യെഹോവാഹാസ് യെഹൂദയിലെ രാജാവ്
36
1 യെരൂശലേമിലെ പുതിയ രാജാവായി ജനങ്ങള്‍ യോശീയാവിന്‍റെ പുത്രനായ യെഹോവാഹാസിനെ തെരഞ്ഞെടുത്തു.
2 യെഹൂദയിലെ രാജാവാകുന്പോള്‍ യെഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. മൂന്നുമാസത്തേക്കു അയാള്‍ യെരൂശലേമില്‍ രാജാവായിരുന്നു.
3 പിന്നീട് ഈജിപ്തിലെ നെഖോരാജാവ് യെഹോവാഹാസിനെ ഒരു തടവുകാരനാക്കി. നെഖോ യെഹൂദയിലെ ജനങ്ങള്‍ക്ക് നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വര്‍ണ്ണവും കരം ചുമത്തി.
4 നെഖോയെ ഹൂദയിലെയും യെരൂശലേമിലെയും പുതിയ രാജാവായി യെഹോവാ ഹാസിന്‍റെ സഹോദരനായ എല്യാക്കീമിനെ തെരഞ്ഞെടുത്തു. പിന്നീട് നെഖോ, എല്യാക്കീമിന് യെഹോയാക്കീം എന്നു പുതിയൊരു പേരു നല്‍കി. എന്നാല്‍ യെഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി.
യെഹോയാക്കീം യെഹൂദയിലെ രാജാവ്
5 യെഹൂദയിലെ പുതിയ രാജാവാകുന്പോള്‍ യെഹോയാക്കീമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ പതിനൊന്നു വര്‍ഷം രാജാവായിരുന്നു. യഹോവയുടെ ആവശ്യപ്രകാരമുള്ള കാര്യങ്ങളല്ല യെഹോയാക്കീം ചെയ്തത്. അയാള്‍ തന്‍റെ ദൈവമാകുന്ന യഹോവയ്ക്കെതിരെ പാപം ചെയ്തു.
6 ബാബിലോണിലെ നെബൂഖദ്നേസര്‍രാജാവ് യെഹൂദാ ആക്രമിച്ചു. അയാള്‍ യെഹോയാക്കീമിനെ ഒരു തടവുകാരനാക്കി ഓട്ടു ചങ്ങലയ്ക്കിട്ടു. അനന്തരം നെബൂഖദ്നേസര്‍ യെഹോയാക്കീമിനെ ബാബിലോണിലേക്കു കൊണ്ടുപോയി.
7 യഹോവയുടെ ആലയത്തിലെ ഏതാനും സാധനങ്ങളും നെബൂഖദ്നേസര്‍ കൊണ്ടുപോയി. അയാള്‍ അവ ബാബിലോണിലേക്കു കൊണ്ടുപോയി തന്‍റെ വസതിയില്‍ സൂക്ഷിച്ചു.
8 യെഹോയാക്കീമിന്‍റെ മറ്റു പ്രവൃത്തികളും അയാളുടെ ഭയങ്കരപാപങ്ങളും അയാള്‍ കുറ്റക്കാരനായ പ്രവൃത്തികളും ‘യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിലുണ്ട്. യെഹോയാക്കീമിന്‍റെ പുത്രനായ യെഹോയാഖീന്‍ അയാളുടെ സ്ഥാനത്ത് പുതിയ രാജാവായി.
യെഹോയാഖീന്‍ യെഹൂദയിലെ രാജാവ്
9 യെഹൂദയിലെ രാജാവാകുന്പോള്‍ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. മൂന്നു മാസവും പത്തുദിവസവും അയാള്‍ യെരൂശലേമില്‍ രാജാവായിരുന്നു. യഹോവ ആവശ്യപ്പെട്ട കാര്യങ്ങളല്ല അയാള്‍ ചെയ്തത്. യെഹോയാഖീന്‍ യഹോവയ്ക്കെതിരെ പാപം ചെയ്തു.
10 വസന്തകാലത്ത് നെബൂഖദ്നേസര്‍ രാജാവ് യെഹോയാഖീനെ പിടിക്കാന്‍ തന്‍റെ ഭൃത്യന്മാരെ അയച്ചു. അവര്‍ യെഹോയാഖീനെയും യഹോവയുടെ ആലയത്തില്‍നിന്നും വിലപിടിപ്പുള്ള ഏതാനും സാധനങ്ങളും കൊണ്ടുവന്നു. നെബൂഖദ്നേസര്‍, യെഹോയാഖീന്‍റെ ബന്ധുവായ സിദെക്കീയാവിനെ യെഹൂദയുടെയും യെരൂശലേമിന്‍റെയും പുതിയ രാജാവായി തെരഞ്ഞെടുത്തു.
