ആഹാസ് യെഹൂദയുടെ രാജാവ്
28
രാജാവാകുന്പോള്‍ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അയാള്‍ പതിനാറു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. തന്‍റെ പൂര്‍വ്വകനായ ദാവീദിനെപ്പോലെ ദൈവദൃഷ്ടിയില്‍ ശരിയായ വഴിയിലായിരുന്നില്ല ആഹാസ് ജീവിച്ചത്. യഹോവ ആഗ്രഹിച്ചതുപോലെയൊന്നും അയാള്‍ ചെയ്തില്ല. യിസ്രായേല്‍ രാജാക്കന്മാരുടെ ദുഷിച്ച മാതൃകകളാണയാള്‍ പിന്തുടര്‍ന്നത്. ബാല്‍ദൈവങ്ങളെ ആരാധിക്കാന്‍വേണ്ടി വിഗ്രഹങ്ങളുണ്ടാക്കാന്‍ അയാള്‍ അച്ചുകളുപയോഗിച്ചു. ബെന്‍-ഹിന്നോം താഴ്വരയില്‍ ആഹാസ് ധൂപാര്‍ച്ചന നടത്തി. തന്‍റെ സ്വന്തം പുത്രന്മാരെ അയാള്‍ തീയിലെരിച്ചു ബലിയര്‍പ്പിച്ചു. ആ ദേശത്തു ജീവിച്ചിരുന്നവര്‍ ചെയ്ത അതേ ദുഷ്കൃത്യങ്ങള്‍ അയാള്‍ ചെയ്തു. യിസ്രായേലുകാര്‍ വന്നപ്പോള്‍ യഹോവ അവിടത്തുകാരെ അവിടെനിന്നും ഒഴിപ്പിച്ചതാണ്. ആഹാസ് ഉന്നതസ്ഥലങ്ങളിലും കുന്നുകളിലും എല്ലാ പച്ചമരക്കീഴിലും വഴിപാടുകളും ബലികളും നടത്തി.
5-6 ആഹാസ് പാപം ചെയ്തു. അതിനാല്‍ യഹോവ അരാമിലെ രാജാവിനെക്കൊണ്ട് ആഹാസിനെ തോല്പിച്ചു. അരാമിലെ രാജാവും അയാളുടെ സൈന്യവും ആഹാസിനെ തോല്പിക്കുകയും ഒട്ടനവധി യെഹൂദക്കാരെ തടവുകാരായി പിടിക്കുകയും ചെയ്തു. അരാമിലെ രാജാവ് ആ തടവുകാരെ ദമ്മേശെക്കിലേക്കു കൊണ്ടുപോയി. യിസ്രായേല്‍രാജാവായ പെക്കഹിനെ കൊണ്ടും യഹോവ ആഹാസിനെ തോല്പിച്ചു. രെമല്യാ എന്നായിരുന്നു പെക്കഹിന്‍റെ പിതാവിന്‍റെ പേര്. പെക്കഹും അയാളുടെ സൈന്യവും ഒറ്റദിവസംകൊണ്ട് യെഹൂദയിലെ ഒരു ലക്ഷത്തി ഇരുപതിനായിരം ധീരരായ പടയാളികളെ വധിച്ചു. യെഹൂദക്കാര്‍, തങ്ങളുടെ പൂര്‍വ്വികര്‍ പിന്തുടര്‍ന്നിരുന്ന ദൈവമായ യഹോവയെ അനുസരിക്കാത്തതിനാലാണ് പെക്കഹ് അവരെ തോല്പിച്ചത്. എഫ്രയീമില്‍നിന്നുള്ള ധൈര്യശാലിയായ ഒരു ഭടനായിരുന്നു സിക്രി. ആഹാസുരാജാവിന്‍റെ പുത്രനായ മയശേയാ, കൊട്ടാരം ചുമതലക്കാരനായിരുന്ന അസ്രീക്കാം, എല്‍ക്കാനാ എന്നിവരെ സിക്രി വധിച്ചു. എല്‍ക്കാനാ രാജാവിന്‍റെ രണ്ടാം അധികാരിയായിരുന്നു.
