അശ്ശൂരിലെ രാജാവ് യെഹിസ്കീയാവിന് കുഴപ്പങ്ങളുണ്ടാക്കുന്നു
32
യെഹിസ്കീയാവ് വിശ്വാസപൂര്‍വ്വം ചെയ്ത ഈ കാര്യങ്ങള്‍ക്കുശേഷം അശ്ശൂരിലെ രാജാവായ സന്‍ഹേരീബ് യെഹൂദയെ ആക്രമിക്കാന്‍ വന്നു. സന്‍ഹേരീബും അയാളുടെ സൈന്യവും കോട്ടകെട്ടിയ നഗരങ്ങള്‍ക്കു പുറത്ത് താവളമടിച്ചു. ആ പട്ടണങ്ങളെ കീഴടക്കാമെന്ന ധാരണയോടെയാണ് അയാള്‍ അങ്ങനെ ചെയ്തത്. ആ നഗരങ്ങള്‍ക്കുമേല്‍ തനിക്കു വിജയം നേടണമെന്ന് സന്‍ഹേരീബ് ആഗ്രഹിച്ചു. യെരൂശലേമിനെ ആക്രമിക്കാന്‍ സന്‍ഹേരീബ് എത്തിയകാര്യം യെഹിസ്കീയാവ് അറിഞ്ഞു. അപ്പോള്‍ യെഹിസ്കീയാവ് തന്‍റെ ഉദ്യോഗസ്ഥന്മാരും സൈന്യാധിപന്മാരുമായി സംസാരിച്ചു. നഗരത്തിനുപുറത്തേക്കുള്ള ജലധാരകളുടെ പ്രവാഹം തടയാന്‍ അവരെല്ലാവരും ചേര്‍ന്ന് നിശ്ചയിച്ചു. ആ ഉദ്യോഗസ്ഥന്മാരും സേനാപതികളും യെഹിസ്കീയാവിനെ സഹായിച്ചു. അനേകം ആളുകള്‍ ഒത്തുകൂടുകയും രാജ്യത്തിനു നടുക്കു കൂടി ഒഴുകിയിരുന്ന എല്ലാ അരുവികളും ജനധാരകളും അടയ്ക്കുകയും ചെയ്തു. അവര്‍ പറഞ്ഞു, “അശ്ശൂരിലെ രാജാവ് ഇവിടെയെത്തുന്പോള്‍ ഒട്ടും വെള്ളം കാണില്ല!” യെഹിസ്കീയാവ് യെരൂശലേമിനെ ശക്തമാക്കി. അതിനയാള്‍ ഇങ്ങനെയൊക്കെയാണു ചെയ്തത്: തകര്‍ക്കപ്പെട്ടിരുന്ന കോട്ടയുടെ ഭാഗങ്ങള്‍ അയാള്‍ പുനര്‍നിര്‍മ്മിച്ചു. കോട്ടകളില്‍ ഗോപുരങ്ങള്‍ പണിതു. ഒന്നാം മതിലിനു ചുറ്റുമായി അയാള്‍ ഒരു രണ്ടാം മതില്‍ പണിതു. യെരൂശലേമിന്‍റെ പഴയഭാഗത്തിനു കിഴക്കുവശത്തുള്ള ശക്തിസ്ഥലങ്ങള്‍ അയാള്‍ പുനര്‍നിര്‍മ്മിച്ചു. ധാരാളം ആയുധങ്ങളും പരിചകളും അയാള്‍ ഉണ്ടാക്കി. 6-7 യെഹിസ്കീയാവ് ജനങ്ങള്‍ക്ക് സേനാനായകരെ തെരഞ്ഞെടുത്തു. നഗരകവാടത്തിനടുത്തുള്ള വെളിന്പ്രദേശത്ത് യെഹിസ്കീയാവ് അവരുമായി സമ്മേളിച്ചു. അയാള്‍ പറഞ്ഞു, “ശക്തിമാന്മാരും ധീരന്മാരുമായിരിക്കുക. അശ്ശൂരിലെ രാജാവിനെയോ അയാളുടെ വലിയ സേനയേപ്പറ്റിയോ ഭയപ്പെടുകയോ വേവലാതിപ്പെടുകയോ അരുത്. അശ്ശൂരിലെ രാജാവിന് അയാളോടൊപ്പമുള്ളതിനേക്കാള്‍ മഹത്തായൊരു ശക്തിയാണ് നമ്മോടൊപ്പമുള്ളത്! അശ്ശൂരിലെ രാജാവിന് മനുഷ്യര്‍ മാത്രമാണു കൂട്ട്. എന്നാല്‍ നമ്മോടൊപ്പം നമ്മുടെ ദൈവമാകുന്ന യഹോവയാണുള്ളത്! ദൈവം നമ്മെ സഹായിക്കും! അവന്‍ നമ്മുടെ യുദ്ധങ്ങള്‍ ചെയ്യും!”അങ്ങനെ യെഹൂദയിലെ യെഹിസ്കീയാരാജാവ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് ധൈര്യം പകരുകയും ചെയ്തു.
