11
യെരൂശലേമിലെത്തിയ രെഹബെയാം സമര്‍ത്ഥരായ ഒരു ലക്ഷത്തിയെണ്‍പതിനായിരം ഭടന്മാരെ സംഘടിപ്പിച്ചു. യെഹൂദാ, ബെന്യാമീന്‍ഗോത്രങ്ങളില്‍നിന്നാണ് അയാള്‍ ഈ ഭടന്മാരെ സംഘടിപ്പിച്ചത്. തന്‍റെ രാജ്യം വീണ്ടെടുക്കുന്നതിനുവേണ്ടി യിസ്രായേലിനോടു യുദ്ധംചെയ്യാനാണയാള്‍ അവരെ സംഘടിപ്പിച്ചത്. എന്നാല്‍ യഹോവയുടെ സന്ദേശം ശെമയ്യാവിനുകിട്ടി. ഒരു ദൈവ പുരുഷനായിരുന്നു ശെമയ്യാവ്. യഹോവ പറഞ്ഞു, “ശെമയ്യാവേ, ശലോമോന്‍റെ പുത്രനും യെഹൂദയിലെ രാജാവുമായ രെഹബെയാമിനോടു സംസാരിക്കുക. യെഹൂദയിലും ബെന്യാമീനിലും താമസിക്കുന്ന എല്ലാ യിസ്രായേലുകാരോടും സംസാരിക്കുക. അവരോടു പറയുക: യഹോവ ഇങ്ങനെ പറയുന്നു: ‘നിങ്ങള്‍ നിങ്ങളുടെ സഹോദരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യരുത്! എല്ലാവരും ഭവനങ്ങളിലേക്കു മടങ്ങട്ടെ. ഇങ്ങനെ സംഭവിപ്പിച്ചതു ഞാനാകുന്നു’”അതിനാല്‍ രെഹബെയാം രാജാവും അയാളുടെ സൈന്യവും യഹോവയുടെ സന്ദേശം അനുസരിക്കുകയും പിന്മാറുകയും ചെയ്തു. അവര്‍ യെരോബെയാമിനെ ആക്രമിച്ചില്ല.
രെഹബെയാം യെഹൂദയെ ശക്തമാക്കുന്നു
രെഹബെയാം യെരൂശലേമില്‍ വസിച്ചു. ആക്രമണങ്ങളെ ചെറുക്കാന്‍ യെഹൂദയില്‍ ശക്തമായ നഗരങ്ങള്‍ പണിതു. ബേത്ത്ലേഹെം, ഏതാം, തെക്കോവ, ബേത്ത്-സൂര്‍, സോഖോ, അദുല്ലാം. ഗത്ത്, മരേശാ, സീഫ്, അദോരയീം, ലാഖീശ്, അസേക്കാ, 10 സോരാ, അയ്യാലോന്‍, ഹെബ്രോന്‍ എന്നീ നഗരങ്ങള്‍ അയാള്‍ അറ്റകുറ്റപ്പണി ചെയ്ത് ശക്തമാക്കി. ശക്തമായ ഈ നഗരങ്ങള്‍ യെഹൂദയിലും ബെന്യാമീനിലും ആണ്. 11 ബലപ്പെടുത്തിയ നഗരങ്ങളില്‍ അയാള്‍ നായകരെ നിയോഗിച്ചു. ആ നഗരങ്ങളില്‍ ഭക്ഷണം, എണ്ണ, വീഞ്ഞ് എന്നിവ അദ്ദേഹം ശേഖരിക്കുകയും ചെയ്തു. 12 കൂടാതെ രെഹബെയാം എല്ലാ നഗരങ്ങളിലും പരിചകളും കുന്തങ്ങളും വച്ച് അവയെ കൂടുതല്‍ ബലപ്പെടുത്തി. യെഹൂദാ, ബെന്യാമീന്‍ എന്നീ നഗരങ്ങളെയും അതിലെ ജനങ്ങളെയും രെഹബെയാം തന്‍റെ അധീനതയിലാക്കി.
