യെഹിസ്കീയാവ് യെഹൂദയിലെ രാജാവ്
29
ഇരുപത്തഞ്ചാം വയസ്സിലാണ് യെഹിസ്കീയാവ് രാജാവായത്. അയാള്‍ യെരൂശലേമില്‍ ഇരുപത്തൊന്‍പതു വര്‍ഷം ഭരണം നടത്തി. അബീയാ എന്നായിരുന്നു അയാളുടെ അമ്മയുടെ പേര്. സെഖര്യാവിന്‍റെ പുത്രിയായിരുന്നു അവള്‍. യഹോവ ആവശ്യപ്പെട്ട കാര്യങ്ങളാണ് യെഹിസ്കീയാവ് ചെയ്തത്. തന്‍റെ പൂര്‍വ്വികനായ ദാവീദിനെപ്പോലെ നേരായതു മാത്രം അയാള്‍ ചെയ്തു.
യെഹിസ്കീയാവ് യഹോവയുടെ ആലയത്തിന്‍റെ വാതിലുകള്‍ ഉറപ്പിച്ച് ശക്തമാക്കി. യെഹിസ്കീയാവ് ആലയം വീണ്ടും തുറന്നു. താന്‍ രാജാവായതിന്‍റെ ആദ്യത്തെ വര്‍ഷം ആദ്യത്തെ മാസം തന്നെ അയാള്‍ അതു ചെയ്തു. 4-5 യെഹിസ്കീയാവ് പുരോഹിതന്മാരെയും ലേവ്യരെയും ഒരു സമ്മേളനത്തില്‍ വിളിച്ചുകൂട്ടി. ആലയത്തിന്‍റെ കിഴക്കുവശത്തെ തുറസ്സായ സ്ഥലത്ത് അയാള്‍ അവരുമായി സമ്മേളിച്ചു. യെഹിസ്കീയാവ് അവരോടു പറഞ്ഞു, “എന്നെ ശ്രവിക്കൂ ലേവ്യരേ! വിശുദ്ധശുശ്രൂഷയ്ക്കു നിങ്ങള്‍ തയ്യാറാകൂ. ദൈവമായ യഹോവയുടെ ആലയത്തെ വിശുദ്ധശുശ്രൂഷയ്ക്കു തയ്യാറാക്കുക. നിങ്ങളുടെ പൂര്‍വ്വികര്‍ ആരാധിച്ച ദൈവമാണവന്‍. ആലയത്തിലേതല്ലാത്ത സാധനങ്ങള്‍ അവിടെനിന്നും മാറ്റുക. ആ വസ്തുക്കള്‍ ആലയത്തെ അശുദ്ധമാക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ യഹോവയെ വിടുകയും യഹോവയുടെ ആലയത്തില്‍നിന്നും മുഖം തിരിക്കുകയും ചെയ്തു. ആലയത്തിന്‍റെ മുഖമണ്ഡപത്തിലെ വാതിലുകള്‍ അവര്‍ അടയ്ക്കുകയും വിളക്കുകളിലെ നാളം അണയ്ക്കുകയും ചെയ്തു. യിസ്രായേലിന്‍റെ ദൈവത്തിന് അതിവിശുദ്ധസ്ഥലത്തെ യാഗപീഠത്തില്‍ ധൂപാര്‍ച്ചനയും ഹോമയാഗവും അവര്‍ നിര്‍ത്തി. അതിനാല്‍ യെഹൂദക്കാരോടും യെരൂശലേംകാരോടും യഹോവയ്ക്കു വലിയ കോപമുണ്ടായി. യഹോവ അവരെ ശിക്ഷിച്ചു. യഹോവ യെഹൂദക്കാരോടും യെരൂശലേംകാരോടും ചെയ്ത കാര്യങ്ങള്‍ കണ്ട് മറ്റുള്ളവര്‍ ഭയന്നുവിറച്ചു. ആ ജനങ്ങള്‍ യെഹൂദക്കാരോടുള്ള വെറുപ്പുകൊണ്ടും അത്ഭുതംകൊണ്ടും തങ്ങളുടെ തല