രെഹബെയാമിന്‍റെ വിഡ്ഢിത്തം
10
രെഹബെയാമിനെ രാജാവാക്കുവാന്‍ യിസ്രായേല്‍ജനത ശെഖേംപട്ടണത്തിലേക്കു പോയതിനാല്‍ അയാളും അങ്ങോട്ടേക്കു പോയി. ശലോമോന്‍രാജാവില്‍നിന്നും ഒളിച്ചോടി ഈജിപ്തില്‍ വസിക്കുകയായിരുന്നു യൊരോബെയാം. നെബാത്തിന്‍റെ പുത്രനായിരുന്നു യൊരോബെയാം. രെഹബെയാം പുതിയ രാജാവാകാന്‍ പോകുന്നുവെന്ന് യൊരോബെയാം അറിഞ്ഞു. അതിനാല്‍ യൊരോബെയാം ഈജിപ്തില്‍നിന്നും മടങ്ങിവന്നു. യിസ്രായേല്‍ജനത യൊരോബെയാമിനെയും തങ്ങളോടൊപ്പം വരാന്‍ വിളിച്ചു. അനന്തരം യൊരോബെയാമും മുഴുവന്‍ യിസ്രായേലുകാരും രെഹബെയാമിനടുത്തേക്കു പോയി. അവര്‍ അയാളോടു പറഞ്ഞു, “രെഹബെയാം, നിന്‍റെ പിതാവ് ഞങ്ങളുടെ ജീവിതം കഠിനമാക്കി. അത് കൊടും ഭാരം ചുമക്കുന്നതു പോലെയായിരുന്നു. ആ ഭാരം ഒന്നു ലഘൂകരിച്ചാല്‍ ഞങ്ങള്‍ നിന്നെ സേവിച്ചു കൊള്ളാം.”
രെഹബെയാം അവരോടു പറഞ്ഞു, “മൂന്നു ദിവസങ്ങള്‍ക്കുശേഷം എന്‍റെയടുത്തു വരിക.”അതിനാല്‍ ജനങ്ങള്‍ പിരിഞ്ഞുപോയി.
അനന്തരം രെഹബെയാംരാജാവ് മുന്പ് തന്‍റെ പിതാവായ ശലോമോനെ സേവിച്ചിരുന്ന മൂപ്പന്മാരോടു സംസാരിച്ചു. രെഹെയാം അവരോടു ചോദിച്ചു, “ഞാനവരോടു എന്തു പറയണമെന്നാണ് നിങ്ങളുടെ ഉപദേശം?”
മൂപ്പന്മാര്‍ രെഹബെയാമിനോടു പറഞ്ഞു, “അങ്ങയ്ക്ക് അവരോടു കാരുണ്യമുണ്ടെങ്കില്‍ അവരോടു നല്ലവാക്കുകള്‍ പറഞ്ഞാല്‍ അവര്‍ എക്കാലവും അങ്ങയുടെ ദാസന്മാരായിരിക്കും.”
എന്നാല്‍ മൂപ്പന്മാര്‍ നല്‍കിയ ഉപദേശം രെഹബെയാം സ്വീകരിച്ചില്ല. രെഹബെയാം തന്നോടൊപ്പം വളര്‍ന്നവരും തന്‍റെ സേവകരുമായ ചെറുപ്പക്കാരുമായി സംസാരിച്ചു. രെഹബെയാം അവരോടു പറഞ്ഞു, “എനിക്ക് എന്തുപദേശമാണ് നിങ്ങള്‍ക്കു തരാനുള്ളത്? ജനങ്ങളോടു നമ്മളെന്താണു മറുപടി പറയേണ്ടത്? തങ്ങളുടെ ജോലി ലഘൂകരിച്ചു കൊടുക്കണമെന്നാണവര്‍ എന്നോടാവശ്യപ്പെട്ടത്. എന്‍റെ പിതാവ് അവരുടെ മേലേല്പിച്ച ഭാരം കുറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.”
10 അപ്പോള്‍, രെഹബെയാമിന്‍റെ ഒപ്പം വളര്‍ന്നവരായ ആ ചെറുപ്പക്കാര്‍ അവനോടു പറഞ്ഞു, “അങ്ങയോടു സംസാരിച്ചവരോടു അങ്ങ് ഇങ്ങനെ മറുപടി നല്‍കുക. ജനങ്ങള്‍ അങ്ങയോടു പറഞ്ഞത്, ‘അങ്ങയുടെ പിതാവ് ഞങ്ങളുടെ ജീവിതം ദുഷ്കരമാക്കി. അതൊരു മഹാഭാരം ചുമക്കുന്നതുപോലെയാണ്. എന്നാല്‍ ആ ഭാരം ലഘൂകരിക്കപ്പെടാന്‍ ഞങ്ങളാഗ്രഹിക്കുന്നു.’ എന്നാല്‍ രെഹബെയാം, അങ്ങു നല്‍കേണ്ട മറുപടി ഇതാണ്: അവരോടു പറയുക, ‘എന്‍റെ ചെറുവിരലിന് എന്‍റെ പിതാവിന്‍റെ അരക്കെട്ടിനെക്കാള്‍ വണ്ണമുണ്ട്! 11 എന്‍റെ പിതാവ് നിങ്ങളുടെമേല്‍ മഹാഭാരം കയറ്റിവച്ചു. എന്നാല്‍ ഞാനത് കൂടുതല്‍ ഭാരമുള്ളതാക്കും. എന്‍റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ടടിച്ചു. എന്നാല്‍ ഞാന്‍ നിങ്ങളെ മൂര്‍ച്ചയേറിയ ലോഹക്കഷണങ്ങള്‍ പിടിപ്പിച്ച ചാട്ട കൊണ്ടടിക്കും.’”
