ശലോമോന്‍ ആലയം പണിയുന്നു
3
ശലോമോന്‍, യെരൂശലേമില്‍ മോരീയാപര്‍വ്വതമുകളില്‍ യഹോവയുടെ ആലയം പണിയാന്‍ ആരംഭിച്ചു. മോരീയപര്‍വ്വതമുകളില്‍ വച്ചാണ് യഹോവ ശലോമോന്‍റെ പിതാവായ ദാവീദിനു പ്രത്യക്ഷപ്പെട്ടത്. ദാവീദ് തയ്യാറാക്കിയ സ്ഥലത്താണ് ശലോമോന്‍ ആലയം പണിതത്. യെബൂസ്യനായ അരവ്നയുടെ മെതിക്കളത്തിങ്കലായിരുന്നു ആ സ്ഥലം. താന്‍ യിസ്രായേലിന്‍റെ രാജാവായതിന്‍റെ നാലാം വര്‍ഷത്തെ രണ്ടാം മാസത്തിലാണ് ശലോമോന്‍ പണിയാരംഭിച്ചത്.
ദൈവത്തിന്‍റെ ആലയത്തിന്‍റെ അടിത്തറയ്ക്കു ശലോമോനുപയോഗിച്ച അളവുകള്‍. അടിത്തറയ്ക്കു അറുപതുമുഴം നീളവും ഇരുപതു മുഴം വീതിയുമുണ്ടായിരുന്നു. പഴയ മുഴക്കണക്കാണ് ആലയം അളന്നപ്പോള്‍ ശലോമോന്‍ ഉപയോഗിച്ചത്. ആലയത്തിന്‍റെ മുഖമണ്ഡപം ഇരുപതുമുഴം നീളവും ഇരുപതുമുഴം ഉയരവുമുള്ളതായിരുന്നു. മുഖമണ്ഡപത്തിന്‍റെ ഉള്‍വശം ശലോമോന്‍ സ്വര്‍ണ്ണം പൂശി. വലിപ്പം കൂടിയ മുറിയുടെ ഭിത്തികളില്‍ ശലോമോന്‍ സരളമരപ്പലകകള്‍ പതിച്ചു. സരളമരപ്പലകകളെ ശലോമോന്‍ സ്വര്‍ണ്ണം പൂശി. അതിന്മേല്‍ അയാള്‍ പനമരങ്ങളും ചങ്ങലയും സ്വര്‍ണ്ണത്തില്‍ കൊത്തിവച്ചു. ആലയത്തിന്‍റെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വിലപ്പിടിപ്പുള്ള കല്ലുകളും ശലോമോന്‍ പതിപ്പിച്ചു. പര്‍വ്വയീമില്‍നിന്നുള്ള സ്വര്‍ണ്ണമാണ് ശലോമോന്‍ ഉപയോഗിച്ചത്. ആലയത്തിന്‍റെ ഉള്‍ഭാഗം മുഴുവനും ശലോമോന്‍ സ്വര്‍ണ്ണം പൊതിഞ്ഞു. തുലാങ്ങള്‍, വാതില്‍പ്പടികള്‍, ഭിത്തികള്‍, വാതിലുകള്‍ എന്നിവയെല്ലാം ശലോമോന്‍ സ്വര്‍ണ്ണം പൊതിഞ്ഞു. ഭിത്തികളില്‍ ശലോമോന്‍ കെരൂബുമാലാഖമാരെ ആലേഖനം ചെയ്തു.