കുലുക്കി. ഇതെല്ലാം സത്യമാണെന്ന് നിങ്ങളറിയുക. നിങ്ങള്‍ക്കു നിങ്ങളുടെ സ്വന്തം കണ്ണുകള്‍ കൊണ്ടുകാണാം. അതിനാലാണ് നമ്മുടെ പൂര്‍വ്വികര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടതും. നമ്മുടെ പുത്രീപുത്രന്മാരും ഭാര്യമാരും തടവുകാരാക്കപ്പെട്ടു. 10 അതിനാല്‍ ഇപ്പോള്‍, യെഹിസ്കീയാവ് എന്ന ഞാന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുമായി ഒരു കരാറുണ്ടാക്കുന്നു. അപ്പോള്‍ അവന് നമ്മോടു അധികം കോപമുണ്ടാകില്ല. 11 അതിനാല്‍ എന്‍റെ പുത്രന്മാരേ, മടിപിടിക്കുകയോ ഒട്ടും സമയം കളയുകയോ ചെയ്യരുത്. തന്നെ ശുശ്രൂഷിക്കാന്‍ യഹോവ നിങ്ങളെ തെരഞ്ഞെടുത്തു. ആലയത്തില്‍ തന്നെ ശുശ്രൂഷിക്കാനും ധൂപാര്‍ച്ചന നടത്താനുമാണ് അവന്‍ നിങ്ങളെ തെരഞ്ഞെടുത്തത്.”
12-14 ജോലികളാരംഭിച്ചവരായി അപ്പോള്‍ അവിടെയുണ്ടായിരുന്ന ലേവ്യരുടെ ഒരു പട്ടികയിതാ: കൊഹാത്തിന്‍റെ കുടുംബത്തില്‍നിന്ന് അമാസായിയുടെ പുത്രനായ മഹത്ത്, അസര്യാവിന്‍റെ പുത്രനായ യോവേല്‍ എന്നിവരുണ്ടായിരുന്നു. മെരാരിയുടെ കുടുംബത്തില്‍നിന്നും അബ്ദിയുടെ പുത്രനായ കീശും യെഹല്ലെലേലിന്‍റെ പുത്രനായ അസര്യാവും. ഗേര്‍ശോന്‍റെ കുടുംബത്തില്‍നിന്നും സിമ്മയുടെ പുത്രനായ യോവാശും യോവാഹിന്‍റെ പുത്രനായ ഏദേനും. ഏലീസഫാന്‍റെ പിന്‍ഗാമികളില്‍ നിന്നും ശിമ്രിയും യെയൂവേലും. ആസാഫിന്‍റെ പിന്‍ഗാമികളില്‍ നിന്നും സെഖര്യാവും മത്ഥന്യാവും. ഹേമാന്‍റെ പിന്‍ഗാമികളില്‍നിന്നും യെഹൂയേലും ശിമെയിയും. യെദൂഥൂനിന്‍റെ പിന്‍ഗാമികളില്‍നിന്നും ശിമയ്യാവും ഉസ്സീയേലും. 15 അനന്തരം ഈ ലേവ്യര്‍ തങ്ങളുടെ സഹോദരന്മാരെ വിളിച്ചുകൂട്ടി അവരെ ആലയത്തില്‍ ശുശ്രൂഷയ്ക്കായി ഒരുക്കുകയും ചെയ്തു. യഹോവയില്‍നിന്നും വന്ന, രാജാവിന്‍റെ കല്പനയെ, അവര്‍ അനുസരിച്ചു, അവര്‍ യഹോവയുടെ ആലയം ശുദ്ധീകരിക്കാന്‍ അതിനുള്ളലേക്കു കടന്നു. 