ആസയുടെ അവസാന വര്‍ഷങ്ങള്‍
16
1 ആസയുടെ മുപ്പത്താറാം ഭരണവര്‍ഷത്തില്‍ ബയെശാ യെഹൂദാരാജ്യം ആക്രമിച്ചു. യിസ്രായേല്‍രാജാവായിരുന്നു ബയെശാ. അയാള്‍ രാമാപട്ടണംവരെ കടന്നുചെന്ന് അതൊരുകോട്ടയാക്കി. രാമാപട്ടണത്തെ ആളുകള്‍ യെഹൂദയിലെ ആസാരാജാവിന്‍റെ രാജ്യത്തേക്കു പോകുന്നതും വരുന്നതും തടയാനുള്ള സ്ഥലമാക്കി.
2 യഹോവയുടെ ആലയത്തിലെ ഖജനാവില്‍നിന്നും ആസാ വെള്ളിയും സ്വര്‍ണ്ണവും എടുത്തു. രാജകൊട്ടാരത്തിലെ വെള്ളിയും സ്വര്‍ണ്ണവും അയാളെടുത്തു. അനന്തരം ആസാ ബെന്‍-ഹദദിന് ദൂതന്മാരെ അയച്ചു. അരാമിലെ രാജാവായിരുന്നു ബെന്‍-ഹദദ്. ദമ്മേശെക്കുപട്ടണത്തിലായിരുന്നു അദ്ദേഹം വസിച്ചിരുന്നത്. ആസയുടെ സന്ദേശം ഇതായിരുന്നു:
3 “ബെന്‍-ഹദദ്, നമുക്ക് ഒരു കരാറുണ്ടാക്കാം. അത് അങ്ങയുടെ പിതാവും എന്‍റെ പിതാവും തമ്മിലുണ്ടാക്കിയ കരാറുപോലെയായിരിക്കട്ടെ. ഇതാ ഞാനങ്ങയ്ക്ക് വെള്ളിയും സ്വര്‍ണ്ണവും അയച്ചു തരുന്നു. ഇപ്പോള്‍ അങ്ങ് യിസ്രായേല്‍ രാജാവായ ബയെശെയുമായുള്ള കരാര്‍ ലംഘിച്ചാലും. അപ്പോള്‍ അയാളെന്നെ വിട്ടുപോകുകയും എന്നെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും.”
4 ബെന്‍-ഹദദ് ആസയോടു യോജിച്ചു. ബെന്‍-ഹദദ് യിസ്രായേലിലെ പട്ടണങ്ങള്‍ ആക്രമിക്കാന്‍ തന്‍റെ സൈന്യാധിപന്മാരെ അയച്ചു. ഈയോന്‍, ദാന്‍, ആബേല്‍-മയീം എന്നീ പട്ടണങ്ങള്‍ സൈന്യാധിപന്മാര്‍ ആക്രമിച്ചു. നിധികള്‍ സൂക്ഷിച്ചിരുന്ന നഫ്താലിരാജ്യത്തെ പട്ടണങ്ങളും അവര്‍ ആക്രമിച്ചു.
5 യിസ്രായേല്‍ പട്ടണങ്ങളിലുണ്ടായ ആക്രമണങ്ങളെപ്പറ്റി ബയെശാ കേട്ടു. അതിനാല്‍ അയാള്‍ രാമാപട്ടണം കോട്ടയാക്കുന്ന പണികള്‍ നിര്‍ത്തി അവിടം വിട്ടു പോയി.
6 അനന്തരം ആസാരാജാവ് എല്ലാ യെഹൂദക്കാരെയും വിളിച്ചുകൂട്ടി. അവര്‍ രാമാപട്ടണത്തിലേക്കു പോകുകയും കോട്ടപണിയാന്‍ ബയെശാ അവിടെ കൂട്ടിയിരുന്ന കല്ലുകളും തടികളും എടുത്തു കൊണ്ടുപോകുകയും ചെയ്തു. ആസയും യെഹൂദക്കാരും ആ കല്ലുകളും മരങ്ങളും ഗെബാ, മിസ്പ എന്നീ പട്ടണങ്ങള്‍ ശക്തമാക്കാന്‍ ഉപയോഗിച്ചു.
