അബീയാവ് യെഹൂദയിലെ രാജാവ്
13
യിസ്രായേല്‍രാജാവെന്ന നിലയില്‍ യൊരോബെയാംരാജാവിന്‍റെ പതിനെട്ടാം വര്‍ഷം അബീയാവ് യെഹൂദയിലെ പുതിയരാജാവായി. അബീയാവ് യെരൂശലേമില്‍ മൂന്നുവര്‍ഷം രാജാവായിരുന്നു. മീഖായാ ആയിരുന്നു അബീയാവിന്‍റെ മാതാവ്. ഊരിയേലിന്‍റെ പുത്രിയായിരുന്നു മീഖായാ. ഗിബെയാ പട്ടണക്കാരനായിരുന്നു ഊരീയേല്‍. അബീയാവിനും യൊരോബെയാമിനുമിടയില്‍ യുദ്ധമുണ്ടായി. അബീയാവിന്‍റെ സൈന്യത്തില്‍ ധൈര്യശാലികളായ നാലുലക്ഷം ഭടന്മാരുണ്ടായിരുന്നു. അബീയാവ് ആ സൈന്യത്തെ യുദ്ധത്തില്‍ നയിച്ചു. യൊരോബെയാമിന് ധൈര്യശാലികളായ എട്ടുലക്ഷം ഭടന്മാരുണ്ടായിരുന്നു. അബീയാവുമായുള്ള യുദ്ധത്തിന് യൊരോബെയാം തയ്യാറായി.
അനന്തരം അബീയാവ് എഫ്രയീം മലന്പ്രദേശത്തെ സെമരായീംപര്‍വ്വതത്തിന്മേല്‍ നിന്നു. അബീയാവു പറഞ്ഞു, “യൊരോബെയാമും മുഴുവന്‍ യിസ്രായേലും ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക! യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ, ദാവീദിനും അവന്‍റെ പുത്രന്മാര്‍ക്കും എക്കാലവും യിസ്രായേലിന്‍റെ രാജാക്കന്മാരാകാനുള്ള അവകാശം നല്‍കിയ വിവരം നിങ്ങളറിയണം. ഉപ്പിന്‍റെ ഒരു കരാറിലൂടെയാണ് ദൈവം ദാവീദിന് ആ അവകാശം നല്‍കിയത്. എന്നാല്‍ യൊരോബെയാം തന്‍റെ യജമാനനെതിരെ തിരിഞ്ഞു! നെബാത്തിന്‍റെ പുത്രനായ യൊരോബെയാം, ശലോമോന്‍റെ ഭൃത്യന്മാരിലൊരുവനായിരുന്നു. ശലോമോന്‍ ദാവീദിന്‍റെ പുത്രന്‍. അനന്തരം വിലകെട്ട, കുറെ ചീത്തയാളുകള്‍ യൊരോബെയാമിന്‍റെ സുഹൃത്തുക്കളായുണ്ടായിരുന്നു. യൊരോബെയാമും അയാളുടെ ചീത്തകൂട്ടുകാരും ശലോമോന്‍റെ പുത്രനായ രെഹബെയാമിനെതിരായിരുന്നു. രെഹബെയാം ചെറുപ്പവും പരിചയക്കുറവുള്ളവനുമായിരുന്നു. അതിനാല്‍ അവന് യൊരോബെയാമിനെയും അയാളുടെ ദുഷിച്ച സുഹൃത്തുക്കളെയും തടയാനായില്ല.
