യോശീയാവ് പെസഹ ആഘോഷിക്കുന്നു
35
യോശീയാരാജാവ് യെരൂശലേമില്‍ യഹോവയ്ക്കുള്ള പെസഹ ആഘോഷിച്ചു. ഒന്നാം മാസത്തിലെ പതിനാലാംദിവസം പെസഹാക്കുഞ്ഞാടിനെ വധിച്ചു. യോശീയാവ് ഓരോ ചുമതലകള്‍ക്കായി പുരോഹിതന്മാരെ തെരഞ്ഞെടുത്തു. യഹോവയുടെ ആലയത്തില്‍ അവര്‍ ശുശ്രൂഷ നടത്തവേ അയാള്‍ പുരോഹിതന്മാരെ ശുശ്രൂഷ തുടരുവാന്‍ പ്രോത്സാഹിപ്പിച്ചു. യിസ്രായേല്‍ജനതയെ പഠിപ്പിച്ചവരും യഹോവയുടെ ശുശ്രൂഷയ്ക്കു വിശുദ്ധരായവരുമായ ലേവ്യരുമായി യോശീയാവ് സംസാരിച്ചു. അയാള്‍ ആ ലേവ്യരോടു പറഞ്ഞു, “വിശുദ്ധപെട്ടകം ശലോമോന്‍ നിര്‍മ്മിച്ച ആലയത്തില്‍ വയ്ക്കുക. ദാവീദിന്‍റെ പത്രനായിരുന്നു ശലോമോന്‍. ദാവീദ് യിസ്രായേലിന്‍റെ രാജാവും. നിങ്ങള്‍ വിശുദ്ധപെട്ടകം ഓരോ സ്ഥലങ്ങളിലേക്കും ചുമലിലേന്തേണ്ടതില്ല. ഇനി നിങ്ങളുടെ ദൈവമാകുന്ന യഹോവയെ സേവിക്കുക. ദൈവത്തിന്‍റെ ജനതയായ യിസ്രായേലുകാരെ സേവിക്കുക. നിങ്ങളുടെ ഗോത്രമുറയ്ക്കു ആലയത്തിലെ ശുശ്രൂഷയ്ക്കു തയ്യാറാവുക. ദാവീദുരാജാവും അദ്ദേഹത്തിന്‍റെ പുത്രനായ ശലോമോന്‍ രാജാവും നിങ്ങളെ ഏല്പിച്ച ജോലികള്‍ ചെയ്യുക. വിശുദ്ധസ്ഥലത്ത് ഒരു സംഘം ലേവ്യരോടൊപ്പം നില്‍ക്കുക. ഓരോ ഗോത്രക്കാരോടുമൊപ്പം അവരെ സഹായിക്കാന്‍ പാകത്തിനു നില്‍ക്കുക. പെസഹാക്കുഞ്ഞാടുകളെ കൊല്ലുക. യഹോവയ്ക്കു നിങ്ങള്‍ സ്വയം ശുദ്ധീകരിക്കുക. കുഞ്ഞാടുകളെ നിങ്ങളുടെ സഹോദരന്മാരായ യിസ്രായേലുകാര്‍ക്കുവേണ്ടി തയ്യാറാക്കുക. യഹോവ നിങ്ങളോടു കല്പിച്ചതെല്ലാം ചെയ്യുക. മോശെയിലൂടെ യഹോവ നമുക്കു നല്‍കിയവയാണ് ആ കല്പനകള്‍.”
