പുരോഹിതനായ യെഹോയാദയും യോവാശുരാജാവും
23
ആറുവര്‍ഷങ്ങള്‍ക്കുശേഷം യെഹോയാദാ തന്‍റെ കരുത്തു തെളിയിച്ചു. അയാള്‍ ശതാധിപന്മാരുമായി ഒരു കരാറുണ്ടാക്കി. യെഹോരാമിന്‍റെ പുത്രനായ അസര്യാ യെഹോഹാനാന്‍റെ പുത്രനായ യിശ്മായേല്‍, ഓബേദിന്‍റെ പുത്രനായ അസര്യാവ്, അദയാവിന്‍റെ പുത്രനായ മയശേയാ, സിക്രിയുടെ പുത്രനായ ഏലീശാഫാത്ത് എന്നിവരായിരുന്നു ആ ശതാധിപന്മാര്‍. അവര്‍ യെഹൂദയില്‍ ചുറ്റിസഞ്ചരിച്ച് എല്ലാ യെഹൂദാപട്ടണങ്ങളില്‍നിന്നും ലേവ്യരെ സംഘടിപ്പിച്ചു. യിസ്രായേല്‍കുടുംബനാഥന്മാരെയും അവര്‍ സംഘടിപ്പിച്ചു. എന്നിട്ടവര്‍ യെരൂശലേമിലേക്കു പോയി. ഒത്തുചേര്‍ന്ന എല്ലാവരും ദൈവത്തിന്‍റെ ആലയത്തില്‍ വച്ച് രാജാവുമായി ഒരു കരാറുണ്ടാക്കി.
യെഹോയാദാ അവരോടു പറഞ്ഞു, “രാജകുമാരന്‍ ഭരിക്കും. ദാവീദിന്‍റെ പിന്‍ഗാമികളെപ്പറ്റി ദൈവം പറഞ്ഞതിങ്ങനെയാണ്. നിങ്ങളിപ്പോളിതാണു ചെയ്യേണ്ടത്: ശബ്ബത്തില്‍ ചുമതല നിര്‍വ്വഹിക്കാന്‍ പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ മൂന്നിലൊരു ഭാഗം വാതില്‍ക്കല്‍ കാവല്‍ നില്‍ക്കണം. മൂന്നിലൊന്നുപേര്‍ രാജകൊട്ടാരത്തിലായിരിക്കണം. അടുത്തമൂന്നിലൊന്നുപേര്‍ അടിത്തറയുടെ കവാടത്തിങ്കലും ഉണ്ടാവണം. എന്നാല്‍ മറ്റുള്ളവരെല്ലാം യഹോവയുടെ ആലയാങ്കണങ്ങളിലുണ്ടാവണം. യഹോവയുടെ ആലയത്തിലേക്കു പ്രവേശിക്കാന്‍ ഒരുവനേയും അനുവദിക്കരുത്. ശുശ്രൂഷ നടത്തുന്ന പുരോഹിതനും ലേവ്യരും വിശുദ്ധരായതുകൊണ്ട് അവര്‍ക്കു മാത്രമേ യഹോവയുടെ ആലയത്തിലേക്കു പ്രവേശനമുള്ളൂ. പക്ഷേ മറ്റെല്ലാവരും യഹോവ അവര്‍ക്ക് നല്‍കിയിരിക്കുന്ന ജോലികള്‍ ചെയ്യണം. ലേവ്യര്‍ രാജാവിന്‍റെയടുത്തു നില്‍ക്കണം. ഓരോരുത്തരും അവരവരുടെ വാളുകള്‍ കൈയിലെടുക്കണം. ആലയത്തിലേക്കു കടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അയാളെ വധിക്കണം. രാജാവു പോകുന്നിടത്തൊക്കെ നിങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കണം.”
