ശേബാരാജ്ഞി ശലോമോനെ സന്ദര്‍ശിക്കുന്നു
9
ശേബയിലെ രാജ്ഞി ശലോമോന്‍റെ കീര്‍ത്തിയെപ്പറ്റി കേട്ടു. വിഷമിപ്പിക്കുന്ന ചോദ്യങ്ങളുമായി ശലോമോനെ പരീക്ഷിക്കുവാന്‍ അവള്‍ യെരൂശലേമില്‍ എത്തി. ശേബയില്‍ രാജ്ഞിയോടൊപ്പം വലിയൊരു സംഘം ആളുകളുമുണ്ടായിരുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍, ധാരാളം സ്വര്‍ണ്ണം, വിലപിടിച്ച കല്ലുകള്‍ എന്നിവ പേറിയ ഒട്ടകങ്ങള്‍ അവരോടൊപ്പമുണ്ടായിരുന്നു. അവള്‍ ശലോമോനെ സമീപിച്ചു സംസാരിച്ചു. അവള്‍ക്ക് ശലോമോനോടു ചോദിക്കാന്‍ അനേകം ചോദ്യങ്ങളുണ്ടായിരുന്നു. അവളുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശലോമോന്‍ ഉത്തരം നല്‍കി. ശലോമോന് ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശലോമോന്‍റെ ജ്ഞാനവും അയാളുടെ കൊട്ടാരവും ശേബയിലെ രാജ്ഞി കണ്ടു. ശലോമോന്‍റെയും അയാളുടെ മുഖ്യ ഉദ്യോഗസ്ഥന്മാരുടെയും മേശമേലിരിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളും ശേബയിലെ രാജ്ഞി കണ്ടു. അയാളുടെ സേവകര്‍ പണിയെടുക്കുന്നതും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും അവള്‍ കണ്ടു. ശലോമോന്‍റെ വീഞ്ഞു വിളന്പുകാരെയും അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും അവള്‍ കണ്ടു. യഹോവയുടെ ആലയത്തില്‍ ശലോമോന്‍ ഒരുക്കിയിരിക്കുന്ന ഹോമയാഗവും അവള്‍ കണ്ടു. ഇതെല്ലാം കണ്ടപ്പോള്‍ ശേബയിലെ രാജ്ഞി അന്പരന്നു! അപ്പോള്‍ അവള്‍ ശലോമോന്‍രാജാവിനോടു പറഞ്ഞു, “അങ്ങയുടെ മഹാകൃത്യങ്ങളെപ്പറ്റിയും അങ്ങയുടെ ജ്ഞാനത്തെപ്പറ്റിയും ഞാനെന്‍റെ രാജ്യത്തു കേട്ടതൊക്കെ ശരിതന്നെ. ഇവിടെ വന്ന് എന്‍റെ സ്വന്തം കണ്ണുകൊണ്ട് കാണുംവരെ ഞാനിതൊന്നും വിശ്വസിച്ചിരുന്നില്ല. ഓ, അങ്ങയുടെ മഹാജ്ഞാനത്തിന്‍റെ പകുതിപോലും എനിക്കു പറഞ്ഞുതന്നിരുന്നില്ല! ഞാന്‍ കേട്ട കഥകളെക്കാളും വലിയവനാണങ്ങ്! അങ്ങയുടെ ഭാര്യമാരും ഉദ്യോഗസ്ഥന്മാരും വളരെ ഭാഗ്യശാലികള്‍! അങ്ങയെ സേവിക്കുന്പോള്‍ അങ്ങയുടെ ജ്ഞാനം അവര്‍ക്ക് കേള്‍ക്കാമല്ലോ! അങ്ങയുടെ ദൈവമാകുന്ന യഹോവയ്ക്കു സ്തുതിയായിരിക്കട്ടെ! അദ്ദേഹം അങ്ങയില്‍ സന്തുഷ്ടനായിരിക്കുകയും അങ്ങയുടെ ദൈവമാകുന്ന യഹോവയ്ക്കു വേണ്ടി അവന്‍റെ സിംഹാസനത്തില്‍ അങ്ങയെ രാജാവാക്കുകയും ചെയ്തിരിക്കുന്നു. അങ്ങയുടെ ദൈവം യിസ്രായേലിനെ സ്നേഹിക്കുകയും എന്നെന്നും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇക്കാരണത്താലാണ് ന്യായയുക്തവും നേരായതുമായ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അങ്ങയെ യിസ്രായേലിന്‍റെ രാജാവാക്കിയത്.”