യിസ്രായേല്‍സൈന്യം യെഹൂദയില്‍ താമസിക്കുന്ന തങ്ങളുടെ തന്നെ ബന്ധുക്കളായ രണ്ടു ലക്ഷംപേരെ പിടിച്ചു. സ്ത്രീകളെയും കുട്ടികളെയുംകൂടാതെ യെഹൂദയില്‍നിന്നും ഒട്ടനവധി വിലപിടിപ്പുള്ള വസ്തുക്കളും അവര്‍ കൊണ്ടു പോയി. ആ തടവുകാരെയും സാധനങ്ങളെയും യിസ്രായേലുകാര്‍ ശമര്യയിലേക്കു കൊണ്ടുവന്നു. എന്നാല്‍ യഹോവയുടെ പ്രവാചകരിലൊരാള്‍ അവിടെയുണ്ടായിരുന്നു. ഓദേദ് എന്നായിരുന്നു ആ പ്രവാചകന്‍റെ പേര്. ശമര്യയിലേക്കു മടങ്ങിവന്ന യിസ്രായേല്‍സൈന്യത്തെ ഓദേദ് കണ്ടുമുട്ടി. ഓദേദ് യിസ്രായേല്‍സൈന്യത്തോടു പറഞ്ഞു, “നിങ്ങളുടെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോവയ്ക്കു യെഹൂദക്കാരോടു കോപമുണ്ടായതിനാല്‍ അവരെ തോല്പിക്കാന്‍ നിങ്ങളെ അനുവദിച്ചു. നിങ്ങള്‍ വളരെ കോപത്തോടെ അവരെ ശിക്ഷിക്കുകയും വധിക്കുകയും ചെയ്തു. ഇപ്പോള്‍ ദൈവം നിങ്ങളോടു കോപിച്ചിരിക്കുന്നു. 10 യെഹൂദയിലെയും യെരൂശലേമിലെയും ജനങ്ങളെ അടിമകളാക്കിവയ്ക്കാന്‍ നിങ്ങളാലോചിക്കുന്നു. നിങ്ങളും നിങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കെതിരെ പാപം ചെയ്തു. 11 ഇപ്പോള്‍ ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക. നിങ്ങള്‍ പിടികൂടിയ നിങ്ങളുടെ സഹോദരീ സഹോദരന്മാരെ തിരികെ വിട്ടയയ്ക്കുക. കാരണം യഹോവയുടെ ഉഗ്രകോപം നിങ്ങളെക്കെതിരായിരിക്കുന്നു.”
12 അനന്തരം യിസ്രായേല്‍ഭടന്മാര്‍ യുദ്ധരംഗത്തുനിന്ന് സ്വദേശത്തേക്കു വരുന്നത് എഫ്രയീമിലെ ചില നേതാക്കള്‍ കണ്ടു. ആ നേതാക്കള്‍ യിസ്രിയാല്‍ഭടന്മാരെ കാണുകയും അവരെ താക്കീതു ചെയ്യുകയും ചെയ്തു. യോഹാനാന്‍റെ പുത്രനായ അസര്യാവ്, മെശില്ലേമോത്തിന്‍റെ പുത്രനായ ബെരെഖ്യാവ്, ശല്ലൂമിന്‍റെ പുത്രനായ യെഹിസ്കീയാവ്, ഹദലായിയുടെ പുത്രനായ അമാസാ എന്നിവരായിരുന്നു ആ നേതാക്കള്‍. 13 ആ നേതാക്കള്‍ യിസ്രായേല്‍ഭടന്മാരോടു ഇങ്ങനെ പറഞ്ഞു, “യെഹൂദയില്‍നിന്നുള്ള തടവുകാരെ ഇങ്ങോട്ടു കൊണ്ടു വരരുത്. നിങ്ങളങ്ങനെ ചെയ്താല്‍ അത് യഹോവയ്ക്കെതിരെയുള്ള നമ്മുടെ അപരാധം വര്‍ദ്ധിപ്പിക്കും. നമ്മുടെ പാപത്തെയും അപരാധത്തെയും അതു വഷളാക്കുകയും യഹോവയ്ക്കു യിസ്രായേലിനോടുള്ള കോപം വര്‍ദ്ധിക്കുകയും ചെയ്യും!”