അശ്ശൂരിലെ രാജാവായ സന്‍ഹേരീബും അയാളുടെ മുഴുവന്‍ സൈന്യവും ലാഖീശുപട്ടണത്തെ കീഴടക്കുന്നതിനായി അതിനടുത്തായിരുന്നു പാളയമടിച്ചിരുന്നത്. അനന്തരം സന്‍ഹേരീബ് യെഹൂദയിലെ യെഹിസ്കീയാരാജാവിന്‍റെയും യെരൂശലേമിലുള്ള സര്‍വ്വയെഹൂദക്കാരുടെയും അടുത്തേക്കു തന്‍റെ ദാസന്മാരെ അയച്ചു. യെഹിസ്കീയാവിനും യെരൂശലേംകാര്‍ക്കുമായി സന്‍ഹേരീബിന്‍റെ ദാസന്മാര്‍ ഒരു സന്ദേശം കൊണ്ടുവന്നിരുന്നു. 10 അവര്‍ പറഞ്ഞു, “അശ്ശൂരിലെരാജാവായ സന്‍ഹേരീബ് ഇങ്ങനെപറയന്നു: ‘യെരൂശലേമിന്‍റെ ഉപരോധത്തെ നേരിടാന്‍ നിങ്ങള്‍ എന്തിനെയാണ് ആശ്രയിക്കുന്നത്? 11 യെഹിസ്കീയാവ് നിങ്ങളെ പരിഹസിക്കുകയാണ് നിങ്ങളെ യെരൂശലേമില്‍ത്തന്നെ കുടുക്കി വിശപ്പും ദാഹവും കൊണ്ടു കൊല്ലപ്പെടും. യെഹിസ്കീയാവ് നിങ്ങളോടു പറയുന്നു, “നമ്മുടെ ദൈവമാകുന്ന യഹോവ നമ്മെ അശ്ശൂരിലെ രാജാവില്‍ നിന്നു രക്ഷിക്കും.” 12 യെഹിസ്കീയാവു തന്നെയാണ് യഹോവയുടെ ഉന്നതസ്ഥലങ്ങളും യാഗപീഠങ്ങളും നീക്കം ചെയ്തത്. ഓരേയൊരു യാഗപീഠത്തിന്മേല്‍ മാത്രമേ ധൂപര്‍ച്ചനയും ആരാധനയും നടത്താവൂ എന്ന് അയാള്‍ യെഹൂദക്കാരും യെരൂശലേംകാരുമായ നിങ്ങളോടു പറഞ്ഞു. 13 എന്‍റെ പൂര്‍വ്വികരും ഞാനും മറ്റു രാജ്യക്കാരോടു എങ്ങനെ പെരുമാറി എന്നു നിങ്ങള്‍ക്ക് തീര്‍ച്ചയായും അറിയാം. മറ്റുരാജ്യങ്ങളുടെ ദേവന്മാര്‍ക്ക് അവരുടെ ജനങ്ങളെ രക്ഷിക്കാനായില്ല. തങ്ങളുടെ ജനതയെ നശിപ്പിക്കുന്നതില്‍നിന്നും എന്നെ തടയാന്‍ ആ ദേവന്മാര്‍ക്കു കഴിഞ്ഞില്ല. 14 എന്‍റെ പൂര്‍വ്വികന്മാര്‍ ആ രാഷ്ട്രങ്ങളെ തകര്‍ത്തു. എന്നില്‍നിന്നും തന്‍റെ ജനതയെ രക്ഷിക്കാന്‍ മതിയായ ഒരു ദൈവവുമില്ല. അതിനാല്‍, നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്നില്‍നിന്നും രക്ഷിക്കാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? 