യെഹോശാഫാത്ത് യുദ്ധം നേരിടുന്നു
20
1 പില്‍ക്കാലത്ത് മോവാബ്യരും അമ്മോന്യരും ഏതാനും മെയൂന്യരും യെഹോശാഫാത്തിനോടു യുദ്ധത്തിനുവന്നു.
2 ചിലര്‍ വന്ന് യെഹോശാഫാത്തിനോടു പറഞ്ഞു, “എദോമില്‍നിന്നും അങ്ങയ്ക്കെതിരെ ഒരു വലിയ സൈന്യം വരുന്നുണ്ട്. ചാവുകടലിന്‍റെ മറുകരയില്‍ നിന്നാണവരുടെ വരവ്. ഇപ്പോള്‍ത്തന്നെ അവര്‍ എന്‍-ഗെദി എന്നും അറിയപ്പെടുന്ന ഹസാസോന്‍-താമാരില്‍ ഉണ്ട്!”
3 യെഹോശാഫാത്ത് ഭയന്നു. എന്താണു ചെയ്യേണ്ടതെന്ന് യഹോവയോടു ചോദിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. യെഹൂദയിലുള്ള എല്ലാവര്‍ക്കും അദ്ദേഹം ഒരു ഉപവാസ സമയം പ്രഖ്യാപിച്ചു.
4 യഹോവയില്‍നിന്നും സഹായം തേടി യെഹൂദക്കാര്‍ ഒത്തുകൂടി. യെഹൂദയിലെ എല്ലാ പട്ടണങ്ങളില്‍ നിന്നും അവര്‍ യഹോവയുടെ സഹായം തേടി വന്നു.
5 യെഹോശാഫാത്ത് പുതിയ മുറ്റത്തിനുമുന്പില്‍ യഹോവയുടെ ആലയത്തിലായിരുന്നു. യെഹൂദയില്‍നിന്നും യെരൂശലേമില്‍നിന്നുമുള്ളവരുടെ യോഗത്തില്‍ അദ്ദേഹം എഴുന്നേറ്റു നിന്നു.
6 അദ്ദേഹം പറഞ്ഞു, “ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ ദൈവമാകുന്ന യഹോവേ, അങ്ങ് സ്വര്‍ഗ്ഗത്തിലെ ദൈവമാകുന്നു! എല്ലാ രാജ്യങ്ങള്‍ക്കുംമേല്‍ അങ്ങു ഭരണം നടത്തുന്നു! അങ്ങയ്ക്കു കരുത്തും ശക്തിയുമുണ്ട്! ആര്‍ക്കും അങ്ങയ്ക്ക് എതിരുനില്‍ക്കാനാവില്ല!
7 നീയാകുന്നു ഞങ്ങളുടെ ദൈവം! ഈ ദേശത്തു വസിച്ചിരുന്നവരെ അങ്ങ് പുറത്താക്കി. അങ്ങയുടെ ജനതയായ യിസ്രായേലുകാര്‍ക്കു മുന്പില്‍വച്ചാണ് അങ്ങ് അതു ചെയ്തത്. ഈ ദേശം അങ്ങ് അബ്രാഹാമിന്‍റെ പിന്‍ഗാമികള്‍ക്ക് എന്നെന്നേക്കുമായി നല്‍കി. അബ്രാഹാം അങ്ങയുടെ സുഹൃത്തായിരുന്നു.
8 അബ്രാഹാമിന്‍റെ പിന്‍ഗാമികള്‍ ഇവിടെ വസിക്കുകയും അങ്ങയുടെ നാമത്തില്‍ ഒരു ആലയം പണിയുകയും ചെയ്തു.