14 അതിനാല്‍ ഭടന്മാര്‍ തടവുകാരെയും വിലപിടിച്ച വസ്തുക്കളെയും ആ നേതാക്കള്‍ക്കും യിസ്രായേല്‍ജനതയ്ക്കും നല്‍കി. 15 അസര്യാവ്, ബേരെഖ്യാവ്, യെഹിസ്കീയാവ്, അമാസാ എന്നീ നേതാക്കള്‍ എഴുന്നേറ്റ് നിന്ന് തടവുകാരെ സഹായിച്ചു. യിസ്രായേല്‍സൈന്യം കവര്‍ന്ന വസ്ത്രങ്ങള്‍ എടുത്ത് ആ നാലുപേരും നഗ്നരായവര്‍ക്കു കൊടുത്തു. ആ നേതാക്കള്‍ അവര്‍ക്ക് പാദരക്ഷകളും കൊടുത്തു. യെഹൂദയില്‍നിന്നുള്ള തടവുകാര്‍ക്ക് അവര്‍ തിന്നാനും കുടിക്കാനും കൊടുത്തു. അവര്‍ അവരെ എണ്ണതേപ്പിച്ചു.* അവര്‍ … തേപ്പിച്ചു ഒരു ഔഷധമെന്ന നിലയ്ക്ക് അവര്‍ അവരെ എണ്ണ തേപ്പിച്ചു. അനന്തരം എഫ്രയീമില്‍നിന്നുള്ള ആ നേതാക്കള്‍ ക്ഷീണിതരായ തടവുകാരെ കഴുതപ്പുറത്തു കയറ്റി പനമരങ്ങളുടെ നഗരമായ യെരീഹോവിലുള്ള അവരുടെ സ്വന്തംകുടുംബങ്ങളിലാക്കി. പനമരങ്ങളുടെ നഗരമാണ് യെരീഹോ. അനന്തരം ആ നാലു നേതാക്കളും സ്വദേശമായ ശമര്യയിലേക്കു മടങ്ങി.
16-17 ആ സമയത്തു തന്നെ എദോംകാര്‍ വീണ്ടും വരികയും യെഹൂദക്കാരെ തോല്പിക്കുകയും ചെയ്തു. എദോമ്യര്‍ ജനങ്ങളെ പിടികൂടി തടവുകാരായി കൊണ്ടുപോയി. അതിനാല്‍ ആഹാസ് രാജാവ് അശ്ശൂരിലെ രാജാവിനോടു സഹായമപേക്ഷിച്ചു. 18 ഫെലിസ്ത്യരും യെഹൂദയുടെ തെക്കുഭാഗത്തും കുന്നുകളിലുള്ള പട്ടണങ്ങളിലും ആക്രമണം നടത്തി. ബേത്ത്-ശേമെശ്, അയ്യാലോന്‍, ഗെദേരോത്ത്, സോഖോ, തിമ്നാ, ഗിംസോവ് പട്ടണങ്ങള്‍ ഫെലിസ്ത്യര്‍ പിടിച്ചെടുത്തു. ആ പട്ടണങ്ങള്‍ക്കടുത്തുള്ള ഗ്രാമങ്ങളും അവര്‍ പിടിച്ചെടുത്തു. അനന്തരം ഫെലിസ്ത്യര്‍ ആ പട്ടണങ്ങളില്‍ താമസിച്ചു. 19 യെഹൂദക്കാരെ അവരുടെ രാജാവായ ആഹാസ് പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു. അയാള്‍ യഹോവയോടു വളരെ അവിശ്വസ്തനായിരുന്നു. അതിനാല്‍ യഹോവ യെഹൂദയ്ക്കു ദുരിതങ്ങള്‍ നല്‍കി. 20 അശ്ശൂരിലെ രാജാവായ തിഗ്ലത്ത്-പിലേസെര്‍ യെഹൂദയില്‍ വന്നെങ്കിലും ആഹാസിനെ സഹായിക്കുന്നതിന് പകരം അയാള്‍ക്കു കുഴപ്പങ്ങളണ്ടാക്കുകയായിരുന്നു ചെയ്തത്. 21 ആഹാസ് യഹോവയുടെ ആലയത്തില്‍നിന്നും രാജകൊട്ടാരത്തില്‍നിന്നും രാജകുമാരികളുടെ കൊട്ടാരങ്ങളില്‍നിന്നുമുള്ള അമൂല്യവസ്തുക്കളെടുത്തു. ആഹാസ് ആ സാധനങ്ങള്‍ അശ്ശൂരിലെ രാജാവിനു കൊടുത്തു. എന്നാല്‍ അത് ആഹാസിനെ സഹായിച്ചില്ല.
