യെഹിസ്കീയാവ് പെസഹ ആഘോഷിക്കുന്നു
30
യെഹിസ്കീയരാജാവ് മുഴുവന്‍ യിസ്രായേലുകാര്‍ക്കും യെഹൂദക്കാര്‍ക്കും സന്ദേശങ്ങളയച്ചു. എഫ്രയീമുകാര്‍ക്കും മനശ്ശെക്കാര്‍ക്കും അദ്ദേഹം കത്തുകളയച്ചു. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയ്ക്കുവേണ്ടി പെസഹ ആഘോഷിക്കുന്നതിന് യെരൂശലേമിലെ യഹോവയുടെ ആലയത്തിലേക്കു വരാന്‍ യെഹിസ്കീയാവ് അവരെയെല്ലാം ക്ഷണിച്ചു. രണ്ടാം മാസത്തില്‍ പെസഹ ആഘോഷിക്കാമെന്ന് യെഹിസ്കീയാരാജാവ് എല്ലാ ഉദ്യോഗസ്ഥന്മാരോടും യെരൂശലേമിലെ മുഴുവന്‍ സഭയോടും സമ്മതിച്ചു. പതിവുസമയത്ത് പെസഹ ആഘോഷിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. കാരണം, വേണ്ടത്ര പുരോഹിതന്മാര്‍ വിശുദ്ധശുശ്രൂഷയ്ക്കായി ഒരുങ്ങിയിരുന്നില്ല. കൂടാതെ ജനങ്ങള്‍ യെരൂശലേമില്‍ ഒത്തുകൂടിയിരുന്നില്ല എന്നത് മറ്റൊരു കാരണവുമാണ്. കരാറ് യെഹിസ്കീയാവിനെയും മുഴുവന്‍ സഭയെയും തൃപ്തിപ്പെടുത്തിയിരുന്നു. അതിനാല്‍ അവര്‍ ബേര്‍-ശേബ പട്ടണം മുതല്‍ ദാന്‍പട്ടണംവരെ യിസ്രായേല്‍മുഴുവന്‍ ഒരു പ്രഖ്യാപനം നടത്തി. യിസ്രായേലിന്‍റെ യഹോവയാകുന്ന ദൈവത്തിനുവേണ്ടി പെസഹ ആഘോഷിക്കാന്‍ യെരൂശലേമിലേക്കു വരാന്‍ അവര്‍ ജനങ്ങളോടാവശ്യപ്പെട്ടു. മോശെ കല്പിച്ചതുപോലെ, കുറെയേറെ വര്‍ഷങ്ങള്‍ക്കു മുന്പുമുതല്‍ കുറെ യിസ്രായേലുകാര്‍ പെസഹ ആചരിച്ചിരുന്നില്ല. അതിനാല്‍ ദൂതന്മാര്‍ രാജാവിന്‍റെ കത്തുകള്‍ യിസ്രായേലിലും യെഹൂദയിലുമെന്പാടും വിതരണം ചെയ്തു. കത്തിലെ ഉള്ളടക്കം ഇതായിരുന്നു:
യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ യഹോവയിങ്കലേക്കു തിരിയുക. അപ്പോള്‍ അശ്ശൂരിലെ രാജാക്കന്മാരില്‍നിന്നും രക്ഷപ്പെട്ട് ജീവനോടെ അവശേഷിക്കുന്ന നിങ്ങളിലേക്കു ദൈവം മടങ്ങിവരും. നിങ്ങളുടെ പിതാക്കന്മാരെയോ സഹോദരന്മാരെപ്പോലെയോ ആകരുത്. യഹോവ അവരുടെ ദൈവമായിരുന്നുവെങ്കിലും അവര്‍ അവനെതിരെ തിരിഞ്ഞു. അതിനാല്‍ യഹോവ ജനങ്ങളെക്കൊണ്ട് അവരെ വെറുപ്പിക്കുകയും അവരെക്കുറിച്ച് ദുഷിച്ച് സംസാരിപ്പിക്കുകയും ചെയ്തു. ഇതു സത്യമാണെന്ന് നിങ്ങള്‍ക്കു സ്വന്തം കണ്ണുകള്‍കൊണ്ടു കാണാവുന്നതാണ്. നിങ്ങളുടെ പൂര്‍വ്വികരെപ്പോലെ കഠിനഹൃദയരാവരുത്. പൂര്‍ണ്ണമനസ്സോടെ യഹോവയെ അനുസരിക്കുക. അതിവിശുദ്ധസ്ഥലത്തേക്കു വരിക. യഹോവ നിത്യമായി വിശുദ്ധമാക്കിയതാണ് അതിവിശുദ്ധസ്ഥലം. നിങ്ങളുടെ ദൈവമാകുന്ന യഹോവയെ ശുശ്രൂഷിക്കൂ. അപ്പോള്‍ യഹോവയുടെ ഭയപ്പെടുത്തുന്ന കോപം നിങ്ങളില്‍നിന്നകന്നുപോകും. നിങ്ങള്‍ തിരിച്ചുവരികയും യഹോവയെ അനുസരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ബന്ധുക്കള്‍ക്കും കുട്ടികള്‍ക്കും അവരെ പിടിച്ചു വച്ചിരിക്കുന്നവരില്‍നിന്നും കാരുണ്യം കിട്ടും. നിങ്ങളുടെ ബന്ധുക്കളും കുട്ടികളും ഈ ദേശത്തേക്കു തിരിച്ചുവരികയും ചെയ്യും. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളോടു ദയയും കരുണയുള്ളവനുമാകുന്നു. നിങ്ങള്‍ അവനിലേക്കു മടങ്ങിവന്നാല്‍ അവന്‍ നിങ്ങളില്‍ നിന്നകന്നുപോവില്ല.