അനന്തരം ശേബയിലെ രാജ്ഞി ശലോമോന് നൂറ്റിയിരുപതു താലന്തു സ്വര്‍ണ്ണവും ധാരാളം സുഗന്ധവ്യഞ്ജനങ്ങളും അമൂല്യരത്നങ്ങളും സമ്മാനിച്ചു. ശേബയിലെ രാജ്ഞി നല്‍കിയതു പോലെ അത്ര സുഗന്ധവ്യഞ്ജനങ്ങള്‍ മറ്റാരും നല്‍കിയിട്ടില്ല.
10 ഹൂരാമിന്‍റെയും ശലോമോന്‍റെയും ദാസന്മാര്‍ ഓഫീരില്‍നിന്നും സ്വര്‍ണ്ണം കൊണ്ടുവന്നു. 11 രക്തചന്ദനത്തടികൊണ്ട് ശലോമോന്‍രാജാവ് യഹോവയുടെ ആലയത്തിനും തന്‍റെ കൊട്ടാരത്തിനും പടികള്‍ പണിതു. ഗായകര്‍ക്കുള്ള വിപഞ്ചികകളും കിന്നരങ്ങളും ശലോമോന്‍ ചന്ദനത്തടികൊണ്ടുണ്ടാക്കി. യെഹൂദാരാജ്യത്തിലെ രക്തചന്ദനത്തടി കൊണ്ടുണ്ടാക്കിയ ആ ഉപകരണങ്ങള്‍ പോലെ മനോഹരമായവ ആരും കണ്ടിട്ടില്ല.
12 ശേബയിലെ രാജ്ഞി ആവശ്യപ്പെട്ടതും അവര്‍ക്കാവശ്യമുള്ളതുമായ എല്ലാം ശലോമോന്‍രാജാവു നല്‍കി. അവനു നല്‍കാന്‍ അവള്‍ കൊണ്ടുവന്നതിലുമധികം അദ്ദേഹം അവള്‍ക്കു കൊടുത്തു. അനന്തരം ശേബാരാജ്ഞിയും സേവകന്മാരും അവിടെനിന്നും പോയി. അവര്‍ തങ്ങളുടെ സ്വരാജ്യത്തേക്കു മടങ്ങി.