15 അതിനാല്‍ നിങ്ങളെ കബളിപ്പിക്കാന്‍ യെഹിസ്കീയാവിനെ അനുവദിക്കരുത്. യെഹിസ്കീയാവിനെ വിശ്വസിക്കരുത്. കാരണം ഒരു ദൈവത്തിനും തന്‍റെ ജനതയെയോ രാഷ്ട്രത്തെയോ എന്നില്‍നിന്നോ എന്‍റെ പൂര്‍വ്വികരില്‍നിന്നോ രക്ഷിക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ എന്നില്‍ നിന്നും നിങ്ങളെ രക്ഷിക്കാന്‍ നിങ്ങളുടെ ദൈവത്തിനു കഴിയുമെന്നു കരുതേണ്ട.’”
16 അശ്ശൂരിലെ രാജാവിന്‍റെ ദാസന്മാര്‍ ദൈവമായ യഹോവയ്ക്കും അവന്‍റെ ദാസനായ യെഹിസ്കീയാവിനുമെതരെ ദുഷിച്ചു പറഞ്ഞു. 17 അശ്ശൂരിലെ രാജാവ് യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയെ അവഹേളിക്കുന്ന കത്തുകളും എഴുതി. ആ കത്തുകളില്‍ അശ്ശൂരിലെ രാജാവ് ഇങ്ങനെയായിരുന്നു എഴുതിയത്: “മറ്റുരാജ്യങ്ങളുടെ ദേവന്മാര്‍ക്ക് അവരുടെ ജനങ്ങളെ നശിപ്പിക്കുന്നതില്‍നിന്നും എന്നെ തടയാനായില്ല. അതുപോലെ തന്നെ യെഹിസ്കീയാവിന്‍റെ ദൈവത്തിനും അവന്‍റെ ജനതയെ നശിപ്പിക്കുന്നതില്‍നിന്നും എന്നെ തടയാനാവില്ല.” 18 അനന്തരം അശ്ശൂരിലെ രാജാവിന്‍റെ ദാസന്മാര്‍ നഗരഭിത്തിമേലുണ്ടായിരുന്ന യെരൂശലേംകാര്‍ക്കു നേരെ എബ്രായഭാഷയില്‍ ഉച്ചത്തില്‍ ആക്രോശിച്ചു. യെരൂശലേംകാരെ ഭയപ്പെടുത്തുന്നതിനായിരുന്നു അശ്ശൂരിലെ രാജാവിന്‍റെ ദാസന്മാര്‍ അങ്ങനെ ചെയ്തത്. യെരൂശലേം നഗരം പിടിച്ചെടുക്കുന്നതിനായിരുന്നു അവര്‍ അങ്ങനെയൊക്കെ പറഞ്ഞത്. 19 മറ്റു രാഷ്ട്രങ്ങളിലെ ജനങ്ങള്‍ ആരാധിച്ചിരുന്ന ദേവന്മാരുമായി അവര്‍ യെരൂശലേമിന്‍റെ ദൈവത്തെ താരതമ്യം ചെയ്തു. മനുഷ്യര്‍ ഉണ്ടാക്കിയ സാധനങ്ങള്‍ മാത്രമാണ് ആ ദേവന്മാര്‍ ഉണ്ടാക്കിയ സാധനങ്ങള്‍ മാത്രമാണ് ആ ദേവന്മാര്‍ എന്നു പറഞ്ഞ അവര്‍, അവയെ ദുഷിച്ചതു പോലെതന്നെയാണ് യെരൂശലേമിന്‍റെ ദൈവത്തെപ്പറ്റിയും പറഞ്ഞത്.