സിദെക്കീയാവ് യെഹൂദയിലെ രാജാവ്
11 യെഹൂദയിലെ രാജാവാകുന്പോള്‍ സിദെക്കീയാവിന് ഇരുപത്തൊന്നു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ പതിനൊന്നുവര്‍ഷം രാജാവായിരുന്നു.
12 യഹോവ അയാളോടാവശ്യപ്പെട്ടതൊന്നും സിദെക്കീയാവ് ചെയ്തില്ല. സിദെക്കീയാവ് യഹോവയ്ക്കെതിരെ പാപം ചെയ്തു. പ്രവാചകനായ യിരെമ്യാവ് യഹോവയുടെ സന്ദേശങ്ങള്‍ പറഞ്ഞു. പക്ഷേ സിദെക്കീയാവ് സ്വയം താഴ്ത്തുകയോ യഹോവയുടെ സന്ദേശങ്ങള്‍ അനുസരിക്കുകയോ ചെയ്തില്ല.
യെരൂശലേം നശിപ്പിക്കപ്പെടുന്നു
13 സിദെക്കീയാവ്, നെബൂഖദ്നേസര്‍ രാജാവിനെതിരെ തിരിഞ്ഞു. മുന്പൊരിക്കല്‍ നെബൂഖദ്നേസര്‍ സിദെക്കീയാവിനെക്കൊണ്ട് തന്‍റെ വിശ്വസ്തനായിരിക്കാമെന്നു സത്യം ചെയ്യിച്ചു. സിദെക്കീയാവ് ദൈവനാമത്തിലാണ് നെബൂഖദ്നേസരിന്‍റെ വിശ്വസ്തനായിരിക്കാമെന്ന് സത്യംചെയ്തത്. എന്നാല്‍ കഠിനമനസ്കനായ സിദെക്കീയാവ് തന്‍റെ മനസ്സുമാറ്റി. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയെ അനുസരിക്കാന്‍ അയാള്‍ കൂട്ടാക്കിയില്ല.
14 കൂടാതെ എല്ലാ പുരോഹിതമുഖ്യന്മാരും യെഹൂദയിലെ ജനനേതാക്കളും വിജാതീയരുടെതിനെക്കാള്‍ മോശമായ പാപങ്ങള്‍ ചെയ്തു. ആ നേതാക്കള്‍ യഹോവയുടെ ആലയം അശുദ്ധമാക്കി. യെരൂശലേമിലെ ആലയം യഹോവ വിശുദ്ധമാക്കിയിരുന്നു.
15 അവരുടെ പൂര്‍വ്വികരുടെ ദൈവമാകുന്ന യഹോവ തന്‍റെ ജനതയെ താക്കീതുചെയ്യാന്‍ വീണ്ടുംവീണ്ടും പ്രവാചകരെ അയച്ചു. അവരോടും തന്‍റെ ആലയത്തോടും സഹതാപം തോന്നിയാണ് യഹോവ അങ്ങനെ ചെയ്തത്. അവരെയോ തന്‍റെ ആലയത്തെയോ തകര്‍ക്കാന്‍ യഹോവ ആഗ്രഹിച്ചില്ല.
16 പക്ഷേ, ദൈവത്തിന്‍റെ ജനത ദൈവത്തിന്‍റെ പ്രവാചകരെ പരിഹസിച്ചു. ദൈവത്തിന്‍റെ സന്ദേശങ്ങളെ അവര്‍ വെറുത്തു. ഒടുവില്‍ ദൈവത്തിനു ക്ഷമ നശിച്ചു. ദൈവത്തിന് തന്‍റെ ജനതയോടു കൊടിയ കോപമുണ്ടായി. എന്തുചെയ്താലും അതു തടയാനാകുമായിരുന്നില്ല.