9 അവര്‍ പറഞ്ഞു, ‘ഞങ്ങള്‍ക്ക് ദുരിതങ്ങളുണ്ടാകുന്പോള്‍-വാളും ശിക്ഷയും രോഗവും ക്ഷാമവും ഉണ്ടാകുന്പോള്‍ ഈ ആലയത്തിനു മുന്പിലും അങ്ങയുടെ മുന്പിലും ഞങ്ങള്‍ വന്നു നില്‍ക്കും. ഈ ആലയത്തിന്മേല്‍ അങ്ങയുടെ നാമമുണ്ട്. ഞങ്ങള്‍ ദുരിതത്തിലാവുന്പോള്‍ ഞങ്ങളങ്ങയോടു നിലവിളിക്കും. അപ്പോള്‍ അങ്ങ് അതു കേള്‍ക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.’
10 “എന്നാല്‍ ഇപ്പോളിതാ അമ്മോന്യരും മോവാബ്യരും സേയീര്‍പര്‍വ്വതക്കാരും! യിസ്രായേല്‍ജനത ഈജിപ്തില്‍നിന്നും വന്നപ്പോള്‍ ഇവരെ ആക്രമിക്കാന്‍ അങ്ങ് യിസ്രായേല്‍ജനത അവരെ അക്രമിക്കാതെ തിരിഞ്ഞുപോയി.
11 എന്നാല്‍ അവരെ നശിപ്പിക്കാതെ പോന്നതിന് അവര്‍ ഞങ്ങള്‍ക്കു തരുന്ന പ്രതിഫലം കണ്ടാലും! ഞങ്ങളെ ഇവിടെനിന്നും ഓടിക്കാനാണ് അവരുടെ വരവ്. അങ്ങാണ് ഞങ്ങള്‍ക്ക് ഈ ദേശം തന്നത്.
12 ഞങ്ങളുടെ ദൈവമേ, അവരെ ശിക്ഷിച്ചാലും! ഞങ്ങള്‍ക്കെതിരെ വരുന്ന ഈ വലിയ പടയെ നേരിടാന്‍ ഞങ്ങള്‍ക്കു കരുത്തില്ല! എന്താണു ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല! അതിനാലാണ് ഞങ്ങള്‍ സഹായത്തിന് അങ്ങയെ നോക്കുന്നത്!”
13 യെഹൂദക്കാര്‍ മുഴുവന്‍ യെഹോവയ്ക്കു മുന്പില്‍ തങ്ങളുടെ പിഞ്ചുപൈതങ്ങള്‍, ഭാര്യമാര്‍, കുട്ടികള്‍ എന്നിവരെയും കൂട്ടി നിന്നു.
14 അനന്തരം യഹോവയുടെ ആത്മാവ് യഹസീയേലില്‍വന്നു. സെഖര്യാവിന്‍റെ പുത്രനായിരുന്നു യഹസീയേല്‍. ബെനായാവിന്‍റെ പുത്രനായിരുന്നു സെഖര്യാവ്. ബെനായാവ് യെയീയേലിന്‍റെ പുത്രനും. യെയീയേല്‍ മത്ഥന്യാവിന്‍റെ പുത്രന്‍. യഹസീയേല്‍ ഒരു ലേവ്യനും ആസാഫിന്‍റെ പിന്‍ഗാമിയുമായിരുന്നു. സമ്മേളനത്തിന്‍റെ മദ്ധ്യത്തില്‍,
15 യഹസിയേല്‍ പറഞ്ഞു, “യെഹോശാഫാത്ത് രാജാവേ, യെഹൂദക്കാരേ, യെരൂശലേംകാരേ, നിങ്ങള്‍ എന്നെ ശ്രവിച്ചാലും! യഹോവ നിങ്ങളോടിങ്ങനെ പറയുന്നു: ‘ഈ വലിയ സൈന്യത്തെച്ചൊല്ലി ഭയപ്പെടേണ്ട. എന്തെന്നാല്‍ യുദ്ധം നിങ്ങളുടെ യുദ്ധമല്ല. ഇതു ദൈവത്തിന്‍റ യുദ്ധമാകുന്നു!