“യൊരോബെയാമേ, ഇപ്പോള്‍ നീയും നിന്‍റെയാളുകളും യഹോവയുടെ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നു. യഹോവയുടെ രാജ്യം ദാവീദിന്‍റെ പുത്രന്മാര്‍ക്ക് അവകാശപ്പെട്ടതാണ്. നിങ്ങള്‍ അനേകം പേരുണ്ട്. കൂടാതെ നിങ്ങളുടെ ‘ദൈവ’ങ്ങളായി യൊരോബെയാം ഉണ്ടാക്കിയ സ്വര്‍ണ്ണക്കാളക്കുട്ടികളുമുണ്ട്. യഹോവയുടെ പുരോഹിതന്മാരെയും പിന്‍ഗാമികളെയും ലേവ്യരെയും നിങ്ങള്‍ പുറത്താക്കി. അഹരോന്‍റെ പുത്രന്മാരാണ് പുരോഹിതന്മാര്‍. നിങ്ങള്‍ നിങ്ങളുടെ സ്വന്തം പുരോഹിതരെ തെരഞ്ഞെടുത്തു. ഇതു ഭൂമിയിലെ മറ്റേതൊരു രാഷ്ട്രവും ചെയ്യുന്നതുപോലെ തന്നെയുള്ള പ്രവൃത്തിയാണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കാളക്കുട്ടിയെയോ ഏഴ് ആണാടുകളെയോ കൊണ്ടുവരുന്ന ഏതൊരുവനും ‘ദൈവ’ങ്ങളല്ലാത്ത വിഗ്രഹങ്ങളുടെ പുരോഹിതനാകാം.
10 “എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം യഹോവയാകുന്നു ഞങ്ങളുടെ ദൈവം. യെഹൂദക്കാരായ ഞങ്ങള്‍ ദൈവത്തെ അനുസരിക്കാന്‍ വിമുഖരായിട്ടില്ല! ഞങ്ങളവനെ വിട്ടുപോയില്ല! യഹോവയെ ശുശ്രൂഷിക്കുന്ന പുരോഹിതന്മാര്‍ അഹരോന്‍റെ പുത്രന്മാരാകുന്നു. യഹോവയെ ശുശ്രൂഷിക്കുന്നതിന് ലേവ്യര്‍ പുരോഹിതരെ സഹായിക്കുന്നു. 11 എല്ലാ പ്രഭാതത്തിലും സന്ധ്യയ്ക്കും അവര്‍ യഹോവയ്ക്കു ഹോമയാഗങ്ങളും സുഗന്ധധൂപങ്ങളും അര്‍പ്പിക്കുന്നു. ആലയത്തിലെ പ്രത്യേക മേശപ്പുറത്ത് അപ്പം നിരത്തുന്നതും അവരാണ്. എല്ലാ സായാഹ്നത്തിലും വിളക്കു കത്തിക്കാനുള്ള സ്വര്‍ണ്ണവിളക്കുകാലുകളും അവരാണ് ഒരുക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ ദൈവമാകുന്ന യഹോവയുടെ കല്പന അനുസരിക്കുന്നു. എന്നാല്‍ യൊരോബെയാം നീയും നിന്‍റെ യിസ്രായേല്‍ജനതയും യഹോവയെ അനുസരിക്കുന്നില്ല. നിങ്ങള്‍ അവനെ ഉപേക്ഷിച്ചു. 12 ദൈവം തന്നെ ഞങ്ങളോടൊപ്പമുണ്ട്. അവന്‍ നമ്മുടെ ഭരണാധിപന്‍, അവന്‍റെ പുരോഹിതന്മാര്‍ നമ്മോടൊപ്പവും ഉണ്ട്. നിങ്ങളെ ഉണര്‍ത്തി അവന്‍റെ അടുക്കലേക്കു കൊണ്ടുവരാന്‍ പുരോഹിതന്മാര്‍ കാഹളം മുഴക്കുന്നു. അല്ലയോ യിസ്രായേലുകാരേ, നിങ്ങളുടെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോവയ്ക്കെതിരെ യുദ്ധം ചെയ്യരുത്. എന്തെന്നാല്‍ നിങ്ങള്‍ വിജയിക്കുകയില്ല!”