പെസഹാബലികള്‍ക്കായി യോശീയാവ് യിസ്രായേലുകാര്‍ക്കു മുപ്പതിനായിരം ചെമ്മരിയാടുകളെയും കോലാടുകളെയും നല്‍കി. അയാള്‍ മൂവായിരം കന്നുകാലികളെയും അവര്‍ക്കു നല്‍കി. യോശീയാരാജാവിന്‍റെ സ്വന്തം മൃഗങ്ങളില്‍നിന്നായിരുന്നു ഈ മൃഗങ്ങളെ കൊണ്ടുവന്നത്. യോശീയാവിന്‍റെ ഉദ്യോഗസ്ഥന്മാരും മൃഗങ്ങളെയും മറ്റു സാധനങ്ങളും ജനങ്ങള്‍ക്കും പുരോഹിതര്‍ക്കും ലേവ്യര്‍ക്കും പെസഹയ്ക്കുവേണ്ടി നല്‍കുകയുണ്ടായി. ആലയത്തിന്‍റെ ചുമതലക്കാരായ ഉദ്യോഗസ്ഥന്മാര്‍ ഉന്നതപുരോഹിതനായ ഹില്‍ക്കിയാവും സെഖര്യാവും യെഹീയേലുമായിരുന്നു. അവര്‍ പുരോഹിതര്‍ക്ക് രണ്ടായിരത്തിയറുന്നൂറ് കുഞ്ഞാടുകളെയും കോലാടുകളെയും മുന്നൂറു കാളകളെയും പെസഹബലികള്‍ക്കായി നല്‍കി. കോനന്യാവ് തന്‍റെ സഹോദരന്മാരായ ശെമയ്യാവ്, നെഥനയേല്‍ എന്നിവരോടും ഹസബ്യാവ്, യെഹീയേല്‍, യോസാബാദ് എന്നിവരോടും ചേര്‍ന്ന് അയ്യായിരം ചെമ്മരിയാടുകളെയും കോലാടുകളെയും അഞ്ഞൂറു കാളകളെയും പെസഹാബലികള്‍ക്കായി ലേവ്യര്‍ക്കു നല്‍കി. അവര്‍ ലേവ്യരുടെ നേതാക്കളായിരുന്നു.
പെസഹാശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പുരോഹിതന്മാരും ലേവ്യരും തങ്ങളുടെ സ്ഥാനങ്ങളിലേക്കു പോയി. അതായിരുന്നു രാജാവിന്‍റെ കല്പന. 10  11 പെസഹാക്കുഞ്ഞാടുകള്‍ കൊല്ലപ്പെട്ടു. അനന്തരം ലേവ്യര്‍ മൃഗങ്ങളുടെ തോലുരിഞ്ഞ് രക്തം പുരോഹിതര്‍ക്കു നല്‍കി. പുരോഹിതര്‍ രക്തം യാഗപീഠത്തില്‍ തളിച്ചു. 12 അനന്തരം അവര്‍ വിവിധ ഗോത്രങ്ങള്‍ക്ക് ഹോമയാഗങ്ങള്‍ക്കായി മൃഗങ്ങളെ നല്‍കി. മോശെയുടെ നിയമമനുസരിച്ചു ഹോമയാഗം നടത്തുന്നതിനായിരുന്നു അത്. 13 കല്പനയനുസരിച്ചു തന്നെ ലേവ്യര്‍ പെസഹാബലികളെ അഗ്നിയില്‍ പൊരിച്ചെടുത്തു. വിശുദ്ധവഴിപാടുകള്‍ അവര്‍ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിക്കുകയും ചെയ്തു. എന്നിട്ടവര്‍ വേഗത്തില്‍ ആ മാംസം ജനങ്ങള്‍ക്കു നല്‍കി. 14 ഇതിനുശേഷം ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്‍റെ പിന്‍ഗാമികളായ പുരോഹിതര്‍ക്കും വേണ്ട മാംസമെടുത്തു. ആ പുരോഹിതന്മാര്‍ ഇരുട്ടുംവരെ തിരക്കുപിടിച്ച പണിയിലായിരുന്നു. ഹോമയാഗവസ്തുക്കളും ബലികളുടെ കൊഴുപ്പും ഹോമിക്കുന്നതിന് അവര്‍ കഠിനമായി പണി ചെയ്തു. 15 ആസാഫിന്‍റെ കുടുംബക്കാരായ ലേവ്യഗായകര്‍ ദാവീദുരാജാവ് അവര്‍ക്കായി കല്പിച്ചിരുന്ന സ്ഥലത്ത് നിന്നു. അവര്‍ ഇവരൊക്കെയായിരുന്നു: ആസാഫ്, ഹേമാന്‍, രാജാവിന്‍റെ പ്രവാചകനായ യെദൂഥൂന്‍. തങ്ങളുടെ സഹോദരരായ ലേവ്യര്‍ അവര്‍ക്കായി പെസഹയ്ക്കുള്ളതെല്ലാം ഒരുക്കിയിരുന്നതിനാല്‍ ഓരോ കവാടത്തിലെയും ദ്വാരപാലകര്‍ക്ക് തങ്ങളുടെ സ്ഥലത്തുനിന്നും മാറേണ്ടി വന്നില്ല.