22 ആഹാസ് ദുരിതങ്ങള്‍ക്കിടയിലും കൂടുതല്‍ പാപം ചെയ്യുകയും യഹോവയോടു അവിശ്വസ്തത പുലര്‍ത്തുകയും ചെയ്തു. 23 ദമ്മേശെക്കിലെ ജനങ്ങള്‍ ആരാധിച്ച ദേവന്മാര്‍ക്കു അയാള്‍ ബലികളര്‍പ്പിച്ചു. ദമ്മേശെക്കുകാര്‍ ആഹാസിനെ തോല്പിച്ചിരുന്നു. അതിനാല്‍ അയാള്‍ ഇങ്ങനെ കരുതി: “അരാമ്യര്‍ ആരാധിക്കുന്ന ദേവന്മാര്‍ അവരെ സഹായിച്ചു. അതിനാല്‍ ഞാന്‍ ആ ദേവന്മാര്‍ക്കു ബലിയര്‍പ്പിച്ചാല്‍ അവര്‍ എന്നെയും സഹായിച്ചേക്കാം.”ആഹാസ് ആ ദേവന്മാരെ ആരാധിച്ചു. അങ്ങനെ അയാള്‍ പാപം ചെയ്യുകയും യിസ്രായേലുകാരെക്കൊണ്ടു പാപം ചെയ്യിപ്പിക്കുകയും ചെയ്തു.
24 ദൈവത്തിന്‍റെ ആലയത്തില്‍നിന്നുള്ള സാധനങ്ങളെടുത്ത് ആഹാസ് അവയെ ഉടച്ചുകളഞ്ഞു. എന്നിട്ടയാള്‍ യഹോവയുടെ ആലയത്തിന്‍റെ വാതിലുകളടച്ചു. അയാള്‍ യാഗപീഠങ്ങളുണ്ടാക്കുകയും അവയെ യെരൂശലേമിലെ എല്ലാ മൂലയിലും വയ്ക്കുകയും ചെയ്തു. 25 യെഹൂദയിലെ എല്ലാ പട്ടണങ്ങളിലും ആഹാസ് മറ്റു ദൈവങ്ങളെ ആരാധിക്കുന്നതിന് ധൂപബലികളര്‍പ്പിക്കാന്‍ ഉന്നതസ്ഥലങ്ങള്‍ ഉണ്ടാക്കി. തന്‍റെ പൂര്‍വ്വികന്മാര്‍ അനുസരിച്ച ദൈവമായ യഹോവയെ ആഹാസ് വളരെ കോപാകുലനാക്കി.
26 ആഹാസിന്‍റെ മറ്റു പ്രവൃത്തികള്‍ ആദ്യന്തം ‘യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 27 ആഹാസ് മരണമടയുകയും തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. യെരൂശലേം നഗരത്തിലാണ് ജനങ്ങള്‍ ആഹാസിനെ സംസ്കരിച്ചത്. പക്ഷേ യിസ്രായേല്‍ രാജാക്കന്മാര്‍ സംസ്കരിക്കപ്പെട്ട അതേ സ്ഥലത്തല്ല അവര്‍ ആഹാസിനെ സംസ്കരിച്ചത്. ആഹാസിന്‍റെ സ്ഥാനത്ത് അയാളുടെ പുത്രന്‍ യെഹിസ്കീയാവ് പുതിയ രാജാവായി.