10 എഫ്രയീം, മനശ്ശെ പ്രദേശങ്ങളിലുള്ള എല്ലാ പട്ടണങ്ങളിലേക്കും ദൂതന്മാര്‍ പോയി. സെബൂലൂന്‍റെ രാജ്യംവരെ അവര്‍ പോയി. എന്നാല്‍ ജനങ്ങള്‍ ദൂതന്മാരെ പരിഹസിച്ചു ചിരിച്ചു. 11 എന്നാല്‍ ആശേര്‍, മനശ്ശെ, സെബൂലൂന്‍ പ്രദേശങ്ങളിലെ കുറേപ്പേര്‍ മാത്രം വിനീതരായി യെരൂശലേമിലേക്കു മടങ്ങിപ്പോയി. 12 യെഹൂദയില്‍ രാജാവിനെയും അവന്‍റെ ഉദ്യോഗസ്ഥന്മാരെയും അനുസരിക്കുന്നതിന് ദൈവത്തിന്‍റെ ശക്തി ജനങ്ങളെ ഒരുമിപ്പിച്ചു. അങ്ങനെ അവര്‍ യഹോവയുടെ വാക്കിനെ അനുസരിച്ചു. 13 രണ്ടാംമാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളിന്* പുളിപ്പില്ലാത്ത … പെരുനാള്‍ പെസഹയും തുടര്‍ന്നുള്ള ഒരാഴ്ചയും ദൈവം യിസ്രായേലുകാരെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി അവര്‍ അന്ന് പുളിപ്പില്ലാത്ത അപ്പം കഴിക്കുന്നു. തിടുക്കത്തില്‍ ഇറങ്ങിപ്പോന്നതിനാല്‍ അന്ന് മാവ് പുളിച്ചുപൊങ്ങിവരാന്‍ അവര്‍ കാത്തു നിന്നില്ല. യെരൂശലേമില്‍ ധാരാളംപേര്‍ ഒത്തുകൂടി. അതൊരു വലിയ ജനക്കൂട്ടമായിരുന്നു. 14 വ്യാജദൈവങ്ങളുടെ യാഗപീഠങ്ങള്‍ അവര്‍ യെരൂശലേമില്‍ നിന്നും നീക്കം ചെയ്തു. വ്യാജദൈവങ്ങളുടെ എല്ലാ ധൂപയാഗപീഠങ്ങളും അവര്‍ നീക്കി. ആ യാഗപീഠങ്ങള്‍ അവര്‍ കിദ്രോന്‍ താഴ്വരയിലേക്കെറിഞ്ഞു. 15 അനന്തരം രണ്ടാം മാസത്തിന്‍റെ പതിനാലാം ദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതരും ലേവ്യരും ലജ്ജിതരായി. അവര്‍ വിശുദ്ധശുശ്രൂഷയ്ക്കു സ്വയം സജ്ജരായി. പുരോഹിതരും ലേവ്യരും യഹോവയുടെ ആലയത്തിലേക്കു ഹോമയാഗങ്ങള്‍ കൊണ്ടുവന്നു. 16 ദൈവപുരുഷനായ മോശെയുടെ നിയമമനുസരിച്ച് അവര്‍ ആലയത്തില്‍ തങ്ങളുടെ പതിവുസ്ഥാനങ്ങളില്‍ നിന്നു. ലേവ്യര്‍ പുരോഹിതര്‍ക്കു രക്തം നല്‍കി. അനന്തരം പുരോഹിതര്‍ രക്തം യാഗപീഠത്തിന്മേല്‍ തളിച്ചു. 17 വിശുദ്ധശുശ്രൂഷയ്ക്കു ഒരുങ്ങിയിട്ടില്ലാത്ത അനേകം പേര്‍ ഉണ്ടായിരുന്നു. അതിനാല്‍ പെസഹാക്കുഞ്ഞാടുകളെ കൊല്ലാന്‍ അവരെ അനുവദിച്ചില്ല. അതിനാലാണ് അശുദ്ധരായിരുന്ന ഓരോരുത്തര്‍ക്കുവേണ്ടി പെസഹാക്കുഞ്ഞാടുകളെ കൊല്ലുന്ന ജോലി ലേവ്യര്‍ ചെയ്യുന്നത്. ലേവ്യര്‍ യഹോവയ്ക്കുള്ള ഓരോ കുഞ്ഞാടിനെയും വിശുദ്ധീകരിച്ചു.