അനന്തരം ശലോമോന്‍ അതിവിശുദ്ധസ്ഥലം നിര്‍മ്മിച്ചു. അതിവിശുദ്ധസ്ഥലത്തിന് ഇരുപതു മുഴം നീളവും ഇരുപതുമുഴം വീതിയുമുണ്ടായിരുന്നു. ആലയത്തിന്‍റെയത്ര വീതി അതിനുണ്ടായിരുന്നു. അതിവിശുദ്ധസ്ഥലത്തിന്‍റെ ഭിത്തികളില്‍ ശലോമോന്‍ സ്വര്‍ണ്ണം പൊതിഞ്ഞു. ഇരുപത്തിമൂന്നു ടണ്‍ സ്വര്‍ണ്ണം ഇതിനായുപയോഗിച്ചു. സ്വര്‍ണ്ണ ആണികള്‍ക്കു അന്‍പതു ശേക്കലായിരുന്നു തൂക്കം. മാളികയിലെ മുറിവുകള്‍ ശലോമോന്‍ സ്വര്‍ണ്ണം പൊതിഞ്ഞു. 10 അതിവിശുദ്ധസ്ഥലത്തു സ്ഥാപിക്കുവാന്‍ ശലോമോന്‍ രണ്ടു കെരൂബുമാലാഖമാരെ നിര്‍മ്മിച്ചു. പണിക്കാര്‍ കെരൂബുമാലാഖമാരെ സ്വര്‍ണ്ണം പൊതിഞ്ഞു. 11 കെരൂബുമാലാഖമാരുടെ ഓരോ ചിറകിനും അഞ്ചു മുഴം വീതമായിരുന്നു നീളം. ചിറകുകളുടെ ആകെ വീതി ഇരുപതുമുഴവും. ആദ്യത്തെ കെരൂബുമാലാഖയുടെ ചിറകുകളിലൊന്ന് മുറിയുടെ മറുവശത്തെ ഭിത്തിയില്‍ സ്പര്‍ശിച്ചിരുന്നു. മറ്റേ ചിറകാകട്ടെ രണ്ടാമത്തെ കെരൂബുമാലഖയുടെ ഒരു ചിറകിലും സ്പര്‍ശിച്ചിരുന്നു. 12 രണ്ടാമത്തെ കെരൂബുമാലാഖയുടെ മറ്റേ ചിറക് മുറിയുടെ മറ്റേവശത്തുള്ള ഭിത്തിയിലും സ്പര്‍ശിച്ചിരുന്നു. 13 കെരൂബുമാലാഖമാരുടെ ചിറകുകള്‍ ആകെ ഇരുപതുമുഴം സ്ഥലം മൂടിയിരുന്നു. അവ വിശുദ്ധസ്ഥലത്തേക്കു അഭിമുഖമായി ഉള്ളില്‍ നില്‍ക്കുകയായിരുന്നു.
14 നീല-ധൂമ്ര-ചുവപ്പു തുണിയും വിലകൂടിയ ലിനനുമുപയോഗിച്ച് ശലോമോന്‍ തിരശ്ശീലയുണ്ടാക്കിയിരുന്നു. തിരശ്ശീലയിലും ശലോമോന്‍ കെരൂബുമാലാഖമാരെ സ്ഥാപിച്ചു.
15 ആലയത്തിനു മുന്പിലായി ശലോമോന്‍ രണ്ടുസ്തംഭങ്ങള്‍ സ്ഥാപിച്ചു. അവയുടെ ഉയരം മുപ്പത്തഞ്ചുമുഴമായിരുന്നു. രണ്ടു സ്തംഭങ്ങളുടെയും മകുടങ്ങള്‍ക്ക് അഞ്ചുമുഴം വീതം നീളമുണ്ടായിരുന്നു. 16 കഴുത്താരത്തിന്‍റെ ആകൃതിയില്‍ ഒരു ചങ്ങല അയാള്‍ പണിതു. നൂറ് മാതളനാരങ്ങകളുണ്ടാക്കി അവ ചങ്ങലകളില്‍ തൂക്കി. ചങ്ങലകള്‍ അയാള്‍ സ്തംഭങ്ങള്‍ക്കു മുകളില്‍ വച്ചു. 17 അനന്തരം ശലോമോന്‍ സ്തംഭങ്ങള്‍ ആലയത്തിനുമുന്പില്‍ പ്രതിഷ്ഠിച്ചു. ഒരു സ്തംഭം വലതു വശത്തും ഒന്ന് ഇടതുവശത്തും. വലത്തെ സ്തംഭത്തിന് “യാഖീന്‍”എന്നും ഇടത്തെ സ്തംഭത്തിന് “ബോവസ്”എന്നും ശലോമോന്‍ പേരിട്ടു.