ആലയം യഹോവയ്ക്കു സമര്‍പ്പിക്കുന്നു
7
ശലോമോന്‍റെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആകാശത്തുനിന്നും അഗ്നി ഇറങ്ങിവന്ന് ഹോമയാഗങ്ങളും ബലികളും ദഹിപ്പിച്ചു. യഹോവയുടെ തേജസ്സ് ആലയത്തില്‍ നിറഞ്ഞു. യഹോവയുടെ തേജസ്സ് നിറഞ്ഞിരുന്നതിനാല്‍ പുരോഹിതര്‍ക്ക് യഹോവയുടെ ആലയത്തില്‍ പ്രവേശിക്കാനായില്ല. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന അഗ്നിയെ യിസ്രായേല്‍ജനത മുഴുവനും കണ്ടു. ആലയത്തിനുമേലുള്ള യഹോവയുടെ തേജസ്സും യിസ്രായേല്‍ജനത കണ്ടു. അവര്‍ കല്‍ത്തറയില്‍ പ്രണമിച്ചു. അവര്‍ ആരാധന നടത്തുകയും യഹോവയ്ക്കു നന്ദി പറയുകയും ചെയ്തു. “യഹോവ നന്മ നിറഞ്ഞവനാകുന്നു. അവന്‍റെ കാരുണ്യം നിത്യമാകുന്നു”എന്നവര്‍ പറയുകയും ചെയ്തു.
അനന്തരം ശലോമോന്‍രാജാവും യിസ്രായേല്‍ജനത മുഴുവനും യഹോവയ്ക്കു മുന്പില്‍ ബലികളര്‍പ്പിച്ചു. ശലോമോന്‍രാജാവ് ഇരുപതിനായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും വഴിപാടു നല്‍കി. രാജാവും ജനങ്ങളും ആലയത്തെ വിശുദ്ധമാക്കി. ദൈവാരാധനയ്ക്കായി മാത്രം ഉപയോഗിക്കുന്നതിനായിരുന്നു അത്. പുരോഹിതന്മാര്‍ അവരുടെ ജോലിക്കു സന്നദ്ധരായി നിന്നു, യഹോവയുടെ സംഗീതത്തിനുള്ള ഉപകരണങ്ങളുമായി ലേവ്യരും ഒരുങ്ങിനിന്നു. യഹോവയോടു നന്ദി പറയുന്നതിനായി ദാവീദുരാജാവ് നിര്‍മ്മിച്ചവയാണ് ഈ ഉപകരണങ്ങള്‍. “യഹോവയുടെ സ്നേഹം നിത്യമാകുന്നു. അതിനാല്‍ അവനെ വാഴ്ത്തുക!”എന്ന് പുരോഹിതരും ലേവ്യരും പറയുന്നുണ്ടായിരുന്നു. പുരോഹിതര്‍ ലേവ്യര്‍ക്കഭിമുഖമായി നിന്ന് തങ്ങളുടെ കാഹളങ്ങള്‍ മുഴക്കി. യിസ്രായേലുകാര്‍ മുഴുവനും എഴുന്നേറ്റു നില്‍ക്കുകയായിരുന്നു.
ശലോമോന്‍ മുറ്റത്തിന്‍റെ മദ്ധ്യഭാഗം വിശുദ്ധീകരിച്ചു. യഹോവയുടെ ആലയത്തിന്‍റെ മുന്പിലായിരുന്നു ആ മുറ്റം. അവിടെയാണ് ശലോമോന്‍ ഹോമയാഗങ്ങളും സമാധാനബലികളുടെ കൊഴുപ്പും അര്‍പ്പിച്ചത്, താന്‍ നിര്‍മ്മിച്ച വെങ്കലയാഗപീഠത്തിന് എല്ലാ ഹോമയാഗങ്ങളും ധാന്യബലികളും കൊഴുപ്പും ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. എന്നതിനാലാണ് ശലോമോന്‍ മുറ്റത്തിന്‍റെ മദ്ധ്യഭാഗം ഉപയോഗിച്ചത്. അത്തരം വഴിപാടുകള്‍ വളരെയധികമുണ്ടായിരുന്നു.