16 അങ്ങനെ ആ ദിവസംതന്നെ യോശീയാരാജാവു കല്പിച്ചതനുരിച്ച് യഹോവയുടെ ആരാധനയ്ക്കുള്ളതെല്ലാം തയ്യാറായി. പെസഹ ആഘോഷിക്കപ്പെടുകയും യഹോവയുടെ യാഗപീഠത്തില്‍ ഹോമയാഗങ്ങള്‍ അര്‍പ്പിക്കപ്പെടുകയും ചെയ്തു. 17 അവിടെയുണ്ടായിരുന്ന യിസ്രായേലുകാര്‍ പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളും ഏഴുദിവസത്തേക്കു ആഘോഷിച്ചു. 18 പ്രവാചകനായ ശമുവേലിന്‍റെ കാലം മുതലിങ്ങോട്ട് ഇങ്ങനെയൊരു പെസഹ ആഘോഷം ഉണ്ടായിട്ടില്ല! ഒരിക്കലും ഒരു യിസ്രായേല്‍രാജാവും ഇങ്ങനെയൊരു പെസഹ ആഘോഷിച്ചിട്ടില്ല. യോശീയാരാജാവും പുരോഹിതന്മാരും ലേവ്യരും അവിടെയുണ്ടായിരുന്ന യെഹൂദക്കാരും യിസ്രായേലുകാരും എല്ലാ യെരൂശലേം നിവാസികളും ഒരു പ്രത്യേക വിധത്തിലാണ് പെസഹ ആഘോഷിച്ചത്. 19 യോശീയാവിന്‍റെ പതിനെട്ടാം ഭരണ വര്‍ഷത്തിലായിരുന്നു പെസഹ ആ നിലയില്‍ ആഘോഷിച്ചത്.
യോശീയാവിന്‍റെ മരണം
20 ആ നല്ല കാര്യങ്ങളെല്ലാം യോശീയാവ് ആലയത്തിനുവേണ്ടി ചെയ്തു. പിന്നീട് ഈജിപ്തിലെ രാജാവായ നെഖോ, യൂഫ്രട്ടീസുനദീതീരത്തുള്ള കക്കെമീശ് ആക്രമിക്കാന്‍ പടനീക്കം നടത്തി. നെഖോയ്ക്കെതിരെ യുദ്ധത്തിന് യോശീയാരാജാവു പുറപ്പെട്ടു. 21 എന്നാല്‍ യോശീയാവിന് നെഖോ ദൂതന്മാരെ അയച്ചു. അവര്‍ പറഞ്ഞു, “യോശീയാരാജാവേ, ഈ യുദ്ധം അങ്ങയുടെ പ്രശ്നമല്ല. ഞാന്‍ അങ്ങയ്ക്കെതിരെ യുദ്ധത്തിനു വന്നതല്ല. എന്‍റെ ശത്രുക്കളോടു യുദ്ധം ചെയ്യാനാണ് ഞാന്‍ വന്നത്. വേഗം പുറപ്പെടാന്‍ ദൈവം എന്നോടാവശ്യപ്പെട്ടു. ദൈവം എന്‍റെ പക്ഷത്താണ്. അതിനാല്‍ എന്നെ കുഴപ്പത്തിലാക്കരുത്. അങ്ങ് എനിക്കെതിരെ യുദ്ധത്തിനു വന്നാല്‍ ദൈവം അങ്ങയെ നശിപ്പിക്കും!” 