ഉസീയാവ് യെഹൂദയുടെ രാജാവ്
26
1 അനന്തരം യെഹൂദക്കാര്‍ അമസ്യാവിനു ശേഷം രാജാവാകുന്നതിന് ഉസ്സീയാവനെ തെരഞ്ഞെടുത്തു. അമസ്യാവ് ആയിരുന്നു ഉസ്സീയാവിന്‍റെ പിതാവ്. ഇതു സംഭവിക്കുന്പോള്‍ ഉസ്സീയാവിനു പതിനാറു വയസ്സായിരുന്നു.
2 ഉസ്സീയാവ് ഏലോത്ത്പട്ടണം പുതുത്തിപ്പണിത് അതു യെഹൂദയ്ക്കു മടക്കിക്കൊടുത്തു. അമസ്യാവ് മരണമടഞ്ഞ് പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെട്ടതിനു ശേഷമാണ് ഉസ്സീയാവ് അത് ചെയ്തത്.
3 രാജാവായപ്പോള്‍ ഉസ്സീയാവിനു പതിനാറു വയസ്സായിരുന്നു പ്രായം. അന്‍പത്തിരണ്ടു കൊല്ലം അയാള്‍ യെരൂശലേമില്‍ ഭരണം നടത്തി. യെഖൊല്യാ എന്നായിരുന്നു അയാളുടെ അമ്മയുടെ പേര്. യെരൂശലേംകാരിയായിരുന്നു യെഖൊല്യാ.
4 യഹോവ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഉസ്സീയാവ് ചെയ്തു. തന്‍റെ പിതാവായ അമസ്യാവ് ചെയ്തതുപോലെയൊക്കെ അയാളും ദൈവത്തെ അനുസരിച്ചു.
5 സെഖര്യാവിന്‍റെ ജീവിതകാലത്ത് ഉസ്സീയാവ് ദൈവത്തെ പിന്തുടര്‍ന്നു. ദൈവത്തെ എങ്ങനെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണമെന്ന് സെഖര്യാവ് ഉസ്സീയാവിനെ പഠിപ്പിച്ചു. യഹോവയെ അനുസരിച്ചിരുന്നപ്പോള്‍ ദൈവം ഉസ്സീയാവിനു വിജയം നല്‍കി.
6 ഫെലിസ്ത്യര്‍ക്കെതിരെ ഉസ്സീയാവ് ഒരു യുദ്ധം ചെയ്തു. ഗത്ത്, യബ്നെ, അസ്തോദ് പട്ടണങ്ങള്‍ക്കു ചുറ്റിലുമുണ്ടായിരുന്ന മതിലുകള്‍ അയാള്‍ തകര്‍ത്തു. അസ്തോദുപട്ടണത്തിനടുത്തും ഫെലിസ്ത്യരുടെ മറ്റുപട്ടണങ്ങളിലും ഉസ്സീയാവ് പട്ടണങ്ങള്‍ പണിതു.
7 ഗുര്‍-ബാല്‍, മെയൂന്യപട്ടണങ്ങളില്‍ വസിക്കുന്ന ഫെലിസ്ത്യരെയും അരാബ്യരെയും തോല്പിക്കാന്‍ ദൈവം ഉസ്സീയാവിനെ സഹായിച്ചു.
8 അമ്മോന്യര്‍ ഉസ്സീയാവിനു കപ്പം കൊടുത്തു. ഈജിപ്തിന്‍റെ അതിര്‍ത്തി പ്രദേശത്തുടനീളം ഉസ്സീയാവിന്‍റെ പേര് പ്രസിദ്ധമായി. അതിശക്തനായതു കൊണ്ടാണയാള്‍ പ്രസിദ്ധനായത്.
9 യെരൂശലേമില്‍ മൂലക്കവാടം, താഴ്വരക്കവാടം, കോട്ടയുടെ തിരിവുകള്‍ എന്നിവിടങ്ങളിലെല്ലാം ഉസ്സീയാവ് ഗോപുരങ്ങള്‍ പണിതു. ആ ഗോപുരങ്ങള്‍ ഉസ്സീയാവ് ശക്തമാക്കി.
