ശലോമോന്‍ ആലയനിര്‍മ്മിതിക്കൊരുങ്ങുന്നു
2
യഹോവയുടെ നാമം മഹത്വപ്പെടുത്തുന്നതിന് ഒരു ആലയം പണിയാന്‍ ശലോമോന്‍ ആലോചിച്ചു. തനിക്കായി ഒരു കൊട്ടാരം പണിയുന്നതിനും. എഴുപതിനായിരം ചുമട്ടുകാരെയും മലന്പ്രദേശത്തു കല്ലുവെട്ടുവാന്‍ എണ്‍പതിനായിരം കല്പണിക്കാരെയും ശലോമോന്‍ നിയോഗിച്ചു. അവരുടെ മേല്‍നോട്ടത്തിന് മൂവായിരത്തറുനൂറുപേരെയും ശലോമോന്‍ നിയോഗിച്ചു. അനന്തരം ശലോമോന്‍ ഹൂരാമിന് ഒരു സന്ദേശമയച്ചു. സോര്‍നഗരത്തിന്‍റെ രാജാവായിരുന്നു ഹൂരാംശലോമോന്‍ പറഞ്ഞു, “എന്‍റെ പിതാവായ ദാവീദിനെ സഹായിച്ചതുപോലെ എന്നെയും സഹായിക്കൂ. അദ്ദേഹത്തിനു വസതി നിര്‍മ്മിക്കാന്‍ അങ്ങ് ദേവാദാരുമരം കൊടുത്തു. എന്‍റെ ദൈവമാകുന്ന യഹോവയെ ആദരിക്കാന്‍ ഞാനൊരു ആലയം പണിയുന്നു. ആലയത്തില്‍ യഹോവയുടെ സവിധത്തില്‍ നാമൊരു യാഗപീഠം പണിയുകയും അതില്‍ ഹോമയാഗങ്ങളര്‍പ്പിക്കുകയും വിശുദ്ധമേശമേല്‍ നാം എല്ലായ്പ്പോഴും വിശുദ്ധ അപ്പം വയ്ക്കുകയും ചെയ്യും. എല്ലാ പ്രഭാതത്തിലും സന്ധ്യയ്ക്കും എല്ലാ ശബ്ബത്തു ദിവസങ്ങളിലും എല്ലാ അമാവാസി നാളുകളിലും മറ്റ് നിര്‍ദ്ദിഷ്ട തിരുനാളുകളിലും നാം ഹോമയാഗങ്ങളര്‍പ്പിക്കും. ഇത് യിസ്രായേലുകാര്‍ എന്നെന്നും ആചരിക്കേണ്ട ഒരു നിയമമാണ്.
“നമ്മുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാണ്. അതിനാല്‍ ഞാനവന് ഒരു മഹാ ആലയം നിര്‍മ്മിക്കും. നമ്മുടെ ദൈവത്തിന് ഒരാലയം പണിയാന്‍ ആര്‍ക്കും കഴിയില്ല. സ്വര്‍ഗ്ഗത്തിനോ പ്രപഞ്ചത്തിനുപോലുമോ നമ്മുടെ ദൈവത്തെ ഉള്‍ക്കൊള്ളാനാവില്ല! അതിനാല്‍ ദൈവത്തിനൊരാലയം പണിയാന്‍ എനിക്കാവില്ല. അവനെ മഹത്വപ്പെടുത്താന്‍ ധൂപബലിക്കായി ഒരിടം പണിയാനേ എനിക്കാവൂ.
“ഇപ്പോള്‍ അങ്ങ്, സ്വര്‍ണ്ണം, വെള്ളി, വെങ്കലം, ഇരുന്പ് എന്നിവയില്‍ പണിയാന്‍ വിദഗ്ധനായ ഒരാളെ എനിക്കയച്ചുതരിക. ധൂമ്ര-രക്ത-നീല വസ്ത്രങ്ങളുണ്ടാക്കാനും അയാള്‍ അറിഞ്ഞിരിക്കണം. അയാള്‍ ഇവിടെ യെഹൂദയിലും യെരൂശലേമിലും എന്‍റെ പിതാവ് തെരഞ്ഞെടുത്ത ശില്പവേലക്കാരോടൊപ്പം പണിയെടുക്കും. ദേവദാരുമരങ്ങളും സരളമരങ്ങള്‍, ചന്ദനം എന്നിവയും ലെബാനോനില്‍നിന്നും എനിക്കയച്ചുതരിക. ലെബാനോനില്‍നിന്നും തടി മുറിക്കുന്നതില്‍ നിന്‍റെ ദാസന്മാര്‍ സമര്‍ത്ഥരാണെന്ന് എനിക്കറിയാം. എന്‍റെ ദാസന്മാര്‍ നിന്‍റെ ദാസന്മാരെ സഹായിക്കും. ഞാന്‍ നിര്‍മ്മിക്കുന്ന ആലയം വളരെ വലുതും മനോഹരവുമായതിനാല്‍ എനിക്കു വളരെയധികം തടി ആവശ്യമാണ്. 10 നിന്‍റെ ദാസന്മാര്‍ക്കു ഞാന്‍ മരം മുറിക്കുന്നതിനു നല്‍കുന്ന കൂലി എത്രയെന്നോ? ഇരുപതിനായിരം കോര്‍ ഗോതന്പ്, അത്ര തന്നെ യവം, ഇരുപതിനായിരം ബത്ത് വീഞ്ഞ് ഇരുപതിനായിരം ബത്ത് എണ്ണ.”