20 യെഹിസ്കീയാരാജാവും ആമോസിന്‍റെ പുത്രനായ യെശയ്യാപ്രവാചകനും ഉച്ചത്തില്‍ ഈ പ്രശ്നത്തെച്ചൊല്ലി സ്വര്‍ഗ്ഗത്തിലേക്കു നോക്കി പ്രാര്‍ത്ഥിച്ചു. 21 അപ്പോള്‍ യഹോവ ഒരു ദൂതനെ അശ്ശൂരിലെ രാജാവിന്‍റെ പാളയത്തിലേക്കയച്ചു. ആ ദൂതന്‍ അശ്ശൂര്‍സേനയിലെ മുഴുവന്‍ ഭടന്മാരെയും വധിച്ചു. അതിനാല്‍ അശ്ശൂരിലെ രാജാവ് സ്വദേശത്തേക്കു മടങ്ങി. അയാളുടെ ജനത അയാളെച്ചൊല്ലി ലജ്ജിച്ചു. അയാള്‍ തന്‍റെ ദൈവത്തിന്‍റെ ആലയത്തിലേക്കു കയറി. അയാളുടെ സ്വന്തംപുത്രന്മാരില്‍ ചിലര്‍ അയാളെ വാളുകൊണ്ടു വെട്ടിക്കൊല്ലുകയും ചെയ്തു. 22 അങ്ങനെ യഹോവ യെഹിസ്കീയാവിനെയും യെരൂശലേംകാരെയും അശ്ശൂരിലെ രാജാവായ സന്‍ഹേരീബില്‍നിന്നും മറ്റാളുകളില്‍നിന്നും രക്ഷിച്ചു. യെഹിസ്കീയാവിനെയും യെരൂശലേംകാരെയും യഹോവ പരിപാലിച്ചു. 23 ധാരാളമാളുകള്‍ യഹോവയ്ക്കു കാഴ്ചവസ്തുക്കളുമായി യെരൂശലേമിലേക്കു വന്നു. യെഹൂദയിലെ രാജാവായ യെഹിസ്കീയാവിന് അവര്‍ വിലപിടിച്ച വസ്തുക്കള്‍ കൊണ്ടുവന്നു. അന്നുമുതല്‍ എല്ലാ രാഷ്ട്രങ്ങളും യെഹിസ്കീയാവിനെ ആദരിച്ചു.
24 അക്കാലത്താണ് യെഹിസ്കീയാവിന് രോഗംപിടിപെട്ടതും മരണത്തോടടുത്തതും. അയാള്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ യെഹിസ്കീയാവിനോടു സംസാരിക്കുകയും അയാള്‍ക്ക് ഒരടയാളം നല്‍കുകയും ചെയ്തു. 25 എന്നാല്‍ യെഹിസ്കീയാവിന്‍റെ മനസ്സില്‍ അഹങ്കാരമുണ്ടായിരുന്നു. അതിനാല്‍ അയാള്‍ ദൈവത്തിന്‍റെ കാരുണ്യത്തിന് നന്ദി പറഞ്ഞില്ല. അതിനാലാണ് യഹോവ യെഹിസ്കീയാവിനോടും യെഹൂദയിലെയും യെരൂശലേമിലെയും ജനങ്ങളോടും കോപിച്ചത്. 26 എന്നാല്‍ യെഹിസ്കീയാവും യെരീശലേംനിവാസികളും പശ്ചാത്തപിച്ചു. അവര്‍ അഹങ്കരിക്കുന്നത് നിര്‍ത്തുകയും സ്വയം വിനീതരാവുകയും ചെയ്തു. അതിനാല്‍ യെഹിസ്കീയാവ് ജീവിച്ചിരിക്കെ യഹോവയുടെ കോപം അവരുടെ മേല്‍ പതിച്ചില്ല.
