ശലോമോന്‍ നിര്‍മ്മിച്ച നഗരങ്ങള്‍
8
1 യഹോവയുടെ ആലയവും തന്‍റെ സ്വന്തം കൊട്ടാരവും പണിയുന്നതിന് ശലോമോന്‍ ഇരുപതു വര്‍ഷമാണെടുത്തത്.
2 അനന്തരം ഹൂരാം തനിക്കു നല്‍കിയ പട്ടണങ്ങള്‍ ശലോമോന്‍ പുതുക്കിപ്പണിതു. യിസ്രായേല്‍ജനതയില്‍ ചിലരെ ആ പട്ടണങ്ങളില്‍ വസിക്കാന്‍ ശലോമോന്‍ അനുവദിക്കുകയും ചെയ്തു.
3 അതിനുശേഷം ശലോമോന്‍ സോബയിലെ ഹമാത്തിലേക്കു പോവുകയും അതു പിടിച്ചെടുക്കുകയും ചെയ്തു.
4 ശലോമോന്‍ മരുഭൂമിയില്‍ തദ്മോര്‍ പട്ടണം പണിയുകയും ചെയ്തു. ഹമാത്തിലെ എല്ലാ പട്ടണങ്ങളും ശലോമോന്‍ സാധനങ്ങള്‍ ശേഖരിക്കാനായി പണിതതാണ്.
5 മേലേബേത്ത്-ഹോരാന്‍, കീഴേബേത്ത്-ഹോരാന്‍ എന്നീ പട്ടണങ്ങളും ശലോമോന്‍ വീണ്ടും പണിതു. ആ പട്ടണങ്ങളെ അയാള്‍ ശക്തിദുര്‍ഗ്ഗങ്ങളാക്കി. ആ പട്ടണങ്ങളില്‍ ശക്തമായ മതിലുകളും കവാടങ്ങളും കവാടങ്ങളില്‍ തുലാങ്ങളും ഉണ്ടായിരുന്നു.
6 ബാലാത്തുപട്ടണവും സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മറ്റു പട്ടണങ്ങളും ശലോമോന്‍ വീണ്ടും പണിതു. രഥങ്ങള്‍ സൂക്ഷിച്ചിരുന്നതും കുതിരപ്പടയാളികള്‍ വസിച്ചിരുന്നതുമായ എല്ലാ നഗരങ്ങളും ശലോമോന്‍ പണിതു. യെരൂശലേം, ലെബാനോന്‍, തന്‍റെ അധികാരത്തിന്‍കീഴിലുള്ള മുഴുവന്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശലോമോന്‍ തനിക്കാവശ്യമുള്ളതെല്ലാം പണിതു.
7-8 യിസ്രായേല്‍ജനത വസിക്കുന്ന രാജ്യത്ത് ധാരാളം പരദേശികള്‍ അവശേഷിക്കുന്നുണ്ടായിരുന്നു. ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരായിരുന്നു അവര്‍. ശലോമോന്‍ അവരെയൊക്കെ അടിമപ്പണിക്കാരാക്കി. അവര്‍ യിസ്രായേല്‍ജനതയില്‍പ്പെട്ടവരായിരുന്നില്ല. ആ ദേശത്തുനിന്നും പോയവരുടെ പിന്‍ഗാമികളായിരുന്നു അവര്‍, അവരെ ഇതുവരെ യിസ്രായേലുകാര്‍ പൂര്‍ണ്ണമായും നശിപ്പിച്ചിരുന്നില്ല. ഇന്നും അതങ്ങനെ തുടരുന്നു.
9 യിസ്രായേലുകാരെ ആരെയും ശലോമോന്‍ അടിമപ്പണിക്കാരാക്കിയില്ല. യിസ്രായേലുകാര്‍ ശലോമോന്‍റെ യോദ്ധാക്കളായിരുന്നു. ശലോമോന്‍റെ പടയാളികളുടെ നായകരായിരുന്നു അവര്‍. ശലോമോന്‍റെ തേരുകളുടെയും തേരാളികളുടെയും നായകന്മാരായിരുന്നു അവര്‍.
10 യിസ്രായേലുകാരില്‍ ചിലര്‍ ശലോമോന്‍റെ പ്രധാന ഉദ്യോഗസ്ഥരുടെ നായകരുമായിരുന്നു. അങ്ങനെ ജനങ്ങളുടെ മേല്‍നോട്ടക്കാരായി ഇരുന്നൂറ്റന്പതു പേരുണ്ടായിരുന്നു.