16 യഹോവയുടെ ആലയത്തിന്‍റെ അന്തര്‍ഭാഗം ശുദ്ധീകരിക്കാന്‍ പുരോഹിതര്‍ അതിന്‍റെ ഉള്‍ഭാഗത്തേക്കു കടന്നു. യഹോവയുടെ ആലയത്തില്‍ തങ്ങള്‍ കണ്ട എല്ലാ അശുദ്ധവസ്തുക്കളും അവര്‍ പുറത്തെടുത്തു. അശുദ്ധവസ്തുക്കളെല്ലാം അവര്‍ യഹോവയുടെ ആലയത്തിന്‍റെ മുറ്റത്തേക്കു കൊണ്ടുവന്നു. അനന്തരം ലേവ്യര്‍ ആ അശുദ്ധവസ്തുക്കള്‍ കിദ്രോന്‍ താഴ്വരയിലേക്കു കൊണ്ടുപോയി. 17 ഒന്നാം മാസത്തിന്‍റെ ഒന്നാം ദിവസം, ലേവ്യര്‍ വിശുദ്ധശുശ്രൂഷയ്ക്കു സ്വയം തയ്യാറാകാന്‍ തുടങ്ങി. മാസത്തിന്‍റെ എട്ടാംദിവസം ലേവ്യര്‍ യഹോവയുടെ ആലയത്തിന്‍റെ മുഖമണ്ഡപത്തിലേക്കു വന്നു. എട്ടു ദിവസങ്ങള്‍ കൂടി അവര്‍ യഹോവയുടെ ആലയം വിശുദ്ധകര്‍മ്മങ്ങള്‍ക്കായി തയ്യാറാക്കുന്ന പണി തുടര്‍ന്നു. ഒന്നാം മാസത്തിന്‍റെ പതിനാറാം ദിവസം അവര്‍ പണി തീര്‍ത്തു.
18 അനന്തരം അവര്‍ യെഹിസ്കീയാരാജാവിന്‍റെ അടുത്തേക്കു പോയി. അവര്‍ അദ്ദേഹത്തോടു പറഞ്ഞു, “യെഹിസ്കീയാരാജാവേ, യഹോവയുടെ ആലയവും ഹോമയാഗപീഠവും ആലയത്തിലെ എല്ലാ സാധനങ്ങളും ശുദ്ധമാക്കി. അപ്പം നിരത്തുന്ന മേശയും അതിന്മേലുള്ള എല്ലാ ഉപകരണങ്ങളും ഞങ്ങള്‍ ശുചിയാക്കി. 19 ആഹാസ്രാജാവ് ദൈവത്തിനെതിരെ കലാപം കൂട്ടി. ആലയത്തിന്‍റേതായ കുറേസാധനങ്ങള്‍ അയാള്‍ ദൂരെ എറിയുകയും ചെയ്തു. പക്ഷേ ഞങ്ങള്‍ അവയെല്ലാം തിരികെ വച്ച് വിശുദ്ധ കര്‍മ്മങ്ങള്‍ക്കു തയ്യാറാക്കി. അവയിപ്പോള്‍ യഹോവയുടെ യാഗപീഠത്തിനു മുന്പിലുണ്ട്.”
20 യെഹിസ്കീയാരാജാവ് നഗരത്തിലെ ഉദ്യോഗസ്ഥന്മാരെയും കൂട്ടി പിറ്റേന്നു പ്രഭാതത്തില്‍ യഹോവയുടെ ആലയത്തിലേക്കു കയറിപ്പോയി. 21 ഏഴുകാളകള്‍, ഏഴ് ആണാടുകള്‍, ഏഴുകുഞ്ഞാടുകള്‍, ഏഴ് ആണ്‍കോലാടുകള്‍ എന്നിവയേയും അവര്‍ കൊണ്ടുവന്നു. യെഹൂദാരാജ്യത്തിനും വിശുദ്ധസ്ഥലം ശുദ്ധീകരിക്കുന്നതിനും യെഹൂദയിലെ ജനങ്ങള്‍ക്കുംവേണ്ടി ഒരു പാപബലിക്കായിരുന്നു അത്. അഹരോന്‍റെ പിന്‍ഗാമികളായ പുരോഹിതന്മാരോടു യെഹിസ്കീയാരാജാവ്, ആ മൃഗങ്ങളെ യഹോവയുടെ യാഗപീഠത്തില്‍ അര്‍പ്പിക്കാന്‍ കല്പിച്ചു. 