ശലോമോന്‍റെ മഹാധനം
13 ഒരു വര്‍ഷത്തിനുള്ളില്‍ ശലോമോനു കിട്ടിയ സ്വര്‍ണ്ണം അറുന്നൂറ്റിയറുപത്താറു താലന്താണ്. 14 സഞ്ചരിക്കുന്ന കച്ചവടക്കാരും വ്യാപാരികളും ശലോമോനു വളരെ സ്വര്‍ണ്ണം കൊണ്ടുവന്നു. അരാബ്യയിലെ മുഴുവന്‍ രാജാക്കന്മാരും ദേശാധിപന്മാരും ശലോമോന് സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുവന്നു. 15 അടിച്ചു പരത്തിയ സ്വര്‍ണ്ണം കൊണ്ട് ശലോമോന്‍രാജാവ് ഇരുന്നൂറു വലിയ പരിചകളുണ്ടാക്കി. ഓരോ പരിചയ്ക്കും വേണ്ടി അറുന്നൂറു ബീകാസ്വര്‍ണ്ണം ഉപയോഗിച്ചു. 16 അടിച്ചു പരത്തിയ സ്വര്‍ണ്ണംകൊണ്ട് ശലോമോന്‍ മുന്നൂറു ചെറിയപരിചകളും ഉണ്ടാക്കി. ഓരോ പരിചയുമുണ്ടാക്കാന്‍ ശലോമോന്‍ മുന്നൂറു ബീകാ സ്വര്‍ണ്ണം വീതം ഉപയോഗിച്ചു. സ്വര്‍ണ്ണപ്പരിചകള്‍ ശലോമോന്‍ ലെബാനോനിലെ വന ഗൃഹത്തില്‍ വച്ചു. 17 ശലോമോന്‍രാജാവ് ആനക്കൊന്പ്കൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി. സിംഹാസനത്തെ അദ്ദേഹം തനിസ്വര്‍ണ്ണംകൊണ്ട് പൊതിഞ്ഞു. 18 സിംഹാസനത്തിന് ആറു പടികളുണ്ടായിരുന്നു. അതിന് സ്വര്‍ണ്ണംകൊണ്ടുണ്ടാക്കിയ ഒരു പാദപീഠവുമുണ്ടായിരുന്നു. സിംഹാസനത്തിന്‍റെ ഇരിപ്പിടത്തിനിരുവശവും കൈത്താങ്ങുകളുണ്ടാക്കിയിരുന്നു. ഓരോ കൈത്താങ്ങിനും സമീപം ഓരോ സിംഹപ്രതിമകളുണ്ടായിരുന്നു. 19 ആറു പടികളുടെയും വശങ്ങളിലായി പന്ത്രണ്ടു സിംഹപ്രതിമകളുണ്ടായിരുന്നു. ഓരോ പടിയുടെയും ഓരോ വശത്ത് ഒരു സിംഹം വീതം. മറ്റൊരു രാജ്യത്തും ഇത്തരത്തിലൊരു സിംഹാസനമുണ്ടാക്കപ്പെട്ടിട്ടില്ല. 20 ശലോമോന്‍രാജാവിന്‍റെ പാനപാത്രങ്ങള്‍ മുഴുവനും സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയവയാണ്. ലെബാനോനിലെ വനഗൃഹത്തിലെ മുഴുവന്‍ ഉപകരണങ്ങളും തനിത്തങ്കം കൊണ്ടുണ്ടാക്കിയവയാണ്. ശലോമോന്‍റെ കാലത്ത് വെള്ളി അത്ര വിലപ്പിടിപ്പുള്ളതായി കരുതപ്പെട്ടിരുന്നില്ല. 21 ശലോമോന്‍രാജാവിന്‍റെ കപ്പലുകള്‍ തര്‍ശീശിലേക്കു പോയിരുന്നു. ഹൂരാമിന്‍റെ നാവികരായിരുന്നു ശലോമോന്‍റെ കപ്പലോടിച്ചിരുന്നത്. എല്ലാ മൂന്നാംവര്‍ഷവും ഈ കപ്പലുകള്‍ തര്‍ശീശില്‍നിന്നും സ്വര്‍ണ്ണം, വെള്ളി, ആനക്കൊന്പ്, ആള്‍ക്കുരങ്ങ്, മയിലുകള്‍ എന്നിവ ശലോമോനായി കൊണ്ടുവന്നിരുന്നു.