27 യെഹിസ്കീയാവിന് ധാരാളം ധനവും ബഹുമതിയുമുണ്ടായി. വെള്ളി, സ്വര്‍ണ്ണം, അമൂല്യരത്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പരിചകള്‍ അങ്ങനെ എല്ലാത്തരം സാധനങ്ങളും സൂക്ഷിക്കാന്‍ അയാള്‍പ്രത്യേകം സ്ഥലൊരുക്കി. 28 ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവ അയാള്‍ക്ക് ജനങ്ങള്‍ കൊടുത്തയച്ചിരുന്നു. അവ സൂക്ഷിക്കാന്‍ യെഹിസ്കീയാവ് കലവറകളുണ്ടാക്കി. മുഴുവന്‍ കന്നുകാലികള്‍ക്കും ആട്ടിന്‍പറ്റത്തിനും അയാള്‍ തൊഴുത്തുകളുണ്ടാക്കി. 29 യെഹിസ്കീയാവ് ധാരാളം പട്ടണങ്ങള്‍ പണിതു. ഒരുപാടു ആട്ടിന്‍പറ്റങ്ങളെയും കാലികളെയും അയാള്‍ക്കു കിട്ടി. ദൈവം യെഹിസ്കീയാവിന് ധാരാളം സന്പത്തു നല്‍കി. 30 ഗീഹോന്‍ ജലപ്രവാഹത്തിന്‍റെ മുകളിലത്തെ നീരൊഴുക്കുതടഞ്ഞ് അതിനെ ദാവീദിന്‍റെനഗരത്തിന്‍റെ പടിഞ്ഞാറു ഭാഗത്തേക്കു തിരിച്ചുവിട്ടത് യെഹിസ്കീയാവ് ആണ്. എല്ലാപ്രവൃത്തികളിലും യെഹിസ്കീയാവ് വിജയിക്കുകയും ചെയ്തു.
31 ഒരിക്കല്‍ ബാബിലോണിലെ നേതാക്കള്‍ യെഹിസ്കീയാവിന് ദൂതന്മാരെ അയച്ചു. ദേശത്തുണ്ടായ അപരിചിതമായൊരടയാളത്തെപ്പറ്റി ആ ദൂതന്മാര്‍ തിരക്കി. അവര്‍ വന്നപ്പോള്‍ ദൈവം യെഹിസ്കീയാവിനെ വിട്ടുനിന്നു. യെഹിസ്കീയാവിന്‍റെ മനോഗതങ്ങളെല്ലാം അറിയുന്നതിനായിരുന്നു അത്.
32 യെഹിസ്കീയാവിന്‍റെ മറ്റു പ്രവൃത്തികളും യഹോവയെ അയാളങ്ങനെ സ്നേഹിച്ചുവെന്നതും ‘ആമോസിന്‍റെ പുത്രനായ യെശയ്യാവിന്‍റെ ദര്‍ശനം’ എന്ന പുസ്തകത്തിലും ‘യെഹൂദയിലേയും യിസ്രായേലിലേയും രാജാക്കന്മാരുടെ ചരിത്രം’ എന്ന പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. 33 യെഹിസ്കീയാവ് മരണമടയുകയും തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. ദാവീദിന്‍റെ പൂര്‍വ്വികരുടെ കല്ലറകള്‍ സ്ഥിതിചെയ്യുന്ന കുന്നിലാണ് അവര്‍ യെഹിസ്കീയാവിനെ സംസ്കരിച്ചത്. യെഹിസ്കീയാവ് മരിച്ചപ്പോള്‍ മുഴുവന്‍ യെഹൂദക്കാരും യെരൂശലേം നിവാസികളും അയാള്‍ക്ക് ആദരവര്‍പ്പിച്ചു. യെഹിസ്കീയാവിന്‍റെ സ്ഥാനത്ത് മനശ്ശെ പുതിയ രാജാവായി. യെഹിസ്കീയാവിന്‍റെ പുത്രനായിരുന്നു മനശ്ശെ.