പുരോഹിതനായ യെഹോയാദാ കല്പിച്ചതെല്ലാം ലേവ്യരും എല്ലാ യെഹൂദക്കാരും അനുസരിച്ചു. പുരോഹിതനായ യെഹെയാദാ പുരോഹിതസംഘങ്ങളിലെ ആരോടും ക്ഷമിച്ചിരുന്നില്ല. അതിനാല്‍ ഓരോ ശതാധിപനും അയാളുടെ ആളുകളും ശബ്ബത്തുദിവസം തവണയ്ക്കു വരുന്നവരെ കൂട്ടിക്കൊണ്ടുവന്നു. ദാവീദുരാജാവിന്‍റേതായിരുന്ന കുന്തങ്ങളും വലുതും ചെറുതുമായ പരിചകളും പുരോഹിതനായ യെഹോയാദാ പടനായകര്‍ക്കു നല്‍കി. ദൈവത്തിന്‍റെ ആലയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു അവയെല്ലാം.
10 അനന്തരം യെഹോയാദാ അവര്‍ക്ക് നില്‍ക്കേണ്ടസ്ഥാനങ്ങള്‍ കാട്ടിക്കൊടുത്തു. ഓരോരുത്തരുടെയും കൈയില്‍ അവരവരുടെ ആയുധമുണ്ടായിരുന്നു. ആലയത്തിന്‍റെ ഇടതുവശം മുതല്‍ വലതുവശംവരെ അവര്‍ നിരന്നുനിന്നു. യാഗപീഠത്തിനും ആലയത്തിനും രാജാവിനും സമീപമാണവര്‍ നിന്നത്. 11 അവര്‍ രാജകുമാരനെ പുറത്തേക്കാനയിച്ച് അയാളെ കിരീടമണിയിച്ചു. അവര്‍ അയാള്‍ക്ക് നിയമത്തിന്‍റെ ഒരു പുസ്തകവും നല്‍കി. അനന്തരം അവര്‍ യോവാശിനെ രാജാവാക്കി. യെഹോയാദയും അയാളുടെ പുത്രന്മാരും യോവാശിനെ അഭിഷേകം ചെയ്തു. അവര്‍ പറഞ്ഞു, “രാജാവ് നീണാള്‍ വാഴട്ടെ!”
12 ജനങ്ങള്‍ ആലയത്തിലേക്കോടുന്നതും രാജാവിനെ സ്തുതിക്കുന്നതും അഥല്യാ കേട്ടു. അവര്‍ യഹോവയുടെ ആലയത്തില്‍ ജനങ്ങളുടെയടുത്തേക്കു വന്നു. 13 അവള്‍ നോക്കിയപ്പോള്‍ രാജാവിനെ കണ്ടു. പ്രവേശനകവാടത്തിനു മുന്പില്‍ രാജാവിന്‍റെ സ്തംഭത്തിനടുത്തു നില്‍ക്കുകയായിരുന്നു രാജാവ്. പടനായകന്മാരും കാഹളം വിളിക്കുന്നവരും രാജാവിന്‍റെയടുത്തുണ്ടായിരുന്നു. നാട്ടുകാര്‍ സന്തോഷിച്ചു കാഹളംമുഴക്കുന്നുണ്ടായിരുന്നു. ഗായകര്‍ സംഗീതോപകരണങ്ങള്‍ വായിച്ചിരുന്നു. ഗായകരാണ് സ്തോത്രങ്ങള്‍ പാടുന്നതിന് ജനങ്ങളെ നയിച്ചിരുന്നത്. അപ്പോള്‍ അഥല്യാ തന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറിക്കൊണ്ടു പറഞ്ഞു, “രാജ്യദ്രോഹം! രാജ്യദ്രോഹം!”