10 മരുഭൂമിയില്‍ ഉസ്സീയാവ് ഗോപുരങ്ങളുണ്ടാക്കി. ധാരാളം കിണറുകളും അയാള്‍ കുഴിച്ചു. മലന്പ്രദേശത്തും സമതലത്തിലും അയാള്‍ക്കു ധാരാളം കന്നുകാലികളുണ്ടായിരുന്നു. മലകളിലും സമതലത്തിലും ഉസ്സീയാവിനു കര്‍ഷകരുണ്ടായിരുന്നു. അവിടങ്ങളില്‍ നല്ല വിളവുണ്ടായിരുന്നു. മുന്തിരിത്തോട്ടം പരിപാലിക്കാനും ആളുണ്ടായിരുന്നു. അയാള്‍ കൃഷി ഇഷ്ടപ്പെട്ടിരുന്നു.
11 പരിശീലനം ലഭിച്ച ഭടന്മാരുടെ ഒരു സൈന്യം ഉസ്സീയാവിനുണ്ടായിരുന്നു. കാര്യദര്‍ശിയായ യെയീയേലിന്‍റെയും ഉദ്യോഗസ്ഥനായ മയശേയാവിന്‍റെയും ചുമതലയില്‍ ആ സൈന്യത്തെ സംഘങ്ങളായി തിരിച്ചിരുന്നു. ഹനാന്യാ ആയിരുന്നു അവരുടെ നേതാവ്. യെയീയേലും മയശേയാവും ആ ഭടന്മാരെ എണ്ണുകയും സംഘങ്ങളായി അവരെ തിരിക്കുകയും ചെയ്തു. ഹനാന്യാരാജാവിന്‍റെ ഉദ്യോഗസ്ഥന്മാരിലൊരാളായിരുന്നു.
12 ഭടന്മാരുടെ നായകരായി 2,600 പേരുണ്ടായിരുന്നു.
13 ആ കുടുംബത്തലവന്മാരുടെ കീഴില്‍ ശക്തിയായി യുദ്ധം ചെയ്യാന്‍ കഴിവുള്ള മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു ഭടന്മാരുടെ സേനയുണ്ടായിരുന്നു. ആ ഭടന്മാരാണ് ശത്രുക്കളോടുള്ള യുദ്ധത്തില്‍ രാജാവിനെ സഹായിച്ചത്.
14 ഉസ്സീയാവ് സേനാംഗങ്ങള്‍ക്ക് പരിചകള്‍, കുന്തം, ശിരസ്ത്രം, പടച്ചട്ട, വില്ലുകള്‍, കവിണക്കല്ലുകള്‍ എന്നിവ നല്‍കി.
15 യെരൂശലേമില്‍ ഉസ്സീയാവ് വിദഗ്ദന്മാര്‍ കണ്ടുപിടിച്ച യന്ത്രങ്ങള്‍ ഉണ്ടാക്കി. ഗോപുരങ്ങളിലും മൂലഭിത്തികളിലും ആ യന്ത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ആ യന്ത്രങ്ങളില്‍നിന്നാണ് അന്പുകളും വലിയ കല്ലുകളും തൊടുക്കപ്പെട്ടത്. ഉസ്സീയാവ് പ്രസിദ്ധനായി. വിദൂരദേശവാസികള്‍പോലും അയാളുടെ പേരു കേട്ടു. വലിയ സഹായങ്ങള്‍ ലഭിച്ചതുകൊണ്ട് അയാള്‍ ശക്തനായൊരു രാജാവായിത്തീര്‍ന്നു.
16 പക്ഷേ ശക്തനായപ്പോള്‍ ഉസ്സീയാവിനുണ്ടായ അഹങ്കാരം അയാളുടെ നാശത്തിനുകാരണമായി. തന്‍റെ ദൈവമാകുന്ന യഹോവയോടു അയാള്‍ വിശ്വസ്തത പുലര്‍ത്തിയില്ല. ധൂപയാഗപീഠത്തില്‍ ധൂപാര്‍ച്ചന നടത്താന്‍ അയാള്‍ യഹോവയുടെ ആലയത്തിലേക്കു കയറി.