16 നാളെ, അവരോടു യുദ്ധത്തിനു പോവുക. സീസ് ചുരത്തിലൂടെ അവര്‍ കയറിവരും. യെരൂവേല്‍ മരുഭൂമിയുടെ മറുകരയില്‍ താഴ്വരയുടെ അവസാനത്തില്‍വച്ച് നിങ്ങള്‍ അവരെ കണ്ടുമുട്ടും.
17 ഈ യുദ്ധത്തില്‍ നിങ്ങള്‍ പൊരുതേണ്ടതില്ല. നിങ്ങളുടെ സ്ഥാനങ്ങളില്‍ ഉറച്ചു നില്‍ക്കുക. യഹോവ നിങ്ങളെ രക്ഷിക്കുന്നത് നിങ്ങള്‍ കാണും. യെഹൂദയേ, യെരൂശലേമേ, ഭയപ്പെടേണ്ട! വിഷമിക്കരുത്! യഹോവ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ നാളെ അവര്‍ക്കെതിരെ പുറപ്പെടുക.’”
18 യെഹോശാഫാത്ത് വീണ് നമസ്കരിച്ചു. യെഹൂദയിലെ മുഴുവന്‍ ജനതയും യെരൂശലേമില്‍ വസിക്കുന്നവരും യഹോവയ്ക്കു മുന്പില്‍ നമസ്കരിച്ചു. അവരെല്ലാം യഹോവയെ ആരാധിക്കുകയും ചെയ്തു.
19 യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയെ സ്തുതിക്കാന്‍ കെഹാത്യകുടുംബത്തില്‍നിന്നുള്ള ലേവ്യരും കോരഹിന്‍റെ കുടുംബക്കാരും എഴുന്നേറ്റു നിന്നു. യഹോവയെ സ്തുതിക്കുന്പോള്‍ അവരുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു.
20 യെഹോശാഫാത്തിന്‍റെ സൈന്യം അതിരാവിലെ തന്നെ തെക്കോവായിലെ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവര്‍ പുറപ്പെട്ടു തുടങ്ങിയപ്പോള്‍ യെഹോശാഫാത്ത് വന്നു പറഞ്ഞു, “യെഹൂദക്കാരും യെരൂശലേംകാരും എന്നെ ശ്രവിക്കുക. നിങ്ങളുടെ ദൈവമാകുന്ന യഹോവയില്‍ വിശ്വസിക്കുക. അപ്പോള്‍ നിങ്ങള്‍ക്കു കരുത്തുണ്ടാകും. യഹോവയുടെ പ്രവാചകരില്‍ വിശ്വസിക്കുക. നിങ്ങള്‍ വിജയം വരിക്കും!”
21 യെഹോശാഫാത്ത് ജനങ്ങളുടെ ഉപദേശം ശ്രദ്ധിച്ചു. അനന്തരം അയാള്‍ യഹോവയുടെ ഗായകരെ തെരഞ്ഞെടുത്തു. യഹോവയെ വാഴ്ത്തുന്നതിനാണ് ആ ഗായകര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കാരണം അവന്‍ വിശുദ്ധനും അത്ഭുതപ്രഭാവനുമാകുന്നു. അവര്‍ സൈന്യത്തിനു മുന്പേനടന്ന് യഹോവയെ സ്തുതിച്ചു. ഈ ഗായകര്‍ ഇങ്ങനെ പാടി, “യഹോവയ്ക്കു നന്ദി പറയുവിന്‍ എന്തുകൊണ്ടെന്നാല്‍ അവന്‍റെ സ്നേഹം നിത്യമാകുന്നു!”
22 അവര്‍ പാടുവാനും യഹോവയെ സ്തുതിക്കുവാനും ആരംഭിച്ചപ്പോള്‍ യഹോവ, അമ്മോന്യര്‍ക്കും മോവാബ്യര്‍ക്കും സേയീര്‍പര്‍വ്വതക്കാര്‍ക്കും എതിരെ കെണിയൊരുക്കി. യെഹൂദയെ അക്രമിക്കാന്‍ വന്നവരായിരുന്നു അവര്‍. അവര്‍ പരാജയപ്പെട്ടു.