7 ആ സമയം ദൈവപുരുഷനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുത്തെത്തി. ഹനാനി അയാളോടു പറഞ്ഞു, “ആസാ, നിന്നെ സഹായിക്കാന്‍ നീ ആശ്രയിച്ചത് അരാമിലെ രാജാവിനെയാണ്; നിന്‍റെ ദൈവമാകുന്ന യഹോവയെ അല്ല. നീ യഹോവയെയായിരുന്നു ആശ്രയിക്കേണ്ടിയിരുന്നത്. എന്നാല്‍ നീ സഹായത്തിന് യഹോവയെ ആശ്രയിക്കാഞ്ഞതിനാല്‍ അരാമിലെ രാജാവിന്‍റെ സൈന്യം നിന്നില്‍ നിന്നു രക്ഷപ്പെട്ടു.
8 എത്യോപ്യക്കാര്‍ക്കും ലൂബ്യക്കാര്‍ക്കും വളരെ വലുതും ശക്തവുമായ സൈന്യമുണ്ടായിരുന്നു. അവര്‍ക്ക് ധാരാളം തേരുകളും തേരാളികളുമുണ്ടായിരുന്നു. എന്നാല്‍ ആസാ, നീ യഹോവയെ ആശ്രയിച്ചതിനാല്‍ അത്രയും വലുതും ശക്തവുമായൊരു സൈന്യത്തെ തോല്പിക്കാന്‍ യഹോവ നിന്നെ സഹായിച്ചു.
9 തന്നില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കു വേണ്ടി, അവരെ കരുത്തരാക്കുവാന്‍ വേണ്ടി, യഹോവയുടെ കണ്ണുകള്‍ ഭൂമിയിലെന്പാടും ചുറ്റിത്തിരിയുന്നു. ആസാ, നീ ഒരു മണ്ടത്തരമാണ് കാണിച്ചത്. അതിനാല്‍ ഇപ്പോള്‍ മുതല്‍ നിനക്ക് യുദ്ധങ്ങളുണ്ടാകും.”
10 ഹനാനിയുടെ വാക്കുകള്‍ കേട്ട് ആസാ അയാളോടു കോപിച്ചു. അയാളുടെ കോപം വളരെയധികം കൂടുകയാല്‍ അയാള്‍ ഹനാനിയെ തുറുങ്കിലടയ്ക്കുകയും ചെയ്തു. ആസാ വളരെ ക്രൂരമായാണ് ജനങ്ങളില്‍ ചിലരെ ആ സമയത്ത് പീഡിപ്പിച്ചത്.
11 ആദ്യം മുതല്‍ അവസാനംവരെ ആസാ ചെയ്തകാര്യങ്ങള്‍ ‘യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ എഴുതിവച്ചിരിക്കുന്നു.
12 മുപ്പത്തൊന്‍പതാം ഭരണവര്‍ഷത്തില്‍ ആസയുടെ പാദത്തില്‍ രോഗം ബാധിച്ചു. തന്‍റെ രോഗം വളരെ കൂടിയെങ്കിലും ആസാ യഹോവയുടെ സഹായത്തിനായി അപേക്ഷിച്ചില്ല. അയാള്‍ വൈദ്യന്മാരുടെ സഹായം തേടി.
13 തന്‍റെ നാല്പത്തൊന്നാം ഭരണവര്‍ഷത്തില്‍ ആസാ മരണമടഞ്ഞു. അയാള്‍ തന്‍റെ പൂര്‍വ്വികന്മാരോടൊപ്പം വിശ്രമിച്ചു.
14 ദാവീദിന്‍റെ നഗരത്തില്‍ അയാള്‍ക്കു വേണ്ടിത്തന്നെ ഒരുക്കിയ കല്ലറയില്‍ ജനങ്ങള്‍ ആസയെ അടക്കി. ജനങ്ങള്‍ സുഗന്ധദ്രവ്യങ്ങളും മറ്റും വിരിച്ച മെത്തമേലാണ് അവര്‍ അയാളെ കിടത്തിയത്. ആസയുടെ ബഹുമാനാര്‍ത്ഥം അവര്‍ ഒരു വലിയ അഗ്നി കുണ്ഡം ഒരുക്കി.