12 മൂന്നു ദിവസങ്ങള്‍ക്കുശേഷം യൊരോബെയാമും മറ്റെല്ലാ ആളുകളും രെഹബെയാമിന്‍റെയടുത്തെത്തി. “മൂന്നാം ദിവസം എന്‍റെയടുത്തേക്കു മടങ്ങിവരിക”എന്ന് രെഹബെയാം രാജാവ് അവരോടു പറഞ്ഞതനുസരിച്ചായിരുന്നു അത്. 13 അപ്പോള്‍ രെഹബെയാംരാജാവ് അവരോടു പരുഷമായി സംസാരിച്ചു. മൂപ്പന്മാരുടെ ഉപദേശം രെഹബെയാംരാജാവ് സ്വീകരിച്ചില്ല. 14 ചെറുപ്പക്കാരായ സുഹൃത്തുക്കള്‍ ഉപദേശിച്ചതു പോലെയാണ് രെഹബെയാം ജനങ്ങളോടു സംസാരിച്ചത്. അദ്ദേഹം പറഞ്ഞു, “എന്‍റെ പിതാവ് നിങ്ങളുടെമേല്‍ മഹാഭാരം വച്ചു. എന്നാല്‍ ഞാനത് കൂടുതല്‍ ഭാരമുള്ളതാക്കും. എന്‍റെ പിതാവ് നിങ്ങളെ ചാട്ട കൊണ്ടടിച്ചു. എന്നാല്‍ ഞാന്‍ നിങ്ങളെ മൂര്‍ച്ചയേറിയ ലോഹത്തുണ്ടുകള്‍ പിടിപ്പിച്ച ചാട്ടകൊണ്ടടിക്കും.” 15 അങ്ങനെ ജനങ്ങളുടെ അപേക്ഷ രെഹബെയാംരാജാവ് ചെവിക്കൊണ്ടില്ല. ദൈവം കാര്യങ്ങള്‍ മാറ്റി മറിച്ചതിനാലാണ് അയാള്‍ ജനങ്ങളെ ശ്രദ്ധിക്കാതിരുന്നത്, ദൈവമാണങ്ങനെ സംഭവിപ്പിച്ചത്. ശീലോന്യനായിരുന്ന അഹീയായിലൂടെ നെബാത്തിന്‍റെ പുത്രനായ യൊരോബെയാമിനോടു താന്‍ സംസാരിച്ച വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് യഹോവയങ്ങനെ സംഭവിപ്പിച്ചത്.
16 രെഹെബെയാംരാജാവ് തങ്ങളുടെ അഭ്യര്‍ത്ഥന ചെവിക്കൊള്ളാന്‍ കൂട്ടാക്കുന്നില്ലെന്ന് യിസ്രായേല്‍ജനത മനസ്സിലാക്കി. അപ്പോള്‍ അവര്‍ രാജാവിനോടു പറഞ്ഞു, “ഞങ്ങള്‍ ദാവീദിന്‍റെ കുടുംബത്തിന്‍റെ ഭാഗമാണോ? അല്ല! യിശ്ശായിയുടെ ഭൂമിയുടെ പങ്ക് ഞങ്ങള്‍ക്ക് കിട്ടുമോ? ഇല്ല! അതിനാല്‍ യിസ്രായേലേ, നാം നമ്മുടെ വസതിയിലേക്കു പോകുക. ദാവീദിന്‍റെ പുത്രന്‍ അവന്‍റെ ജനതയെ ഭരിച്ചുകൊള്ളട്ടെ!”അനന്തരം മുഴുവന്‍ യിസ്രായേലുകാരും സ്വഭവനത്തിലേക്കു മടങ്ങി. 17 എന്നാല്‍ യിസ്രായേലുകാരില്‍ ചിലര്‍ യെഹൂദയിലെ പട്ടണങ്ങളില്‍ വസിച്ചിരുന്നു. രെഹബെയാം ആയിരുന്നു അവരുടെ രാജാവ്.
18 നിര്‍ബ്ബന്ധമായി പണിയെടുപ്പിക്കപ്പെട്ടവരുടെ ചുമതല ഹദോരാമിനായിരുന്നു. രെഹബെയാം അയാളെ യിസ്രായേലുകാര്‍ക്കിടയിലേക്കയച്ചു. എന്നാല്‍ യിസ്രായേലുകാര്‍ ഹദോരാമിനെ കല്ലെറിഞ്ഞുകൊന്നു. അനന്തരം രെഹബെയാം തന്‍റെ തേരിലേക്കു ചാടിക്കയറി രക്ഷപ്പെട്ടു. യെരൂശലേമിലേക്കാണയാള്‍ ഓടിപ്പോയത്. 19 അന്നുമുതല്‍ ഇപ്പോഴും യിസ്രായേല്‍ ദാവീദിന്‍റെ കുടുംബവുമായി കലഹിച്ചുപോരുന്നു.