5
1 അങ്ങനെ യഹോവയുടെ ആലയത്തിനായി ശലോമോന്‍ ചെയ്ത എല്ലാ പണികളും കഴിഞ്ഞു. തന്‍റെ പിതാവായ ദാവീദ് ആലയത്തിനായി നല്‍കിയ എല്ലാം അയാള്‍ കൊണ്ടുവന്നു. സ്വര്‍ണ്ണം, വെള്ളി എന്നിവയാലുണ്ടാക്കിയവയും മുഴുവന്‍ ഉപകരണങ്ങളും ശലോമോന്‍ കൊണ്ടുവന്നു. ശലോമോന്‍ ആ സാധനങ്ങളെല്ലാം ആലയത്തിന്‍റെ ഖജനാവില്‍ വച്ചു.
വിശുദ്ധപെട്ടകം ആലയത്തിലേക്ക്
2 യിസ്രായേലിലെ മൂപ്പന്മാരെയും മുഴുവന്‍ ഗോത്രത്തലവന്മാരെയും മുഴുവന്‍ കുടുംബനാഥന്മാരെയും ശലോമോന്‍ വിളിച്ചുകൂട്ടി. യെരൂശലേമിലാണദ്ദേഹം അവരെ വിളിച്ചുകൂട്ടിയത്. ദാവീദിന്‍റെ നഗരത്തില്‍നിന്നും ലേവ്യര്‍ യഹോവയുടെ സാക്ഷ്യപെട്ടകം കൊണ്ടുവരുന്നതിനുവേണ്ടിയാണ് ശലോമോന്‍ അങ്ങനെ ചെയ്തത്. സീയോന്‍ ആണ് ദാവീദിന്‍റെ നഗരം.
3 മുഴുവന്‍ യിസ്രായേലുകാരും വിരുന്നിന് ശലോമോനോടൊപ്പം കൂടി. ഏഴാം മാസത്തിലായിരുന്നു ആ കൂടാരവിരുന്ന്.
4 യിസ്രായേല്‍മൂപ്പന്മാര്‍ എല്ലാവരും എത്തിയപ്പോള്‍ ലേവ്യര്‍ സാക്ഷ്യപെട്ടകം എടുത്തു.
5 തുടര്‍ന്ന് ലേവ്യരും പുരോഹിതരും ചേര്‍ന്ന് സാക്ഷ്യപെട്ടകം യെരൂശലേമിലേക്കു കൊണ്ടുപോയി. പുരോഹിതന്മാരും ലേവ്യരും ചേര്‍ന്ന് സമ്മേളനക്കൂടാരവും അതിലുള്ള എല്ലാ വിശുദ്ധവസ്തുക്കളും യെരൂശലേമിലേക്കു കൊണ്ടുവന്നു.
6 ശലോമോന്‍രാജാവും മുഴുവന്‍ യിസ്രായേലുകാരും സാക്ഷ്യപെട്ടകത്തിനു മുന്പില്‍ സന്ധിച്ചു. ശലോമോന്‍രാജാവും യിസ്രായേലുകാരും ആടുകളെയും കാളകളെയും ബലിയര്‍പ്പിച്ചു. അസംഖ്യം ആടുകളും കാളകളും അങ്ങനെ ബലിയര്‍പ്പിക്കാനുണ്ടായിരുന്നു.
7 അനന്തരം പുരോഹിതന്മാര്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് യഹോവയുടെ സാക്ഷ്യപെട്ടകം കൊണ്ടുവന്നു വച്ചു. ആലയത്തിനുള്ളിലെ അതിവിശുദ്ധസ്ഥലമായിരുന്നു അത്. കെരൂബുമാലാഖമാരുടെ ചിറകുകള്‍ക്കടിയിലായിരുന്നു സാക്ഷ്യപെട്ടകം വച്ചത്.
8 സാക്ഷ്യപെട്ടകം വച്ചിരുന്നിടത്തിനുമേല്‍ കെരൂബുമാലാഖമാരുടെ ചിറകുകള്‍ വിടര്‍ന്നിരുന്നു. കെരൂബുമാലാഖകള്‍ സാക്ഷ്യപെട്ടകത്തിനും അതു താങ്ങിനിര്‍ത്തിയിരുന്ന തണ്ടുകള്‍ക്കും മീതം നിന്നു.