ശലോമോനും മുഴുവന്‍ യിസ്രായേലുകാരും ഏഴുദിവസത്തേക്കു ആലയസമര്‍പ്പണവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടത്തി. ശലോമോനോടൊപ്പം വലിയൊരു സംഘം ആളുകളുണ്ടായിരുന്നു. ഹമാത്ത് കവാടംമുതല്‍ ഈജിപ്തിലെ അരുവി വരെയുള്ള പ്രദേശത്തുനിന്നും വന്നവരായിരുന്നു അവര്‍. ഏഴുദിവസം ആലയസമര്‍പ്പണത്തിന്‍റെ ആഘോഷം നടത്തിയതിനാല്‍ എട്ടാംദിവസം അവര്‍ക്കൊരു വിശുദ്ധ സമ്മേളനമുണ്ടായിരുന്നു. യാഗപീഠത്തെ അവര്‍ വിശുദ്ധമാക്കുകയും ചെയ്തു. യഹോവയെ ആരാധിക്കുന്നതിന് ഉപയോഗിക്കുന്നതിനായിരുന്നു അത്. ഏഴു ദിവസത്തേക്കു അവര്‍ തിരുനാളാഘോഷിക്കുകയും ചെയ്തു. 10 ഏഴാം മാസത്തിന്‍റെ ഇരുപത്തിമൂന്നാം ദിവസം ശലോമോന്‍ ജനങ്ങളെ അവരവരുടെ വസതികളിലേക്കു തിരിച്ചയച്ചു. യഹോവ ദാവീദിനോടും ശലോമോനോടും മുഴുവന്‍ യിസ്രായേല്‍ജനതയോടും നന്മ കാട്ടിയതിനാല്‍ ജനങ്ങള്‍ വളരെ ആഹ്ലാദചിത്തരായിത്തീര്‍ന്നു.
യഹോവ ശലോമോന്‍റെ അടുത്തേക്കു വരുന്നു
11 ശലോമോന്‍ യഹോവയുടെ ആലയത്തിന്‍റെയും തന്‍റെ കൊട്ടാരത്തിന്‍റെയും പണി വിജയകരമായി പൂര്‍ത്തീകരിച്ചു. യഹോവയുടെ ആലയത്തിലും താന്‍ പദ്ധതിയിട്ടതെല്ലാം പൂര്‍ത്തീകരിക്കാന്‍ ശലോമോനു കഴിഞ്ഞു. 12 അനന്തരം യഹോവ രാത്രിയില്‍ ശലോമോന്‍റെയടുത്തു വന്നു. യഹോവ അദ്ദേഹത്തോടു പറഞ്ഞു, “ശലോമോന്‍, നിന്‍റെ പ്രാര്‍ത്ഥന ഞാന്‍ കേള്‍ക്കുകയും ഈ സ്ഥലം എനിക്കുവേണ്ടി ബലികള്‍ക്കായി ഞാന്‍ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. 13 മഴയില്ലാതാക്കാന്‍ ഞാന്‍ ആകാശം അടയ്ക്കുന്പോഴോ ദേശം നശിപ്പിക്കാന്‍ വെട്ടുക്കിളികളോടു ഞാന്‍ കല്പിക്കുന്പോഴോ എന്‍റെ ജനതയ്ക്കു ഞാന്‍ രോഗങ്ങള്‍ വരുത്തുന്പോഴോ 14 എന്‍റെ നാമത്തില്‍ വിളിക്കപ്പെടുന്ന എന്‍റെ ജനത വിനീതരാവുകയും പ്രാര്‍ത്ഥിക്കുകയും എന്നെ തിരയുകയും തങ്ങളുടെ തിന്മകളില്‍നിന്നും അകലുകയും ചെയ്യുന്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഞാനവരെ ശ്രവിക്കും. അവരോട് ഞാന്‍ പൊറുക്കുകയും അവരുടെ ദേശത്തെ സുഖപ്പെടുത്തുകയും ചെയ്യും. 15 ഈ സ്ഥലത്തു കഴിക്കുന്ന പ്രാര്‍ത്ഥനയ്ക്കു ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ തുറന്നിരിക്കുന്നു. ആ പ്രാര്‍ത്ഥനകള്‍ ഞാന്‍ ശ്രവിക്കുകയും ചെയ്യും. 16 ഈ ആലയം ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. എന്‍റെ നാമം ഇവിടെ എന്നെന്നുമുണ്ടായിരിക്കുന്നതിന് ഞാനിതിനെ വിശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അതെ, എന്‍റെ കണ്ണുകളും ഹൃദയവും ഈ ആലയത്തില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കും.