17 പുരോഹിതനായ അസര്യാവും യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ നടത്തിയിരുന്ന വീരന്മാരായ എണ്‍പതു പുരോഹിതന്മാരും ഉസ്സീയാവിനെ പിന്തുടര്‍ന്ന് ആലയത്തിലേക്കു ചെന്നു.
18 ഉസ്സീയാവിന്‍റെ പ്രവൃത്തി തെറ്റാണെന്ന് അവര്‍ അയാളോടു പറഞ്ഞു. അവര്‍ അയാളോടു പറഞ്ഞു, “യഹോവയ്ക്കു ധൂപബലി നടത്തുന്നത് നിന്‍റെ ജോലിയല്ല. നീ അങ്ങനെ ചെയ്യുന്നതു ശരിയല്ല. യഹോവയ്ക്കു ധൂപബലി നടത്തേണ്ടവര്‍ പുരോഹിതന്മാരും അഹരോന്‍റെ പിന്‍ഗാമികളുമാണ്. ധൂപാര്‍ച്ചന നടത്താന്‍ അവര്‍ പരിശീലനം ലഭിച്ചവരാണ്. ഈ അതിവിശുദ്ധസ്ഥലത്തു നിന്നും പുറത്തു പോവുക. നീ വിശ്വസ്തനായിരുന്നില്ല. ദൈവമായ യഹോവ ഇതിനു നിനക്ക് ഒരു ബഹുമതിയും നല്‍കില്ല!”
19 എന്നാല്‍ ഉസ്സീയാവ് കോപാകുലനായി. ധൂപഹോമം നടത്താന്‍ ഒരു പാത്രം അയാളുടെ കൈയിലുണ്ടായിരുന്നു. ഉസ്സീയാവ് ആ പുരോഹിതന്മാരോടു ദേഷ്യപ്പെട്ടപ്പോള്‍ അയാളുടെ നെറ്റിയില്‍ കുഷ്ഠം ഉണ്ടായി. യഹോവയുടെ ആലയത്തില്‍ ധൂപയാഗപീഠത്തിനു മുന്പില്‍ പുരോഹിതന്മാരുടെ മുന്പില്‍ വച്ചാണതു സംഭവിച്ചത്.
20 മുഖ്യപുരോഹിതനായ അസര്യാവും എല്ലാ പുരോഹിതന്മാരും ഉസ്സീയാവിനെ നോക്കി. അവര്‍ക്ക് അയാളുടെ നെറ്റിയിലെ കുഷ്ഠം കാണാമായിരുന്നു. പുരോഹിതന്മാര്‍ ഉസ്സീയാവിനെ വേഗം പുറത്തു പോകാന്‍ നിര്‍ബന്ധിച്ചു. യഹോവ തന്നെ ശിക്ഷിച്ചതിനാല്‍ ഉസ്സീയാവ് സ്വയം പുറത്തേക്കോടി.
21 ഉസ്സീയാരാജാവ് കുഷ്ഠരോഗിയായി. അയാള്‍ക്ക് യഹോവയുടെ ആലയത്തില്‍ കടക്കാനായില്ല. ഉസ്സീയാവന്‍റെ പുത്രനായ യോഥാം കൊട്ടാരത്തിന്‍റെ നിയന്ത്രണമേറ്റ് ജനങ്ങളുടെമേല്‍ അധികാരിയായി.
22 ഉസ്സീയാവിന്‍റെ പ്രവൃത്തികള്‍ ആദ്യന്തം ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകന്‍ എഴുതിയിട്ടുണ്ട്.
23 ഉസ്സീയാവ് മരണമടയുകയും തന്‍റെ പൂര്‍വ്വികരുടെ സമീപം സംസ്കരിക്കപ്പെടുകയും ചെയ്തു. രാജാവിന്‍റെ ശവപ്പറന്പിനടുത്തുള്ള വയലില്‍ ആണ് ഉസ്സീയാവ് സംസ്കരിക്കപ്പെട്ടത്. കാരണം, ജനങ്ങള്‍ പറഞ്ഞു, “ഉസ്സീയാവിനു കുഷ്ഠമുണ്ട്.”ഉസ്സീയാവിന്‍റെ സ്ഥാനത്ത് യോഥാം പുതിയ രാജാവായി. ഉസ്സീയാവിന്‍റെ പുത്രനായിരുന്നു യോഥാം.