11 അനന്തരം ഹൂരാം ശലോമോനു മറുപടി നല്‍കി. ഹൂരാം ശലോമോന് ഒരു സന്ദേശമയച്ചു. സന്ദേശം ഇതായിരുന്നു: “ശലോമോന്‍, യഹോവ തന്‍റെ ജനതയെ സ്നേഹിക്കുന്നു. അതിനാലാണ് അവരുടെ രാജാവായിരിക്കാന്‍ അവന്‍ അങ്ങയെ തെരഞ്ഞെടുത്തത്.” 12 ഹൂരാം തുടര്‍ന്നു, “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയ്ക്കു സ്തുതി! അവന്‍ സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചു. ദാവീദുരാജാവിന് അവന്‍ വിവേകശാലിയായ പുത്രനെ നല്‍കി. ശലോമോന്‍, അങ്ങയ്ക്കു വിവേകവും അറിവുമുണ്ട്. അങ്ങ് യഹോവയ്ക്കായി ഒരു ആലയം പണിയുന്നു. അങ്ങ് സ്വന്തമാവശ്യത്തിനായി ഒരു രാജകൊട്ടാരവും നിര്‍മ്മിക്കുന്നു. 13 ഹൂരാം-ആബി എന്നു പേരായ സമര്‍ത്ഥനായ ഒരു ശില്പിയെ ഞാന്‍ അങ്ങയ്ക്കു അയച്ചു തരുന്നു. 14 ദാനിന്‍റെ വംശക്കാരിയാണവന്‍റെ അമ്മ. അവന്‍റെ പിതാവാകട്ടെ, സോര്‍ നഗരക്കാരനും. സ്വര്‍ണ്ണം, വെള്ളി, വെങ്കലം, ഇരുന്പ്, കല്ല്, തടി എന്നിവയില്‍ പണിയെടുക്കാന്‍ സമര്‍ത്ഥനാണ് ഹൂരാം-ആബി. ധൂമ്ര-നീല-ചുവപ്പു തുണികള്‍കൊണ്ടും വിലകൂടിയ ലിനന്‍ കൊണ്ടുമുള്ള പണികളിലും അതിസമര്‍ത്ഥനാണ് ഹൂരാം-ആബി. അങ്ങ് ആവശ്യപ്പെടുന്നതെന്തും രൂപകല്പന ചെയ്യാനും നിര്‍മ്മിക്കാനും ഹൂരാം-ആബിക്കു കഴിയും. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദുരാജാവിന്‍റെയും ശില്പികളോടൊപ്പം അവന്‍ പണിയെടുക്കും.
15 “പ്രഭോ, ഞങ്ങള്‍ക്കു ഗോതന്പ്, യവം, എണ്ണ വീഞ്ഞ് മുതലായവ അങ്ങ് വാഗ്ദാനം ചെയ്തല്ലോ. അവ എന്‍റെ ദാസന്മാര്‍ക്കു കൊടുത്താലും. 16 ഞങ്ങള്‍ ലെബാനോനില്‍നിന്നും തടിവെട്ടുകയും ചെയ്യാം. അങ്ങയ്ക്കാവശ്യമുള്ളത്ര തടി ഞങ്ങള്‍ വെട്ടാം. തടിക്കഷണങ്ങള്‍ കൂട്ടിക്കെട്ടി കടലിലൂടെ യോപ്പപട്ടണത്തിലേക്കു ഞങ്ങളെത്തിക്കാം. അപ്പോള്‍ അങ്ങയ്ക്കു ആ തടി യെരൂശലേമിലേക്കു കൊണ്ടുപോകാമല്ലോ.”
17 അനന്തരം ശലോമോന്‍, യിസ്രായേല്‍ രാജ്യത്തിലുള്ള മുഴുവന്‍ വിദേശികളെയും എണ്ണി. ദാവീദ് ജനങ്ങളുടെ കണക്കെടുത്ത കാലത്തിനു ശേഷമായിരുന്നു അത്. ദാവീദ് ശലോമോന്‍റെ പിതാവായിരുന്നു. രാജ്യത്ത് ഒരു ലക്ഷത്തി അന്പത്തിമൂവായിരത്തി അറുന്നൂറു വിദേശികളെ അവര്‍ കണ്ടെത്തി. 18 സാധനങ്ങള്‍ ചുമക്കാന്‍ ശലോമോന്‍ എഴുപതിനായിരം വിദേശികളെ തെരഞ്ഞെടുത്തു. മലകളില്‍ കല്ലുവെട്ടുകാരായി എണ്‍പതിനായിരം വിദേശികളെയും ശലോമോന്‍ തെരഞ്ഞെടുത്തു. അവരെക്കൊണ്ടു പണിയെടുപ്പിക്കുന്ന മേല്‍നോട്ടക്കാരായി 3,600 പേരെയും ശലോമോന്‍ തെരഞ്ഞെടുത്തു.