18-19 എഫ്രയീം, മനശ്ശെ, യിസ്സാഖാര്‍, സെബൂലൂന്‍ഗോത്രങ്ങളില്‍പ്പെട്ട അനേകംപേര്‍ പെസഹാതിരുനാളിന് ശരിയായവിധം ശുദ്ധീകരിക്കപ്പെട്ടിരുന്നില്ല. മോശെയുടെ നിയമം അനുശാസിക്കുന്പോലെ ശരിയായ രീതിയിലല്ല അവര്‍ പെസഹ ആഘോഷിച്ചത്. എന്നാല്‍ യെഹിസ്കീയാവ് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. യെഹിസ്കീയാവ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, “നന്മനിറഞ്ഞ ദൈവമായ യഹോവേ, ശരിയായവിധത്തില്‍ നിന്നെ ആരാധിക്കണമെന്ന് ഇവര്‍ക്കു സത്യത്തില്‍ ആഗ്രഹമുണ്ടെങ്കിലും നിയമം അനുശാസിക്കുന്പോലെ അവര്‍ സ്വയം വിശുദ്ധീകരിച്ചില്ല. ദയവായി അവരോടു പൊറുത്താലും. ഞങ്ങളുടെ പൂര്‍വ്വികരുടെ ദൈവമേ, അതിവിശുദ്ധസ്ഥലത്തെ നിയമങ്ങള്‍ക്കനുസരിച്ച് സ്വയം ശുദ്ധീകരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവരോടു പൊറുക്കേണമേ.” 20 യെഹിസ്കീയാരാജാവിന്‍റെ പ്രാര്‍ത്ഥന യഹോവ കേട്ടു. യഹോവ ജനങ്ങളോടു പൊറുത്തു. 21 യിസ്രായേലുകാര്‍ യെരൂശലേമില്‍ ഏഴുദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളാചരിച്ചു. അവര്‍ വളരെ ആഹ്ലാദിച്ചു. ലേവ്യരും പുരോഹിതരും തങ്ങളുടെ സര്‍വ്വശക്തിയോടെയും പൂര്‍ണ്ണഹൃദയത്തോടെയും എന്നും യഹോവയെ സ്തുതിച്ചു. 22 യഹോവയ്ക്കുള്ള ശുശ്രൂഷയില്‍ വളരെ സാമര്‍ത്ഥ്യം കാണിച്ച എല്ലാ ലേവ്യരെയും യെഹിസ്കീയാരാജാവ് പ്രോത്സാഹിപ്പിച്ചു. ജനങ്ങള്‍ ഏഴുദിവസം പെരുനാളാചരിക്കുകയും സമാധാനബലികളര്‍പ്പിക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ ദൈവമായ യഹോവയ്ക്കു സ്തോത്രവും നന്ദിയുമര്‍പ്പിച്ചു.
23 ഏഴുദിവസങ്ങള്‍ക്കൂടി അവിടെ തങ്ങാന്‍ ജനങ്ങള്‍ മുഴുവനും തീരുമാനിച്ചു. ഏഴുദിവസങ്ങള്‍ കൂടി പെസഹ ആചരിക്കുന്നതില്‍ അവര്‍ ആഹ്ലാദിച്ചു. 24 യെഹിസ്കീയാരാജാവ് ആയിരം കാളകളെയും ഏഴായിരം ചെമ്മരിയാടുകളെയും സഭയ്ക്ക് കൊന്നുതിന്നാനായി നല്‍കി. നേതാക്കള്‍ ആയിരംകാളകളെയും പതിനായിരം ചെമ്മരിയാടുകളെയും സഭയ്ക്ക് നല്‍കി. ധാരാളം പുരോഹിതന്മാര്‍ വിശുദ്ധശുശ്രൂഷയ്ക്കു സ്വയം തയ്യാറായി. 25 യെഹൂദയിലെ സഭ മുഴുവനും പുരോഹിതന്മാരും ലേവ്യരും യിസ്രായേലില്‍ നിന്നും വന്ന മുഴുവന്‍ സഭയും യിസ്രായേലില്‍ നിന്നും യെഹൂദയിലേക്കു പോവുകയായിരുന്ന സഞ്ചാരികളും ഒക്കെ വളരെ ആഹ്ലാദിച്ചു. 26 അങ്ങനെ യെരൂശലേമില്‍ വളരെ ആഹ്ലാദമുണ്ടായി. യിസ്രായേല്‍രാജാവായ ദാവീദിന്‍റെ പുത്രനായ ശലോമോന്‍റെ കാലം മുതല്‍ ഇങ്ങനെ ഒരാഹ്ലാദം അവിടെയുണ്ടായിട്ടില്ല. 27 പുരോഹിതന്മാരും ലേവ്യരും എഴുന്നേറ്റു നിന്ന് ജനങ്ങളെ അനുഗ്രഹിക്കുവാന്‍ യഹോവയോടു അപേക്ഷിച്ചു. യഹോവ അവരെ ശ്രവിച്ചു. അവരുടെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തില്‍ യഹോവയുടെ വിശുദ്ധഗൃഹം വരെ എത്തി.