ക്, രെഹോബ് എന്നീ പട്ടണങ്ങള്‍ ആശേരിന്‍റെ ഗോത്രക്കാരില്‍ നിന്നും ഗേര്‍ശോന്‍ കുടുംബക്കാര്‍ക്ക് ലഭിച്ചു.
76 ഗേര്‍ശോന്‍ കുടുംബക്കാര്‍ക്ക് ഗലീലയിലെ കേദെശ്, ഹമ്മോന്‍, കിര്യഥയീം എന്നീ സ്ഥലങ്ങള്‍ നഫ്താലിയുടെ ഗോത്രക്കാരില്‍നിന്നും ലഭിച്ചു. ആ പട്ടണങ്ങള്‍ക്കടുത്തുള്ള വയലുകളും അവര്‍ക്കു ലഭിച്ചു.
77 ബാക്കിയുള്ള ലേവ്യര്‍ മെരാരി കുടുബങ്ങളായിരുന്നു. സെബൂലൂന്‍ ഗോത്രക്കാരില്‍ നിന്നും അവര്‍ക്ക് യോകനീം, കര്‍ത്താ, രിമ്മോനോ, താബോര്‍ എന്നീ പട്ടണങ്ങള്‍ ലഭിച്ചു. ആ പട്ടണങ്ങള്‍ക്കടുത്തുള്ള വയലുകളും അവര്‍ക്ക് ലഭിച്ചു.
78-79 മെരാരി കുടുംബക്കാര്‍ക്ക് മരുഭൂമിയിലെ ബേസെര്‍, യഹസാ, കെദേമോത്ത്, മേഫാത്ത് എന്നീ പട്ടണങ്ങള്‍ ലഭിച്ചു. യോര്‍ദ്ദാന്‍ നദിയുടെ കിഴക്കേക്കരയില്‍ യെരീഹോ നഗരത്തിനു കിഴക്കു വസിച്ചിരുന്ന രൂബേന്‍ ഗോത്രക്കാരില്‍ നിന്നാണ് അവര്‍ക്ക് ഈ ദേശം ലഭിച്ചത്. ഈ മെരാരി കുടുംബങ്ങള്‍ക്ക് ആ പട്ടണങ്ങള്‍ക്കടുത്തുള്ള വയലുകളും ലഭിച്ചു.
80-81 ഗിലെയാദിലെ രാമോത്ത്, മഹനയീം, ഹെശ്ബോന്‍, യാസേര്‍ എന്നീ പട്ടണങ്ങളും മെരാരി കുടുംബക്കാര്‍ക്ക് ഗാദുഗോത്രക്കാരില്‍ നിന്നും ലഭിച്ചു. ആ പട്ടണങ്ങള്‍ക്കു ചുറ്റുമുള്ള വയലുകളും അവര്‍ക്കു ലഭിച്ചു.