11 ഫറവോന്‍റെ പുത്രിയെ ശലോമോന്‍ ദാവീദിന്‍റെ നഗരത്തില്‍നിന്നും അവള്‍ക്കായി പണിതിരുന്ന വസതിയിലേക്കു കൊണ്ടുവന്നു. ശലോമോന്‍ പറഞ്ഞു, “സാക്ഷ്യപെട്ടകമിരിക്കുന്ന സ്ഥലങ്ങള്‍ വിശുദ്ധങ്ങളാകയാല്‍ എന്‍റെ ഭാര്യ ദാവീദുരാജാവിന്‍റെ വസതിയില്‍ താമസിക്കുവാന്‍ പാടില്ല.”
12 അനന്തരം ശലോമോന്‍ യഹോവയുടെ യാഗപീഠത്തില്‍ യഹോവയ്ക്കു ഹോമയാഗങ്ങളര്‍പ്പിച്ചു. ആലയമുഖമണ്ഡപത്തിന് മുന്പിലാണ് ശലോമോന്‍ ആ യാഗപീഠം പണിതത്.
13 മോശെയുടെ കല്പനയനുസരിച്ചു തന്നെ ശലോമോന്‍ നിത്യവും ബലികളര്‍പ്പിച്ചു. ശബ്ബത്തു ദിവസങ്ങള്‍, അവധിദിവസങ്ങള്‍ എന്നീ ദിവസങ്ങളിലാണ് വഴിപാടുകള്‍ അര്‍പ്പിക്കേണ്ടത്. പുളപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍, വാരോത്സവം, കൂടാരത്തിരുന്നാള്‍ എന്നിവയാണ് മൂന്നു വാര്‍ഷിക അവധിദിനങ്ങള്‍.
14 തന്‍റെ പിതാവായ ദാവീദിന്‍റെ നിര്‍ദ്ദേശങ്ങള്‍ ശലോമോന്‍ പിന്തുടര്‍ന്നു. ശുശ്രൂഷയ്ക്കുള്ള പുരോഹിതസംഘങ്ങളെ ശലോമോന്‍ തെരഞ്ഞെടുത്തു. ലേവ്യരുടെ സംഘങ്ങളെയും അവരുടെ ജോലിക്കായി ശലോമോന്‍ തെരഞ്ഞെടുത്തു. സ്തോത്രങ്ങള്‍ നയിക്കുക, ആലയശുശ്രൂഷയിലെ നിത്യച്ചടങ്ങുകള്‍ ചെയ്യുന്നതിന് പുരോഹിതരെ സഹായിക്കുക എന്നിവയായിരുന്നു ലേവ്യരുടെ ജോലികള്‍. ഓരോ കവാടത്തിലും നില്‍ക്കേണ്ട കാവല്‍ക്കാരുടെ സംഘങ്ങളെയും ശലോമോന്‍ തെരഞ്ഞെടുത്തു. ഇങ്ങനെയാണ് ദൈവപുരുഷനായ ദാവീദ് നിര്‍ദ്ദേശിച്ചിരുന്നത്.
15 ശലോമോന്‍ പുരോഹിതര്‍ക്കും ലേവ്യര്‍ക്കും നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും യിസ്രായേല്‍ജനത മാറ്റം വരുത്തുകയോ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. വിലപ്പിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്പോലെ, അവയിലൊരു നിര്‍ദ്ദേശവും മാറ്റാതെ, അവര്‍ ശ്രദ്ധിച്ചു.
16 ശലോമോന്‍റെ പണികള്‍ മുഴുവനും ചെയ്തുകഴിഞ്ഞു. യഹോവയുടെ ആലയം പണി ആരംഭിച്ചനാള്‍ മുതല്‍ അവസാനിച്ച നാള്‍ വരെ എല്ലാം കൃത്യമായി ഉദ്ദേശിച്ചതുപോലെ തന്നെ നിര്‍വഹിക്കപ്പെട്ടു. അങ്ങനെ യഹോവയുടെ ആലയം പൂര്‍ത്തീകരിക്കപ്പെട്ടു.
17 അനന്തരം ശലോമോന്‍ എസ്യോന്‍-ഗെബേര്‍, ഏലോത്ത് എന്നീ പട്ടണങ്ങളിലേക്കു പോയി. എദോം രാജ്യത്ത് ചെങ്കടല്‍ത്തീരത്തായിരുന്നു ആ പട്ടണങ്ങള്‍.
18 ഹീരാം തന്‍റെ കപ്പലുകളെയും നാവികരെയും ശലോമോന്‍റെയടുത്തേക്കയച്ചു. അവര്‍ നാവികവിദ്യയില്‍ സമര്‍ത്ഥരായിരുന്നു. ഹീരാമിന്‍റെയാളുകള്‍ ശലോമോന്‍റെ ദാസന്മാരോടൊപ്പം ഓഫീരിലേക്കു പോയി നാനൂറ്റന്പതു താലന്തു സ്വര്‍ണ്ണം ശലോമോന്‍ രാജാവിനായി കൊണ്ടുവന്നു.