17 “ശലോമോന്‍, ഇനി നീ നിന്‍റെ പിതാവായ ദാവീദിനെപ്പോലെ എന്‍റെ മുന്പില്‍ ജീവിക്കുകയും എന്‍റെ കല്പനകള്‍ അനുസരിക്കുകയും എന്‍റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്താല്‍ 18 ഞാന്‍ നിന്നെ കരുത്തനാക്കുകയും നിന്‍റെ രാജ്യം മഹത്താക്കിത്തീര്‍ക്കുകയും ചെയ്യും. നിന്‍റെ പിതാവായ ദാവീദുമായി ഞാനുണ്ടാക്കിയ കരാര്‍ അതാണ്. ഞാന്‍ അവനോടു പറഞ്ഞു, ‘ദാവീദേ, യിസ്രായേലില്‍ രാജാവായി നിന്‍റെ കുടുംബത്തില്‍ നിന്നൊരാള്‍ എക്കാലവും ഉണ്ടായിരിക്കും.’
19 “എന്നാല്‍ എന്‍റെ നിയമങ്ങളും ഞാന്‍ തന്ന കല്പനകളും നീ അനുസരിക്കാതിരിക്കുകയും നീ മറ്റു ദൈവങ്ങളെ ആരാധിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്താല്‍, 20 യിസ്രായേല്‍ജനതയെ ഞാനവര്‍ക്കു നല്‍കിയ എന്‍റെ ദേശത്തു നിന്നും ഞാന്‍ പുറത്താക്കും. എന്‍റെ നാമത്തില്‍ ഞാന്‍ വിശുദ്ധമാക്കിയ ഈ ആലയത്തില്‍ നിന്നും ഞാന്‍ പോവുകയും ചെയ്യും. ഈ ആലയത്തെ എല്ലാ രാജ്യങ്ങളും ദുഷിക്കുന്ന ഒന്നെന്ന അവസ്ഥയില്‍ ഞാന്‍ ആക്കിത്തീര്‍ക്കും. 21 ഇത്രമാത്രം ആദരിക്കപ്പെട്ട ആലയത്തിനുമുന്പിലൂടെ കടന്നു പോകുന്ന ഓരോരുത്തരും അത്ഭുതം കൂറും. അവര്‍ പറയും, ‘ഈ ദേശത്തോടും ഈ ആലയത്തോടും യഹോവ ഇങ്ങനെ ചെയ്തതെന്തിന്?’ 22 അപ്പോള്‍ ആളുകള്‍ മറുപടി പറയും, ‘കാരണം തങ്ങളുടെ പൂര്‍വ്വികര്‍ അനുസരിച്ചിരുന്ന അവരുടെ ദൈവമാകുന്ന യഹോവയോടു അവര്‍ അനുസരണക്കേടു കാട്ടി. അവരെ ഈജിപ്തില്‍നിന്നും കൊണ്ടുവന്ന ദൈവം അവനാകുന്നു. എന്നാല്‍ യിസ്രായേല്‍ജനത മറ്റു ദൈവങ്ങളെ സ്വീകരിച്ചു. അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ശുശ്രൂഷ നടത്തുകയും ചെയ്തു. അതൊക്കെയാണ് യിസ്രായേല്‍ജനതയ്ക്കു ഈ ദുരവസ്ഥ യഹോവ വരുത്തുവാന്‍ കാരണം.’”