13 യിസ്രായേലിലെന്പാടുമുള്ള പുരോഹിതന്മാരും ലേവ്യരും രെഹബെയാമിനെ പിന്താങ്ങുകയും അയാളോടൊപ്പം ചേരുകയും ചെയ്തു. 14 ലേവ്യര്‍ തങ്ങളുടെ പുല്‍പ്രദേശങ്ങളും തങ്ങളുടെ സ്വന്തം ഭൂമിയും വിട്ട് യെരൂശലേമിലേക്കും യെഹൂദയിലേക്കും വന്നു. അവര്‍ യഹോവയുടെ പുരോഹിതന്മാരായിരിക്കുന്നതും ജനത്തിന് ശുശ്രൂഷ നടത്തുന്നതും യൊരോബെയാമും അയാളുടെ പുത്രന്മാരും നിഷേധിച്ചതിനാലാണ് ലേവ്യര്‍ അങ്ങനെ ചെയ്തത്. 15 ഉന്നതസ്ഥലങ്ങളില്‍* ഉന്നതസ്ഥലങ്ങള്‍ ആരാധനാസ്ഥലങ്ങള്‍. ശുശ്രൂഷ നടത്താന്‍ യൊരോബെയാം തന്‍റെ സ്വന്തം പുരോഹിതന്മാരെ തെരഞ്ഞെടുത്തിരുന്നു. ആ ഉന്നതസ്ഥലങ്ങളില്‍ അയാള്‍ താനുണ്ടാക്കിയ കോലാടിന്‍റെയും പശുക്കുട്ടിയുടെയും വിഗ്രഹങ്ങള്‍ വച്ചിരുന്നു. 16 ലേവ്യര്‍ യിസ്രായേല്‍ വിട്ടപ്പോള്‍, യിസ്രായേലിന്‍റെ ദൈവമായ യഹോവയില്‍ വിശ്വസിച്ചിരുന്ന യിസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംപെട്ടവര്‍ തങ്ങളുടെ പിതാക്കന്മാരുടെ യഹോവയാകുന്ന ദൈവത്തിന് ബലിയര്‍പ്പിക്കുവാന്‍ യെരൂശലേമിലേക്കു വന്നു. 17 അവര്‍ യെഹൂദാരാജ്യത്തെ ശക്തമാക്കി. ശലോമോന്‍റെ പുത്രനായ രെഹബെയാമിനെ അവര്‍ മൂന്നു വര്‍ഷത്തേക്കു പിന്തുണയ്ക്കുകയും ചെയ്തു. ദാവീദും ശലോമോനും ജീവിച്ചതുപോലെ അവരും ജീവിച്ചിരുന്നതിനാലാണ് അവരന്ന് അങ്ങനെ ചെയ്തത്.
രെഹബെയാമിന്‍റെ കുടുംബം
18 രെഹബെയാം മഹലാത്തിനെ വിവാഹം കഴിച്ചു. യെരിമോത്ത് അവളുടെ പിതാവ്. അബീഹയീല്‍ ആയിരുന്നു അവളുടെ അമ്മ. യെരിമോത്ത് ദാവീദിന്‍റെ പുത്രനായിരുന്നു. അബീഹയീല്‍ ഏലീയാബിന്‍റെ പുത്രിയും. ഏലീയാബ് യിശ്ശായിയുടെ പുത്രനും. 19 മഹലാത്ത്, രെഹബെയാമിന് ഈ പുത്രന്മാരെ നല്‍കി: യെയൂശ്, ശെമര്യാവ്, സാഹം. 20 അനന്തരം രെഹബെയാം മയഖയെ വിവാഹം കഴിച്ചു. അബ്ശാലോമിന്‍റെ പൌത്രിയായിരുന്നു മയഖാ. മയഖാ രെഹബെയാമിനു നല്‍കിയ പുത്രന്മാര്‍: അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത്. 21 രെഹബെയാം തന്‍റെ മറ്റെല്ലാഭാര്യമാരെയും ദാസിമാരെയുംകാള്‍ മയഖയെ സ്നേഹിച്ചു. അബ്ശാലോമിന്‍റെ പൌത്രിയായിരുന്നു മയഖാ. രെഹബെയാമിന് പതിനെട്ടുഭാര്യമാരും അറുപതു ദാസിമാരും ഉണ്ടായിരുന്നു. ഇരുപത്തെട്ടു പുത്രന്മാരുടെയും അറുപതു പുത്രിമാരുടെയും പിതാവായിരുന്നു രെഹബെയാം.
22 തന്‍റെ സഹോദരന്മാര്‍ക്കിടയില്‍ നേതാവായി രെഹബെയാം അബീയാവിനെ തെരഞ്ഞെടുത്തു. അബീയാവിനെ രാജാവാക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് രെഹബെയാം അങ്ങനെ ചെയ്തത്. 23 രെഹബെയാം വളരെ വിവേകപൂര്‍വ്വം പെരുമാറി. തന്‍റെ പുത്രന്മാരെ യെഹൂദയിലും ബെന്യാമീനിലുമുള്ള ശക്തമായ എല്ലാ നഗരങ്ങളിലേക്കും അയച്ചു. രെഹബെയാം തന്‍റെ പുത്രന്മാര്‍ക്കാവശ്യമായ സാധനങ്ങളും നല്‍കി. അയാള്‍ തന്‍റെ പുത്രന്മാര്‍ക്കു ഭാര്യമാരെയും തേടിക്കൊടുത്തു.