9 അതിവിശുദ്ധസ്ഥലത്തിനു മുന്പില്‍ നിന്നും അവയുടെ അഗ്രങ്ങള്‍ കാണുവാന്‍ തക്ക നീളം തണ്ടുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആലയത്തിന് പുറത്തുനിന്നാര്‍ക്കും തണ്ടുകള്‍ കാണാനാകുമായിരുന്നില്ല. തണ്ടുകള്‍ ഇന്നും അവിടെയുണ്ട്.
10 സാക്ഷ്യപെട്ടകത്തില്‍ രണ്ടു ഫലകങ്ങളല്ലാതെ ഒന്നുമില്ല. ഹോരേബ് പര്‍വ്വതത്തില്‍ വച്ച് മോശെയാണ് ആ ഫലകങ്ങള്‍ പെട്ടകത്തിനുള്ളില്‍വച്ചത്. ഹോരേബില്‍വച്ചാണ് യഹോവ യിസ്രായേല്‍ ജനതയുമായി കരാറുണ്ടാക്കിയത്. യിസ്രായേല്‍ ജനത ഈജിപ്തില്‍നിന്നും പുറത്തേക്കു വന്നതിനുശേഷമാണിങ്ങനെയുണ്ടായത്.
11 അവിടെയുണ്ടായിരുന്ന പുരോഹിതന്മാരെല്ലാം തങ്ങളെത്തന്നെ വിശുദ്ധീകരിക്കാനുള്ള ആചാരങ്ങള്‍ ചെയ്തു. അനന്തരം പുരോഹിതന്മാര്‍ തങ്ങളുടെ ഗണവ്യത്യാസത്തിനനുസരിച്ചല്ലാതെ തന്നെ തങ്ങള്‍ ശുശ്രൂഷനടത്തിയിരുന്ന വിശുദ്ധസ്ഥലത്തുനിന്നും പുറത്തേക്കു വന്നു.
12 എല്ലാ ലേവ്യഗായകരും യാഗപീഠത്തിന്‍റെ കിഴക്കുവശത്തുനിന്നു. ആസാഫിന്‍റെയും ഹേമാന്‍റെയും യെദൂഥൂനിന്‍റെയും ഗായകസംഘം മുഴുവനും അവിടെയുണ്ടായിരുന്നു. അവരുടെ പുത്രന്മാരും ബന്ധുക്കളുംകൂടി അവിടെയുണ്ടായിരുന്നു. വെളുത്ത ലിനന്‍വസ്ത്രങ്ങള്‍ ആ ലേവ്യഗായകര്‍ ധരിച്ചിരുന്നു. ഇലത്താളങ്ങള്‍, കിന്നരങ്ങള്‍, വീണകള്‍ എന്നിവ അവരുടെ കൈവശമുണ്ടായിരുന്നു. ലേവ്യഗായകരോടൊപ്പം നൂറ്റിയിരുപതു പുരോഹിതന്മാരുമുണ്ടായിരുന്നു. ആ നൂറ്റിയിരുപതു പുരോഹിതന്മാര്‍ കാഹളം മുഴക്കിയിരുന്നു.
13 ഏകസ്വരത്തിലായിരുന്നു കാഹളംമുഴക്കിയവരും ഗാനമാലപിച്ചവരും യഹോവയ്ക്കു നന്ദിപ്രകാശിപ്പിക്കുന്ന സ്തോത്രം പാടിയത്. കാഹളം, ഇലത്താളം, സംഗീതോപകരണങ്ങള്‍ എന്നിവകൊണ്ട് അവര്‍ വലിയ ശബ്ദമുണ്ടാക്കി. ഇതായിരുന്നു സ്തോത്രം:
“യഹോവ നല്ലവനാകുന്നു. അവന്‍റെ കാരുണ്യം നിത്യമാകുന്നു.”അപ്പോള്‍ യഹോവയുടെ ആലയത്തില്‍ ഒരു മേഘം വന്നു നിറഞ്ഞു.
14 മേഘംമൂലം തുടര്‍ന്നു ശുശ്രൂഷനടത്തുവാന്‍ പുരോഹിതന്മാര്‍ക്കു കഴിഞ്ഞല്ല. യഹോവയുടെ തേജസ്സ് ആലയത്തില്‍ നിറഞ്ഞതിനാലായിരുന്നു ശുശ്രൂഷ നടത്തുവാന്‍ കഴിയാതിരുന്നത്.