22 എന്നാല്‍ യോശീയാവ് ഒഴിവായില്ല. നെഖോയോടു യുദ്ധം ചെയ്യാന്‍ അയാള്‍ തീരുമാനിച്ചു. അതിനാല്‍ അയാള്‍ തന്‍റെ വേഷം മാറി യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു. ദൈവത്തിന്‍റെ കല്പനയെപ്പറ്റി നെഖോ പറഞ്ഞതു കേള്‍ക്കാന്‍ യോശീയാവ് വിസമ്മതിച്ചു. മെഗിദ്ദോസമതലത്തില്‍ യുദ്ധം ചെയ്യുന്നതിന് യോശീയാവ് പുറപ്പെട്ടു. 23 അനന്തരം യോശീയാരാജാവിന്‍റെ ശരീരത്തില്‍ യുദ്ധരംഗത്തു വച്ച് ഒരന്പു തറച്ചു. അയാള്‍ തന്‍റെ ദാസന്മാരോടു പറഞ്ഞു, “എന്നെ എടുത്തു കൊണ്ടുപോകൂ. എനിക്കു വല്ലാതെ മുറിവേറ്റിരിക്കുന്നു!”
24 അതിനാല്‍ ദാസന്മാര്‍ യോശീയാവിനെ അയാളുടെ തേരില്‍ നിന്നെടുത്ത് മറ്റൊരു തേരിലിരുത്തി. യുദ്ധരംഗത്തേക്കു അയാള്‍ കൊണ്ടുവന്നതായിരന്നു ആ തേര്. പിന്നീട് അവര്‍ യോശീയാവിനെ യെരൂശലേമിലേക്കു കൊണ്ടുപോയി. യെരൂശലേമില്‍വച്ച് യോശീയാവ് മരണമടഞ്ഞു. തന്‍റെ പൂര്‍വ്വികര്‍ സംസ്കരിക്കപ്പെട്ട കല്ലറയില്‍ യോശീയാവും സംസ്കരിക്കപ്പെട്ടു. യോശീയാവിന്‍റെ മരണത്തില്‍ യെഹൂദയിലേയും യെരൂശലേമിലേയും സകലമനുഷ്യരും വല്ലാതെ വ്യസനിച്ചു. 25 യിരെമ്യാവ് ഏതാനും മരണഗീതങ്ങളെഴുതി യോശീയാവിനുവേണ്ടി പാടി. ഇന്നും സ്ത്രീപുരുഷന്മാര്‍ ആ ഗാനങ്ങള്‍ പാടാറുണ്ട്. യോശീയാവിന് ഒരു ദു:ഖഗാനം പാടുകയെന്നത് യിസ്രായേലുകാര്‍ക്കു എന്തൊക്കെയോ ആണ്. ‘വിലാപഗീതങ്ങള്‍’ എന്ന പുസ്തകത്തില്‍ ആ ഗാനങ്ങളുണ്ട്.
26-27 രാജാവായിരുന്നപ്പോള്‍ യോശീയാവ് ആദ്യന്തം ചെയ്ത എല്ലാ കാര്യങ്ങളും ‘യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ ചരിത്രം’ എന്ന പുസ്തകത്തിലുണ്ട്. അയാള്‍ യഹോവയോടു പുലര്‍ത്തിയിരുന്ന വിശ്വാസത്തെപ്പറ്റിയും യഹോവയുടെ നിയമം അയാളെങ്ങനെ അനുസരിച്ചുവെന്നതും ആ ഗ്രന്ഥത്തില്‍ പറയുന്നു.