14 പുരോഹിതനായ യെഹോയാദാ പടനായകരെ പുറത്തേക്കു കൊണ്ടുവന്നു. അദ്ദേഹം അവരോടു പറഞ്ഞു, “അഥല്യായെ ഭടന്മാര്‍ക്കിടയിലൂടെ പുറത്തുകൊണ്ടുപോകൂ. അവളെ പിന്തുടരുന്നവരെ നിങ്ങളുടെ വാളുകള്‍കൊണ്ട് വധിക്കുക.”തുടര്‍ന്ന് പുരോഹിതന്മാര്‍ ഭടന്മാര്‍ക്കു താക്കീതു നല്‍കി. “യഹോവയുടെ ആലയത്തില്‍ വച്ച് അഥല്യായെ വധിക്കരുത്.” 15 അനന്തരം അഥല്യായെ, അവള്‍ രാജകൊട്ടാരത്തിന്‍റെ കുതിരക്കവാടത്തിനുസമീപം എത്തിയപ്പോള്‍ അവര്‍ പിടികൂടി. എന്നിട്ടവര്‍ അവളെ അവിടെ വച്ചുതന്നെ വധിച്ചു.
16 അനന്തരം യെഹോയാദാ മുഴുവന്‍ ജനങ്ങളുമായും രാജാവുമായും ഒരു കരാറുണ്ടാക്കി. തങ്ങളെല്ലാവരും യഹോവയുടെ ജനതയായിരിക്കാമെന്ന് അവര്‍ സമ്മതിച്ചു. 17 എല്ലാവരും ബാല്‍ വിഗ്രഹത്തിന്‍റെ ആലയത്തിലേക്കു ചെന്ന് അതുനശിപ്പിച്ചു. ബാലിന്‍റെ ആലയത്തിലെ യാഗപീഠങ്ങളും വിഗ്രഹങ്ങളും അവര്‍ നശിപ്പിച്ചു. ബാലിന്‍റെ പുരോഹിതനായ മത്ഥാനെ അവര്‍ ബാലിന്‍റെ യാഗപീഠത്തിനു മുന്പില്‍ വച്ച് വധിച്ചു.
18 അനന്തരം, യെഹോയാദാ യഹോവയുടെ ആലയത്തിന്‍റെ ചുമതലക്കാരാകാന്‍ പുരോഹിതരെ തെരഞ്ഞെടുത്തു. അവര്‍ ലേവ്യരായിരുന്നു. ദാവീദ് അവര്‍ക്ക് യഹോവയുടെ ആലയത്തിലെ ജോലികള്‍ ഏല്പിച്ചിരുന്നു. മോശെ കല്പിച്ച നിയമങ്ങളനുസരിച്ച് യഹോവയ്ക്കു ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണ്ടത് അവരായിരുന്നു. വളരെ ആഹ്ലാദത്തോടെയും ദാവിദു കല്പിച്ച പ്രകാരം പാടിക്കൊണ്ടും അവര്‍ ബലിയര്‍പ്പിച്ചു. 19 ഏതെങ്കിലുമൊരു തരത്തില്‍ അശുദ്ധിയുള്ളവന്‍ ആലയത്തിലേക്കു കയറാതിരിക്കാന്‍ യെഹോയാദാ യഹോവയുടെ ആലയത്തിന്‍റെ കവാടത്തില്‍ കാവല്‍ക്കാരെ നിയോഗിച്ചു.
20 യെഹോയാദാ പടനായകരെയും ജനാധികാരികളെയും ദേശത്തെ മുഴുവനാളുകളെയും വിളിച്ചുകൂട്ടി. അനന്തരം അയാള്‍ രാജാവിനെ യഹോവയുടെ ആലയത്തിനു പുറത്തേക്കു കൊണ്ടുവന്നു. എന്നിട്ടവര്‍ മുകളിലത്തെ കവാടത്തിലൂടെ കൊട്ടാരത്തിലേക്കു പോയി. അവിടെയവര്‍ രാജാവിനെ സിംഹാസനത്തിലിരുത്തി.
21 യെഹൂദക്കാര്‍ മുഴുവനും വളരെ ആഹ്ലാദിക്കുകയും യെരൂശലേംനഗരത്തില്‍ സമാധാനമുണ്ടാവുകയും ചെയ്തു. കാരണം, അഥല്യാ വാളിനിരയായി.