22 അതിനാല്‍ പുരോഹിതന്മാര്‍ കാളകളെ കൊന്ന് രക്തമെടുത്തു. എന്നിട്ടവര്‍ കാളയുടെ രക്തം യാഗപീഠത്തില്‍ തളിച്ചു. അനന്തരം പുരോഹിതന്മാര്‍ ആണാടുകളെ കൊല്ലുകയും അവയുടെ രക്തം യാഗപീഠത്തില്‍ തളിക്കുകയും ചെയ്തു. അനന്തരം പുരോഹിതന്മാര്‍ കുഞ്ഞാടുകളെ കൊല്ലുകയും അവയുടെ രക്തം യാഗപീഠത്തില്‍ തളിക്കുകയും ചെയ്തു. 23-24 അനന്തരം പുരോഹിതര്‍ ആണ്‍കോലാടുകളെ രാജാവിന്‍റെയും അവിടെക്കൂടിയിരുന്ന ജനങ്ങളുടെയും മുന്പില്‍ കൊണ്ടുവന്നു. ആ കോലാടുകള്‍ പാപബലിയ്ക്കു വേണ്ടിയായിരുന്നു. പുരോഹിതര്‍ തങ്ങളുടെ കൈകള്‍ കോലാടുകളുടെമേല്‍ വയ്ക്കുകയും അവയെ കൊല്ലുകയും ചെയ്തു. കോലാടുകളുടെ രക്തംകൊണ്ട് പുരോഹിതന്മാര്‍ യാഗപീഠത്തില്‍ ഒരു പാപബലി അര്‍പ്പിച്ചു. യിസ്രായേല്‍ജനതയുടെ പാപങ്ങള്‍ ദൈവം പൊറുക്കുന്നതിനായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. മുഴുവന്‍ യിസ്രായേല്‍ജനതയ്ക്കും വേണ്ടിയായിരിക്കണം ഹോമയാഗവും പാപബലിയുമെന്ന് രാജാവു പറഞ്ഞു.
25 ദാവീദ്, രാജാവിന്‍റെ ദര്‍ശകനായ ഗാദ്, നാഥാന്‍ പ്രവാചകന്‍ എന്നിവര്‍ കല്പിച്ചതുപോലെ യെഹിസ്കീയാരാജാവ് ലേവ്യരെ ഇലത്താളങ്ങള്‍, വീണകള്‍, കിന്നരങ്ങള്‍ എന്നിവ നല്‍കി യഹോവയുടെ ആലയത്തില്‍ നിര്‍ത്തി. ഈ കല്പന യഹോവയുടെ പ്രവാചകരിലൂടെ അവനില്‍ നിന്നും വന്നതാണ്. 26 അതിനാല്‍ ലേവ്യര്‍ ദാവീദിന്‍റെ സംഗീത ഉപകരണങ്ങളുമായി തയ്യാറായി നിന്നു. പുരോഹിതന്മാര്‍ തങ്ങളുടെ കാഹളങ്ങളുമായും ഒരുങ്ങിനിന്നു. 27 അപ്പോള്‍ യെഹിസ്കീയാവ് യാഗപീഠത്തില്‍ ഹോമയാഗം അര്‍പ്പിക്കുന്നതിനു കല്പന നല്‍കി. ഹോമയാഗം ആരംഭിച്ചതോടുകൂടി യഹോവയ്ക്കുള്ള ഗാനവും ആരംഭിച്ചു. കാഹളങ്ങള്‍ മുഴക്കപ്പെടുകയും യിസ്രായേലിന്‍റെ രാജാവായിരുന്ന ദാവീദിന്‍റെ സംഗീതോപകരണങ്ങള്‍ വായിക്കപ്പെടുകയും ചെയ്തു. 28 ഹോമയാഗം കഴിക്കുംവരെ സഭ മുഴുവന്‍ നമസ്കരിച്ചു. ഗായകര്‍ പാടി, കാഹളമൂത്തുകാര്‍ തങ്ങളുടെ കാഹളങ്ങളൂതി.