13 എന്നാല്‍ അബീയാവിന്‍റെ സൈന്യത്തെ പിന്നില്‍ ചെന്ന് ആക്രമിക്കാന്‍ യൊരോബെയാം ഒരു സംഘം ഭടന്മാരെ അയച്ചു. അബീയാവിന്‍റെ സേനയ്ക്കു മുന്പിലായിരുന്നു യൊരോബെയാമിന്‍റെ സേന. പതിയിരുന്ന യൊരോബെയാമിന്‍റെ ഭടന്മാര്‍ അബീയാവിന്‍റെ സൈന്യത്തിന്‍റെ പിന്നിലായിരുന്നു. 14 യെഹൂദക്കാരായ അബീയാവിന്‍റെ ഭടന്മാര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ യൊരോബെയാമിന്‍റെ സൈന്യം മുന്നില്‍നിന്നും പിന്നില്‍നിന്നും ആക്രമിക്കുന്നതായി കണ്ടു. യെഹൂദക്കാര്‍ യഹോവയോടു നിലവിളിക്കുകയും പുരോഹിതന്മാര്‍ കാഹളം മുഴക്കുകയും ചെയ്തു.
15 അനന്തരം അബീയാവിന്‍റെ സേനയും ആക്രോശിച്ചു. യെഹൂദക്കാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ദൈവം യൊരോബെയാമിന്‍റെ സേനയെ പരാജയപ്പെടുത്തി. യൊരോബെയമിന്‍റെ മുഴുവന്‍ യിസ്രായേല്‍സേനയെയും അബീയാവിന്‍റെ യെഹൂദാസൈന്യം തോല്പിച്ചു. 16 യിസ്രായേലുകാര്‍ യെഹൂദക്കാരില്‍നിന്നും ഓടിപ്പോയി. യിസ്രായേല്‍സേനയെ തോല്പിക്കാന്‍ ദൈവം യെഹൂദസേനയെ അനുവദിച്ചു. 17 അബീയാവിന്‍റെ സൈന്യം യിസ്രായേല്‍ സേനയെ ഗംഭീരമായി തോല്പിച്ചു. യിസ്രായേലിന്‍റെ മികച്ച അഞ്ചുലക്ഷം ഭടന്മാര്‍ കൊല്ലപ്പെടുകയും ചെയ്തു. 18 അങ്ങനെ അപ്പോള്‍ യിസ്രായേല്‍ജനത പരാജിതരാവുകയും യെഹൂദജനത വിജയിക്കുകയും ചെയ്തു. തങ്ങളുടെ പുര്‍വ്വികരുടെ ദൈവമാകുന്ന യഹോവയെ ആശ്രയിച്ചതിനാലാണ് യെഹൂദസൈന്യം വിജയിച്ചത്.
19 അബീയാവിന്‍റെ സൈന്യം യൊരോബെയാമിന്‍റെ സൈന്യത്തെ തുരത്തി. ബേഥേല്‍, യെശാനാ, എഫ്രോന്‍ എന്നീ പട്ടണങ്ങള്‍ അബീയാവ് യൊരോബെയാമില്‍നിന്നും പിടിച്ചെടുത്തു. ആ പട്ടണങ്ങളും അവയ്ക്കു സമീപമുള്ള ചെറുപട്ടണങ്ങളും അവര്‍ പിടിച്ചടക്കി.
20 അബീയാവ് ജീവിച്ചിരുന്ന കാലത്തോളം ഒരിക്കലും യൊരോബെയാം ശക്തിയാര്‍ജ്ജിച്ചില്ല. യൊരോബെയാമിനെ യഹോവ വധിച്ചു. 21 എന്നാല്‍ അബീയാവ് കരുത്തനായി. അയാള്‍ പതിനാലു സ്ത്രീകളെ വിവാഹം കഴിയ്ക്കുകയും ഇരുപത്തിരണ്ടു പുത്രന്മാരുടെയും പതിനാറു പുത്രമാരുടെയും പിതാവായിത്തീരുകയും ചെയ്തു. 22 അബീയാവ് ചെയ്ത മറ്റുകാര്യങ്ങളെല്ലാം ഇദ്ദോപ്രവാചകന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.