17 അതിനാല്‍ യെഹൂദയെയും യെരൂശലേമിനെയും ആക്രമിക്കുന്നതിന് ദൈവം ബാബിലോണിലെ രാജാവിനെ വരുത്തി. ബാബിലോണിലെ രാജാവ് ചെറുപ്പക്കാരെ ആലയത്തിലായിരുന്നപ്പോള്‍ പോലും വധിച്ചു. യെഹൂദയിലെയും യെരൂശലേമിലെയും ജനതയോടു അവന് ഒട്ടും കരുണ തോന്നിയില്ല. ചെറുപ്പക്കാരെയും വൃദ്ധരെയും ബാബിലോണ്‍രാജാവ് വധിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും അയാള്‍ കൊന്നു. രോഗികളെയും ആരോഗ്യവാന്മാരെയും അയാള്‍ കൊന്നു. യെഹൂദയിലെയും യെരൂശലേമിലെയും ജനങ്ങളെ ശിക്ഷിക്കാന്‍ ദൈവം നെബൂഖദ്നേസരെ അനുവദിച്ചു.
18 ദൈവത്തിന്‍റെ ആലയത്തിലെ എല്ലാ സാധനങ്ങളും നെബൂഖദ്നേസര്‍ ബാബിലോണിലേക്കു കൊണ്ടുപോയി. ആലയത്തില്‍നിന്നും കൊട്ടാരത്തില്‍നിന്നും രാജാവിന്‍റെ ഉദ്യോഗസ്ഥന്മാരുടെ അടുത്തുനിന്നും എല്ലാ അമൂല്യവസ്തുക്കളും അയാള്‍ കൊണ്ടുപോയി.
19 നെബൂഖദ്നേസരും അയാളുടെ സൈന്യവും ആലയം കത്തിച്ചു. യെരൂശലേമിന്‍റെ ഭിത്തി അവര്‍ തകര്‍ക്കുകയും രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥന്മാരുടെയും വീടുകള്‍ കത്തിക്കുകയും ചെയ്തു. യെരൂശലേമിലുള്ള എല്ലാ അമൂല്യവസ്തുക്കളും അവര്‍ നശിപ്പിക്കുകയോ കടത്തിക്കൊണ്ടു പോവുകയോ ചെയ്തു.
20 ഇനിയും ജീവിച്ചിരിക്കുന്നവരെ നെബൂഖദ്നേസര്‍ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി അടിമപ്പണിക്കാരാക്കി. പാര്‍സിരാജാവ് ബാബിലോണിനെ തോല്പിക്കും വരെ അവര്‍ അവിടെ അടിമകളായിരുന്നു.
21 അങ്ങനെ യിരെമ്യാപ്രവാചകനിലൂടെ യഹോവ യിസ്രായേല്‍ജനതയോടു പറഞ്ഞ കാര്യങ്ങള്‍ സത്യത്തില്‍ സംഭവിച്ചു. യഹോവ യിരെമ്യാവിലൂടെ പറഞ്ഞത് ഇങ്ങനെയാണ്: “ഈ സ്ഥലം എഴുപതു വര്‍ഷത്തേക്കു ഒരു തരിശുഭൂമിയായിത്തീരും. ജനങ്ങള്‍ പരിപാലിക്കാത്ത ദേശത്തിന്‍റെ ശബ്ബത്തു വിശ്രമത്തിനു പ്രായശ്ചിത്തമായി.”
22 കോരെശ് പാര്‍സിരാജാവായതിന്‍റെ ഒന്നാം വര്‍ഷം, യഹോവ കോരെശിലൂടെ ഒരു പ്രത്യേക പ്രഖ്യാപനം നടത്തി. യിരെമ്യാപ്രവാചകനിലൂടെ യഹോവ നടത്തിയ വാഗ്ദാനങ്ങള്‍ നിറവേറുന്നതിനായിരുന്നു അയാള്‍ അങ്ങനെ ചെയ്തത്. കോരെശ് തന്‍റെ രാജ്യമെന്പാടും ദൂതന്മാരെ അയച്ചു. അവര്‍ ഈ സന്ദേശം വഹിച്ചിരുന്നു:
23 “പാര്‍സിരാജാവായ കോരെശു പറയുന്നു സ്വര്‍ഗ്ഗത്തിന്‍റെ ദൈവമാകുന്ന യഹോവ എന്നെ മുഴുവന്‍ ഭൂമിയുടെയും രാജാവാക്കിയിരിക്കുന്നു. അവനുവേണ്ടി യെരൂശലേമില്‍ ഒരു ആലയം പണിയാന്‍ അവനെന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇനി നിങ്ങള്‍ക്കിടയിലുള്ള ദൈവത്തിന്‍റെ ജനതയ്ക്കു സ്വതന്ത്രമായി യെരൂശലേമിലേക്കു പോകാം. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളോടൊപ്പമായിരിക്കട്ടെ.