29 ബലികളെല്ലാം അവസാനിച്ചപ്പോള്‍ യെഹിസ്കീയാരാജാവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജനങ്ങളും നമസ്കരിക്കുകയും ആരാധന നടത്തുകയും ചെയ്തു. 30 യഹോവയെ സ്തുതിക്കുവാന്‍ യെഹിസ്കീയാരാജാവും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥന്മാരും ലേവ്യരോടു കല്പിച്ചു. ദാവീദും ദൈവപുരുഷനായ ആസാഫുമെഴുതിയഗീതങ്ങള്‍ അവര്‍ ആലപിച്ചു. അവര്‍ ദൈവത്തെ സ്തുതിച്ച് ആഹ്ലാദിച്ചു. അവരെല്ലാം ദൈവത്തെ നമസ്കരിക്കുകയും ആരാധിക്കുകയും ചെയ്തു. 31 യെഹിസ്കീയാവു പറഞ്ഞു, “യെഹൂദ്യരായ നിങ്ങളിപ്പോള്‍ സ്വയം യഹോവയ്ക്കു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അടുത്തു വരൂ, ബലികളും കൃതജ്ഞതാബലികളും യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവരൂ.”അപ്പോള്‍ ജനങ്ങള്‍ ബലികളും കൃതജ്ഞതാ ബലികളും കൊണ്ടുവന്നു. ആഗ്രഹിച്ചവരെല്ലാം ഹോമയാഗങ്ങളും നടത്തി. 32 സഭയിലുണ്ടായിരുന്നവര്‍ ആലയത്തിലേക്കു കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം: എഴുപതു കാളകള്‍, നൂറ് ആണാടുകള്‍, ഇരുന്നൂറു ചെമ്മരിയാടുകള്‍. ഈ മൃഗങ്ങളെല്ലാം യഹോവയ്ക്കുള്ള ഹോമയാഗങ്ങളായി സമര്‍പ്പിക്കപ്പെട്ടു. 33 യഹോവയ്ക്കുള്ള വിശുദ്ധബലികള്‍ അറുന്നൂറു കാളകളും മൂവായിരം ചെമ്മരിയാടുകളും കോലാടുകളുമായിരുന്നു.
34 പക്ഷേ എല്ലാ മൃഗങ്ങളെയും മുറിക്കുന്നതിനോ തൊലിനീക്കം ചെയ്ത് ഹോമയാഗമര്‍പ്പിക്കുന്നതിനോ ആവശ്യമായത്ര പുരോഹിതന്മാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആ ജോലികള്‍ തീരുംവരെയും മറ്റു പുരോഹിതന്മാര്‍ വിശുദ്ധശുശ്രൂഷയ്ക്കു തയ്യാറാകുംവരെയും അവരുടെ ബന്ധുക്കളായ ലേവ്യര്‍ അവരെ സഹായിച്ചു. യഹോവയെ ശുശ്രൂഷിക്കുന്നതില്‍ ലേവ്യരായിരുന്നു കൂടുതല്‍ സമര്‍പ്പണബുദ്ധികള്‍. അവര്‍ പുരോഹിതന്മാരെക്കാള്‍ ഇക്കാര്യത്തില്‍ ഉത്സാഹം കാട്ടി. 35 ധാരാളം ഹോമയാഗങ്ങളും സമാധാനബലികളുടെ കൊഴുപ്പും പാനീയയാഗങ്ങളും അവിടെയുണ്ടായിരുന്നു. അതിനാല്‍ യഹോവയുടെ ആലയത്തിലെ ശുശ്രൂഷ വീണ്ടും തുടങ്ങി. 36 തന്‍റെ ജനതയ്ക്കായി ദൈവം തയ്യാറാക്കിയ കാര്യങ്ങളില്‍ യെഹിസ്കീയാവും ജനങ്ങളും വളരെ ആഹ്ലാദിച്ചു. അവന്‍ ഇത്രവേഗം ഇങ്ങനെ ചെയ്തതിലും അവര്‍ ആഹ്ലാദിച്ചു!