22 ശലോമോന്‍രാജാവ് ഭൂമിയിലെ മറ്റേതൊരു രാജാവിനെക്കാളും ധനികനും ജ്ഞാനിയുമായിത്തീര്‍ന്നു. 23 വിവേകപൂര്‍വ്വമായ തീരുമാനങ്ങള്‍ കേള്‍ക്കാന്‍ ഭൂമിയിലെ എല്ലാ രാജാക്കന്മാരും ശലോമോനെ സന്ദര്‍ശിച്ചിരുന്നു. ദൈവമാണ് ശലോമോന് ആ ജ്ഞാനം നല്‍കിയത്. 24 എല്ലാ വര്‍ഷവും രാജാക്കന്മാര്‍ ശലോമോന് സമ്മാനങ്ങള്‍ കൊണ്ടുവന്നു. വെള്ളി, സ്വര്‍ണ്ണം എന്നിവ കൊണ്ടുള്ള സാധനങ്ങള്‍, വസ്ത്രങ്ങള്‍, മീറാ, സുഗന്ധദ്രവ്യങ്ങള്‍, കുതിരകള്‍, കോവര്‍കഴുതകള്‍ എന്നിവ അവര്‍ കൊണ്ടുവന്നു.
25 കുതിരകളെയും തേരുകളും സൂക്ഷിക്കാന്‍ നാലായിരം ലായങ്ങള്‍ ശലോമോനുണ്ടായിരുന്നു. പന്തീരായിരം തേരാളികളും അദ്ദേഹത്തിനുണ്ടായിരുന്നു. അവരെ പ്രത്യേക നഗരങ്ങളിലും തന്നോടൊപ്പം യെരൂശലേമിലുമാണദ്ദേഹം പാര്‍പ്പിച്ചത്. 26 യൂഫ്രട്ടീസുനദി മുതല്‍ ഫെലിസ്ത്യരുടെ രാജ്യംവരെയും ഈജിപ്തിന്‍റെ അതിര്‍ത്തിവരെയുമുള്ള എല്ലാ രാജാക്കന്മാരുടെയും രാജാവായിരുന്നു ശലോമോന്‍. 27 ശലോമോന്‍രാജാവിന് സാധാരണ കല്ലുപോലെ സുലഭമായി വെള്ളിയുണ്ടായിരുന്നു. താഴ്വാരങ്ങളിലെ കാട്ടത്തിമരംപോലെ സുലഭമായി ദേവാദാരുമരങ്ങളും ഉണ്ടായിരുന്നു. 28 ജനങ്ങള്‍ ഈജിപ്തില്‍നിന്നും മറ്റെല്ലാ രാജ്യങ്ങളില്‍നിന്നും കുതിരകളെ കൊണ്ടുവന്ന് ശലോമോനു നല്‍കി.
ശലോമോന്‍റെ മരണം
29 ശലോമോന്‍ ആദ്യംമുതല്‍ അവസാനംവരം ചെയ്ത മറ്റ് എല്ലാ കാര്യങ്ങളും പ്രവാചകനായ നാഥാന്‍റെ ലിഖിതങ്ങളിലും ‘ശീലോന്യനായ അഹ്യായുടെ പ്രവചനങ്ങളിലും ഇദ്ദോ എന്ന ദര്‍ശകന്‍റെ ദര്‍ശ’നങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദോ ഒരു ദര്‍ശകനായിരുന്നു. നെബാത്തിന്‍റെ പുത്രനായ യൊരോബെയാമിനെപ്പറ്റി എഴുതിയത് ഇദ്ദേഹമാണ്. 30 ശലോമോന്‍ നാല്പതുവര്‍ഷം യെരൂശലേമില്‍ യിസ്രായേലിന്‍റെ മുഴുവനും രാജാവായിരുന്നു. 31 അനന്തരം ശലോമോന്‍ മരിക്കുകയും തന്‍റെ പൂര്‍വ്വികരോടൊപ്പം വിശ്രമിക്കുകയും ചെയ്തു. ജനങ്ങള്‍ അദ്ദേഹത്തെ തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തില്‍ സംസ്കരിച്ചു. ശലോമോന്‍റെ സ്ഥാനത്ത് അദ്ദേഹത്തിന്‍റെ പുത്രന്‍ രെഹബെയാം രാജാവായി.