23 അമ്മോന്യരും മോവാബ്യരും സേയീര്‍ പര്‍വ്വതക്കാര്‍ക്കെതിരെ പോരാടാന്‍ തുടങ്ങി. അമ്മോന്യരും മോവാബ്യരും സേയീര്‍ പര്‍വ്വതക്കാരെ നശിപ്പിച്ചു. സേയീരുകാരെ കൊന്നതിനുശേഷം അവര്‍ പരസ്പരം കൊന്നു.
24 യെഹൂദക്കാര്‍ മരുഭൂമിയിലെ നിരീക്ഷണകേന്ദ്രത്തിലെത്തി. അവര്‍ ശത്രുവിന്‍റെ വലിയസൈന്യത്തെ നോക്കി. എന്നാല്‍ മൃതദേഹങ്ങള്‍ നിലത്തുകിടക്കുന്നതേ അവര്‍ കണ്ടുള്ളൂ. ഒരുത്തരും അവശേഷിച്ചിരുന്നില്ല.
25 യെഹോശാഫാത്തും സൈന്യവും മൃതദേഹങ്ങളില്‍നിന്നും വിലപിടിച്ച വസ്തുക്കള്‍ കവര്‍ന്നെടുക്കാന്‍ വന്നു. ധാരാളം മൃഗങ്ങളും സന്പത്തും വസ്ത്രങ്ങളും വിലപിടിച്ച വസ്തുക്കളും അവര്‍ കണ്ടു. യെഹോശാഫാത്തും സൈന്യവും അവയെല്ലാം കവര്‍ന്നെടുത്തു. യെഹോശാഫാത്തിനും സൈന്യത്തിനും എടുക്കാവുന്നതിലുമധികമുണ്ടായിരുന്നു ആ വസ്തുക്കള്‍. അവയുടെ ആധിക്യം മൂലം മൃതശരീരങ്ങളില്‍നിന്നും അവ; കവര്‍ന്നെടുക്കാന്‍ അവര്‍ക്ക് മൂന്നു ദിവസം വേണ്ടിവന്നു.
26 നാലാം ദിവസം യെഹോശാഫാത്തും അയാളുടെ സൈന്യവും ബെരാഖാ* ബെരാഖാ “അനുഗ്രഹം” എന്നോ “സ്തുതി”യെന്നോ അര്‍ത്ഥം. താഴ്വരയില്‍ സന്ധിച്ചു. അവിടെവച്ച് അവര്‍ യഹോവയെ സ്തുതിച്ചു. അതിനാലാണ് ആ സ്ഥലം ഇന്നും “ബെരാഖാ താഴ്വര”എന്നറിയപ്പെടുന്നത്.
27 അനന്തരം യെഹോശാഫാത്ത് എല്ലാ യെഹൂദക്കാരെയും യെരൂശലേംകാരെയും തിരികെ യെരൂശലേമിലേക്കു നയിച്ചു. അവരുടെ ശത്രുക്കളെ നശിപ്പിച്ചുകൊണ്ട് യഹോവ അവര്‍ക്ക് സന്തോഷമുണ്ടാക്കി.
28 വീണകള്‍, കിന്നരങ്ങള്‍, കാഹളങ്ങള്‍ എന്നിവയുമായി അവര്‍ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു വന്നു.
29 യിസ്രായേലിന്‍റെ ശത്രുക്കള്‍ക്കെതിരെ യഹോവ നടത്തിയ യുദ്ധത്തെപ്പറ്റി കേട്ടതിനാല്‍ എല്ലാരാജ്യങ്ങളും യഹോവയെ ഭയന്നു.
30 അതിനാലാണ് യെഹോശാഫാത്തിന്‍റെ രാജ്യത്ത് സമാധാനമുണ്ടായത്. യെഹോശാഫാത്തിന് ദേശത്ത് എല്ലായിടവും ദൈവം സമാധാനം നല്‍കി.
യെഹോശാഫാത്തിന്‍റെ ഭരണാവസാനം
31 യെഹോശാഫാത്ത് യെഹൂദയിലായിരുന്നു ഭരിച്ചിരുന്നത്. ഭരണമാരംഭിക്കുന്പോള്‍ അദ്ദേഹത്തിന് മുപ്പത്തഞ്ചുവയസ്സായിരുന്നു. ഇരുപത്തഞ്ചു വര്‍ഷം അദ്ദേഹം ഭരണം നടത്തി. അസൂബാ എന്നായിരുന്നു അദ്ദേഹത്തിന് അമ്മയുടെ പേര്. ശില്‍ഹിയുടെ പുത്രിയായിരുന്നു അസൂബാ.
32 തന്‍റെ പിതാവായ ആസയെപ്പോലെ യെഹോശാഫാത്തും നേരായ വഴിയില്‍ ജീവിച്ചു. ആസയുടെ മാര്‍ഗ്ഗത്തില്‍നിന്നും യെഹോശാഫാത്ത് ഒട്ടും വ്യതിചലിച്ചില്ല. യഹോവയുടെ ദൃഷ്ടിയില്‍ നന്മയായതേ യെഹോശാഫാത്ത് ചെയ്തിട്ടുള്ളൂ.
33 എന്നാല്‍ ഉന്നതസ്ഥലങ്ങള്‍ മാറ്റപ്പെട്ടിരുന്നില്ല. ജനങ്ങളാകട്ടെ തങ്ങളുടെ പൂര്‍വ്വികരുടെ ദൈവത്തെ പിന്തുടരുന്നതിന് മനസ്സു പൂര്‍ണ്ണമായും അര്‍പ്പിച്ചിരുന്നുമില്ല.
34 ആരംഭംമുതല്‍ അവസാനംവരെ യെഹോശാഫാത്തിന്‍റെ എല്ലാ പ്രവൃത്തികളും ഹനാനിയുടെ പുത്രനായ യേഹൂവിന്‍റെ ഔദ്യോഗിക രേഖകളില്‍ എഴുതിയിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം ‘യിസ്രായേല്‍ രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ പകര്‍ത്തിയിട്ടുമുണ്ട്.
35 പിന്നീട്, യെഹൂദരാജാവായ യെഹോശാഫാത്ത് യിസ്രായേല്‍ രാജാവായ അഹസ്യാവുമായി ഒരു കരാറുണ്ടാക്കി. അഹസ്യാവ് ദുഷ്പ്രവൃത്തികള്‍ ചെയ്തു.
36 തര്‍ശീശിലേക്കു പോകുന്നതിന് കപ്പലുകളുണ്ടാക്കുന്നതിന് യെഹോശാഫാത്ത് അഹസ്യാവിനോടു ചേര്‍ന്നു. എസ്യോണ്‍ ഗേബെര്‍പട്ടണത്തിലാണ് അവര്‍ കപ്പലുകളുണ്ടാക്കിയത്.
37 അപ്പോള്‍ ഏലീയേസെര്‍ യെഹോശാഫാത്തിനെതിരെ പ്രവചിച്ചു. ദോദാവ എന്നായിരുന്നു ഏലീയേസെരിന്‍റെ പിതാവിന്‍റെ പേര്. മാരേശക്കാരനായിരുന്നു ഏലീയേസെര്‍ അയാള്‍ പറഞ്ഞു, “അഹസ്യാവിനോടു ചേര്‍ന്നതുകൊണ്ടാണ് യെഹോശാഫാത്തേ, യഹോവ നിന്‍റെ പ്രവൃത്തികളെ തകര്‍ക്കുന്നത്.”കപ്പലുകള്‍ തകര്‍ന്നതിനാല്‍ യെഹോശാഫാത്തിനും അഹസ്യാവിനും അവ തര്‍ശീശിലേക്കയയ്ക്കാന്‍ കഴിഞ്ഞില്ല.